കലയാണത്രേ; കല.

അക്ഷരശ്ലോകം കലയാണോ? അല്ല. അതു ചതുരംഗം പോലെ ഒരു വിനോദമാണ്‌. അനുഷ്ടുപ്പ് ഒഴിവാക്കണം എന്ന ഒറ്റ നിയമം മതി അതു കലയല്ല; വിനോദമാണ്‌ എന്നു ബോദ്ധ്യപ്പെടാന്‍. അനുഷ്ടുപ്പ് ഒഴിവാക്കണം, അക്ഷരനിബന്ധന പാലിക്കണം, ഭാഷാവൃത്തങ്ങള്‍ പാടില്ല ഇങ്ങനെയൊക്കെയുള്ള നിയമങ്ങള്‍ ലോകത്ത് ഏതെങ്കിലും കലയില്‍ ഉണ്ടോ? ഇല്ല. അത്തരം നിയമങ്ങള്‍ ചതുരംഗം. ചീട്ടുകളി, പകിടകളി മുതലായ വിനോദങ്ങളില്‍ മാത്രമേ കാണൂ.

അക്ഷരശ്ലോകം കലയല്ലെങ്കിലും കലയാണെന്നു വാദിച്ചു സമര്‍ത്ഥിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടം ഉന്നതന്മാര്‍ ഉണ്ട്. അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധഃപതിപ്പിച്ച അവരുടെ കൊള്ളരുതായ്മയെ ന്യായീകരിക്കണമെങ്കില്‍ അക്ഷരശ്ലോകം കലയാണെന്നു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചേ മതിയാകൂ. അതിന് അവര്‍ ഏതറ്റം വരെയും പോകും.

ഒരു കാര്യം സമര്‍ത്ഥിക്കണമെങ്കില്‍ അതിനുള്ള ഏറ്റവും നല്ല വഴി ഏതെങ്കിലും ഒരു മഹര്‍ഷി അത് അങ്ങനെയാണെന്നു പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കുകയാണ്. കലകളെപ്പറ്റി ധാരാളം സംസാരിച്ചിട്ടുള്ള ഒരു മഹര്‍ഷി നമുക്കുണ്ട്. അതാണു വാത്സ്യായനന്‍. അദ്ദേഹം തന്‍റെ കാമശാസ്ത്രം എന്ന ലോകപ്രശസ്തഗ്രന്ഥത്തില്‍ 64 കലകളുടെ ഒരു ലിസ്റ്റും അവയുടെ ചെറുവിവരണവും കൊടുത്തിട്ടുണ്ട്‌. നമ്മുടെ ഉന്നതന്മാര്‍ ഈ ലിസ്റ്റ് മുഴുവന്‍ പരതി നോക്കി. പക്ഷേ അക്ഷരശ്ലോകം അതിലെങ്ങും കണ്ടില്ല. പിന്നെ എന്തു ചെയ്യും? അവര്‍ തല പുകഞ്ഞ് ആലോചിച്ച് ഒരു വിദ്യ കണ്ടുപിടിച്ചു. 64 കലകളില്‍ പലതും ആര്‍ക്കും അറിഞ്ഞുകൂടാത്തതാണ്. അങ്ങനെ ഒരെണ്ണം തെരഞ്ഞുപിടിച്ച് അതിനെ അക്ഷരശ്ലോകത്തിനു തുല്യമായ ഒന്നാണെന്നു വരുത്തിത്തീര്‍ക്കുക. അങ്ങനെ അവര്‍ ലിസ്റ്റു മുഴുവന്‍ പരതി നോക്കിയപ്പോള്‍ സംപാര്യം എന്ന ഒരു വാക്കു കിട്ടി. സംപാര്യം എന്താണെന്ന് ആര്‍ക്കും വ്യക്തമായി അറിഞ്ഞുകൂടാ. പക്ഷേ അത് കലയാണെന്നു വാത്സ്യായനന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആനന്ദലബ്ധിക്കിനി എന്തു വേണം! അവര്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഇനി വേണ്ടതു സംപാര്യം അക്ഷരശ്ലോകത്തിനു തുല്യമാണെന്നു സമര്‍ത്ഥിക്കുക മാത്രമാണ്. അതിനുള്ള കരുനീക്കങ്ങള്‍ അതിസമര്‍ത്ഥമായിത്തന്നെ അവര്‍ നടത്തി. ഇപ്പോള്‍ ഗൂഗിളില്‍ സംപാര്യം എന്നു തെരഞ്ഞാല്‍ കിട്ടുന്ന അര്‍ത്ഥം “അക്ഷരശ്ലോകത്തിനു തുല്യമായ ഒരു കല” എന്നാണ്. ഇതില്‍ കൂടുതല്‍ എന്തു വേണം അക്ഷരശ്ലോകം കലയാണെന്നു സമര്‍ത്ഥിക്കാന്‍?

