പ്രതിഭകളെ വിലയിരുത്തുന്നതിനെപ്പറ്റി ഐന്‍സ്ടീന്‍

പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി പലരും മൂല്യനിര്‍ണ്ണയം എന്ന പ്രക്രിയ നടത്താറുണ്ട്‌. യഥാര്‍ത്ഥ പ്രതിഭകളെ മരമണ്ടന്‍മാരാക്കി കാട്ടുന്ന ചില മൂല്യനിര്‍ണ്ണയരീതികളെപ്പറ്റി ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുക: നിങ്ങള്‍ ഒരു മത്സ്യത്തെ വിലയിരുത്തുന്നത് മരത്തില്‍ കയറാനുള്ള അതിന്‍റെ കഴിവിന്‍റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ താനൊരു വിഡ്ഢി ആണെന്ന വിശ്വാസത്തിലാവും ശിഷ്ടകാലം മുഴുവന്‍ അതു ജീവിക്കുക.

അക്ഷരശ്ലോകരംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ ചില സ്വയംപ്രഖ്യാപിത സര്‍വ്വജ്ഞന്മാര്‍ ഒരു മൂല്യനിര്‍ണ്ണയരീതി ഉപയോഗിക്കാറുണ്ട്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതപാടവവും അളന്നുള്ള മാര്‍ക്കിടല്‍ ആണ് അതിന്‍റെ കാതലായ അംശം. സ്വരമാധുര്യവും പാട്ടും ഇല്ലാത്ത എല്ലാവരെയും എഴാംകൂലികളായി മുദ്ര കുത്തി എലിമിനേറ്റു ചെയ്യും. തങ്ങള്‍ വിഡ്ഢികള്‍ ആണെന്ന വിശ്വാസത്തില്‍ അവര്‍ പിന്തിരിഞ്ഞ് ഏതെങ്കിലും മൂലയില്‍ പോയി ഒളിക്കും. ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ അപകര്‍ഷതാബോധം അവരുടെ എല്ലാ മുന്നേറ്റസാദ്ധ്യതകളെയും പാടേ നശിപ്പിക്കും.

 

 

 

മുന്നൊരുക്കം ഇല്ലെങ്കില്‍ ബബ്ബബ്ബ

മനുഷ്യനു മാത്രമായി ദൈവം നല്‍കിയിട്ടുള്ള ഒരു വരദാനമാണല്ലോ സംസാരശേഷി.
അതുകൊണ്ടുതന്നെ അതിനെ അടിസ്ഥാനപ്പെടുത്തി പല മത്സരങ്ങളും നടത്തപ്പെടുന്നുണ്ട്.
രാഷ്ട്രീയക്കാര്‍ക്കു തീപ്പൊരിപ്രസംഗമത്സരം നടത്താം. വായാടികള്‍ക്കു ജസ്റ്റ്‌ എ മിനിറ്റ് എന്ന
പേരില്‍ ഒരു മത്സരമുണ്ട്. നുണ പറച്ചില്‍ മത്സരം, പുകഴ്ത്തല്‍ മത്സരം മുതലായവയും
ഉണ്ട്. ഇതിനൊന്നും യാതൊരു മുന്നൊരുക്കവും ആവശ്യമില്ല. പക്ഷേ സംസാരശേഷിയെ
അടിസ്ഥാനപ്പെടുത്തിയുള്ള മറ്റു ചില മത്സരങ്ങള്‍ക്ക് അല്പമെങ്കിലും മുന്നൊരുക്കം
ഇല്ലാതെ കഴിയുകയില്ല. മുന്നൊരുക്കം എത്രത്തോളം വേണം എന്നതിന്‍റെ അടിസ്ഥാനത്തില്‍
ഇവയെ തരം തിരിച്ച് അടുക്കിയാല്‍ ഏറ്റവും മുകളില്‍ വരുന്നത് അക്ഷരശ്ലോകം
ആയിരിക്കും. ഗദ്യകവിത ചൊല്ലാനും വായില്‍ തോന്നിയതു കോതയ്ക്കു പാട്ട് എന്ന മട്ടില്‍
പാടാനും ഒരു മുന്നൊരുക്കവും ആവശ്യമില്ല. മാമ്പഴം പോലെ വൃത്തനിബദ്ധമായ ഒരു
കവിത ചൊല്ലുകയോ ശ്രുതിയും താളവും ഒത്ത ഹൃദയസ്പര്‍ശിയായ ഒരു പാട്ടു
പാടുകയോ ചെയ്യണമെങ്കില്‍ അല്പമെങ്കിലും മുന്നൊരുക്കം കൂടിയേ തീരൂ. അനുഷ്ടുപ്പ്
വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലാന്‍ അല്പം കൂടി മുന്നൊരുക്കം വേണം.
അനുഷ്ടുപ്പിനെക്കാള്‍ വലിയ സംസ്കൃത വൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങളാണു
ചൊല്ലേണ്ടതെങ്കിലോ കഠിനമായ മുന്നൊരുക്കം കൂടിയേ കഴിയൂ.

