പണാധിപത്യം അരങ്ങു തകര്‍ക്കുന്നു

1955 വരെ അക്ഷരശ്ലോകക്കാര്‍ക്കു പണം ഒരു വിഷയമേ ആയിരുന്നില്ല. അക്ഷരശ്ലോകത്തിന്‍റെ വളര്‍ച്ചയിലും പ്രചാരത്തിലും പണം യാതൊരു സ്വാധീനവും ചെലുത്തിയിരുന്നില്ല. പതിനായിരം ശ്ലോകം പഠിച്ചാലും ഒരു ചില്ലിക്കാശു പോലും പ്രതിഫലം കിട്ടുമായിരുന്നില്ല. എങ്കിലും ജനങ്ങള്‍ കഷ്ടപ്പെട്ടു ശ്ലോകങ്ങള്‍ പഠിക്കുകയും സ്വന്തം പണം ചെലവാക്കി ദൂരദേശങ്ങളില്‍ പോയി മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തിനു വേണ്ടി? ജയിച്ചു എന്ന സംതൃപ്തിക്കു വേണ്ടി മാത്രം. ശ്ലോകങ്ങളോടുള്ള അഭിനിവേശം മാത്രമായിരുന്നു അവരെ നയിച്ചിരുന്നത്. ആനക്കമ്പം പോലെ ഒരു ശ്ലോകക്കമ്പം.

പക്ഷേ 1955 ല്‍ ചില ഉന്നതന്മാര്‍ അക്ഷരശ്ലോകരംഗത്തു “സമൂലപരിവര്‍ത്തനം” വരുത്തിയതോടെ കാര്യങ്ങള്‍ അകെ മാറി മറിഞ്ഞു. ഇപ്പോള്‍ സ്വര്‍ണ്ണവും പണവും ആണ് അക്ഷരശ്ലോകക്കാരെ നയിക്കുന്നത്. എവിടെ നിന്നാണ് അടുത്ത സ്വര്‍ണ്ണമെഡല്‍ കിട്ടുക എന്നതാണ് അക്ഷരശ്ലോകക്കാരുടെ ചിന്ത. പണം കയ്യിലുള്ളവര്‍ക്ക് ഇത്തരക്കാരെ എളുപ്പത്തില്‍ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. പച്ചില കാണിച്ച് ആടിനെ നയിച്ചു കൊണ്ടു പോകുന്നതു പോലെ.

പണം കയ്യിലുള്ളവര്‍ എന്തു പറഞ്ഞാലും അക്ഷരശ്ലോകക്കാര്‍ എറാന്‍ എറാന്‍ എന്നു പറഞ്ഞ് ഓച്ഛാനിച്ചു നിന്നുകൊള്ളും. “ഞങ്ങള്‍ അച്ചു മൂളിയവരെ ജയിപ്പിക്കും” എന്നു പറഞ്ഞാലും “എറാന്‍ എറാന്‍” എന്നല്ലാതെ മറ്റൊരു വാക്കും അക്ഷരശ്ലോകക്കാരുടെ വായില്‍ നിന്നു പുറപ്പെടുകയില്ല.

പണാധിപത്യക്കാര്‍ രണ്ടു തരത്തില്‍ ഉണ്ട്.

  1. സ്വന്തം പണം ചെലവാക്കി സ്വര്‍ണ്ണമെഡല്‍ നിര്‍മ്മിച്ചു മത്സരം നടത്തുന്നവര്‍.

ഇവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും ആരും വിമര്‍ശിക്കുകയില്ല. അതുകൊണ്ടുതന്നെ തുരുതുരെ അച്ചുമൂളിയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ ജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ ഒട്ടും മടിക്കാറില്ല. ആരെങ്കിലും വിമര്‍ശിച്ചാല്‍ “എന്‍റെ പണം കൊണ്ടു ഞാന്‍ നടത്തുന്ന മത്സരമാണ്. അതുകൊണ്ട് എനിക്ക് ഇഷ്ടമുള്ളവരെ ഞാന്‍ ജയിപ്പിക്കും. എനിക്ക് ഇഷ്ടമില്ലാത്തവരെ ഞാന്‍ എലിമിനേറ്റു ചെയ്യുകയും ചെയ്യും. എന്‍റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി” എന്ന മട്ടിലുള്ള മറുപടിയായിരിക്കും കിട്ടുക. ഈ സാഹചര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും എതിരഭിപ്രായം പറയുമോ? ഇല്ല. എല്ലാവരും പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുകയേ ഉള്ളൂ.

2.സ്വന്തമായി പണം ഇല്ലെങ്കിലും ധനാഢ്യന്മാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള സ്വാധീനം കൊണ്ടു സ്വര്‍ണ്ണവും പണവും വശത്തിലാക്കി മത്സരം നടത്തുന്നവര്‍.

