അച്ചുമൂളിയവര്‍ ജയിച്ചാല്‍ അക്ഷരശ്ലോകം നശിച്ചു

ഫുട്ബാള്‍ കളിയില്‍ ഗോളടിക്കാത്തവര്‍ ജയിക്കുമോ? ഇല്ല. അതു ഫുട്ബാള്‍ കളി നശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ഫുട്ബാള്‍ കളി എന്താണെന്ന് അറിയാവുന്ന ഒരു റഫറിയും ഗോളടിക്കാത്തവരെ ജയിപ്പിക്കുകയില്ല.

ചതുരംഗം കളിയില്‍ അടിയറവു പറഞ്ഞവന്‍ ജയിക്കുമോ? ഇല്ല. അതു ചതുരംഗം കളി നശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ചതുരംഗം കളി എന്താണെന്ന് അറിയാവുന്ന ഒരു ആര്‍ബിറ്ററും അടിയറവു പറഞ്ഞവനെ ജയിപ്പിക്കുകയില്ല.

അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയവര്‍ ജയിക്കുമോ? ഇല്ല. അത് അക്ഷരശ്ലോകം നശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്ന ഒരു ജഡ്ജിയും അച്ചുമൂളിയവരെ ജയിപ്പിക്കുകയില്ല.

1955 നു ശേഷം കേരളത്തില്‍ പല സ്ഥലങ്ങളിലും അച്ചുമൂളിയവര്‍ ജയിച്ച ചരിത്രമുണ്ട്. അച്ചുമൂളിയവരെ ജയിപ്പിക്കുന്നതു ബുദ്ധിശൂന്യതയാണെന്ന് അവിടങ്ങളിലെ ജഡ്ജിമാരോ സംഘാടകരോ മനസ്സിലാക്കുന്നില്ല. പ്രത്യുത “വമ്പിച്ച പുരോഗമനം” ഉണ്ടാക്കി എന്നും “പ്രതിഭാശാലികളെ” ജയിപ്പിച്ചു എന്നും പറഞ്ഞ് അഭിമാനവിജൃംഭിതരാകുകയാണ്‌ അവര്‍ ചെയ്യാറ്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരെ തിരുത്താനുള്ള ഏതു ശ്രമവും ദയനീയമായി പരാജയപ്പെടും.

സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍കര്‍ തന്നെ ആയാലും വിക്കറ്റ് തെറിച്ചാല്‍ പരാജിതനാണ്. പരാജിതന്‍ പുറത്തു പോയേ മതിയാവൂ. ഞാന്‍ വലിയ പ്രതിഭാശാലിയാണ്. നൂറു സെഞ്ചുറി അടിച്ചിട്ടുണ്ട് എന്നൊന്നും പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല.

അതുപോലെ സാക്ഷാല്‍ കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാടു തന്നെ ആയാലും അച്ചുമൂളിയാല്‍ പരാജിതനാണ്. പരാജിതന്റെ സ്ഥാനം പുറത്താണ്. ഞാന്‍ വലിയ പ്രതിഭാശാലിയാണ്. ശ്രോതാക്കളെ ആനന്ദസാഗരത്തില്‍ ആറാടിക്കുന്ന ആളാണ് എന്നൊന്നും പറഞ്ഞിട്ടു യാതൊരു കാര്യവും ഇല്ല.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരോട് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി അവരെ തിരുത്താന്‍ ശ്രമിക്കുന്നതു തികച്ചും നിഷ്ഫലമായിരിക്കും. നിങ്ങള്‍ പറയുന്നതൊന്നും അവരുടെ തലയില്‍ കയറുകയില്ല. അതിനാല്‍ അവരോടു സഹതപിക്കുകയല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു കരണീയമായിട്ടില്ല.

