അശ്വകോവിദനെ എങ്ങനെ തിരിച്ചറിയാം?

ഒരാള്‍ അശ്വകോവിദനാണെങ്കില്‍ ഏതു കുതിരയും അയാളുടെ വരുതിയില്‍ നില്‍ക്കും. എത്ര മെരുങ്ങാത്ത കുതിരയായാലും അയാള്‍ക്ക് അതിന്‍റെ പുറത്തു കയറി നിഷ്പ്രയാസം സവാരി ചെയ്യാന്‍ കഴിയും.

അതുപോലെയാണ് അക്ഷരശ്ലോകവിദഗ്ദ്ധനും. എല്ലാ അക്ഷരങ്ങളിലും ഉള്ള ശ്ലോകങ്ങള്‍ അയാളുടെ വരുതിയില്‍ നില്‍ക്കും. ഏതു ദുര്‍ഘടാക്ഷരം കിട്ടിയാലും അയാള്‍ക്ക് അതില്‍ നിഷ്പ്രയാസം ശ്ലോകം ചൊല്ലാന്‍ കഴിയും.

ഒരാള്‍ക്ക് ഒരു കുതിരയുടെ പുറത്തു കയറാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എന്നു കണ്ടാല്‍ അയാള്‍ അശ്വകോവിദനല്ല എന്നു സംശയലേശമെന്യേ അനുമാനിക്കാം. അതുപോലെ തന്നെ ഒരാള്‍ക്കു ഹ എന്നോ ധ എന്നോ ഒരക്ഷരം കിട്ടുമ്പോള്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് അതില്‍ ഒരു ശ്ലോകം ചൊല്ലാന്‍ പറ്റുന്നില്ല എന്നോ അക്ഷരം കൊടുത്ത ആളിനെ അയാള്‍ കുറ്റപ്പെടുത്തുന്നു എന്നോ കണ്ടാല്‍ അയാള്‍ അക്ഷരശ്ലോകവിദഗ്ദ്ധനല്ല  എന്നു തീര്‍ച്ചപ്പെടുത്താം. ഒരിക്കലും അച്ചുമൂളേണ്ടി വരാത്ത വിധത്തില്‍ ശ്ലോകങ്ങള്‍ അയാളുടെ വരുതിയില്‍ നില്‍ക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്. അതാണ് അക്ഷരശ്ലോകവൈദഗ്ദ്ധ്യത്തിന്റെ ഉരകല്ല്. അല്ലാതെ സ്വരമാധുര്യവും പാട്ടും ഒന്നുമല്ല. സാഹിത്യമൂല്യവും അല്ല.

തുരുതുരെ അച്ചുമൂളിയവരെ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത എന്നൊക്കെയുള്ള ചപ്പടാച്ചികള്‍ പറഞ്ഞു ജയിപ്പിക്കുന്ന പുരോഗമനവാദികള്‍ ഇക്കാര്യം ഓര്‍മ്മിക്കുക.

അക്ഷരശ്ലോകത്തിന്‍റെ ലക്‌ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണോ?

ആണെന്നു ചിലര്‍ വീറോടെ വാദിക്കുകയും വാശിയോടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും ആസ്വാദ്യമായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവില്ലാത്തവരെ അവര്‍ എലിമിനേറ്റു ചെയ്യുന്നു. ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ളവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കുന്നു. 

ഇവരുടെ നൂതനസിദ്ധാന്തം സത്യത്തില്‍ നിന്നു വളരെ വളരെ വിദൂരമാണ്. അക്ഷരശ്ലോകത്തിന്റെ ലക്‌ഷ്യം ഒരിക്കലും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആയിരുന്നിട്ടില്ല. ഇനി അങ്ങനെ ആക്കാമെന്നു വച്ചാല്‍ത്തന്നെ ആ പ്രയത്നം അക്ഷരശ്ലോകത്തിന്റെ എല്ലാ ഗുണങ്ങളെയും നശിപ്പിക്കുകയും അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധഃപതിപ്പിക്കുകയും ചെയ്യും.