ആവശ്യമായ മുന്നൊരുക്കത്തിന്റെ ഈ കാഠിന്യമാണ് അക്ഷരശ്ലോകത്തിന്റെ അടിത്തറ.
അരേ ദുരാചാര നൃശംസ കംസാ എന്ന ശ്ലോകം ചൊല്ലിക്കേള്‍പ്പിച്ചിട്ട് ഇതുപോലെ ഒരു
ശ്ലോകം ചൊല്ലുക എന്നു പറഞ്ഞാല്‍ മുന്നൊരുക്കമില്ലാത്ത ആര്‍ക്കെങ്കിലും കഴിയുമോ?
തീര്‍ച്ചയായും കഴിയുകയില്ല. ഈ സത്യം തിരിച്ചറിഞ്ഞ കൊടുങ്ങല്ലൂര്‍ക്കവികളാണു
കേരളീയ അക്ഷരശ്ലോകം സംവിധാനം ചെയ്തത്. അനുഷ്ടുപ്പല്ലാത്ത ശ്ലോകം ചൊല്ലണം
എന്നു മാത്രമല്ല ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്‍റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ട്
അടുത്തയാള്‍ ആരംഭിക്കുകയും വേണം. ഈ രണ്ടു നിബന്ധനകളും കൂടി ഒന്നിച്ചു
വരുമ്പോള്‍ മുന്നൊരുക്കത്തിന്റെ ആവശ്യകത വളരെയേറെ വര്‍ദ്ധിക്കുന്നു. മുന്നൊരുക്കം
ഇല്ലാത്ത ഒരാള്‍ അക്ഷരശ്ലോകം ചൊല്ലാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ബബ്ബബ്ബ ആയി
പുറത്താകും. മുന്നൊരുക്കം ഉള്ളവര്‍ അവരവരുടെ അദ്ധ്വാനത്തിന് ആനുപാതികമായി
കുറച്ചു നേരമോ കൂടുതല്‍ നേരമോ പിടിച്ചു നില്‍ക്കും. അവസാനം വരെ പിടിച്ചു
നില്‍ക്കുന്ന ആള്‍ ജയിക്കും. ഇതാണു മത്സരത്തിന്‍റെ രീതിയും തത്ത്വശാസ്ത്രവും. മൌനം
ആയി കണ്ണും മിഴിച്ച് ഇരിക്കുകയോ ബബ്ബബ്ബ ആകുകയോ ചെയ്യാതെ അവസാനം വരെ
പിടിച്ചു നില്‍ക്കണം എന്നു മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. ചൊല്ലുന്ന
ശ്ലോകങ്ങള്‍ക്കു വലിയ സാഹിത്യമൂല്യം വേണമെന്നോ ചെല്ലുന്നത് ആസ്വാദ്യമായ
ശൈലിയില്‍ വേണമെന്നോ ഒരു നിര്‍ബ്ബന്ധവും ഇല്ല. തെറ്റുകൂടാതെ ചൊല്ലണം, കുറിപ്പു
നോക്കരുത്, പരസഹായം സ്വീകരിക്കരുത് എന്നൊക്കെ നിയമം ഉണ്ടെങ്കിലും
സാഹിത്യമൂല്യം ആസ്വാദ്യത മുതലായവ എത്രത്തോളം വേണം എന്നതു സംബന്ധിച്ചു
യാതൊരു നിയമവും ഇല്ല.

മൌനം ആയിരുന്നോ ബബ്ബബ്ബ ആയോ പുറത്താകുന്നതിനെയാണ് അച്ചുമൂളല്‍ എന്നു
പറയുന്നത്. അച്ചുമൂളാതെ ശ്ലോകം ചൊല്ലുന്നവരെ മറ്റൊന്നും നോക്കാതെ ജയിപ്പിക്കാം.
സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത മുതലായവ അളന്നു മാര്‍ക്കിടേണ്ട
യാതൊരാവശ്യവും ഇല്ല.

മുന്നൊരുക്കം ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കല്‍ ആണു മത്സരത്തിന്‍റെ
ലക്‌ഷ്യം. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവരെയും കുറഞ്ഞ ശ്ലോകങ്ങള്‍
ചൊല്ലുന്നവരെയും വേര്‍തിരിക്കുക എന്നത് അക്ഷരശ്ലോകത്തിന്റെ ലക്‌ഷ്യമേ അല്ല.
ഭംഗിയായി ചൊല്ലുന്നവരെയും ഭംഗി ഇല്ലാതെ ചൊല്ലുന്നവരെയും വേര്‍തിരിക്കുക
എന്നതും ഈ മത്സരത്തിന്‍റെ ലക്‌ഷ്യമല്ല.