ഏതെങ്കിലും ഒരു നാട്ടില്‍ അക്ഷരശ്ലോകം അങ്ങനെ നശിച്ചുപോയിട്ടുണ്ടെങ്കില്‍ ആ നാടിനെ “അക്ഷരശ്ലോകം നശിച്ച നാട്” എന്നു പറയാം. കുറേക്കൂടി ചുരുക്കി പറയണമെങ്കില്‍ “നശിച്ച നാട്” എന്നും പറയാം.

മൂല്യം കൂടിയവരും മൂല്യം കുറഞ്ഞവരും

സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമായിട്ടാണ് അക്ഷരശ്ലോകം സൃഷ്ടിക്കപ്പെട്ടത്. പണ്ട് അക്ഷരശ്ലോകക്കാര്‍ എല്ലാവരും തുല്യരായിരുന്നു. പക്ഷേ 1955 നു ശേഷം ആ തുല്യതയെ തകര്‍ത്തു തരിപ്പണമാക്കുന്ന തരത്തിലുള്ള ഒരു “വമ്പിച്ച പരിഷ്കാരം” തൃശ്ശൂരിലെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ ഉണ്ടാക്കി. അവര്‍ അക്ഷരശ്ലോകക്കാരെ മൂല്യം കൂടിയവര്‍ എന്നും മൂല്യം കുറഞ്ഞവര്‍ എന്നും രണ്ടായി വിഭജിച്ചു. മൂല്യം കൂടിയവരെ മാത്രമേ അവര്‍ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. മൂല്യം കുറഞ്ഞവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യും. ആരാണു മൂല്യം കൂടിയവര്‍? ആരാണു മൂല്യം കുറഞ്ഞവര്‍? അതാണു നാമെല്ലാം നല്ലവണ്ണം അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ കാര്യം. പ്രധാനമായി മൂന്നു കാര്യങ്ങളാണ്‌ ഒരു മത്സരാര്‍ഥിയെ മൂല്യം കൂടിയവന്‍ ആക്കുന്നത്.

(1) ചൊല്ലുന്ന ശ്ലോകങ്ങളുടെ സാഹിത്യമൂല്യം.

കാളിദാസന്റെ ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലുന്നവന്‍ മൂല്യം കൂടിയവനാണ്. സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ പി.കെ.ജോര്‍ജ്ജിനെപ്പോലെയുള്ളവര്‍ മൂല്യം കുറഞ്ഞവരും.

(2) ശബ്ദമേന്മ

ഷഡ്ഗുണങ്ങള്‍ (അവ എന്താണാവോ?) ഉള്ള മുഴങ്ങുന്ന ശബ്ദം ഉള്ളവര്‍ വളരെ മൂല്യം കൂടിയവര്‍ ആണത്രേ. കുയിലിന്‍റെ പഞ്ചമത്തെ അനുസ്മരിപ്പിക്കുന്ന ശബ്ദമുള്ള പെണ്‍കുട്ടികളും മൂല്യം കൂടിയവര്‍ തന്നെ.

(3) പാട്ട്

കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും സംഗീതഗന്ധിയായ രീതിയില്‍ ശ്ലോകങ്ങള്‍ ആലപിക്കാന്‍ കഴിവുള്ളവര്‍ അതീവ മൂല്യവാന്‍മാരാണ്. ഓരോ ശ്ലോകവും അതിനു തുലോം അനുയോജ്യമായ രാഗത്തില്‍ ആണത്രേ മൂല്യം കൂടിയവര്‍ ആലപിക്കാറുള്ളത്. നാരായണീയത്തിലെ 80 ആം ദശകം (സത്രാജിതസ്ത്വമഥ) ആലപിക്കാന്‍ പറ്റിയതു ഹമീര്‍ കല്യാണി എന്ന രാഗമാണെന്നു മൂല്യവിജ്ഞന്മാര്‍ പറയുന്നു. അങ്ങനെ ആലപിച്ചാല്‍ ശ്രോതാക്കളെ ആനന്ദസാഗരത്തില്‍ ആറാടിക്കാമത്രേ.