അക്ഷരശ്ലോകത്തിന്റെ നിയമങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ ലക്‌ഷ്യം ആഹ്ലാദിപ്പിക്കല്‍ അല്ല എന്ന് അല്പം സാമാന്യബുദ്ധിയെങ്കിലും ഉള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അക്ഷരശ്ലോകത്തിന്റെ എല്ലാ നിയമങ്ങളും ആഹ്ലാദിപ്പിക്കലിനു വിലങ്ങുതടിയാണ്. ഭാഷാവൃത്തങ്ങള്‍ പാടില്ല എന്ന നിയമം കാരണം ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള കവിതകള്‍ ബഹുഭൂരിപക്ഷവും തള്ളിക്കളയേണ്ടി വരുന്നു. ബാക്കിയുള്ളവ കൊണ്ട് ആഹ്ലാദിപ്പിക്കാം എന്നു വച്ചാല്‍ അനുഷ്ടുപ്പിന്റെ നിരോധനം മറ്റൊരു വിലങ്ങുതടിയാകുന്നു. നല്ല ശ്ലോകങ്ങളില്‍ പകുതിയും അനുഷ്ടുപ്പ് വൃത്തത്തിലാണ്. ഇനി അനുഷ്ടുപ്പും ഒഴിവാക്കി  ബാക്കി കൊണ്ട് ആഹ്ലാദിപ്പിക്കാം എന്നു വച്ചാലോ? അതാ കിടക്കുന്നു മറ്റൊരു കീറാമുട്ടി. അക്ഷരം യോജിക്കുന്നവ മാത്രമേ ചൊല്ലാവൂ. അക്ഷരം യോജിക്കാനുള്ള സാദ്ധ്യതയാണെങ്കില്‍ 5% മാത്രവും! അക്ഷരനിബന്ധന കാരണം പലപ്പോഴും ഒന്നാം തരം ശ്ലോകങ്ങള്‍ തള്ളിക്കളഞ്ഞിട്ടു രണ്ടാം തരവും മൂന്നാം തരവും ചൊല്ലേണ്ടിവരുന്നു. വൃത്തനിബന്ധന കൂടി ഉണ്ടെങ്കില്‍ പലപ്പോഴും തീരെ നിലവാരം കുറഞ്ഞ നാല്‍ക്കാലിശ്ലോകങ്ങള്‍ മാത്രമേ ഒത്തുകിട്ടുകയുള്ളൂ. ഉദാഹരണത്തിനു കുസുമമഞ്ജരിയില്‍ യ ചൊല്ലേണ്ടി വന്നാല്‍ നല്ല ശ്ലോകം എവിടെ കിട്ടാനാണ്‌? പലപ്പോഴും നാല്‍ക്കാലി ചൊല്ലി രക്ഷപ്പെടാനേ കഴിയൂ.

ഇത്തരം നിയമങ്ങളുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ ശ്രമിക്കുന്നതു കാലിനും കൈക്കും വലിയ ഇരുമ്പു ചങ്ങലകള്‍ ബന്ധിച്ചിട്ടു ഡാന്‍സ് ചെയ്തു കാണികളെ ആഹ്ലാദിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ പരിഹാസ്യമായ പ്രവൃത്തിയായിരിക്കും.

അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ഒരു കലാപരിപാടിയല്ല; ചതുരംഗം കളി പോലെ അറിവും ബുദ്ധിയും ഉപയോഗിച്ചു ജയിക്കാനുള്ള ഒരു വിനോദമാണ്‌. ചതുരംഗം യുദ്ധവിനോദം ആണെങ്കില്‍ അക്ഷരശ്ലോകം സാഹിത്യവിനോദം ആണ്. നിയമം അനുസരിച്ചു കളിച്ചു ജയം നേടുക എന്നതാണു രണ്ടിന്റെയും ലക്‌ഷ്യം. സദസ്യരെ ആഹ്ലാദിപ്പിക്കല്‍ ലക്ഷ്യമേ അല്ല.

 

എന്താണു ജഡ്ജിമാരുടെ കടമ?

