എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍

പല സ്ഥലങ്ങളിലും അക്ഷരശ്ലോകസംഘടനകള്‍ ഉണ്ട്. അതിന്‍റെ ഓരോന്നിന്‍റെയും തലപ്പത്ത് ഇരുന്നു ഭരിക്കുന്നതു പൊങ്ങച്ചക്കാരനായ ഒരു ഉന്നതന്‍ ആയിരിക്കും. ഈ ഉന്നതന്‍ സാധാരണക്കാര്‍ക്കു നീതി നിഷേധിക്കുന്ന കാര്യത്തില്‍ അഗ്രഗണ്യന്‍ ആയിരിക്കും. പക്ഷേ അയാളെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടുകയില്ല. കടുത്ത അനീതി അനുഭവിക്കേണ്ടി വന്നാലും മത്സരാര്‍ത്ഥികള്‍ അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുകയില്ല. അത്ഭുതകരമായ ഈ നിശ്ശബ്ദതയും വിധേയത്വവും അവര്‍ എപ്പോഴും പാലിച്ചുകൊണ്ടിരിക്കും. Faithful and obedient servant എന്നാണ് ഇത്തരത്തില്‍ പെട്ട ഒരു മാന്യവ്യക്തിയെപ്പറ്റി ഒരു അക്ഷരശ്ലോകപ്രേമി പറഞ്ഞത്.

എന്താണ് ഈ വിധേയത്വത്തിന്‍റെ രഹസ്യം? അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളെപ്പറ്റിയുള്ള അജ്ഞതയാണോ? ഒരിക്കലുമല്ല. അക്ഷരശ്ലോകത്തെപ്പറ്റി നല്ല വിവരമുള്ള വിദ്യാസമ്പന്നന്മാരും ഇങ്ങനെ ഓച്ഛാനിച്ചു നില്‍ക്കുന്നതു കാണാം. ഉന്നതന്മാരെ എതിര്‍ക്കാനുള്ള തന്‍റേടമില്ലായ്മ ഒരു കാരണം ആയിരിക്കാം. മറ്റൊരു കാരണം ഉള്ളത് ഉന്നതന്മാര്‍ എറിഞ്ഞു കൊടുക്കുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ ആണ്.

ഏതെങ്കിലും ഒരു അക്ഷരശ്ലോകവിദഗ്ദ്ധന്‍ അനീതിയെ എതിര്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നു കണ്ടാല്‍ ഉടന്‍ നമ്മുടെ ഉന്നതന്‍ അയാള്‍ക്ക് ഒരു കമ്മിറ്റി മെംബര്‍ സ്ഥാനം കരമൊഴിവായി പതിച്ചു നല്‍കും. അതു കിട്ടിയാല്‍ പിന്നെ അയാള്‍ വായ് തുറക്കുകയില്ല. ആര്‍ക്കെല്ലാം എന്തെല്ലാം തരത്തില്‍ അനീതി അനുഭവിക്കേണ്ടി വന്നാലും കുഴപ്പമില്ല; എനിക്ക് ഒരു കമ്മിറ്റി മെംബര്‍ സ്ഥാനം കിട്ടിയാല്‍ മതി എന്നാണ് ഇത്തരക്കാരുടെ മനോഭാവം.  ഉന്നതനെ എതിര്‍ത്തോ വിമര്‍ശിച്ചോ ഈ വിലയേറിയ പദവി നഷ്ടപ്പെടുത്തിക്കളയാന്‍ അവര്‍ ഒരിക്കലും തയ്യാറാവുകയില്ല.

അഹോ! കമ്മിറ്റി മെംബര്‍ സ്ഥാനം എന്ന അപ്പക്കഷണത്തിന്‍റെ ശക്തി!