സര്‍ക്കാര്‍, ദേവസ്വങ്ങള്‍, ഉത്സവക്കമ്മിറ്റികള്‍ മുതലായവയില്‍ സ്വാധീനമുള്ളവര്‍ക്കു സ്വന്തം കീശയില്‍ നിന്ന് ഒരു പൈസ പോലും ചെലവാക്കാതെ മത്സരങ്ങള്‍ നടത്തി സമ്മാനമായി സ്വര്‍ണ്ണവും പണവും ഒക്കെ വാരിക്കോരി കൊടുക്കാന്‍ കഴിയും. ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കുന്ന പ്രവര്‍ത്തനശൈലി തന്നെയാണ് ഇവരും സ്വീകരിക്കാറുള്ളത്. എങ്കിലും സ്വന്തം തറവാട്ടു സ്വത്തല്ല വിതരണം ചെയ്യുന്നത് എന്ന ബോധം ചിലര്‍ക്കെങ്കിലും ഉള്ളതിനാല്‍ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും നേരിയ തോതില്‍ കുറവുണ്ടായിരിക്കും. അത്ര മാത്രമേ വ്യത്യാസമുള്ളൂ.

രണ്ടായാലും അക്ഷരശ്ലോകക്കാര്‍ ഇവരുടെ അധീനത്തിലുള്ള സ്വര്‍ണ്ണവും പണവും മോഹിച്ചാണു ശ്ലോകം പഠിക്കുന്നതും ചൊല്ലുന്നതും. അതിനാല്‍ പണാധിപത്യക്കാര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും കാര്യമായ എതിര്‍പ്പോ വിമര്‍ശനമോ ഒന്നും ഉണ്ടാകാറില്ല.

പണാധിപത്യക്കാര്‍ പല നൂതനസിദ്ധാന്തങ്ങളും ആവിഷ്കരിച്ചു പ്രചരിപ്പിക്കാറുണ്ട്. അവയില്‍ ചിലതു താഴെ കൊടുക്കുന്നു.

  1. അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്.
  2. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കണം.
  3. അവതരണം ഭംഗിയാകണമെങ്കില്‍ സംഗീതഗന്ധിയായ ആലാപനശൈലിയും രാഗതാളമേളനവും ഒക്കെ കൂടിയേ തീരൂ.
  4. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുന്നതു പോരായ്മയല്ല. ഞങ്ങള്‍ നല്‍കുന്ന മാര്‍ക്കു കിട്ടതിരിക്കുന്നതാണു പോരായ്മ.

സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി ശ്ലോകം പഠിക്കുന്നവര്‍ ഇതെല്ലം അംഗീകരിച്ചു പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നുകൊള്ളും.

അങ്ങനെ പണാധിപത്യം കൊടികുത്തി വാഴുന്നു. സത്യം, നീതി, ധര്‍മ്മം ഇവയെല്ലാം ഗുഹയില്‍ പോയി ഒളിക്കുന്നു.

പണമുള്ളവര്‍ക്കു നിയമങ്ങളെല്ലാം മാറ്റിയെഴുതാം. സ്വരമാധുര്യത്തിനും പാട്ടിനും മാര്‍ക്കു വാരിക്കോരി കൊടുക്കുകയും തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിക്കുകയും ഒക്കെ ചെയ്യാം. ആരും ഒരക്ഷരവും എതിരു പറയുകയില്ല. അഥവാ പറഞ്ഞാല്‍ ഞങ്ങള്‍ സാഹിത്യമൂല്യം അളന്നാണു മാര്‍ക്കിട്ടത് എന്നു പറഞ്ഞാല്‍ മതി. വിമര്‍ശകര്‍ക്കു പിന്നെ നാക്കു പൊങ്ങുകയില്ല.

പണാധിപത്യം അരങ്ങു തകര്‍ക്കുമ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ആണ്ടിയുടെ അടി

ആണ്ടി വലിയ അടിക്കാരനാണ്.

ഓഹോ. അങ്ങനെയാണോ? ആരാണ് അങ്ങനെ പറഞ്ഞത്?

അത് ആണ്ടി തന്നെ.