ശ്ലോകവും അതു ചൊല്ലിയ രീതിയും സ്വീകാര്യമാണോ അസ്വീകാര്യമാണോ എന്നു തീരുമാനിക്കുക എന്നതാണ് അക്ഷരശ്ലോകജഡ്ജിമാരുടെ കടമ. അല്ലാതെ ശ്ലോകത്തിന് എത്ര സാഹിത്യമൂല്യമുണ്ട്, ചൊല്ലിയതിന് എത്ര ഭംഗിയുണ്ട്, ശ്രോതാക്കളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നൊക്കെ നോക്കി മാര്‍ക്കിടുന്നതല്ല. മാര്‍ക്കിടാന്‍ അധികാരമോ അവകാശമോ ഇല്ലാത്ത അവര്‍ ഇട്ട മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍, തെറ്റില്ലാതെ ശ്ലോകം ചൊല്ലിയ മത്സരാര്‍ത്ഥികളെ എലിമിനേറ്റു ചെയ്യുന്നതും അച്ചുമൂളിയവരെ ജയിപ്പിക്കുന്നതും ഒന്നും തന്നെ അവരുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളല്ല.

ചതുരംഗമത്സരം നിയന്ത്രിക്കുന്ന ഒരു ആര്‍ബിറ്റര്‍ ഓരോ നീക്കത്തിന്‍റെയും മൂല്യം, ആസ്വാദ്യത മുതലായവയൊക്കെ അളന്നു മാര്‍ക്കിടുമെന്നും മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യുമെന്നും മാര്‍ക്കു കൂടിയവര്‍ അടിയറവു പറഞ്ഞാലും അവരെ ജയിപ്പിക്കുമെന്നും ശഠിച്ചാല്‍ അത് എത്രത്തോളം വിവരക്കേട് ആകുമോ അത്രത്തോളം വിവരക്കേടാണ് ഇതും.

തരം കിട്ടിയാല്‍ തട്ടിപ്പറിക്കും

സ്വര്‍ണ്ണമാല ധരിച്ചുകൊണ്ട് ഒരു സ്ത്രീ വിജനമായ വഴിയില്‍കൂടി സഞ്ചരിച്ചാല്‍ മാല പിടിച്ചുപറിക്കപ്പെടാനുള്ള സാദ്ധ്യത വളരെ അധികമാണ്. ആരുടെയെങ്കിലും മാല പിടിച്ചുപറിക്കപ്പെടാതിരിക്കുന്നുവെങ്കില്‍ അതിന്‍റെ കാരണം പിടിച്ചുപറിക്കാര്‍ക്ക് അതിനുള്ള തരം കിട്ടുന്നില്ല എന്നതു മാത്രമാണ്.

ദുര്‍ബ്ബലന്മാരുടെ കൈവശം ഇരിക്കുന്ന ഏതൊരു അമൂല്യവസ്തുവിന്റെയും അവസ്ഥ ഇതാണ്. തരം കിട്ടിയാല്‍ കൂടുതല്‍ ബലമുള്ള ആരെങ്കിലും അതു തട്ടിപ്പറിച്ചു സ്വന്തമാക്കും.

ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യാമഹാരാജ്യത്തിന്‍റെ ഭരണം തട്ടിപ്പറിച്ചു സ്വന്തമാക്കിയത് അവര്‍ക്ക് അതിനുള്ള തരം കിട്ടിയതുകൊണ്ടാണ്. തരം ഉണ്ടാക്കിക്കൊടുത്തതോ നമ്മുടെ സങ്കുചിത മനസ്ഥിതിയും അനൈക്യവും.

