നനഞ്ഞിറങ്ങിയാല്‍ …….

“നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം”, “മനോരാജ്യത്തില്‍ എന്തിന് അര്‍ദ്ധരാജ്യം?”,”മനഃപായസത്തില്‍ മധുരം കുറയ്ക്കുന്നതെന്തിന്?” ഇങ്ങനെ ചില പഴമൊഴികള്‍ ഉണ്ട്. ഒരു കാര്യം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അതു പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കണം എന്നാണ് അര്‍ത്ഥം.

അഭിനവ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിപ്പുറപ്പെട്ടവരാണ്. പക്ഷേ പരമാവധി ആഹ്ലാദിപ്പിക്കണം എന്ന് അവര്‍ക്കു യാതൊരു നിര്‍ബ്ബന്ധവും ഇല്ല. അല്പസ്വല്പമൊക്കെ ആഹ്ലാദിപ്പിച്ചാല്‍ മതി എന്നാണ് അവരുടെ മനോഭാവം. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കി ബാക്കിയുള്ളവയില്‍ നിന്നു അക്ഷരമൊക്കുന്ന രചനകള്‍ മാത്രം പരിഗണിച്ച്‌ അവയിലുള്ള സാഹിത്യമൂല്യം കൂടിയ രചനകള്‍ തെരഞ്ഞെടുത്തു കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും സംഗീതഗന്ധിയായി വിളമ്പിക്കൊടുത്തു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുമത്രേ. ഇങ്ങനെ ചെയ്താല്‍ ശ്രോതാക്കള്‍ക്കു കൊടുക്കാവുന്ന പരമാവധി  ആഹ്ലാദത്തിന്‍റെ അഞ്ചു ശതമാനം പോലും ആകുകയില്ല. എന്തുകൊണ്ടു നൂറു ശതമാനം ആക്കിക്കൂടാ? ആക്കണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം. 1) അനുഷ്ടുപ്പിന്റെ നിരോധനം പിന്‍വലിക്കുക. 2) കാവ്യകേളിക്കാര്‍ ചെയ്യുന്നതു പോലെ ഭാഷാവൃത്തങ്ങള്‍ കൂടി അവതരിപ്പിക്കുക. 3) നല്ല രചനകള്‍ തെരഞ്ഞെടുക്കാന്‍ വിലങ്ങുതടിയായി നില്‍ക്കുന്ന അക്ഷരനിബന്ധന വലിച്ചെറിയുക. 4) സംഗീത”ഗന്ധി”യില്‍ ഒതുക്കാതെ സംഗീത”മയം” തന്നെ ആക്കുക. സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം എന്നാണല്ലോ പ്രമാണം.

എങ്കില്‍ അത് അക്ഷരശ്ലോകമല്ല.

ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരത്തില്‍ ഒരാള്‍ തോല്‍ക്കണമെങ്കില്‍ അതിന് ഒരേ ഒരു കാരണമേ ഉള്ളൂ. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കല്‍. സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലിയതു കൊണ്ടോ ശബ്ദം മോശമായതു കൊണ്ടോ സംഗീതഗന്ധിയായി ചൊല്ലാത്തതു കൊണ്ടോ ചെറിയ ശ്ലോകം ചൊല്ലിയതു കൊണ്ടോ ശ്രോതാക്കളുടെ കയ്യടി നേടാത്തതു കൊണ്ടോ ജഡ്ജിമാരുടെ പ്രീതിക്കു പാത്രമാകാത്തതു കൊണ്ടോ ഒരാള്‍ തോല്‍ക്കുന്നുവെങ്കില്‍ അത് അക്ഷരശ്ലോകമല്ല. ആ മത്സരത്തിന് അനുയോജ്യമായ ഒരു പുതിയ പേരു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ശ്ലോകസാഹിത്യസദ്യയൂട്ടു മത്സരം, ശ്ലോകാവതരണമത്സരം, ശ്ലോകാലാപനമത്സരം, ശ്ലോകപ്പാട്ടുമത്സരം ഇങ്ങനെ സന്ദര്‍ഭാനുസരണം ഏതു പേരു കൊണ്ടു വിളിച്ചാലും തരക്കേടില്ല.

ഇനി “മൂല്യാധിഷ്ഠിതപുരോഗമനം” അതിന്റെ പരമകാഷ്ഠയില്‍ എത്തിയ മറ്റൊരു തരം മത്സരവും ചില സ്ഥലങ്ങളില്‍ കാണാനുണ്ട്. കിട്ടിയ എല്ലാ അക്ഷരങ്ങളിലും ഒരു തെറ്റുമില്ലാതെ ശ്ലോകം ചൊല്ലിയവര്‍ തോല്‍ക്കുകയും തുരുതുരെ അച്ചു മൂളിയവര്‍ ജയിക്കുകയും ചെയ്യുന്ന ഒരു തരം നാണം കെട്ട കോപ്രായമാണത്. അതിനെയും “അക്ഷരശ്ലോകമത്സരം” എന്നാണ് അതിന്റെ സംഘാടകര്‍ വിളിക്കുന്നത്‌. അതിനും ഒരു പുതിയ പേര് അത്യാവശ്യമാണ്. ഏറ്റവും മയപ്പെടുത്തി പറഞ്ഞാല്‍ “അക്ഷരശ്ലോകതോന്ന്യാസം” എന്നെങ്കിലും പറയേണ്ടി വരും.