നിങ്ങള്‍ മൂല്യം കുറഞ്ഞവന്‍ ആണെങ്കില്‍ നിങ്ങള്‍ അക്ഷരശ്ലോകം ചൊല്ലിയിട്ടു യാതൊരു കാര്യവും ഇല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ചൊല്ലല്‍ ശ്രോതാക്കള്‍ക്ക് ഒട്ടും ആസ്വാദ്യം ആയിരിക്കുകയില്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്റെ പരമമായ ലക്‌ഷ്യം.

ഭരിക്കേണ്ടവര്‍ ഭരിച്ചില്ലെങ്കില്‍

നിങ്ങളുടെ രാജ്യം ഭരിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്ക് അതിനുള്ള അനിഷേദ്ധ്യമായ അവകാശമുണ്ട്‌. അവകാശം മാത്രമല്ല അതു നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. നിങ്ങള്‍ അതു ചെയ്തില്ലെങ്കില്‍ വഴിയേ പോകുന്നവര്‍ ചാടിക്കയറി വന്നു നിങ്ങളെ അടക്കി ഭരിക്കും. ആ അവസ്ഥ ഒട്ടും സുഖകരമായിരിക്കുകയില്ല. ഇന്‍ഡ്യാമഹാരാജ്യം ഇന്‍ഡ്യാക്കാര്‍ ഭരിച്ചില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ ഭരിക്കും. ആ ദുരവസ്ഥ നമ്മുടെ പൂര്‍വ്വികന്മാര്‍ ശരിക്കും അനുഭവിച്ചിട്ടുള്ളതാണ്. താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ തന്നെക്കാള്‍ വളരെ യോഗ്യത കുറഞ്ഞവര്‍ കയറി ഇരിക്കും.

ഇത് അക്ഷരശ്ലോകക്കാര്‍ക്കും ബാധകമാണ്. അക്ഷരശ്ലോകസാമ്രാജ്യം അക്ഷരശ്ലോകക്കാരാണു ഭരിക്കേണ്ടത്. അവര്‍ ഭരിച്ചില്ലെങ്കില്‍ അക്ഷരശ്ലോകവുമായി പുലബന്ധം പോലും ഇല്ലാത്തവരും ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരും ഒരു ശ്ലോകം പോലും വിധിയാംവണ്ണം സദസ്സില്‍ ചൊല്ലാന്‍ കഴിയാത്തവരും  അക്ഷരശ്ലോകം അങ്ങാടിയാണോ പച്ചമരുന്നാണോ എന്നു പോലും അറിഞ്ഞുകൂടാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഒരു കൂട്ടം പ്രതാപശാലികളായ സാഹിത്യനായകന്മാര്‍, മഹാകവികള്‍, സംസ്കൃതപണ്ഡിതന്മാര്‍, സംഗീതനിപുണന്മാര്‍ മുതലായവര്‍ വന്നുകയറി ഭരിക്കും. ഭരിക്കും എന്നു മാത്രമല്ല ഭരിച്ചു കുട്ടിച്ചോറാക്കുകയും ചെയ്യും.അവര്‍ ഉന്നതന്മാര്‍ ആയതുകൊണ്ട് ആര്‍ക്കും അവരെ തടയാന്‍ കഴിയുകയില്ല. അത്തരക്കാര്‍ ഭരിച്ചതിന്റെ ഫലമായാണ്‌ ഇന്നു പലയിടങ്ങളിലും അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായത്.

മൂല്യവാദവും ആസ്വാദ്യതാവാദവും അക്ഷരശ്ലോകത്തെ നശിപ്പിക്കും

സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ് എന്ന വാദമാണ് മൂല്യവാദം. പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും ഈ വാദം അബദ്ധജടിലമാണ്. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലിയതുകൊണ്ടു മാത്രം ഒരു അക്ഷരശ്ലോകക്കാരന്‍ സ്വന്തം ശ്ലോകങ്ങള്‍ സ്വയം ചൊല്ലുന്ന മറ്റൊരാളിനെക്കാള്‍ കേമനാകുന്നില്ല.