വളരെ പാടുപെട്ടു പതിനായിരം ശ്ലോകം പഠിച്ച് ഒരുവന്‍ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന പദവി നേടിയെടുത്തു. പക്ഷേ എന്തു ഫലം? നിര്‍ഭാഗ്യവശാല്‍ അവന്‍റെ ആ പദവി നൂറു ശ്ലോകം പോലും അറിഞ്ഞുകൂടാത്ത ഒരു ശബ്ദമേന്മക്കാരന്‍ പെട്ടെന്നു തട്ടിയെടുത്തു സ്വന്തമാക്കി. “ഞാന്‍ മൂല്യം കൂടിയ ശ്ലോകങ്ങളാണു ചൊല്ലിയത്. ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുകയും ചെയ്തു. എനിക്കു ഷഡ്ഗുണങ്ങളും തികഞ്ഞ മുഴങ്ങുന്ന ശബ്ദവും ഉണ്ട്. എന്നെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആരാണു ഭൂമിയില്‍?” ഇതാണു പുതുമോടിക്കാരനായ വിരുതന്‍റെ ഭാവം. അവന്‍റെ തീവെട്ടിക്കൊള്ളയ്ക്കു ചൂട്ടു പിടിച്ചു കൊടുക്കാന്‍ സ്വര്‍ണ്ണവും പണവും പ്രതാപവും ഉള്ള ഉന്നതന്മാര്‍ നാട്ടിലെങ്ങും കച്ചകെട്ടി നില്‍ക്കുകയും ചെയ്യുന്നു. തട്ടിപ്പറിക്കാന്‍ ഇത്രത്തോളം നല്ല തരം കിട്ടിയാല്‍ ആരാണു തട്ടിപ്പറിക്കാത്തത്?

“ദൈവങ്ങള്‍ക്കു മാര്‍ക്കിടരുത്”

അടുത്ത കാലത്തു മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് ഇത്. മഴവില്‍ മനോരമ എന്ന ടെലിവിഷന്‍ ചാനല്‍ ഒരു റിയാലിറ്റി ഷോ നടത്തി. തെയ്യം കെട്ടിയാടല്‍ മത്സരം. തെയ്യങ്ങള്‍ക്കു മാര്‍ക്കിട്ടാണ് വിജയികളെ കണ്ടെത്തുന്നത്. ദൈവങ്ങള്‍ക്കു മാര്‍ക്കിടുന്നതു ദൈവങ്ങളെ അപമാനിക്കല്‍ ആണെന്നു ഭക്തന്മാര്‍ക്കു തോന്നി. അവര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഭക്തന്മാരുടെ ഇടയിലെങ്കിലും ഉശിരുള്ളവര്‍ ഉണ്ടല്ലോ. അതു വളരെ സന്തോഷകരം തന്നെ.

മാര്‍ക്കിടല്‍ പലപ്പോഴും ആവശ്യമായി വരാമെങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അനാവശ്യവും അസ്ഥാനസ്ഥിതവും അപമാനകരവും ആയിത്തീരും. അത്തരം മാര്‍ക്കിടലിന് എതിരെ ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ഉള്ളവര്‍ പ്രതിഷേധിക്കേണ്ടതാണ്.

അക്ഷരശ്ലോകത്തിലെ മാര്‍ക്കിടലും അങ്ങേയറ്റം അനാവശ്യവും അസ്ഥാനസ്ഥിതവും അപമാനകരവും ആണ്. സ്വരമാധുര്യവും പാട്ടും അളന്ന് എലിമിനേറ്റു ചെയ്യപ്പെടേണ്ടവര്‍ അല്ല അക്ഷരശ്ലോകക്കാര്‍. അന്തസ്സും അഭിമാനവും ഉള്ള അക്ഷരശ്ലോകക്കാര്‍ തങ്ങളെ ഇങ്ങനെ അപമാനിക്കുന്നവരുടെ മുന്നില്‍, ചെറിയ നക്കാപ്പിച്ച ലാഭങ്ങള്‍ക്കു വേണ്ടി, പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കാന്‍ പാടില്ല.