പ്രോത്സാഹനസമ്മാനം ആണു മറ്റൊരു അപ്പക്കഷണം. തുരുതുരെ അച്ചുമൂളിയ കണ്ണിലുണ്ണികളെ മാര്‍ക്കിന്‍റെ പേരില്‍ ജയിപ്പിച്ച്‌ ഒന്നാം സമ്മാനം കൊടുത്ത ശേഷം യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ക്ക് ഒരു ചെറിയ പ്രോത്സാഹനസമ്മാനം കൊടുക്കും. അതു സന്തോഷപൂര്‍വ്വം രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഉന്നതന്മാരുടെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന അക്ഷരശ്ലോകവിദഗ്ദ്ധന്മാരെയും ധാരാളമായി കാണാം. ഉന്നതന്മാരുടെ പ്രീതിക്കു പാത്രമായി അവരോടൊപ്പം നിന്നാല്‍ സമൂഹത്തില്‍ തങ്ങളുടെ വിലയും നിലയും വര്‍ദ്ധിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവാം. ഉന്നതന്മാരെ എതിര്‍ത്താല്‍ അവര്‍ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുകളയും എന്ന ഭയവും ഈ വിധേയത്വത്തിനു കാരണം ആകുന്നുണ്ടാവാം.

വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ കാര്യക്ഷമമായ മറ്റൊരു അപ്പക്കഷണമാണു പൊന്നാട. പൊന്നാടയില്‍ പൊന്നില്ല. അതിനാല്‍ ചെലവു തുച്ഛമാണ്. ഇത് ആര്‍ക്കും കൊടുക്കാം. കിട്ടിയവന്‍ ഏതു കൊള്ളരുതായ്മയ്ക്കും കൂട്ടു നിന്നു കൊള്ളും.

അവശകലാകാരന്മാരുടെ പെന്‍ഷന്‍ ആണ് അത്യാകര്‍ഷകമായ മറ്റൊരു അപ്പക്കഷണം. മാസം രണ്ടായിരം രൂപ മരണം വരെ മുടങ്ങാതെ കിട്ടുമത്രേ. എറിഞ്ഞാല്‍ കുറിക്കു കൊള്ളുന്ന ഒരു അപ്പക്കഷണം ആണ് ഇത്. ഇതു നേടിക്കൊടുത്ത ഉന്നതന്‍ പിന്നീടു രണ്ടും രണ്ടും അഞ്ചാണ് എന്നു പറഞ്ഞാലും എറാന്‍ എറാന്‍ എന്നേ വിനീതവിധേയന്‍ പറയുകയുള്ളൂ.

വീണു കിട്ടിയതു വിട്ടുകൊടുക്കുകയില്ല

സ്കൂളില്‍ എന്‍റെ സഹപാഠിയായി ഒരു മാധവന്‍ ഉണ്ടായിരുന്നു. കലശലായ പന്തുകളിഭ്രമം ഉണ്ട്. പക്ഷേ സ്വന്തമായി പന്തുള്ള ആരെങ്കിലും വിളിച്ചാലേ കളിക്കാന്‍ പറ്റൂ. അതിനാല്‍ എങ്ങനെയെങ്കിലും തനിക്ക് ഒരു പന്തു വാങ്ങണം എന്നു മാധവന്‍ തീരുമാനിച്ചു. ആറ്റു നോറ്റു മിച്ചം പിടിച്ച പണം കൊണ്ടു നല്ല ഒരു റബ്ബര്‍ പന്തു വാങ്ങി. ഇനി വീട്ടില്‍ ചെന്ന് അയല്‍പക്കത്തെ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി ഇഷ്ടം പോലെ കളിച്ചു തകര്‍ക്കാമല്ലോ.

വൈകുന്നേരം പന്തും കൊണ്ടു വീട്ടിലേക്കു പോകുന്ന വഴിക്കു പന്ത് ഒന്നു തട്ടി നോക്കി. നല്ല ബൌണ്‍സ് ഉള്ള പന്ത് ആയതുകൊണ്ട് അത് ഉയര്‍ന്നു ബഹുദൂരം മുന്നോട്ടു പോയി വഴിയരികില്‍ വീണു കിടന്നു. മാധവന് അതിന്‍റെ അടുത്ത് എത്താന്‍ കഴിയുന്നതിനു മുമ്പു തന്നെ മുമ്പേ നടന്നിരുന്ന ഒരു തട്ടാന്‍റെ കണ്ണില്‍ ആ പന്തു പെട്ടു. വഴിയരികില്‍ അനാഥമായി കിടന്ന പന്ത് അയാള്‍ എടുത്തു തന്‍റെ പണിയായുധങ്ങളുടെ കൂട്ടത്തില്‍ നിക്ഷേപിച്ചു.