ആസ്വാദ്യമായി ചൊല്ലുന്നവര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാകുന്നു എന്ന വാദമാണ് ആസ്വാദ്യതാവാദം. ഇതും തികഞ്ഞ അസംബന്ധമാണ്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതപാടവവും ഉള്ള ഒരാള്‍ ശ്ലോകം ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക് അത്യന്തം ആസ്വാദ്യമായി തോന്നും. പക്ഷേ അതുകൊണ്ടുമാത്രം അയാള്‍ മറ്റുള്ളവരെക്കാള്‍ കേമനാകുന്നില്ല.

ഇത്തരം സിദ്ധാന്തങ്ങള്‍ അക്ഷരശ്ലോകത്തെ നന്നാക്കുകയല്ല നശിപ്പിക്കുകയാണു ചെയ്യുക.

മാര്‍ക്കു വരുന്ന വഴി

മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമന”ത്തെ വാനോളം പുകഴ്ത്തുന്നവരാണല്ലോ ഇക്കാലത്തെ മിക്ക അക്ഷരശ്ലോകസംരക്ഷകന്മാരും. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുന്നതിനാല്‍ നിലവാരം വളരെയേറെ ഉയരും എന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ അധികമാരും കാണാത്ത ഒരു ഇരുണ്ട വശം ഈ പുരോഗമനത്തിനുണ്ട്. മാര്‍ക്കിന്റെ ഭൂരിഭാഗവും കിട്ടുന്നതു ജന്മസിദ്ധമായ ശബ്ദമേന്മയ്ക്കും സംഗീതപാടവത്തിനും ആണ്. ഓരോ മേന്മയ്ക്കും കിട്ടുന്ന മാര്‍ക്കിന്റെ ഏകദേശ ശതമാനക്കണക്കു താഴെ കൊടുക്കുന്നു.

ശബ്ദമേന്മ          40%

സംഗീതഗന്ധം      20%

സാഹിത്യമൂല്യം      20%

അവതരണഭംഗി    20%

ശബ്ദമേന്മയും സംഗീതവാസനയും ഇല്ലാത്ത ഒരാള്‍ എത്ര സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു കഴിവിന്‍റെ പരമാവധി ശ്രമിച്ച് അവതരിപ്പിച്ചാലും അയാള്‍ക്കു നേടാവുന്ന മാര്‍ക്കിന് ഒരു പരിധി ഉണ്ടായിരിക്കും. തല കുത്തി നിന്നു തപസ്സുചെയ്താലും അതിനപ്പുറം പോകാന്‍ കഴിയുകയില്ല. അയാളുടെ പത്തിലൊന്നു പോലും അദ്ധ്വാനിക്കാത്ത ഒരാള്‍ക്കു ശബ്ദമേന്മയും സംഗീതഗന്ധവും ഉണ്ടെങ്കില്‍ നിഷ്പ്രയാസം മുന്നില്‍ കടക്കാം. റിമി ടോമിയെപ്പോലെയുള്ള ഒരു അനുഗൃഹീതഗായികയ്ക്ക് ഉള്ളൂരിനെയും വൈലോപ്പിള്ളിയെയും ശങ്കരക്കുറുപ്പിനെയും ഒക്കെ പുഷ്പം പോലെ തോല്‍പ്പിക്കാം.

ഇതാണു വമ്പിച്ച പുരോഗമനത്തിന്റെ ഇരുണ്ട വശം.

 

റസ്സല്‍ പറഞ്ഞത്

പ്രസിദ്ധ തത്വചിന്തകനും മനുഷ്യസ്നേഹിയും ആയിരുന്ന ബെര്‍ട്രണ്ട് റസ്സല്‍ ലോകത്തെ കൊള്ളരുതായ്മകളും അവയ്ക്കു പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയും നിരീക്ഷിച്ചു കൂലംകഷമായി ചിന്തിച്ചു നോക്കിയിട്ട് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തുകയുണ്ടായി:-

മൂഢന്മാര്‍ വളരെ നിശ്ചയദാര്‍ഢ്യം ഉള്ളവരാണ്. ബുദ്ധിമാന്മാരാകട്ടെ സംശയലുക്കളും. ഇതാണു ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

അക്ഷരശ്ലോകരംഗത്ത്‌ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ നിരീക്ഷിക്കുന്ന ഏവര്‍ക്കും ഇത് അക്ഷരംപ്രതി ശരിയാണെന്ന് ബോദ്ധ്യമാകും.

സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുന്ന “വമ്പിച്ച പുരോഗമനം” സൃഷ്‌ടിച്ച ഉന്നതന്മാര്‍ തുരുതുരെ അച്ചുമൂളുന്ന ശിങ്കിടികളെ ജയിപ്പിച്ചു പ്രതിഭാശാലിപട്ടം കൊടുത്തു കൊമ്പത്തു കയറ്റി ഇരുത്തുമ്പോള്‍ അതു ശരിയോ തെറ്റോ എന്നു തിരിച്ചറിയുന്ന കാര്യത്തില്‍ ബുദ്ധിയുള്ളവര്‍ പോലും സംശയത്തിന്‍റെ ചുഴിയില്‍ വീണു വട്ടം കറങ്ങുന്നു. അഭിജ്ഞന്മാര്‍ എത്ര വിശദമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഇക്കൂട്ടരുടെ സംശയം തീരുകയില്ല. സ്വയം ഒന്നും ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഇല്ല. “എനിക്കു രാമേട്ടന്റെ അഭിപ്രായം കൂടി ചോദിക്കണം; എനിക്കു കൃഷ്ണേട്ടന്റെ അഭിപ്രായം കൂടി ചോദിക്കണം” എന്നൊക്കെ പറഞ്ഞു സമയം പാഴാക്കുകയായിരിക്കും അവര്‍ ചെയ്യുക. രാമേട്ടന്‍, കൃഷ്ണേട്ടന്‍, ശങ്കരേട്ടന്‍ മുതലായി ലോകത്തുള്ള എല്ലാ ഏട്ടന്മാരുടെയും അഭിപ്രായം ശേഖരിച്ചു ക്രോഡീകരിച്ച് അപഗ്രഥിച്ച് ഇവര്‍ ഒരു തീരുമാനത്തില്‍ എത്തുമ്പോഴേക്കും അതീവ നിശ്ചയദാര്‍ഢ്യമുള്ള മുന്‍പറഞ്ഞ പരിഷ്കാരികള്‍ അക്ഷരശ്ലോകത്തെ വഴിതെറ്റിച്ചും കാടുകയറ്റിയും നശിപ്പിക്കുന്ന കാര്യത്തില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കും.

ഒരു വോട്ടര്‍ക്ക്‌ ഒരു മൂല്യം; ഒരു അക്ഷരശ്ലോകക്കാരനും ഒരു മൂല്യം

ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വമാണ് ഒരു വോട്ടര്‍ക്ക്‌ ഒരു മൂല്യം എന്നത്. അര മൂല്യവും കാല്‍ മൂല്യവും അരയ്ക്കാല്‍ മൂല്യവും ഒക്കെയുള്ള വോട്ടര്‍മാര്‍ ഇല്ല. ജവഹര്‍ലാല്‍ നെഹ്രുവിന്റെ വോട്ടിനു കൂടുതല്‍ മൂല്യവും അട്ടപ്പാടിയിലെ ആദിവാസിയുടെ വോട്ടിനു കുറച്ചു മൂല്യവും കല്‍പ്പിച്ചു വോട്ടെണ്ണാന്‍ തുടങ്ങിയാല്‍ ജനാധിപത്യം തകര്‍ന്നടിയും.

ഇതുപോലെ ഒരു തുല്യതാസങ്കല്‍പം അക്ഷരശ്ലോകത്തിലും നിലവിലുണ്ട്. അതു വിസ്മരിച്ചതാണു “വമ്പിച്ച പുരോഗമനം” ഉണ്ടാക്കിയ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ക്കു പറ്റിയ തെറ്റ്.

യേശുദാസിന്റെ ചൊല്ലലിനു കൂടുതല്‍ മൂല്യവും ജനാര്‍ദ്ദനന്റെ ചൊല്ലലിനു കുറച്ചു മൂല്യവും കല്‍പ്പിച്ചു മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ അക്ഷരശ്ലോകം തകര്‍ന്നടിയും.

 

 

മാര്‍ക്കിടല്‍ അനാവശ്യം

ചതുരംഗമത്സരം നടത്തുമ്പോള്‍ ഓരോ കളിക്കാരനും നടത്തുന്ന ഓരോ നീക്കത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അടിയറവുപറഞ്ഞത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.

അതുപോലെ അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയും ചൊല്ലുന്ന ഓരോ ശ്ലോകത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അച്ചുമൂളിയത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.

ശക്തിയില്ലെങ്കില്‍ അടിമ

അച്ചുമൂളിയവരെ ജയിപ്പിക്കും എന്നു പണവും പ്രതാപവും ഉള്ള ഒരു ഉന്നതന്‍ തീരുമാനിച്ചാല്‍ അയാളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശക്തി ഇന്നത്തെ അക്ഷരശ്ലോകക്കാര്‍ക്ക് ഇല്ല. അതിനാല്‍ അവര്‍ അയാളുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയേയുള്ളൂ. ശക്തിയില്ലാത്തവന്റെ വിധി അതാണ്.

ഇന്ത്യാക്കാരെ അടക്കി ഭരിക്കും എന്നു പണ്ടു ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോഴും ഇതുപോലെ ഒരു ദുരവസ്ഥയായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് ഉണ്ടായിരുന്നത്. ധിക്കാരികളോടു Quit India എന്നു പറയാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ നൂറ്റാണ്ടുകളോളം അടിമച്ചങ്ങലയില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. പിന്നീട് ആ ശക്തി നേടിയപ്പോഴാണു സ്വാതന്ത്ര്യം കിട്ടിയത്.

ശക്തിയില്ലാത്ത മൃഗത്തിന്റെ മേല്‍ കഴുതപ്പുലി പോലും ചാടി വീഴും. അതിനാല്‍ ശക്തി നേടുക. നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.

വിവരം കെട്ടവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്.

ഒരാള്‍ എത്ര വളരെ സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിയാലും, അയാള്‍ക്കു ഷഡ്ഗുണങ്ങളും തികഞ്ഞ മുഴങ്ങുന്ന ശബ്ദം ഉണ്ടായിരുന്നാലും, എത്ര സംഗീതമധുരമായി ആലപിച്ചാലും അച്ചുമൂളിയാല്‍ അയാള്‍ പരാജയപ്പെട്ടുതന്നെ തീരണം. ഇത്രയൊക്കെ മേന്മകള്‍ ഉള്ള പ്രതിഭാശാലി ആയതുകൊണ്ട് അച്ചുമൂളിയാലും അയാളെ ജയിപ്പിക്കാം എന്ന് ഏതു മഹാപണ്ഡിതന്‍ പറഞ്ഞാലും അതു വിവരക്കേടാണ്. വിവരം കെട്ടവന്റെ കയ്യില്‍ ടണ്‍ കണക്കിനു സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നാലും അവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്. അങ്ങനെ നില്‍ക്കുന്ന അക്ഷരശ്ലോകക്കാരന്‍ ഈ പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്.