ദൈവങ്ങള്‍ക്കു മാത്രമല്ല, അക്ഷരശ്ലോകക്കാര്‍ക്കും മാര്‍ക്കിടരുത്. ഫുട്ബാള്‍, ക്രിക്കറ്റ്, ചെസ്സ്‌ മുതലായ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരും മാര്‍ക്കിടുന്നില്ല. അവയിലെ മത്സരാര്‍ത്ഥികള്‍ക്ക് ഉശിരും പ്രതികരണശേഷിയും ഉണ്ട്. അതുകൊണ്ട് അവര്‍ക്കു മാര്‍ക്കിടാന്‍ ഒരു ഉന്നതനും ധൈര്യപ്പെടുകയില്ല. പക്ഷേ അക്ഷരശ്ലോകക്കാര്‍ക്ക് ഉശിരുമില്ല പ്രതികരണശേഷിയുമില്ല. അതുകൊണ്ടാണ് അവര്‍ക്കു നേരേ എന്തു ധിക്കാരവും കാട്ടാന്‍ ധനാഢ്യന്മാരും ഉന്നതന്മാരും ധൈര്യപ്പെടുന്നത്. അക്ഷരശ്ലോകക്കാര്‍ പ്രതികരണശേഷി നേടി ഉശിരു കാണിച്ചില്ലെങ്കില്‍ ധിക്കാരികളുടെ മുമ്പില്‍ തുടര്‍ന്നും ഓച്ഛാനിച്ചു നില്‍ക്കുകയല്ലാതെ മറ്റു യാതൊരു മാര്‍ഗ്ഗവും ഉണ്ടാവുകയില്ല.

പെണ്‍പാട്ടുമത്സരം

അക്ഷരശ്ലോകം എന്ന പേരില്‍ ഇക്കാലത്തു സ്കൂള്‍ കുട്ടികളെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്. സ്കൂള്‍ യുവജനോത്സവങ്ങളില്‍ അതിന്‍റെ മത്സരവും ഉണ്ട്. പഠിക്കാനും മത്സരിക്കാനും മുന്നോട്ടു വരുന്നവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. ജയിക്കുന്നവരില്‍ 90 ശതമാനവും പെണ്‍കുട്ടികള്‍ തന്നെ. എന്താണ് ഇങ്ങനെ ഒരു പെണ്‍പ്രമാണിത്തം വരന്‍ കാരണം? പണ്ടെങ്ങും ഇല്ലാതിരുന്ന ഒരു വമ്പിച്ച പരിഷ്കാരം അടുത്ത കാലത്തു ചില സര്‍വ്വജ്ഞന്മാര്‍ ഈ രംഗത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നു. ആസ്വാദ്യത അളന്നുള്ള ഒരു മാര്‍ക്കിടല്‍ പ്രസ്ഥാനമാണ്‌ അത്. ഈ “വമ്പിച്ച പരിഷ്കാരം” ആണ് ഇവിടെ വില്ലനാകുന്നത്.

അക്ഷരശ്ലോകം സംഗീതഗന്ധിയിരിക്കണം, ആസ്വാദ്യമായിരിക്കണം എന്നൊക്കെ ശഠിക്കുന്ന ചില ഉന്നതന്മാരാണു മാര്‍ക്കിടാന്‍ വരുന്നത്. മാര്‍ക്കിടുന്നവര്‍ക്കു ശ്ലോകം ചൊല്ലല്‍ ആസ്വാദ്യമായി തോന്നിയാല്‍ മാത്രമേ ജയിക്കാന്‍ പറ്റൂ. പെണ്‍കുട്ടികള്‍ ചൊല്ലിയാല്‍ കൂടുതല്‍ ആസ്വാദ്യമായി തോന്നും. അതാണ് അതിന്‍റെ ഗുട്ടന്‍സ്.

ആശുപത്രികളില്‍ നേഴ്സുമാരായി നിയമിക്കപ്പെടുന്നവരില്‍ 98 ശതമാനവും സ്ത്രീകളാണ്. സ്ത്രീകളുടെ പരിചരണമാണു രോഗികള്‍ക്കു കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പുരുഷന്മാരുടെ പരിചരണം ഒരു രോഗിയും ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.

ഇതുപോലെ ഒരു അവസ്ഥയാണ്‌ പരിഷ്കൃത അക്ഷരശ്ലോകത്തിനും. ആണ്‍കുട്ടികള്‍ ചൊല്ലിയാല്‍ ആര്‍ക്കും ഒട്ടും ഇഷ്ടപ്പെടുകയില്ല. പെണ്‍കുട്ടികള്‍ ചൊല്ലിയാല്‍ അങ്ങേയറ്റം ആസ്വാദ്യം.

