ഒരു മത്സരത്തിന് “ആസ്വാദകര്‍” ഉള്ളതു കൊണ്ടോ അതു നടത്തുന്നവര്‍ക്കു “മൂല്യബോധം” ഉള്ളതു കൊണ്ടോ അതില്‍ മാര്‍ക്കിടല്‍ ആവശ്യമോ അനുവദനീയമോ ആകുകയില്ല. ലോകത്ത് ഏറ്റവും അധികം ആസ്വാദകര്‍ ഉള്ളതു ഫുട്ബാള്‍ മത്സരത്തിനാണ്. അതു നടത്തുന്നവര്‍ മൂല്യബോധത്തിനോ ബുദ്ധിശക്തിക്കോ ഒട്ടും കുറവുള്ളവരല്ല. എന്നിട്ടും ലോകത്ത് ഒരിടത്തും ഫുട്ബാള്‍ മത്സരം റഫറിമാര്‍ മാര്‍ക്കിട്ടു നടത്താറില്ല. പണ്ടാരും അങ്ങനെ നടത്തിയ ചരിത്രവും ഇല്ല. ഇനി ഏതെങ്കിലും മഠയന്‍ അങ്ങനെ നടത്തുമെന്നു പ്രതീക്ഷിക്കാനും വയ്യ. എന്തുകൊണ്ട്? ഫുട്ബാള്‍ മത്സരത്തില്‍ ഗോളടിക്കല്‍ എന്നൊരു ഏര്‍പ്പാട് ഉള്ളതുകൊണ്ടു തന്നെ. ഗോളടിച്ചാല്‍ ജയിക്കും. ഗോളടിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതാണ് ആ മത്സരത്തിന്റെ അടിസ്ഥാന തത്വം. അതിനെപ്പറ്റി അറിയാവുന്ന ഒരു റഫറിയും മാര്ക്കിടുകയില്ല.
ആസ്വാദകരുടെ എണ്ണത്തില്‍ ലോകത്തു രണ്ടാം സ്ഥാനം ഉള്ള മത്സരം ക്രിക്കറ്റാണ്. അതിലും മാര്‍ക്കിടല്‍ ഇല്ല. അതിനു കാരണം റണ്‍സ് എടുത്താല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്ന നിയമമാണ്.
ആസ്വാദകര്‍ കുറവാണെങ്കിലും പ്രചാരം വളരെയുള്ള ഒരു മത്സരമാണ് ഭാരതീയരുടെ സംഭാവനയായ ചെസ്സ്. അതിലും മാര്‍ക്കിടല്‍ ഇല്ല. അതിനു കാരണം രാജാവിനെ സംരക്ഷിച്ചാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്ന നിയമമാണ്.
അക്ഷരശ്ലോകവും ചെസ്സ് പോലെയുള്ള ഒരു ഭാരതീയ വിനോദമാണ്. അതില്‍ അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്നതാണ് അടിസ്ഥാനപരമായ നിയമവും തത്വശാസ്ത്രവും. അതിനാല്‍ അതിലും മാര്‍ക്കിടല്‍ അനാവശ്യവും നിയമവിരുദ്ധവും ആണ്.
ആസ്വാദകര്‍ ഏറ്റവും കൂടുതലുള്ള ഫുട്ബാളിലും ക്രിക്കറ്റിലും ഇല്ലാത്ത ഒരു മാര്‍ക്കിടല്‍ ആസ്വാദകദാരിദ്ര്യത്തില് ലോകത്ത് ഒന്നാംസ്ഥാനം ഉള്ള അക്ഷരശ്ലോകത്തില്‍ ആവശ്യമുണ്ടോ? ശ്ലോകക്കാര്ക്കു “മൂല്യബോധം” ഉള്ളതുകൊണ്ടു മാത്രം അതു നിയമവിധേയം ആകുമോ?
ഫുട്ബാള്‍ മത്സരത്തില്‍ റഫറിമാര്‍ മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ ഗോളടിക്കാത്തവര്‍ക്കു മാര്‍ക്കു കൂടുതല്‍ കിട്ടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. അപ്പോള്‍ അവരെ ജയിപ്പിച്ചാല്‍ എന്തു സംഭവിക്കും? ആ നാട്ടില്‍ ബുദ്ധിയുള്ളവര്‍ ഉണ്ടെങ്കില്‍ അവിടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. അക്ഷരശ്ലോകത്തില്‍ മാര്‍ക്കിട്ടാല്‍ അച്ചുമൂളിയവര്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. അപ്പോള്‍ അവരെ ജയിപ്പിച്ചാല്‍ എന്തു സംഭവിക്കും? ആ നാട്ടില്‍ ബുദ്ധിയുള്ളവര്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. തീരെ പ്രതികരണശേഷി ഇല്ലാത്ത ചിന്താജഡന്മാര് മാത്രമുള്ള നാടുകളില്‍ മാത്രമേ അച്ചുമൂളിയവരെ ജയിപ്പിച്ചുകൊണ്ടു “മുന്നേറാന്‍” കഴിയൂ. “വമ്പിച്ച പുരോഗമനം” എന്ന് അവകാശപ്പെട്ടുകൊണ്ട്, അച്ചുമൂളിയ അല്പജ്ഞാനികളെ ജയിപ്പിക്കുന്ന സംഘടനകള്‍ തിരുവിതാംകൂര്‍ കൊച്ചി ഭാഗങ്ങളില്‍ പല സ്ഥലങ്ങളിലും കാണാം. അവരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്ക്കുന്ന, പ്രതികരണശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട “അക്ഷരശ്ലോക”മത്സരാര്‍ത്ഥികളെയും കാണാം.
അക്ഷരശ്ലോകത്തില്‍ മാര്‍ക്കിടല്‍ അനാവശ്യവും നിയമവിരുദ്ധവും ബുദ്ധിശൂന്യവും ആണെന്ന്, അല്പമെങ്കിലും ചിന്താശക്തി ഉള്ളവര്‍ക്കു ബോദ്ധ്യപ്പെടാന്‍ ഇതിലും കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?