*******************************************

ആണ്ടിയുടെ അടി പോലെ ബഹുവിശേഷവും കെങ്കേമവും ആയ ഒരു സംഗതി അക്ഷരശ്ലോകരംഗത്തും ഉണ്ട്. അതാണു ശങ്കുണ്ണിക്കുട്ടന്‍റെ മൂല്യനിര്‍ണ്ണയം. അക്ഷരശ്ലോകവിദഗ്ദ്ധന്മാരെ കണ്ടെത്താന്‍ ഇതിലും മെച്ചമായ ഒരു മാനദണ്ഡം ഈരേഴുപതിന്നാലു ലോകത്തിലും ഇല്ല. സാഹിത്യമൂല്യം, അവതരണഭംഗി, ആവിഷ്കാരഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം, പ്രകരണശുദ്ധി, സെലക്ഷന്‍, പ്രസന്‍റേഷന്‍ ഇങ്ങനെ സകലമാന മേന്മകളും കിറുകൃത്യമായി അളന്നു മാര്‍ക്കിടും. മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യും. മാര്‍ക്കു കൂടിയവരെ ജയിപ്പിച്ചു ഗോള്‍ഡ്‌ മെഡലിസ്റ്റുകള്‍ ആക്കും. ശങ്കുണ്ണിക്കുട്ടന്‍റെ മൂല്യനിര്‍ണ്ണയം എന്ന് അറിയപ്പെടുന്ന ഈ മാനദണ്ഡം ഇത്രയും മഹത്വപൂര്‍ണ്ണം ആയതുകൊണ്ട് ഇതു ബാധകമാക്കി നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെയും ജയിപ്പിക്കാം.

ഓഹോ. അങ്ങനെയാണോ? ആരാണ് അങ്ങനെ പറഞ്ഞത്?

അതു ശങ്കുണ്ണിക്കുട്ടന്‍ തന്നെ.

ബുദ്ധിശൂന്യമായ പ്രവൃത്തി ചെയ്യുമ്പോഴും അല്പം ബുദ്ധി ആകാം

അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നതു ബുദ്ധിശൂന്യമായ ഒരു പ്രവൃത്തിയാണ്‌. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്ന് അക്ഷരശ്ലോകത്തിന്‍റെ ഒരു നിയമവും അനുശാസിക്കുന്നില്ല. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവര്‍ക്കു മുന്തിയ പരിഗണന കൊടുക്കണമെന്നും നിയമങ്ങളിലെങ്ങും പറയുന്നില്ല. അക്ഷരം യോജിക്കുന്നതും അനുഷ്ടുപ്പ് അല്ലാത്തതും ആയ ശ്ലോകം ചൊല്ലണം എന്നു മാത്രമേ നിയമത്തില്‍ പറയുന്നുള്ളൂ. അനുഷ്ടുപ്പ് അല്ലാത്ത ഏതു ശ്ലോകം ചൊല്ലിയാലും തുല്യപരിഗണന കൊടുക്കുക എന്നതാണു പൂര്‍വ്വികന്മാര്‍ കാണിച്ചു തന്ന മാതൃക.

സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകം ചൊല്ലുന്നതു വലിയ കേമത്തമൊന്നും അല്ലെന്ന് അല്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഒട്ടും കവിതാവാസന ഇല്ലാത്ത ഒരു മൂന്നാംകിട പാട്ടുകാരന്‍ വിചാരിച്ചാലും ഏതാനും കാളിദാസശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു ഭംഗിയായി സദസ്സില്‍ തട്ടി മൂളിക്കാന്‍ കഴിയും. സ്വന്തമായി നിമിഷശ്ലോകങ്ങള്‍ സൃഷ്ടിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്‍ക്കു മുമ്പില്‍ ഇവര്‍ക്ക് എന്തു മേന്മയാണ് ഉള്ളത്?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ പഠിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്ന ഒരു വ്യത്യസ്ത അക്ഷരശ്ലോകമത്സരം നടത്തണം എന്ന് ഏതെങ്കിലും സാഹിത്യപ്രേമിക്കു തോന്നിയാല്‍ അത്തരം ഒരു മത്സരം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അപ്പോള്‍ ബുദ്ധിശൂന്യത അതിരു കടക്കാതെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ബുദ്ധി സംഘാടകര്‍ക്ക് ഉണ്ടാകണം.

ഒരു പ്രാവശ്യമെങ്കിലും അച്ചു മൂളിയവരെ ഉടന്‍ തന്നെ പുറത്താക്കണം. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ അച്ചുമൂളിയാലും പുറത്തുപോകേണ്ടതില്ല എന്ന മട്ടിലുള്ള മറ്റൊരു ബുദ്ധിശൂന്യത കൂടി കാണിക്കരുത്. കാണിച്ചാല്‍ മര്‍ക്കടേഷു സുരാപാനം, കൂനിന്മേല്‍ കുരു എന്നൊക്കെ പറഞ്ഞ മട്ടാകും. ഇങ്ങനെ ഇരട്ട ബുദ്ധിശൂന്യത കാണിച്ചാല്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകും. അതോടുകൂടി അക്ഷരശ്ലോകം അക്ഷരശ്ലോകമല്ലാതാകും. അതിനെ “വെറും ശ്ലോകം” എന്നു വിളിക്കേണ്ടി വരും.

