ആസ്വാദ്യത അളക്കല്‍ ആനമണ്ടത്തരം

പഞ്ചസാര ചേര്‍ത്താല്‍ പാലിന്‍റെ ആസ്വാദ്യത പതിന്മടങ്ങു വര്‍ദ്ധിക്കും. അക്ഷരശ്ലോകത്തിന്റെ കാര്യവും ഇതുപോലെയാണ്. സംഗീതഗന്ധിയയിട്ടു ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക്  അങ്ങേയറ്റം ആസ്വാദ്യമായിട്ടു തോന്നും. ആസ്വാദ്യത അളന്നു മാര്‍ക്കിടുമ്പോള്‍ സംഗീതഗന്ധിയായ ആലാപനശൈലി ഉള്ളവര്‍ക്കു വളരെയേറെ മുന്‍‌തൂക്കം ലഭിക്കും. പാട്ടുകാരുടെ ഷഡ്ഗുണങ്ങളും തികഞ്ഞശബ്ദത്തിനും ഓത്തുള്ള നമ്പൂതിരിമാരുടെ ഉദാത്താനുദാത്തസ്വരിതങ്ങള്‍ കൃത്യമായി വരുന്ന ഉച്ചാരണത്തിനും പെണ്‍കുട്ടികളുടെ ആകര്‍ഷകമായ കിളിശബ്ദത്തിനും ഒക്കെ ധാരാളമായി മാര്‍ക്കു വീഴും. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതെ മിഴിച്ചിരുന്നാലും അത്തരക്കാര്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍പന്തിയില്‍ എത്തും. വലിയ പുരോഗമനവാദികള്‍ നടത്തുന്ന “അക്ഷരശ്ലോക” മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കുന്നതിന്റെ കാരണം ഇതാണ്. കുട്ടികളുടെ മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അക്ഷരശ്ലോകത്തില്‍ ആസ്വാദ്യതയ്ക്കു പ്രസക്തിയില്ല. സംഗീതത്തിനു സ്ഥാനവും ഇല്ല. അതിനാല്‍ ആസ്വാദ്യത അളന്നുള്ള മാര്‍ക്കിടല്‍ നാശത്തിലേക്കുള്ള ചവിട്ടുപടിയാണ്. എന്‍.ഡി. കൃഷ്ണനുണ്ണിയെ യേശുദാസ് തോല്പ്പിക്കുന്ന അവസ്ഥ എങ്ങനെ പുരോഗമനം ആകും? അച്ചുമൂളിയവര്‍ ജയിക്കുന്ന മത്സരം എങ്ങനെ അക്ഷരശ്ലോകം ആകും?

ഇവരുടെ “പുരോഗമനപരമായ അക്ഷരശ്ലോക”ത്തില്‍ പുരോഗമനവും ഇല്ല അക്ഷരശ്ലോകവും ഇല്ല.

സംഗീതമത്സരം നടത്തുന്ന അതേ രീതിയില്‍ അക്ഷരശ്ലോകമത്സരം നടത്തരുത്

പാട്ടുകാര്‍ക്കു പൊതുജനങ്ങളില്‍ നിന്നു വളരെയേറെ സ്നേഹാദരങ്ങള്‍ കിട്ടുന്നുണ്ട്‌. എന്തുകൊണ്ടാണത്? അവര്‍ ശ്രോതാക്കളെ അത്യധികം ആഹ്ലാദിപ്പിക്കുന്നു. ആനന്ദസാഗരത്തില്‍ ആറാടിപ്പിക്കുന്നു. പാട്ടുകാരാണ് ഏറ്റവും അനുഗൃഹീതരായ കലാകാരന്‍മാര്‍ എന്നു നിസ്സംശയം പറയാം. വയലാര്‍ രാമവര്‍മ്മയെപ്പോലെയുള്ള അനുഗൃഹീതകവികള്‍ക്ക് ആയിരം പാദസരങ്ങള്‍ കിലുങ്ങീ എന്നും പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ എന്നും ഒക്കെ എഴുതാന്‍ കഴിയുമെങ്കിലും അതൊക്കെ ജനങ്ങളില്‍ എത്തണമെങ്കില്‍ യേശുദാസിനെപ്പോലെയുള്ള പ്രഗല്ഭരായ ഗായകന്മാരുടെ സേവനം കൂടിയേ തീരൂ. അവിടെയാണു പാട്ടുകാരുടെ പ്രസക്തി.

ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന ചില അക്ഷരശ്ലോകസംരക്ഷകന്മാര്‍ ഒരു പുതിയ സിദ്ധാന്തം ഉണ്ടാക്കി. അത് ഇങ്ങനെയാണ്.

“അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്. വള്ളത്തോളും ആശാനും ഒക്കെ എഴുതുന്ന ശ്ലോകങ്ങള്‍ ജനങ്ങളില്‍ എത്തിക്കേണ്ട കലാകാരന്മാരാണ് അവര്‍. അക്ഷരശ്ലോകം 64 കലകളില്‍ ഒന്നാണെന്ന് ഒരു മഹര്‍ഷി പറഞ്ഞിട്ടുണ്ട്. അക്ഷരശ്ലോകം ചൊല്ലുന്നവര്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ശ്രോതാക്കള്‍ക്ക് അങ്ങേയറ്റം ആസ്വാദ്യമാകുന്ന വിധത്തില്‍ അവതരിപ്പിക്കണം. നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും അര്‍ത്ഥബോധം ഉളവാകുന്ന വിധത്തില്‍ ചൊല്ലിക്കേള്‍പ്പിച്ചു ശ്രോതാക്കളെ പരമാവധി ആഹ്ലാദിപ്പിക്കുന്നവരാണ് അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍. അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയിട്ട് ആയിരിക്കണം. അക്ഷരശ്ലോകകലാകാരന്മാരുടെ ശബ്ദത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ഉദാത്തം, അനുദാത്തം, സ്വരിതം ഇവയെല്ലാം കൃത്യമായി ഒപ്പിച്ചു വേണം ശ്ലോകങ്ങള്‍ ചൊല്ലാന്‍. ഓരോ ശ്ലോകവും അതിന്‍റെ ഭാവത്തിന് അനുയോജ്യമായ രാഗത്തില്‍ വേണം ചൊല്ലാന്‍. അക്ഷരശ്ലോകമത്സരങ്ങളില്‍ വിജയികളെ കണ്ടെത്തേണ്ടതു കലാകാരന്മാരുടെ അവതരണം ശ്രോതാക്കള്‍ക്ക് എത്രത്തോളം ആസ്വാദ്യമായി എന്നത് അളന്നു തിട്ടപ്പെടുത്തി ആയിരിക്കണം. അതിനു സംഗീതമത്സരങ്ങളില്‍ ഉള്ളതു പോലെ മാര്‍ക്കിടലും എലിമിനേഷനും അക്ഷരശ്ലോകമത്സരങ്ങളിലും കൂടിയേ തീരൂ. മാര്‍ക്കു കുറഞ്ഞവരെ എത്രയും വേഗം എലിമിനേറ്റു ചെയ്യണം. എന്തുകൊണ്ടെന്നാല്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ അമ്പേ പരാജയമാണ്. മാര്‍ക്കു കൂടിയവര്‍ ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയാലും അക്കാര്യം പരിഗണിക്കേണ്ടതില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അവരെ വിജയിപ്പിക്കാം. എന്തുകൊണ്ടെന്നാല്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്റെ പരമമായ ലക്ഷ്യം. ഇങ്ങനെ മാര്‍ക്കു നേടി വിജയിക്കുന്നവരാണ് വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആയ അക്ഷരശ്ലോകകലാകാരന്മാര്‍.”

അവര്‍ വീറോടെ അവരുടെ നൂതനസിദ്ധാന്തം പ്രചരിപ്പിച്ചു. അതനുസരിച്ചു പരിഷ്കൃത അക്ഷരശ്ലോകമത്സരങ്ങള്‍ നടത്താനും തുടങ്ങി. സംഗീതമത്സരങ്ങള്‍ നടത്തുന്ന അതേ രീതിയില്‍ അക്ഷരശ്ലോകമല്‍സരങ്ങള്‍ നടത്തുക എന്ന വമ്പിച്ച പരിഷ്കാരമാണ് അവര്‍ ഏര്‍പ്പെടുത്തിയത്. സംഗീതമത്സരക്കാരുടെ മാര്‍ക്കിടല്‍, എലിമിനേഷന്‍ മുതലായ എല്ലാ പരിപാടികളും അവര്‍ ഈച്ചക്കോപ്പി അടിച്ച് അക്ഷരശ്ലോകമത്സരങ്ങളില്‍ പ്രതിഷ്ഠിച്ചു. ഈ copy & paste പരിപാടിയിലൂടെ അക്ഷരശ്ലോകത്തിന്‍റെ ആസ്വാദ്യത വര്‍ദ്ധിക്കുമെന്നും അങ്ങനെ  അക്ഷരശ്ലോകത്തിന്‍റെ നിലയും വിലയും വാനോളം ഉയരുമെന്നും യേശുദാസിനു കിട്ടുന്ന എല്ലാ പരിഗണനകളും അക്ഷരശ്ലോകരംഗത്തെ ആഹ്ലാദിപ്പിക്കല്‍ വിദഗ്ദ്ധന്മാര്‍ക്കും കിട്ടുമെന്നും ഒക്കെ അവര്‍ പ്രചാരണം നടത്തി. സ്വരമാധുര്യവും പാട്ടും അളന്നിട്ട മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെ മുഴുവന്‍ അവര്‍ എലിമിനേറ്റു ചെയ്ത് അഗണ്യകോടിയില്‍ തള്ളി. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു എന്ന കുറ്റമാണ് അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടത്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതവാസനയും ഇല്ലാത്തവര്‍ക്ക് അക്ഷരശ്ലോകരംഗത്തു യാതൊരു രക്ഷയും ഇല്ലെന്ന അവസ്ഥയായി. ഇതൊക്കെ ഉള്ളവര്‍ക്കു തുരുതുരെ അച്ചുമൂളിയാലും ജയിക്കാം എന്ന അവസ്ഥയും ഉണ്ടായി.

യഥാര്‍ത്ഥത്തില്‍ ഇവരുടെ സിദ്ധാന്തം ശരിയാണോ? അല്ലേയല്ല. ആന പിണ്ടമിടുന്നതു കണ്ടിട്ടു മുയല്‍ മുക്കുന്നതു പോലെയുള്ള ഒരു മൂഢപ്രവൃത്തിയാണ് ഇവരുടേത്. യേശുദാസിനു വയലാര്‍ രാമവര്‍മ്മ എഴുതിയ സാഹിത്യം ജനങ്ങളില്‍ എത്തിച്ച് ഇത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടു വള്ളത്തോളും ആശാനും എഴുതിയ സാഹിത്യം ജനങ്ങളില്‍ എത്തിച്ച്ചു സമാനമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൂടാ എന്നാണ് ഈ അല്പബുദ്ധികള്‍ ചിന്തിച്ചത്.

യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ല. അതില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. ചതുരംഗം കളി പോലെ ഒരു വിനോദം മാത്രമാണ് അക്ഷരശ്ലോകം. ചതുരംഗം കളിക്കാര്‍ യുദ്ധരംഗത്തുനിന്നു കടമെടുത്ത ആന, കുതിര, തേര് മുതലായ സേനാംഗങ്ങളെ കരുക്കളായി ഉപയോഗിക്കുമ്പോള്‍ അക്ഷരശ്ലോകക്കാര്‍ സാഹിത്യരംഗത്തു നിന്നു കടമെടുത്ത അനുഷ്ടുപ്പിതര ശ്ലോകങ്ങളെ കരുക്കളായി  ഉപയോഗിക്കുന്നു. അച്ചുമൂളാതെ ചൊല്ലി ജയിക്കുക എന്നതാണ് അക്ഷരശ്ലോകക്കാരുടെ ലക്ഷ്യം. അച്ചുമൂളിയവര്‍ക്കു ജയിക്കാന്‍ യാതൊരവകാശവും ഇല്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലി, ഭംഗിയായി അവതരിപ്പിച്ചു, ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു എന്നൊക്കെ പറഞ്ഞ് അച്ചുമൂളിയവരെ ജയിപ്പിക്കുന്നതു ശുദ്ധ വിവരക്കേടാണ്.

അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധഃപതിപ്പിക്കുക മാത്രമാണ് ഈ പുരോഗമനവാദികളായ കലാകോവിദന്മാര്‍ ചെയ്തത്. ഇവര്‍ തലകുത്തിനിന്ന് എത്ര തപസ്സു ചെയ്താലും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന കാര്യത്തില്‍ പാട്ടുകാരുടെ ഏഴയലത്തു പോലും എത്താന്‍ കഴിയുകയില്ല. പിന്നെ എന്തിന് ഈ മൂഢമായ അനുകരണഭ്രമം?