ഇതു കണ്ട മാധവന്‍ ഓടി അടുത്തു ചെന്നു പന്തു തന്‍റേതാണെന്നും അതു തനിക്കു തരണമെന്നും പറഞ്ഞു. പക്ഷേ തട്ടാന്‍ പന്തു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “എനിക്കു വഴിയില്‍ നിന്നു കിട്ടിയ പന്താണ്. ഇതു ഞാന്‍ ആര്‍ക്കും കൊടുക്കുകയില്ല” എന്നായി അയാള്‍. ഞങ്ങള്‍ മാധവനു വേണ്ടി സാക്ഷി പറഞ്ഞെങ്കിലും അയാള്‍ വക വച്ചില്ല. “പന്തു നിങ്ങളുടെ ആണെന്നതിന് എന്താണു തെളിവ്? നിങ്ങള്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്ന് എന്‍റെ പന്തു തട്ടിയെടുക്കാന്‍ ശ്രമിക്കുകയല്ലേ?” ഇങ്ങനെ പോയി അയാളുടെ തടസ്സവാദങ്ങള്‍. മാധവന്‍ കരഞ്ഞു പറഞ്ഞിട്ടും അയാള്‍ പന്തു കൊടുത്തില്ല. അയാള്‍ പന്തും കൊണ്ടു പോവുക തന്നെ ചെയ്തു.

ഇതാണു മനുഷ്യസ്വഭാവം. വീണു കിട്ടിയതു വിട്ടു കൊടുക്കുകയില്ല. നിങ്ങള്‍ക്കു പൂര്‍ണ്ണമായും അവകാശപ്പെട്ട വസ്തു ആയാലും മറ്റൊരാളിനു വീണു കിട്ടിയാല്‍ അത് അയാളുടേതായി മാറും. താനാണ് അതിന്‍റെ ഉടമസ്ഥന്‍ എന്നു പറയാന്‍ അയാള്‍ക്കു യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടാവുകയില്ല. യഥാര്‍ത്ഥ ഉടമസ്ഥന്‍ കരഞ്ഞു പറഞ്ഞാലും അയാള്‍ക്ക് ഒട്ടും അലിവു തോന്നുകയും ഇല്ല.

അക്ഷരശ്ലോകക്കാര്‍ സംസ്കാരസമ്പന്നന്മാര്‍ ആണെന്നു പറയപ്പെടുന്നു. പക്ഷേ അവരും ഈ സ്വഭാവത്തില്‍ നിന്നു മുക്തരല്ല. 1955 ല്‍ ഒരു കൂട്ടം ഉന്നതന്മാര്‍ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ച് ഇടിച്ചുകയറി വരികയും അവര്‍ക്കു തോന്നിയതുപോലെ മത്സരങ്ങള്‍ നടത്തി  അവര്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. ഒന്നാം കിടക്കാരായ പലരെയും അവര്‍ എലിമിനേറ്റു ചെയ്യുകയും ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും  ഉള്ള ചില രണ്ടാംകിടക്കാരെയും മൂന്നാംകിടക്കാരെയും ജയിപ്പിച്ചു വിദഗ്ദ്ധന്‍, പ്രഗല്ഭന്‍, പ്രതിഭാശാലി മുതലായ പട്ടങ്ങള്‍ കൊടുത്ത് അത്യുന്നതങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ “പ്രതിഭാശാലികള്‍” അക്ഷരശ്ലോകചക്രവര്‍ത്തിമാരായി മറ്റുള്ളവരെ അടക്കി ഭരിക്കാന്‍ തുടങ്ങി. അവര്‍ തങ്ങളെപ്പോലെയുള്ളവരെ കൈ പിടിച്ചുയര്‍ത്തി കൂടുതല്‍ കൂടുതല്‍ പ്രതിഭാശാലികളെ സൃഷ്ടിക്കുന്നതും പതിവാക്കി.

യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ കരഞ്ഞു പറഞ്ഞാലും, ലോകം മുഴുവന്‍ അവര്‍ക്കു വേണ്ടി സാക്ഷി പറഞ്ഞാലും ഒരു ഫലവും ഉണ്ടാവുകയില്ല. സര്‍വ്വജ്ഞമാനികളുടെ ചിന്താശൂന്യത കാരണം വീണു കിട്ടിയ വിദഗ്ദ്ധപട്ടം വിട്ടു കൊടുക്കാന്‍  ഈ “പ്രതിഭാശാലികള്‍” തയ്യാറാകുമെന്നു പ്രതീക്ഷിക്കാനേ വയ്യ.

ഈ മൗനത്തിനു വലിയ വില കൊടുക്കേണ്ടി വരും

ആദ്യം അവര്‍ ജൂതന്മാരെ തേടി വന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ ഒരു ജൂതനല്ലല്ലോ. പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു. അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും അല്ലല്ലോ.
———————————————————————————————————————————————————————————————————————————————————————————
ആങ്ങനെ പലരെയും തേടി വന്ന് അവസാനം അവര്‍ എന്നെ തേടി വന്നു.
പക്ഷേ അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല.

സ്വരമാധുര്യവും പാട്ടും ഇല്ലാത്ത അല്ലയോ സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികളേ! നിങ്ങളെപ്പോലെയുള്ളവരെ എലിമിനേറ്റു ചെയ്യുമ്പോള്‍ നിങ്ങള്‍ “എന്നെയല്ലല്ലോ എലിമിനേറ്റു ചെയ്തത്. എനിക്കു കമ്മിറ്റി മെംബര്‍ സ്ഥാനവും മറ്റും തരുന്നുണ്ടല്ലോ” എന്നു കരുതി മിണ്ടാതിരിക്കരുത്. നിങ്ങളുടെ മൗനം ഈ രംഗത്തേക്കു മധുരസ്വരക്കാരും പാട്ടുകാരും ഇടിച്ചുകയറി വന്ന് ആധിപത്യം സ്ഥാപിക്കാന്‍ ഇടയാക്കും. അവര്‍ അങ്ങനെ ആധിപത്യം സ്ഥാപിച്ചാല്‍ അപ്പോള്‍ അതു നിങ്ങളെയും ബാധിക്കും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പദവികള്‍ എല്ലാം പെട്ടെന്നു തെറിച്ചുപോകും. നിങ്ങളും കറിവേപ്പില പോലെ വലിച്ചെറിയപ്പെടും. അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടാവുകയില്ല.

 

 

മനഃപൂര്‍വ്വമല്ല; എങ്കിലും അനീതി….

അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തുന്ന മഹാനുഭാവന്മാര്‍ എല്ലാവരും തന്നെ സല്‍ഗുണങ്ങളുടെ വിളനിലങ്ങള്‍ ആണ്.  നിസ്വാര്‍ത്ഥസേവകന്‍, പരിപൂര്‍ണ്ണപുണ്യന്‍, എല്ലാം തികഞ്ഞവന്‍, സര്‍വ്വോത്തമന്‍, മഹാപണ്ഡിതന്‍, കലാകോവിദന്‍, മൂല്യബോധമുള്ളവന്‍, കവിശ്രേഷ്ഠന്‍, നിഷ്പക്ഷന്‍, നീതിനിഷ്ഠന്‍, പുരോഗമനവാദി, പരിഷ്കൃതാശയന്‍ ഇങ്ങനെ എന്തെല്ലാം നല്ല വിശേഷണങ്ങള്‍ ഉണ്ടാകാമോ അതെല്ലാം അവര്‍ അര്‍ഹിക്കുന്നു. അവര്‍ ഒരിക്കലും മനഃപൂര്‍വ്വമായി പക്ഷപാതം കാണിക്കുകയില്ല. എന്നിട്ടും അവരുടെ മത്സരങ്ങളില്‍ കഠിനാദ്ധ്വാനികളും അതീവതല്‍പ്പരരും ആയ അക്ഷരശ്ലോകപ്രേമികള്‍ക്കു നീതി നിഷേധിക്കപ്പെടുന്നു. എന്തുകൊണ്ട്? അതാണു നിഷ്പക്ഷമതികള്‍ കണ്ടും കേട്ടും ചിന്തിച്ചും മനസ്സിലാക്കേണ്ടത്.

