പുരോഗമനം എന്ന ലേബല്‍ ഒട്ടിച്ച അധഃപതനം

അക്ഷരശ്ലോകമത്സരാര്‍ഥികളുടെ ഇടയില്‍ എപ്പോഴും രണ്ടു കൂട്ടര്‍ ഉണ്ടായിരിക്കും. ഒരു കൂട്ടര്‍ എതക്ഷരം കിട്ടിയാലും അച്ചു മൂളാതെ ദീര്‍ഘനേരം ശ്ലോകം ചൊല്ലാന്‍ കഴിവുള്ളവരാണ്. മറ്റേ കൂട്ടര്‍ അറിയാവുന്ന ഏതാനും “നല്ല” ശ്ലോകങ്ങള്‍ “ഭംഗിയായി” ചൊല്ലി ശ്രോതാക്കളുടെ പ്രശംസ നേടാന്‍ കഴിവുള്ളവരും. ഇവരില്‍ ആദ്യത്തെ കൂട്ടരെ എലിമിനേറ്റു ചെയ്തിട്ടു രണ്ടാമത്തെ കൂട്ടരെ ജയിപ്പിച്ചാല്‍ വമ്പിച്ച പുരോഗമനം ആകുമെന്നു തൃശ്ശൂരിലെ ചില ഉന്നതന്‍മാര്‍ക്കു 1955 ല്‍ പെട്ടെന്ന് ഒരു ഭൂതോദയം ഉണ്ടായി. അവര്‍ ഉടന്‍ തന്നെ അത്തരം ഒരു പരിഷ്കാരം നടപ്പാക്കുകയും അതിനു വമ്പിച്ച പ്രചാരം നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അവര്‍ക്കുണ്ടായത് വെറും ഒരു വികല ധാരണയായിരുന്നു. പക്ഷേ അവര്‍ മഹാപണ്ഡിതന്മാരും പൊതുജനസമ്മതന്‍ മാരും ധനാഢ്യന്‍മാരും പ്രതാപശാലികളും ഒക്കെയായ ഉന്നതന്‍മാരായതുകൊണ്ട് പൊതുജനങ്ങളാരും അതു തിരിച്ചറിഞ്ഞില്ല. ഏതാനും പാമരന്‍മാര്‍ സത്യം തിരിച്ചറിയുകയും അത് ഉന്നതന്‍മാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പക്ഷേ ഉന്നതന്‍മാര്‍ അതെല്ലാം പുച്ഛിച്ചു തള്ളിക്കളയുകയാണു ചെയ്തത്. ഉന്നതന്‍മാരുടെ അഭിപ്രായം തെറ്റാവുകയില്ല എന്ന് ഉറച്ചു വിശ്വസിച്ച പൊതുജനങ്ങളും പാമരന്മാരുടെ അഭിപ്രായത്തെ പൂര്‍ണ്ണമായി അവഗണിച്ചു. കാലക്രമേണ പുരോഗമനത്തിന്റെ ഫലം കണ്ടു തുടങ്ങി. അക്ഷരശ്ലോകത്തില്‍ സംഗീതത്തിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായി. ശബ്ദസൌകുമാര്യം രാഗത്തില്‍ പാടാനുള്ള കഴിവു മുതലായ ജന്മസിദ്ധമായ ചില കഴിവുകള്‍ ഉള്ളവര്‍ക്കു മാത്രമേ അക്ഷരശ്ലോക മത്സരങ്ങളില്‍ ജയിക്കാന്‍ പറ്റൂ എന്ന അവസ്ഥ ഉണ്ടായി.  അറബിയുടെ കൂടാരത്തില്‍ നുഴഞ്ഞുകയറിയ ഒട്ടകം അറബിയെ പുറം തള്ളിയതുപോലെ അക്ഷരശ്ലോകരംഗത്തേക്കു തള്ളിക്കയറിയ മധുരസ്വരക്കാരും പാട്ടുകാരും അക്ഷരശ്ലോകക്കാരെ പുറം തള്ളാന്‍ തുടങ്ങി. ഇതൊക്കെ കണ്ടിട്ടും ഉന്നതന്‍മാര്‍ കുലുങ്ങിയില്ല. ആസ്വാദ്യത, കലാമൂല്യം സാഹിത്യമൂല്യം മുതലായ ചില വാക്കുകളെ ആയുധങ്ങളാക്കി ഉപയോഗിച്ച് അവര്‍ വിമര്‍ശകരെയെല്ലാം വെട്ടി നിരത്തി തങ്ങളുടെ വമ്പിച്ച പുരോഗമനത്തെ ന്യായീകരിച്ചു. അവരുടെ മത്സരങ്ങളില്‍ ജയിക്കുന്നതു മിക്കപ്പോഴും  സ്വരമാധുര്യമുള്ള സ്ത്രീകളും പെണ്‍കുട്ടികളും ആണ്. ജയിക്കുന്നവരും അവരുടെ ബന്ധുമിത്രാദികളും ഉന്നതന്‍മാരെ വാനോളം പുകഴ്ത്തുകയും പൂവിട്ടു പൂജിക്കുകയും ചെയ്യുന്നുണ്ട് എന്നതു മറ്റൊരു കാര്യം. അക്ഷരശ്ലോകമത്സരങ്ങളെ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ എന്ന നിലയിലേക്കു അധഃപതിപ്പിച്ചു എങ്കിലും ഈ അധഃപതനത്തെ പുരോഗമനം എന്ന ലേബല്‍ ഒട്ടിച്ചു മാര്‍ക്കറ്റു ചെയ്യുന്ന കാര്യത്തില്‍ അവര്‍ അദ്ഭുതകരമായ വിജയം നേടിയിരിക്കുന്നു. അക്ഷരശ്ലോകക്കാര്‍ അധഃപതനത്തെയും പുരോഗമനത്തെയും വേര്‍തിരിച്ച് അറിയാനുള്ള ചിന്താശക്തി നേടുന്നതുവരെ ഇതില്‍ മാറ്റം വരുമെന്നു പ്രതീക്ഷിക്കാനാവില്ല.