അക്ഷരശ്ലോകവുമായി പുലബന്ധം പോലും ഇല്ലാത്ത ഈ മത്സരങ്ങളെ എന്തിനാണ് അക്ഷരശ്ലോകം എന്നു വിളിക്കുന്നത്‌? ഇതു യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകം ആണോ? അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരുതരം പാട്ടുമത്സരം അല്ലേ? അച്ചുമൂളിയവരെ പുറത്താക്കുന്നുണ്ടോ? അച്ചുമൂളലിനു വല്ല പ്രാധാന്യവും കൊടുക്കുന്നുണ്ടോ? പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം പേരിന് ഒരു അക്ഷരനിബന്ധന വച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രം അക്ഷരശ്ലോകം ആകുമോ? അക്ഷരശ്ലോകപ്രസ്ഥാനത്തോട് അല്പമെങ്കിലും സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്ക് ഈ വികൃതവസ്തുവിനെ അക്ഷരശ്ലോകം എന്നു വിളിക്കാന്‍ തോന്നുകയില്ല. വേണമെങ്കില്‍ മറ്റൊരു പേരില്‍ വിളിക്കാം. “പെണ്‍പാട്ടുമത്സരം”.

നീതി ഔദാര്യമല്ല

അവതരണമത്സരങ്ങള്‍ എന്ന പേരില്‍ മത്സരങ്ങള്‍ നടത്തുകയും തുരുതുരെ അച്ചുമൂളുന്നവരെ ജയിപ്പിക്കുകയും ചെയ്യുന്ന ചില സംഘടനകള്‍ ഉണ്ട്. അച്ചുമൂളിയവരെ ജയിപ്പിക്കുന്നത് അനീതിയാണെന്ന് അവരോട് എത്ര പറഞ്ഞാലും അവര്‍ വകവയ്ക്കുകയില്ല. മാര്‍ക്കിടല്‍ ഇല്ലാത്ത ഏകാക്ഷരമത്സരങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ വേറെ നടത്തുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് അതില്‍ പങ്കെടുക്കുകയും ഇതില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്താല്‍ പോരേ? അച്ചുമൂളിയാലും മാര്‍ക്കു കൂടുതല്‍ നേടുന്നവരെയല്ലേ ഞങ്ങള്‍ ജയിപ്പിക്കുന്നത്? എന്തുകൊണ്ടു നിങ്ങള്‍ക്ക് അത് അംഗീകരിച്ചുകൂടാ? ഇങ്ങനെയൊക്കെയുള്ള മറുചോദ്യങ്ങളാണ് അവരില്‍ നിന്നു കിട്ടുക.

പരാതിക്കാര്‍ക്കു വേണ്ടി ഒരു ഏകാക്ഷരമത്സരം നടത്താനുള്ള ഔദാര്യം കാണിക്കുന്നതുകൊണ്ട് അവതരണമത്സരങ്ങളില്‍ അച്ചുമൂളിയവരെ ജയിപ്പിക്കുന്നതില്‍ തെറ്റില്ല  എന്നാണ് അവരുടെ മനോഭാവം. ഇതു കടുത്ത അനീതിയാണ്. അക്ഷരശ്ലോകം എന്നു പേരുള്ള ഏതു മത്സരത്തിലും അച്ചുമൂളാതെ ചൊല്ലിയവര്‍ക്ക് അച്ചുമൂളിയവരെക്കാള്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയുണ്ട്. അതില്‍ ഔദാര്യത്തിന്റെ പ്രശ്നമില്ല. നീതി അവകാശമാണ് ഔദാര്യമല്ല.

മൂഢനിയമങ്ങള്‍ വ്യാജവിദഗ്ദ്ധന്മാരെ സൃഷ്ടിക്കും

ചിന്താശൂന്യന്മാരായ പൊങ്ങച്ചക്കാരുടെ വികലബുദ്ധിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് മൂഢനിയമങ്ങള്‍. തങ്ങള്‍ ഉണ്ടാക്കുന്നതു മൂഢനിയമങ്ങള്‍ ആണെന്ന് അവര്‍ അറിയുന്നില്ല. അവരുടെ വിചാരം തങ്ങള്‍ അതിഗംഭീരവും അത്യുത്തമവും ഉദാത്തവും ആയ നൂതനനിയമങ്ങള്‍ സൃഷ്ടിച്ച് ഈ രംഗത്തു “വമ്പിച്ച പുരോഗമനം” ഉണ്ടാക്കുന്നു എന്നാണ്.

“കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും” ഇതാണു യഥാര്‍ത്ഥത്തില്‍ ഉള്ളതും സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും യുക്തിക്കും നിരക്കുന്നതും ആയ നിയമം.

“സാഹിത്യമൂല്യം കൂടിയ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; കുറഞ്ഞ ശ്ലോകം ചൊല്ലിയാല്‍ പരാജയപ്പെടും” എന്നൊരു നിയമം ഇല്ല. കേട്ടാല്‍ ഗംഭീരം എന്നു തോന്നുമെങ്കിലും അതൊരു മൂഢനിയമം ആണ്. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വരുന്ന അല്പജ്ഞാനികള്‍ ജയിക്കാനും സ്വന്തമായി നിമിഷശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്‍ പരാജയപ്പെടാനും അത് ഇടയാക്കും.

“ശബ്ദമേന്മയുണ്ടെങ്കില്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും” എന്നതും ഒരു മൂഢനിയമമാണ്. അറിവു കുറഞ്ഞവര്‍ ജയിക്കാനും അറിവു കൂടിയവര്‍ തോല്‍ക്കാനും അതു വഴി വയ്ക്കും.

“സംഗീതഗന്ധിയായി ചൊല്ലിയാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും” എന്നതും മൂഢനിയമം തന്നെ. എന്തുകൊണ്ടെന്നാല്‍ സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല.

ഇത്തരം മൂഢനിയനമങ്ങള്‍ ഉണ്ടാക്കി മാര്‍ക്കിട്ടു പൊങ്ങച്ചക്കാരായ ഈ ഉന്നതന്മാര്‍ ശബ്ദമേന്മയും പാട്ടും ഉള്ളവരും വളരെ കുറച്ചു ശ്ലോകങ്ങള്‍ മാത്രം അറിയാവുന്നവരും ശരിയായ മത്സരത്തില്‍ പങ്കെടുത്താല്‍ തുരുതുരെ അച്ചുമൂളി മിഴിച്ചിരിക്കുന്നവരും ആയ ചിലരെ ജയിപ്പിച്ചു വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെയുള്ള പട്ടങ്ങള്‍ കൊടുത്ത് ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കും. യഥാര്‍ത്ഥ അക്ഷരശ്ലോകവൈദഗ്ദ്ധ്യം തൊട്ടുതീണ്ടിയിട്ടു പോലും ഇല്ലാത്ത ഇവരുടെ മനസ്സില്‍ “അമ്പട ഞാനേ!” എന്ന ഒരു ചിന്താഗതി തല്‍ഫലമായി ഉദയം ചെയ്യുകയും താമസിയാതെ  ഇവര്‍ ചക്രവര്‍ത്തി ചമഞ്ഞ് അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ നീതി കൂര്‍ക്കം വലിച്ച് ഉറങ്ങും. എന്തുകൊണ്ടെന്നാല്‍ നീതിക്കു പിന്നെ അവിടെ ഒന്നും ചെയ്യാനില്ല.

അതിനാല്‍ മൂഢനിയമങ്ങള്‍ എല്ലാം തുടച്ചുമാറ്റി  അക്ഷരശ്ലോകരംഗം ശുദ്ധീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ പ്രസ്ഥാനം ശരിയായ രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ അതിനു നമുക്കു വേണ്ടതു ശരിയായ വിദഗ്ദ്ധന്മാരെയാണ്. വ്യാജവിദഗ്ദ്ധന്മാരെയല്ല.