മാര്‍ക്കിടുന്നതു സാഹിത്യമൂല്യത്തിനും നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ഉള്ള ചൊല്ലലിനും ആണ് എന്നാണു മുന്‍പറഞ്ഞ പുണ്യാത്മാക്കള്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദം അമ്പേ തെറ്റാണ്. പക്ഷേ അത് അവര്‍ അറിയുന്നില്ല. പറഞ്ഞാല്‍ അവര്‍ ശ്രദ്ധിക്കുകയും ഇല്ല. അവര്‍ മാത്രമല്ല അവരുടെ ശിങ്കിടികളും സ്തുതിപാഠകരും കണ്ണിലുണ്ണികളും ആരും ശ്രദ്ധിക്കുകയില്ല. പറയുന്നവരെ സ്വാര്‍ത്ഥന്മാര്‍ എന്നു മുദ്ര കുത്തി ആക്ഷേപിക്കാന്‍ ആയിരിക്കും ഈ മഹാമഹിമശാലികള്‍ ശ്രമിക്കുക.

സാഹിത്യമൂല്യത്തിനും മറ്റും അല്ലെങ്കില്‍ പിന്നെ എന്തിനാണു മാര്‍ക്കു കിട്ടുന്നത്? അതാണ് അറിയേണ്ടത്. മാര്‍ക്കു കിട്ടുന്നതു ശബ്ദമേന്മയ്ക്കും ശൈലിക്കും ആണ്. ഷഡ്ഗുണങ്ങളുള്ള ശബ്ദം, കിളിശബ്ദം, കുയില്‍ശബ്ദം, ഗംഭീരശബ്ദം, മുഴങ്ങുന്ന ശബ്ദം ഇങ്ങനെ പല തരത്തിലുള്ള മേന്മയേറിയ ശബ്ദങ്ങള്‍ (സുസ്വരങ്ങള്‍) ഉണ്ട്. അതെല്ലാം ജന്മസിദ്ധമാണ്. പരിശ്രമം കൊണ്ടു നേടിയെടുക്കാന്‍ സാദ്ധ്യമേയല്ല. ശ്ലോകം ചൊല്ലുന്ന ശൈലിയും പല തരത്തിലുണ്ട്. ഉദാത്തവും അനുദാത്തവും ഒക്കെ കൃത്യമായി ഒപ്പിച്ചുകൊണ്ടുള്ള ശൈലി, നരസിംഹാവതാരം ചൊല്ലിയാല്‍ നരസിംഹം മുമ്പില്‍ വന്നു നില്‍ക്കുന്ന പ്രതീതി ഉളവാക്കുന്ന ശൈലി, സംഗീതഗന്ധിയായ ശൈലി, രാഗതാളമേളനത്താല്‍ മനം കുളിര്‍പ്പിക്കുന്ന ശൈലി , ലയിച്ചു ചൊല്ലുന്ന ശൈലി ഇങ്ങനെ എണ്ണമറ്റ വിശിഷ്ടശൈലികള്‍ ഉണ്ട്. ഇവയും ജന്മനാ നിശ്ചയിക്കപ്പെടുന്നവയാണ്. പരിശ്രമം കൊണ്ടു നേടിയെടുക്കാന്‍ തികച്ചും അസാദ്ധ്യം.

സാഹിത്യമൂല്യവും മറ്റും ഇവയില്‍ മുങ്ങിപ്പോകും. മാര്‍ക്കിന്‍റെ സിംഹഭാഗവും നേടിത്തരുന്നതു ശബ്ദവും ശൈലിയും ആണ്. മേല്‍പ്പറഞ്ഞ സര്‍വ്വോത്തമന്മാരായ പുണ്യാത്മാക്കള്‍ ഇതൊന്നും അറിയുന്നില്ല. മൂല്യബോധം കലാബോധം എന്നൊക്കെ ഘോഷിച്ചു കൊണ്ടു നടക്കുന്നതല്ലാതെ സത്യം മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നും ഇല്ല. അതിനാല്‍ അവര്‍ അറിയാതെ തന്നെ അവരുടെ മത്സരവേദികള്‍ അനീതിയുടെ കൂത്തരങ്ങായി മാറുന്നു.