ബുദ്ധിശൂന്യമായ പ്രവൃത്തി ചെയ്തേ തീരൂ എന്നു നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ ഒരു സമയം അത്തരം ഒരു പ്രവൃത്തി മാത്രം എന്ന്‍ ഒരു നിയന്ത്രണം വയ്ക്കുക.

“ഇങ്ങനെയാണോടാ അക്ഷരശ്ലോകമത്സരം നടത്തേണ്ടത്?”

“ഇങ്ങനെയാണോടാ അക്ഷരശ്ലോകമത്സരം നടത്തേണ്ടത്? അക്ഷരശ്ലോകത്തിന്‍റെ ബാലപാഠമെങ്കിലും നിനക്കറിയാമോടാ? നിനക്കു തോന്നിയതുപോലെയൊക്കെ ചെയ്യാന്‍ അക്ഷരശ്ലോകം നിന്‍റെ തറവാട്ടു സ്വത്ത് ആണോടാ?”

അതിഗംഭീരമായ ഒരു അഖിലകേരള അക്ഷരശ്ലോക മത്സരത്തിനിടയില്‍ മഹാകേമനും അത്യുന്നതനും കൊലകൊമ്പനും ആയ ഒരു അക്ഷരശ്ലോകസര്‍വ്വജ്ഞനോടു വെറും സാധാരണക്കാരനായ ഒരു അക്ഷരശ്ലോകക്കാരന്‍ ചോദിച്ച ചില ചോദ്യങ്ങളാണു മുകളില്‍ കൊടുത്തിരിക്കുന്നവ.

സാധാരണ ഗതിയില്‍ എത്ര കടുത്ത അനീതിക്ക് ഇരയായാലും ചെറിയ തോതിലെങ്കിലും പ്രതികരിക്കാന്‍ അങ്ങേയറ്റം മടി കാണിക്കുന്നവരാണ് അക്ഷരശ്ലോകക്കാര്‍. പക്ഷേ വളരെ അപൂര്‍വ്വമായി ചിലര്‍ പ്രതികരിക്കും. ആയിരത്തില്‍ ഒരുവന്‍ എന്നു പറയാവുന്ന അത്തരം ഒരു അക്ഷരശ്ലോകക്കാരന്‍റെ കഥയാണ് ഇത്.

തിരുവിതാംകൂറിലേ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായ ശ്ലോകപ്രേമി ഉണ്ടായിരുന്നു. പേരു കുഞ്ഞുകുഞ്ഞ്‌ ആദിശ്ശര്‍. വലിയ വിദ്യാഭ്യാസയോഗ്യതയോ ഉന്നതപദവിയോ ധനാഢ്യത്വമോ ഒന്നും ഇല്ല. എതക്ഷരം കിട്ടിയാലും നൂറു കണക്കിനു ശ്ലോകങ്ങള്‍ ചൊല്ലും. ഒരു തെറ്റും ഇല്ലാതെ ഉച്ചത്തില്‍ ചൊല്ലുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാന്‍ അദ്ദേഹം ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. “നീയാര്‍ മര്‍ക്കട? രാമരാജഭവനേ ഞാന്‍ പത്രികാവാഹകന്‍…” എന്ന പോലെയുള്ള ശ്ലോകങ്ങളാണ് അദ്ദേഹം ചൊല്ലിയിരുന്നത്. “മല്ലാര്‍പൂങ്കാവിലയ്യാ…” പോലെയുള്ള മൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാന്‍ അദ്ദേഹം ഒരു ശ്രമവും നടത്തിയിരുന്നില്ല. ഷഡ്ഗുണങ്ങളുള്ള ശബ്ദം, രാഗതാളമേളനമുള്ള ആലാപനശൈലി ഇതൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

തിരുവിതാംകൂറില്‍ എവിടെ അക്ഷരശ്ലോകം ഉണ്ടെങ്കിലും അദ്ദേഹം അവിടെ പോയി അതില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുകയും ചെയ്യും. അദ്ദേഹം മോശക്കാരനാണെന്ന് ആരും വിധിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണു തൃശ്ശൂരില്‍ മഹാകേമന്മാരായ ഉന്നതന്മാര്‍ അതിഗംഭീരമായ ഒരു അക്ഷരശ്ലോകമത്സരം നടത്തുന്നു എന്നു കേട്ടത്. എന്നാല്‍ അവിടെയും ഒരു കൈ നോക്കാം എന്നു കരുതി അദ്ദേഹം തൃശ്ശൂരിലേക്കു വച്ചുപിടിച്ചു. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ ഭാരവാഹികള്‍ അദ്ദേഹത്തെ എലിമിനേറ്റു ചെയ്തു. അദ്ദേഹത്തിന്‍റെ ചൊല്ലലില്‍ സാഹിത്യമൂല്യവും അവതരണഭംഗിയും കുറവാണത്രേ.

