അച്ചു മൂളിയവരെ ജയിപ്പിക്കല്‍ എന്ന “വമ്പിച്ച പുരോഗമനം” എങ്ങനെ നിലവില്‍ വന്നു?

അക്ഷരശ്ലോകമത്സരത്തില്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ചതുരംഗമത്സരത്തില്‍ അടിയറവു പറഞ്ഞവനെ ജയിപ്പിച്ചാല്‍ എത്രത്തോളം അപരാധം ആകുമോ അത്രത്തോളം അപരാധമാണ് ഇതും.

എങ്കിലും ഇപ്പോള്‍ ചില ഉന്നതന്മാര്‍ യാതൊരു ഉളുപ്പും ഇല്ലാതെ ഈ മഹാപരാധം ചെയ്യുന്നു. ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളും അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഇത്തരം ദുഷ്പ്രവണതകള്‍ എങ്ങനെയാണ് ഉടലെടുക്കുന്നത് എന്ന് നീതി പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഒരിടത്തു നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുണ്ടായിരുന്നു. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ആയിരുന്നതിനാല്‍ ഒട്ടും ബന്തവസ്സ്‌ ഉണ്ടായിരുന്നില്ല. ഭിത്തിക്കു പകരം നാലുപാടും പ്ലാസ്റ്റിക് ഷീറ്റ് ആയിരുന്നു. പക്ഷേ ഒരു വാച്ച്മാന്‍ ഉണ്ടായിരുന്നു. ഒരു ദിവസം കട അടച്ച ശേഷം രാത്രിയില്‍ നൂറോളം പേര്‍ അതുവഴി കടന്നു പോയി. വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ ആണത്രേ. അവരില്‍ ഒരാള്‍ കടയില്‍ നിന്ന് എന്തോ ഒരു സാധനം കൈക്കലാക്കി. ഇതു കണ്ട മറ്റുള്ളവരും കിട്ടിയതെല്ലാം എടുക്കാന്‍ തുടങ്ങി. വാച്ച്മാന്‍ വിലക്കിയെങ്കിലും ആരും വകവച്ചില്ല. “ഞങ്ങള്‍ വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമേ ഞങ്ങള്‍ എടുക്കുന്നുള്ളൂ” എന്നൊക്കെ ചില ന്യായീകരണങ്ങള്‍ പറഞ്ഞുകൊണ്ട് എല്ലാവരും എടുക്കാവുന്നത്ര സാധനങ്ങള്‍ എടുത്തുകൊണ്ടു പോയി. വാച്ച്മാനു നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

വെള്ളപ്പൊക്കദുരിതാശ്വാസത്തിനു വേണ്ടി എന്നു പറഞ്ഞു കൊണ്ടു പട്ടാപ്പകല്‍ കടകളില്‍ ചെന്ന് ഉടമസ്ഥന്‍റെ സമ്മതമില്ലാതെ ചാക്കു കണക്കിനു സാധനങ്ങള്‍ വാരിക്കൊണ്ടു പോയ സംഭവങ്ങളും ഉണ്ടായി. ഉടമസ്ഥര്‍ക്കു നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു.

തെറ്റിനെ ന്യായീകരിക്കാന്‍ ഒരു ചെറിയ പിടിവള്ളി കിട്ടിയാല്‍ മതി ചിലര്‍ യാതൊരു മറയും ഇല്ലാതെ ഹീനമായ തെറ്റുകള്‍ ചെയ്യും. ഇങ്ങനെയാണു കൊള്ളരുതായ്മകള്‍ ഉത്ഭവിക്കുന്നതും തഴച്ചു വളരുന്നതും.

ഒരാള്‍ ഒരു തെറ്റു ചെയ്യുകയും അയാള്‍ക്ക് അതുകൊണ്ടു നേട്ടം ഉണ്ടാവുകയും ചെയ്താല്‍ മറ്റുള്ളവരും ആ തെറ്റ് ആവര്‍ത്തിക്കും. മുന്‍ഗാമിയുടെ പ്രവൃത്തി അവര്‍ സ്വന്തം പ്രവൃത്തിക്കു ന്യായീകരണമായി പൊന്തിച്ചു കാട്ടുകയും ചെയ്യും. ബക്കറ്റു മോഷ്ടിച്ചവന്‍റെ ന്യായീകരണം മറ്റൊരുവന്‍ മഗ്ഗ് മോഷ്ടിച്ചു എന്നതാണ്.

തെറ്റു തടയാന്‍ ബാദ്ധ്യതയുള്ളവര്‍ക്ക് അതിനുള്ള ശക്തി ഇല്ലാതെ വന്നാല്‍ തെറ്റു ശരിയായി മാറും. ഇതു തന്നെയാണ് അക്ഷരശ്ലോകരംഗത്തും സംഭവിച്ചത്. ഏതോ ഒരു ദേശത്ത് അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാത്ത ഉന്നതനായ ഏതോ ഒരു മഠയന്‍ അക്ഷരശ്ലോകമത്സരം എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു മത്സരം നടത്തി. ഉളുപ്പില്ലാത്ത ആ മഠയന്‍ തുരുതുരെ അച്ചു മൂളിയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും പുറത്താക്കാതെ മത്സരത്തില്‍ തുടരാന്‍ അനുവദിക്കുകയും അവസാനം അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്തു. “അച്ചു മൂളിയെങ്കിലും അവര്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വാദ്യമായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു” എന്ന് ഒരു ന്യായീകരണവും വച്ചു കാച്ചി. ഉന്നതന്‍ ചെയ്തതു നൂറു ശതമാനം ശരിയാണെന്നു വാദിക്കാന്‍ തയ്യാറായി ധാരാളം തല്‍പ്പരകക്ഷികള്‍ മുന്നോട്ടു വന്നു. ഉന്നതന്‍റെ ധീരമായ നടപടി വമ്പിച്ച പുരോഗമനവും വിപ്ലവകരമായ നവോത്ഥാനവും ഒക്കെ ആണെന്നു പറഞ്ഞ് അയാളെ വാനോളം പുകഴ്ത്താന്‍ സ്തുതിപാഠകന്മാര്‍ പരസ്പരം മത്സരിച്ചു. “തോറ്റ” മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും ഈ സാഹചര്യത്തില്‍ ആ ഉന്നതനെയും കൂട്ടരെയും എതിര്‍ക്കാന്‍ ശക്തിയുണ്ടായില്ല. അവര്‍ മുന്‍പറഞ്ഞ വാച്ച്മാനെയും കടയുടമകളെയും പോലെ നിസ്സഹായരായി നോക്കി നിന്നു.

അന്നുമുതല്‍ അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നത് ഒരു കീഴ് വഴക്കമായി മാറി. ഈ കൊള്ളരുതായ്മയെ ആരെതിര്‍ത്താലും തല്‍പരകക്ഷികള്‍ക്കു പുല്ലുവിലയാണ്. “ഇന്ന സ്ഥലത്തെ ഉന്നതനായ ഇന്നാര് അച്ചു മൂളിയവരെ ജയിപ്പിച്ചിട്ടുണ്ടല്ലോ. പിന്നെ ഞങ്ങള്‍ക്ക് എന്താ അങ്ങനെ ചെയ്താല്‍?” എന്നും മറ്റുമുള്ള ന്യായീകരണങ്ങളും കേള്‍ക്കാം. നാലു പ്രാവശ്യം അച്ചു മൂളിയ ശിങ്കിടിയെ ജയിപ്പിച്ചവന്‍റെ ന്യായീകരണം പണ്ടേതോ ഉന്നതന്‍ രണ്ടു പ്രാവശ്യം അച്ചു മൂളിയ കണ്ണിലുണ്ണിയെ ജയിപ്പിച്ചു എന്നതാണ്.

ദുരിതാശ്വാസം എന്ന സദുദ്ദേശം ഉണ്ടെങ്കില്‍ കടകള്‍ കൊള്ളയടിക്കുന്നതില്‍ തെറ്റില്ല എന്നു പറയുന്നതു പോലെ അസംബന്ധമാണ് ആസ്വാദ്യത വര്‍ദ്ധിപ്പിക്കല്‍ എന്ന സദുദ്ദേശം ഉണ്ടെങ്കില്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു പറയുന്നത്.

ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടാകാം “ഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം. നാളത്തെ ശാസ്ത്രമതാകാം അതില്‍ മൂളായ്ക സമ്മതം രാജന്‍!” എന്നു കവി പാടിയത്.

ഒരു മഠയന്‍ ഒരു മഠത്തരം കാട്ടി നേട്ടം ഉണ്ടാക്കിയാല്‍ ആയിരം മഠയന്മാര്‍ അത് ആവര്‍ത്തിക്കും. പിന്നെ അതൊരു കീഴ് വഴക്കവും നിയമവും ഒക്കെ ആകും. മഠയന്മാര്‍ കാട്ടുന്ന മഠത്തരങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ ഇതാണു കുഴപ്പം. നഖം കൊണ്ടു നുള്ളിക്കളയാവുന്ന പടുമുള മരമായി മാറും. പിന്നെ അതിനെ മുറിച്ചു കളയണമെങ്കില്‍ കോടാലി വേണ്ടി വരും.