യഥാര്‍ത്ഥത്തില്‍ സംപാര്യം അക്ഷരശ്ലോകത്തിനു തുല്യമാണോ? അല്ലേയല്ല. അപൂര്‍ണ്ണമായ ഒരു ശ്ലോകമോ ചിത്രമോ തന്നിട്ടു ബുദ്ധിപൂര്‍വ്വം ചിന്തിച്ചു പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്ന കലയാണു സംപാര്യം. അതിന് അക്ഷരശ്ലോകവുമായി പുലബന്ധം പോലുമില്ല. നമ്മുടെ എന്തിനോടെങ്കിലും സാമ്യമുണ്ടെങ്കില്‍ അതു സമസ്യാപൂരണത്തിനോടു മാത്രമാണ്.

വാത്സ്യായനന്‍ ഗ്രന്ഥം എഴുതിയതു സംസ്കൃതത്തിലാണ്. അതില്‍ അക്ഷരശ്ലോകം, അന്ത്യാക്ഷരി മുതലായ വാക്കുകള്‍ ഒന്നുമില്ല. പക്ഷേ അതിന്‍റെ ചില മലയാളപരിഭാഷകളില്‍ അക്ഷരശ്ലോകം എന്നു കാണാം. തല്‍പരകക്ഷികളുടെ കുപ്രചരണം എത്രത്തോളം ഫലപ്രദമായി എന്നതിനു തെളിവാണിത്.

ഗൂഗിളില്‍ ഉള്‍പ്പെടുത്തി. വാത്സ്യായനന്‍റെ ഗ്രന്ഥത്തിന്‍റെ മലയാളപരിഭാഷയിലും ഉള്‍പ്പെടുത്തി. പോരാത്തതിനു സ്കൂള്‍ കലോത്സവത്തിലും ഉള്‍പ്പെടുത്തി. ഇതിനെല്ലാം പുറമേ “അവശകലാകാരന്മാര്‍” എന്നു പറഞ്ഞു കുറേപ്പേര്‍ പെന്‍ഷനും തരപ്പെടുത്തി. ഇനി അക്ഷരശ്ലോകം കലയല്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?

ഉന്നതന്മാര്‍ എന്തൊക്കെ മുരട്ടുവാദങ്ങള്‍ നിരത്തിയാലും സത്യം ഇതാണ് :-

വവ്വാല്‍ പക്ഷിയല്ല; അക്ഷരശ്ലോകം കലയുമല്ല.

ആദിരിയേടത്തിന്‍റെ ദീര്‍ഘദര്‍ശിത്വം

1970 നോട്‌ അടുപ്പിച്ചാണ് അതു സംഭവിച്ചത്. അക്ഷരശ്ലോകരംഗത്തു പൊങ്ങച്ചക്കാരായ ഉന്നതന്മാര്‍ കൊടി കുത്തി വാഴുന്ന കാലം. അവരുടെ സൃഷ്ടിയായ “മൂല്യവര്‍ദ്ധിത” അക്ഷരശ്ലോകം (മാര്‍ക്കിടല്‍ ഉള്ളത്) പ്രചരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. ധനാഢ്യന്മാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള സ്വാധീനശക്തി കൊണ്ടു കൈവശം വന്ന സ്വര്‍ണ്ണമെഡലുകള്‍ ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും വാരിക്കോരി കൊടുക്കല്‍ ആയിരുന്നു പ്രധാനമായ “കലാസേവനം”. സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള ഒരു ഉന്നതനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്വാധീനശക്തി ഉപയോഗിച്ചു മറ്റൊരു നേട്ടവും ഉണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതാണു സ്കൂള്‍ കലോത്സവത്തില്‍ ഒരിനമായി അക്ഷരശ്ലോകം ഉള്‍പ്പെടുത്തല്‍. വിദ്യാഭ്യാസവകുപ്പില്‍ ബുദ്ധിശക്തിയും ചിന്താശക്തിയും ഉള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ എതിര്‍ത്തു. അക്ഷരശ്ലോകം കലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയതല്ല എന്ന് അവര്‍ വെട്ടിത്തുറന്നു പറഞ്ഞു. പക്ഷേ നമ്മുടെ ഉന്നതന്‍ തന്‍റെ അധികാരശക്തി കൊണ്ട് അവരുടെ വാദങ്ങളെ പപ്പടം പോലെ പൊടിച്ചു കളഞ്ഞു. അങ്ങനെ അക്ഷരശ്ലോകം സ്കൂള്‍ കലോത്സവത്തിലെ ഒരിനമായി അംഗീകരിക്കപ്പെട്ടു.  പൊങ്ങച്ചക്കാര്‍ ആനന്ദതുന്ദിലരായി തുള്ളിച്ചാടാന്‍ തുടങ്ങി.

അക്ഷരശ്ലോകക്കാരില്‍ ബഹുഭൂരിപക്ഷവും ഇതിനെ ഒരു വമ്പിച്ച നേട്ടമായി കരുതി ആഘോഷിച്ചു തിമിര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ഒരു അക്ഷരശ്ലോകക്കാരന്‍ ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞു. “സ്കൂള്‍ കലോത്സവത്തില്‍ അക്ഷരശ്ലോകം ഉള്‍പ്പെടുത്തിയത് ഒരു മണ്ടത്തരമാണ്” എന്നായിരുന്നു അത്. ഇങ്ങനെ പറഞ്ഞതു സാക്ഷാല്‍  ആദിരിയേടത്തു നീലകണ്ഠന്‍ ഭട്ടതിരിപ്പാട് ആയിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. അദ്ദേഹം കൂടുതല്‍ വിശദീകരിച്ചുമില്ല. വിശദീകരണം കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യവും ഉണ്ടായിരുന്നില്ല.

കാലക്രമത്തില്‍ അദ്ദേഹം പറഞ്ഞതിന്‍റെ പൊരുള്‍ താനേ തെളിഞ്ഞു വന്നു. അക്ഷരശ്ലോകമത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്ന സാഹചര്യം ഉണ്ടായി. ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന അവസ്ഥ (ദുരവസ്ഥ) ഉണ്ടായി. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളിലുള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരുതരം ലളിതഗാനമത്സരമാണ്‌ അക്ഷരശ്ലോകം എന്ന ധാരണ രക്ഷിതാക്കളുടെ ഇടയില്‍ പരക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധ:പതിച്ചു.

ആദിരിയേടത്തിനെപ്പോലെ ശരിയായ വഴിക്കു ചിന്തിക്കാന്‍ കഴിവുള്ളവര്‍ വേണ്ടത്ര ഉണ്ടായിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നു. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? പോയ ബുദ്ധി ആന പിടിച്ചാലും കിട്ടുകയില്ലല്ലോ.