ഇങ്ങനെ ഒരനുഭവം അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുവരെ ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്ന അദ്ദേഹം ഇതാ പൊടുന്നനെ തരികിടകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കണ്ണില്‍ ഇരുട്ടു കയറി. മത്സരത്തിന്‍റെ ആദ്യവസാനക്കാരനായി നിന്ന ഉന്നതന്‍റെ നേരേ അദ്ദേഹം മുന്നും പിന്നും നോക്കാതെ കഠിനമായ ശകാരവര്‍ഷം തന്നെ നടത്തി. അതിലെ ഏതാനും വാക്യങ്ങളാണു മുകളില്‍ ഉദ്ധരിച്ചത്.

ഇതുപോലെ മറ്റു ചിലരില്‍ നിന്നും കണക്കിനു ശകാരം കിട്ടി. എങ്കിലും ഉന്നതന്മാര്‍ പാഠം പഠിച്ചില്ല. “ന തു പ്രതിനിവിഷ്ടമൂര്‍ഖജനചിത്തം ആരാധയേല്‍” എന്നാണല്ലോ ആപ്തവാക്യം. തന്നെയുമല്ല, ഒരാള്‍ ശകാരിക്കുമ്പോള്‍ ഒന്‍പതു പേര്‍ ഓച്ഛാനിച്ചു നില്‍ക്കാനും സ്തുതി പാടാനും ഉണ്ടായിരുന്നു. അതിനാല്‍ ഉന്നതന്മാര്‍ തന്നിഷ്ടവും തോന്ന്യാസവും ആയി നിര്‍ബ്ബാധം മുന്നോട്ടു പോവുക തന്നെ ചെയ്തു. ഫലമോ? അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധ:പതിച്ചു.

ആയിരത്തില്‍ ഒരാളേ ഇങ്ങനെ പ്രതികരിക്കുകയുള്ളൂ. പക്ഷേ അവരാണു പ്രസ്ഥാനത്തിന്‍റെ സമ്പത്ത്. അവര്‍ കാരണമാണ് ശരിയായ അക്ഷരശ്ലോകം നാമമാത്രമായിട്ടെങ്കിലും നിലനില്‍ക്കുന്നത്. അവരും ഇല്ലായിരുന്നെങ്കില്‍ തല്‍പരകക്ഷികള്‍ പ്രസ്ഥാനത്തെ എന്നേ നശിപ്പിച്ചു നാമാവശേഷമാക്കി കളഞ്ഞേനെ.

സാഹിത്യമൂല്യം എന്ന വജ്രായുധം

അക്ഷരശ്ലോകരംഗത്ത്‌ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വാക്കാണു “സാഹിത്യമൂല്യം”. പ്രത്യക്ഷത്തില്‍ നല്ല ഭംഗിയും ഗമയും ഒക്കെ ഉള്ളതും നിരുപദ്രവവും സര്‍വ്വസമ്മതവും തനിത്തങ്കം പോലെ തിളങ്ങുന്നതും ആയ ഒരു വാക്കാണു “സാഹിത്യമൂല്യം”. അതുകൊണ്ടു തന്നെ അതിന്‍റെ ദുരുപയോഗം ആരുടെയും ശ്രദ്ധയില്‍ പെടുകയില്ല.

അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധ:പതിപ്പിച്ചിട്ട് ഈ രംഗത്ത്‌ ആധിപത്യം സ്ഥാപിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിട്ടുള്ള മധുരസ്വരക്കാരുടെയും പാട്ടുകാരുടെയും കയ്യിലെ വജ്രായുധം ആയി മാറിയിരിക്കുന്നു സാഹിത്യമൂല്യം. തീവ്രവാദികളുടെ കയ്യില്‍ ആറ്റംബോംബ് കിട്ടിയാല്‍ ഉള്ള അപകടത്തെപ്പറ്റി പലരും പറയാറുണ്ട്. അതുപോലെ ഒരു ഭീമമായ അപകടമാണ് അക്ഷരശ്ലോകരംഗത്ത്‌ അന്യായവും അനര്‍ഹവും ആയ ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന തല്‍പരകക്ഷികളുടെ കയ്യില്‍ സാഹിത്യമൂല്യം എന്ന വജ്രായുധം കിട്ടിയതു കൊണ്ടു സംഭവിച്ചിരിക്കുന്നത്.

