യെവ്തുഷെങ്കോ ചൂണ്ടിക്കാട്ടിയ പോരായ്മ

കവിതയെഴുത്തിലും ഫുട്ബാള്‍ കളിയിലും ഒരുപോലെ പ്രാവീണ്യം ഉള്ള ഒരു റഷ്യന്‍ കവിയാണു യെവ്തുഷെങ്കോ (Yevgeny Yevtushenko). അദ്ദേഹം സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവ രണ്ടിനെയും താരതമ്യം ചെയ്തിട്ടു കവിതാവൃത്തിയ്ക്കുള്ള ഒരു പോരായ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ഇങ്ങനെയാണ് “കവിതയെക്കാള്‍ മെച്ചം ഫുട്ബാള്‍ ആണ്. ഫുട്ബാളില്‍ നാം ഒരു ലക്‌ഷ്യം നേടിയാല്‍ (ഗോളടിച്ചാല്‍) അതിനു വ്യക്തമായ തെളിവുണ്ട്. പന്തു വലയ്ക്കകത്തു കിടക്കുന്നത് ഏവര്‍ക്കും കാണാം. ഗോളടിച്ചില്ല എന്നു ആര്‍ക്കും തര്‍ക്കിക്കാന്‍ കഴിയുകയില്ല. എന്നാല്‍ കവിതയില്‍ അങ്ങനെയല്ല. നിങ്ങള്‍ നല്ല കവിത എഴുതിയാലും അതു പൊട്ടയാണെന്ന് ആര്‍ക്കും പറയാം. നിങ്ങള്‍ക്കു പ്രതിരോധിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല”.

കവിതയെ സംബന്ധിച്ചു പറഞ്ഞ ഈ കാര്യം അഭിനവസര്‍വ്വജ്ഞന്‍മാരുടെ അക്ഷരശ്ലോകത്തിനും ബാധകമാണ്. കിട്ടിയ അക്ഷരങ്ങളില്‍ എല്ലാം ഒരു തെറ്റും ഇല്ലാതെ നിങ്ങള്‍ ഉടനുടന്‍ ശ്ലോകങ്ങള്‍ ചൊല്ലിയാലും നിങ്ങള്‍ മോശക്കാരന്‍ ആണെന്നു വിധിക്കാനും പഴിക്കാനും നൂറുകണക്കിനു സര്‍വ്വജ്ഞന്‍മാര്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ഒന്നാം സമ്മാനം ശരിക്കും അര്‍ഹിക്കുന്ന ആളാണെങ്കില്‍ പോലും അത് അവരെ ബോധ്യപ്പെടുത്താന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ നിങ്ങള്‍ വിഷമിച്ചു പോകും. നിങ്ങളെ എലിമിനേറ്റു ചെയ്തിട്ടു നിങ്ങളുടെ ഏഴയലത്തു പോലും വരാന്‍ യോഗ്യത ഇല്ലാത്ത ഒരു മധുരസ്വരക്കാരിയെ ജയിപ്പിച്ചാലും നിങ്ങള്‍ക്കു നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിയൂ.