അക്ഷരശ്ലോകരംഗത്ത് അധഃകൃതരെ സൃഷ്‌ടിച്ച മേലാളന്മാർ മറ്റുള്ളവരെ ആക്ഷേപിക്കാൻ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കാണു നാല്കാലിശ്ലോകം എന്നത്. ഒരാൾ ചൊല്ലിയ ശ്ലോകത്തിനു സാഹിത്യമൂല്യം കുറവാണെന്ന് അവർക്കു തോന്നിയാൽ ഉടൻ നാല്കാലിശ്ലോകം ചൊല്ലുന്ന ഏഴാം കൂലി എന്ന ആക്ഷേപശരം തൊടുത്തു വിടും. ആക്ഷേപം മാത്രമല്ല എലിമിനേഷൻ എന്ന നിയമവിരുദ്ധമായ ശിക്ഷ നൽകി അവഹേളിക്കലും ഉണ്ട്.
യഥാർത്ഥത്തിൽ ഈ ആക്ഷേപത്തിൽ വല്ല കഴമ്പും ഉണ്ടോ? ഇല്ല. വിദ്യാഭ്യാസം ഇല്ലാത്ത ഒരാൾ വോട്ടു ചെയ്യാൻ വരുമ്പോൾ “നീ പ്രബുദ്ധതയില്ലാത്തവനാണ്. നീയൊന്നും വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല. നിൻ്റെ വോട്ടു മൂല്യമില്ലാത്ത ചവറാണ്” എന്നൊക്കെ പറഞ്ഞു വിദ്യാസമ്പന്നന്മാരായ അധികാരികൾ അയാളെ ആക്ഷേപിക്കാൻ തുടങ്ങിയാൽ എങ്ങനെ ഇരിക്കും? അതുപോലെയാണ് ഇതും. ക്രൂരവും നിന്ദ്യവും ആയ വിവരക്കേട് എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ.
അക്ഷരശ്ലോകത്തിൽ ചൊല്ലുന്ന ശ്ലോകത്തിന് ഒരു മിനിമം നിലവാരം ഉണ്ടായിരുന്നാൽ മതി. അതിൽ കൂടുതലായി ഒന്നും ആവശ്യമില്ല. അതിനാൽ നൽക്കാലിശ്ലോകം എന്ന ആക്ഷേപം തികച്ചും അപ്രസക്തവും നിയമവിരുദ്ധവും ആണ്.
ഇനി മേലാളന്മാർ ആരെയൊക്കെയാണ് ഇങ്ങനെ അക്ഷേപിച്ച് എലിമിനേറ്റു ചെയ്തത് എന്നു നോക്കാം.
- മുളങ്കുന്നത്തുകാവു കൃഷ്ണൻ കുട്ടി
ഇദ്ദേഹം ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. പക്ഷെ ധാരാളം ശ്ലോകങ്ങൾ അറിയാം. സ്വന്തമായി നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലാൻ അദ്‌ഭുതകരമായ കഴിവും ഉണ്ട്. ഹ എന്ന അക്ഷരത്തിൽ അദ്ദേഹം പെട്ടെന്ന് ഉണ്ടാക്കി ചൊല്ലിയ ഒരു ശ്ലോകം നോക്കുക.
ഹോട്ടലുണ്ടിവിടെയേറെയെങ്കിലും
നോട്ടമില്ലതിലെനിക്കു തെല്ലുമേ
വാട്ടമറ്റു സുഖമോടെയുണ്ണുവാൻ
വീട്ടിലെത്തണമതാണു തൃപ്തി മേ
ഉന്നതന്മാരുടെ ദൃഷ്ടിയിൽ ഇതൊരു നാൽക്കാലി ശ്ലോകമാണ്. മാർക്ക് കിട്ടുകയില്ല അതിനാൽ ചൊല്ലിയ ആൾ എലിമിനേറ്റു ചെയ്യപ്പെടും. മേലാളന്മാർ പല പ്രാവശ്യം എലിമിനേറ്റു ചെയ്തപ്പോൾ കൃഷ്ണൻ കുട്ടി അവരോടു ഗുഡ് ബൈ പറഞ്ഞു പിൻവാങ്ങി. അവരുടെ സംഘടനയെ അദ്ദേഹം “തരികിട സംഘടന” എന്ന് വിശേഷിപ്പിച്ചു. കൊലകൊമ്പന്മാരായ മേലാളന്മാർക്കെതിരെ അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നില്ല.
2. കുഞ്ഞുകുഞ്ഞ് ആദിശ്ശർ
വിദ്യാഭ്യാസവും പണവും പ്രതാപവും ഒന്നും ഇല്ലാത്ത സാധാരണക്കാരൻ. ആയിരക്കണക്കിനു ശ്ലോകങ്ങൾ അറിയാം. പക്ഷെ സാഹിത്യമൂല്യം നോക്കി ശ്ലോകങ്ങൾ തെരഞ്ഞെടുക്കുന്ന ഏർപ്പാടില്ല. ശരിയായ അക്ഷരശ്ലോകമത്സരങ്ങളിൽ എല്ലാം അദ്ദേഹം ഒന്നാം സമ്മാനം നേടുക പതിവായിരുന്നു. ഒരിക്കൽ അദ്ദേഹം ഉന്നതന്മാരുടെ പരിഷ്‌കൃത അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുക്കാൻ പോയി. ഉന്നതന്മാരുടെ നൂതനസിദ്ധാന്തങ്ങളെപ്പറ്റിയൊന്നും അദ്ദേഹത്തിന് അറിയാമായിരുന്നില്ല. ഉന്നതന്മാർ അദ്ദേഹത്തെ എലിമിനേറ്റു ചെയ്യുകയും അദ്ദേഹത്തിൻ്റെ ഏഴയലത്തു പോലും വരാൻ യോഗ്യതയില്ലാത്ത ഒരാളിനെ ജയിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഉന്നതന്മാരുടെ നേതാവിനെ കണക്കിനു ശകാരിച്ചു. “ഇങ്ങനെയാണോടാ അക്ഷരശ്ലോകമത്സരം നടത്തേണ്ടത്? അക്ഷരശ്ലോകം നിൻ്റെ തറവാട്ടുസ്വത്ത് ആണോടാ?” ഇങ്ങനെ പോകുന്നു അദ്ദേഹത്തിൻ്റെ ശകാരവർഷം. പക്ഷേ കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ള നേതാവിനെ അതൊന്നും ബാധിച്ചില്ല.
3. സ്വാമി കേശവാനന്ദ സരസ്വതി
പരിവ്രാജകനായി സഞ്ചരിക്കുന്ന ഒരു സന്യാസി. അപാര സംസ്കൃതപാണ്ഡിത്യവും കവിത്വവും ഉണ്ട്. അദ്ദേഹം ഒരിക്കൽ ഉന്നതന്മാരുടെ അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുത്തു. ഉടൻ എലിമിനേഷനും കിട്ടി. അദ്ദേഹവും ഉന്നതന്മാരെ കണക്കിനു ശകാരിച്ചു. ശകാരം മുഴുവൻ ശ്ലോകരൂപത്തിലാണ് എന്നതാണു വിശേഷം. നൂറു ശകാരശ്ലോകങ്ങൾ ഉള്ള ഒരു ഖണ്ഡകാവ്യം തന്നെ അദ്ദേഹം എഴുതി. പേര് ശകാരശതകം. അതിലെ രണ്ടു ശ്ലോകങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.
മൂഢന്മാർ ചിലരൊത്തു ചേർന്നു വെറുതേ ശ്ലോകപ്രഗത്ഭൻ ചമ
ഞ്ഞാഢ്യത്വം കണി കണ്ടിടാത്ത പഹയന്മാരും പുളയ്ക്കുന്നു പോൽ
വിഡ്ഢിത്തം പലതും പറഞ്ഞു സഭയിൽ ചുമ്മാ കുറേ ശ്ലോകവും
നീട്ടിച്ചൊല്ലി ഞെളിഞ്ഞിരുന്നിവർ മഹാന്മാരായ് നടിപ്പൂ വൃഥാ.
ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരുനാൾ വിട്ട നിസ്സാരനേകൻ
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാർക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തിൽ തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചു.
4. കെ. സി. അബ്രഹാം
വിദ്യാസമ്പന്നൻ. കവിത്വവും ഉണ്ട്. നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലാൻ അതിവിദഗ്ദ്ധൻ. അദ്ദേഹത്തിൻ്റെ ഒരു ശ്ലോകം ഇതാ.
ആട്ടിറച്ചിയഴകോടു വച്ചു ന-
ല്ലിഷ്ടുവാക്കിയതിലിഷ്ടരൊത്തുടൻ
റൊട്ടി മുക്കിയശനത്തിനുള്ളൊരാ-
ത്തുഷ്ടി വാസവനുമൊട്ടറിഞ്ഞിതോ?
ഇത്തരം ശ്ലോകങ്ങൾ മേലാളന്മാരുടെ ദൃഷ്ടിയിൽ നൽക്കാലിയാണല്ലോ. സാഹിത്യമൂല്യം അളന്നു മാർക്കിട്ട് അവർ അദ്ദേഹത്തെയും എലിമിനേറ്റു ചെയ്തു.
അർഹന്മാരെ പുറന്തള്ളുകയും അനർഹന്മാരെ ജയിപ്പിക്കുകയും ചെയ്യുന്ന മാർക്കിടൽ എന്ന കോപ്രായത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് ഏകാക്ഷരം നറുക്കിട്ടു ചൊല്ലിച്ചു മത്സരം നടത്തുന്ന പുതിയ രീതി ആവിഷ്കരിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ശകാരിച്ചാൽ ഫലമില്ല എന്ന് അറിയാവുന്നതു കൊണ്ടാകാം അദ്ദേഹം മേലാളന്മാരെ ശകാരിക്കാൻ മെനക്കെട്ടില്ല.
ഇനി മേലാളന്മാർ മാർക്കിട്ടു ജയിപ്പിച്ചു വിദഗ്ദ്ധൻ, പ്രഗത്ഭൻ, പ്രതിഭാശാലി, ഗോൾഡ് മെഡലിസ്ററ് മുതലായ പട്ടങ്ങൾ കൊടുത്തു കൊമ്പത്തു കയറ്റുന്ന ചിലരുടെ യോഗ്യത കൂടി അറിയേണ്ടതാണ്. എട്ടും പൊട്ടും തിരിയാത്ത കുറെയധികം പെൺകുട്ടികൾ നാലും അഞ്ചും സ്വർണ്ണമെഡൽ വീതം നേടിയിട്ടുണ്ട്. തുരുതുരെ അച്ചുമൂളിയാലും അവർക്കു പുഷ്പം പോലെ ജയിക്കാം. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാർക്കിടുമ്പോൾ അവരുടെ അത്ര മാർക്കു വേറെ ആർക്കും കിട്ടുകയില്ല. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ ഈ പെൺകുട്ടികൾ സ്വയം തെരഞ്ഞെടുത്തു ചൊല്ലുകയാണോ ചെയ്യുന്നത്? അല്ല. ഗുരുനാഥൻ തെരഞ്ഞെടുത്തു കൊടുക്കുന്നവ മനഃപാഠമാക്കി തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ ആവർത്തിക്കുക മാത്രമാണു ചെയ്യുന്നത്. സ്വന്തമായി ഒരു ശ്ലോകം പോലും ഉണ്ടാക്കി ചൊല്ലാൻ ഇവർക്കു കഴിയുകയില്ല. സ്വരമാധുര്യം മാത്രമാണ് ആകെയുള്ള കൈമുതൽ. മയൂരസന്ദേശത്തിലെ വൃത്തം ഏതാണെന്ന് അറിഞ്ഞുകൂടാത്തവർ പോലും ഇങ്ങനെ ഗോൾഡ് മെഡലിസ്റ്റ് ആയിട്ടുണ്ട്. വിജയത്തിന് ഏറ്റവും അത്യാവശ്യം സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും ആണ്. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു കൊടുക്കാൻ ഒരു സഹായി കൂടി ഉണ്ടെങ്കിൽ എല്ലാമായി.