ഒരുദാഹരണം പറയാം. ഒരിടത്ത് ഇരുപതു റൗണ്ട് ഉള്ള ഒരു അക്ഷരശ്ലോകമത്സരം നടന്നു. ഇരുപതു റൗണ്ടിലും ശ്ലോകം ചൊല്ലിയ പലരും ഉണ്ടായിരുന്നെങ്കിലും സംഘാടകര്‍ ഒന്നാം സമ്മാനം കൊടുത്തത് 16 റൗണ്ടില്‍ മാത്രം ശ്ലോകം ചൊല്ലിയ ഒരു മധുരസ്വരക്കാരിക്ക് ആയിരുന്നു. കാരണം ചോദിച്ചവര്‍ക്കു കിട്ടിയ മറുപടി ഇതായിരുന്നു.

“ഞങ്ങള്‍ സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിട്ടു. അപ്പോള്‍ ഏറ്റവും അധികം മാര്‍ക്കു കിട്ടിയത് ആ കുട്ടിക്കാണ്”.

സാഹിത്യമൂല്യം എന്നു കേട്ടതോടു കൂടി ആര്‍ക്കും പിന്നെ ഒന്നും പറയാന്‍ നാക്കു പൊങ്ങാതെ ആയി. അവര്‍ ആ വിധി അംഗീകരിച്ചു നിശ്ശബ്ദരായി തിരിച്ചുപോയി. ഇതാണു സാഹിത്യമൂല്യം എന്ന വജ്രായുധത്തിന്‍റെ ശക്തി. സംഘാടകര്‍ക്ക് എന്തു കൊള്ളരുതായ്മയും കാണിക്കാം. തുരുതുരെ അച്ചു മൂളിയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ ജയിപ്പിക്കാം. എന്നാലും ആര്‍ക്കും ഒന്നും പറയാന്‍ കഴിയുകയില്ല. ആരെങ്കിലും എതിര്‍ത്തു സംസാരിച്ചാല്‍ സാഹിത്യമൂല്യം എന്ന വജ്രായുധം പ്രയോഗിച്ചാല്‍ മതി. എതിരാളികള്‍ ചിറകരിഞ്ഞ പക്ഷിയെപ്പോലെ നിസ്സഹായരായി നിലത്തു വീണു പോകും. തല്‍പരകക്ഷികള്‍ക്ക് ഇതിലും വലിയ ഒരായുധം കിട്ടാനുണ്ടോ?

യഥാര്‍ത്ഥത്തില്‍ സാഹിത്യമൂല്യത്തിന് അക്ഷരശ്ലോകത്തില്‍ ഇത്രയധികം പ്രസക്തിയുണ്ടോ? അതാണു തലച്ചോറുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടത്. അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്‌. സാഹിത്യം എന്ന വകുപ്പില്‍ പെടുത്താവുന്ന ശ്ലോകങ്ങള്‍ മാത്രമേ ചൊല്ലാവൂ എന്നു നിയമവും ഉണ്ട്. പക്ഷേ സാഹിത്യമൂല്യം എത്രത്തോളം വേണം എന്നതു സംബന്ധിച്ചു യാതൊരു നിയമവും ഇല്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ക്കു മുന്തിയ പരിഗണന കൊടുക്കാന്‍ നിയമമില്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകം ചൊല്ലിയാലും കുറഞ്ഞ ശ്ലോകം ചൊല്ലിയാലും തുല്യപരിഗണന കൊടുക്കാന്‍ ആണു നിയമം അനുശാസിക്കുന്നത്. വിദ്യാസമ്പന്നന്‍റെ വോട്ടിനും നിരക്ഷരകുക്ഷിയുടെ വോട്ടിനും തുല്യപരിഗണന കൊടുക്കുന്നതു പോലെയുള്ള ഒരു തുല്യതാസങ്കല്പമാണ് ഇക്കാര്യത്തില്‍ ഉള്ളത്. പക്ഷേ അതൊന്നും ആരും ചിന്തിക്കാറില്ല.

ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള ഒന്നാം തരം അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ക്കെതിരെ പോലും ഉളുപ്പില്ലാതെ വിജയം അവകാശപ്പെടാന്‍ തുരുതുരെ അച്ചുമൂളുന്ന എഴാംകൂലികളായ മൂന്നാംകിട പാട്ടുകാര്‍ക്കു കഴിയും. “ഞങ്ങള്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങളാണു ചൊല്ലിയത്. ഫാദര്‍ ചൊല്ലിയതു നാല്‍ക്കാലി ശ്ലോകങ്ങളാണ്” എന്നു പറഞ്ഞാല്‍ മതി. ആരും പിന്നെ ഒരക്ഷരം മിണ്ടുകയില്ല. എന്നു മാത്രമല്ല ഉന്നതന്മാര്‍, സര്‍വ്വജ്ഞന്മാര്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ മുതലായ സകലമാന കൊലകൊമ്പന്മാരും അവര്‍ക്കു നിരുപാധികമായ പിന്തുണ കൊടുക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ സാഹിത്യമൂല്യം എന്ന തുറുപ്പു ഗുലാന്‍ ആണല്ലോ ഇറക്കിയിരിക്കുന്നത്.

സാഹിത്യമൂല്യത്തിന്‍റെ പേരിലുള്ള തട്ടിപ്പു തിരിച്ചറിയുക. അച്ചുമൂളിയവരെ ജയിപ്പിക്കാന്‍ സാഹിത്യമൂല്യം എന്ന ചപ്പടാച്ചി വാദം ഉന്നയിക്കുന്നതു ഹീനമായ തട്ടിപ്പാണ്. എത്ര സാഹിത്യമൂല്യം ഉള്ള ശ്ലോകം ചൊല്ലിയാലും അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയവര്‍ക്കു ജയിക്കാന്‍ യാതൊരവകാശവും ഇല്ല.

സാഹിത്യമൂല്യം എന്ന വജ്രായുധം പ്രയോഗിക്കുന്നവര്‍ക്കെതിരെ ചൂളാതെ നട്ടെല്ലു നിവര്‍ത്തി നിന്നു പോരാടുക. “അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം സാഹിത്യമൂല്യം വിളമ്പലല്ല; ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലും അല്ല” എന്നു പറഞ്ഞു തിരിച്ചടിക്കുക. നിങ്ങളുടെ അവകാശങ്ങള്‍ ശരിക്കു മനസ്സിലാക്കുക. അവ കവര്‍ന്നെടുക്കാന്‍ ഒരു ചപ്പടാച്ചി വാദക്കാരനെയും അനുവദിക്കാതിരിക്കുക.

വെറും ശ്ലോകവും ശ്ലോകപ്പാട്ടും

അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും പഠിക്കാതെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ചു കയറി വന്ന് അക്ഷരശ്ലോകത്തിന്‍റെ “നിലവാരം ഉയര്‍ത്തിയ” ഉന്നതന്മാര്‍ വരുത്തിയ പരിഷ്കാരങ്ങള്‍ കാരണം അക്ഷരശ്ലോകം രണ്ടു തരത്തില്‍ അധ:പതിച്ചിരിക്കുന്നു.

1. വെറും ശ്ലോകം എന്ന നിലയിലേക്കുള്ള അധ:പതനം

സാഹിത്യമൂല്യവും മറ്റും അളന്നുള്ള അനാവശ്യമായ മാര്‍ക്കിടലിനു പുറമേ അച്ചുമൂളിയവരെ പുറത്താക്കാതിരിക്കുന്ന വിവരക്കേടു കൂടി ആയപ്പോള്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായി. അച്ചുമൂളിയവര്‍ ജയിച്ചാല്‍ അക്ഷരശ്ലോകം നശിച്ചു എന്നാണര്‍ത്ഥം. അത്തരം മത്സരങ്ങള്‍ അക്ഷരശ്ലോകം എന്ന പേരു പോലും അര്‍ഹിക്കുന്നില്ല. അത്തരം കോപ്രായങ്ങള്‍ക്കു ശ്രീ. കെ. നാരായണന്‍ പോറ്റി ഒരു പുതിയ പേരു കൊടുത്തിട്ടുണ്ട്. അതാണു “വെറും ശ്ലോകം”.

2. ശ്ലോകപ്പാട്ട് എന്ന നിലയിലേക്കുള്ള അധ:പതനം.

സാഹിത്യമൂല്യം അളക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്ക് ഒരു വലിയ അക്കിടി പറ്റി. സാഹിത്യമൂല്യം മാത്രമായി അളക്കാന്‍ ആര്‍ക്കും കഴിയുകയില്ല. സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ വന്ന് അളന്നാലും സാഹിത്യമൂല്യത്തോടൊപ്പം സ്വരമാധുര്യവും പാട്ടും കൂടി അളക്കപ്പെടും. സാഹിത്യമൂല്യത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മാര്‍ക്കു സ്വരമാധുര്യത്തിനും പാട്ടിനും കിട്ടും. അതുകൊണ്ടു പരിഷ്കാരികളുടെ മത്സരങ്ങളില്‍ മധുരസ്വരക്കാരും പാട്ടുകാരും മാത്രം ജയിക്കുന്ന സാഹചര്യം ഉണ്ടായി. അതായത് അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ എന്ന നിലയിലേക്ക് അധ:പതിച്ചു.

ഈ രണ്ട് അധ:പതനങ്ങളെയും “വമ്പിച്ച പുരോഗമനം” എന്നാണു തല്‍പരകക്ഷികള്‍ വിശേഷിപ്പിക്കുന്നത് എന്നതു വേറേ കാര്യം.

പൊങ്ങച്ചങ്ങളുടെ ഘോഷയാത്ര

ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും കൂടി അക്ഷരശ്ലോകം പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുകയാണല്ലോ. എന്താണ് ഇവരുടെ പരിഷ്കാരവും മെച്ചപ്പെടുത്തലും? അക്ഷരശ്ലോകത്തില്‍ തികച്ചും അനാവശ്യമായ കുറേ പൊങ്ങച്ചങ്ങള്‍ തിരുകിക്കയറ്റി. അത്ര മാത്രം. എന്തൊക്കെയാണ് ആ പൊങ്ങച്ചങ്ങള്‍ എന്നു നോക്കാം.

  1. സാഹിത്യമൂല്യം അളന്നു മാര്‍ക്കിടല്‍ എന്ന പൊങ്ങച്ചം.

അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം അളക്കേണ്ട യാതൊരാവശ്യവും ഇല്ല. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കി അക്ഷരം യോജിക്കുന്ന ശ്ലോകങ്ങള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ നിന്നു ചൊല്ലനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ ചൊല്ലപ്പെടുന്ന ശ്ലോകങ്ങള്‍ക്ക് എത്രത്തോളം സാഹിത്യമൂല്യം വേണം എന്ന കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ല. സ്വീകാര്യമായ എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന കൊടുക്കാനാണു നിയമം അനുശാസിക്കുന്നത്.

പക്ഷേ സര്‍വ്വജ്ഞമാനികളായ ഉന്നതന്മാര്‍ ഇതൊന്നും ചിന്തിക്കാറില്ല. പൊങ്ങച്ചം മാത്രമാണ് അവരെ നയിക്കുന്നത്‌. അവര്‍ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നു. അപ്പോള്‍ എന്തു സംഭവിക്കുന്നു? കവിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മധുരസ്വരക്കാരന്‍ കാളിദാസന്‍റെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലിയാല്‍ അവന്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയി വാഴ്ത്തപ്പെടുന്നു. സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്‍ എഴാംകൂലികളായി മുദ്രകുത്തപ്പെടുന്നു. അച്ചുമൂളിയവരെ പുറത്താക്കാതിരിക്കുക എന്ന വിഡ്ഢിത്തം കൂടി ഈ ഉന്നതന്മാര്‍ കാണിക്കുക പതിവാണ്. തല്‍ഫലമായി തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.

2. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ എന്ന പൊങ്ങച്ചം

അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് ഈ ഉന്നതന്മാര്‍ വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അജ്ഞതയുടെ പരമകാഷ്ഠയാണ്. അക്ഷരശ്ലോകക്കാര്‍ക്കു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ബദ്ധ്യതയേ ഇല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സ്വരമാധുര്യവും പാട്ടും കൂടിയേ തീരൂ.

ഈ ഉന്നതന്മാര്‍ അവതരണഭംഗി എന്ന പേരില്‍ ചിലതൊക്കെ അളന്നു മാര്‍ക്കിടുന്നു. സ്വരമാധുര്യവും പാട്ടും അല്ലാതെ മറ്റൊന്നും അല്ല അവര്‍ അളന്നു മാര്‍ക്കിടുന്നത്‌. അപ്പോള്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധ:പതിക്കുന്നു.

3. വൃത്തനിബന്ധന എന്ന പൊങ്ങച്ചം

അക്ഷരനിബന്ധനയ്ക്കു പുറമേ വൃത്തനിബന്ധന കൂടി ഏര്‍പ്പെടുത്തി ചൊല്ലിയാല്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു പൊതുജനങ്ങള്‍ ധരിച്ചു കൊള്ളും എന്നാണ് ഈ ഉന്നതന്മാരുടെ വിചാരം. പക്ഷേ ഇതു വിപരീതഫലമാണു ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല. പ്രതിഭാശാലികള്‍ എന്നു പറയപ്പെടുന്ന പലരും വൃത്തമൊക്കുന്ന ശ്ലോകം കിട്ടാതെ അച്ചുമൂളി മിഴിച്ചിരിക്കുന്നതു പതിവാണ്. പക്ഷേ ഉന്നതന്മാര്‍ അവരെ പുറത്താക്കുകയില്ല. സ്വരമാധുര്യത്തിനും പാട്ടിനും ഒക്കെ മാര്‍ക്കു വാരിക്കോരി കൊടുത്ത് അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും.

കേമത്തം വെളിപ്പെടുത്താന്‍ വേണ്ടി കാണിക്കുന്ന പൊങ്ങച്ചം തങ്ങളുടെ വൈജ്ഞാനികപാപ്പരത്തം വെളിപ്പെടുത്താന്‍ മാത്രമേ ഉതകുന്നുള്ളൂ എന്ന നഗ്നസത്യം ഈ ഉന്നതന്മാരും പ്രതിഭാശാലികളും മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം.