മൂല്യം കുറഞ്ഞവര്‍ ഇല്ല

“പട്ടരില്‍ പൊട്ടരില്ല” എന്നൊരു പഴഞ്ചൊല്ലുണ്ട്. തമിഴ് ബ്രാഹ്മണന്മാര്‍ എല്ലാവരും ബുദ്ധിമാന്‍മാരാണെന്നു സാരം. ഒരു ജോലിക്ക് അപേക്ഷിച്ച ആള്‍ ഒരു അയ്യരാണെങ്കില്‍ ഇന്റര്‍വ്യൂവില്‍ അയാളുടെ ബുദ്ധി പരീക്ഷിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു സമയം കളയേണ്ട ആവശ്യമില്ല. വേണ്ടത്ര ബുദ്ധി ഉണ്ടായിരിക്കും എന്നു നൂറു ശതമാനം ഉറപ്പായി വിശ്വസിക്കാം.

ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളമുണ്ട്. “വോട്ടര്‍മാരില്‍ വിവേകം ഇല്ലാത്തവര്‍ ഇല്ല” എന്നതും അത്തരത്തില്‍ ഉള്ള ഒരു പൊതുസത്യമാണ്. പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ വരുന്ന ഒരാള്‍ മരമണ്ടനും നിരക്ഷരകുക്ഷിയും ഒക്കെ ആയിരിക്കാം. എങ്കിലും അയാളെ വിവേകമില്ലാത്തവന്‍ എന്നു മുദ്ര കുത്തി വോട്ടവകാശം നിഷേധിക്കുകയോ അയാളുടെ വോട്ടിനു കുറഞ്ഞ മൂല്യം കല്‍പ്പിച്ചു വോട്ടെണ്ണുകയോ ചെയ്യാന്‍ പാടില്ല. ബുദ്ധിയുള്ളവരാരും അങ്ങനെ ചെയ്യുകയില്ല.

“അക്ഷരശ്ലോകക്കാരുടെ ഇടയില്‍ മൂല്യം കുറഞ്ഞവര്‍ ഇല്ല” എന്നതും മേല്‍പ്പറഞ്ഞതിനു സമാനമായ ഒരു പൊതുസത്യമാണ്. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കിയും അക്ഷരനിബന്ധന പാലിച്ചും വൃത്തഭംഗം, വ്യാകരണത്തെറ്റു, ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങള്‍ ഒന്നും ഇല്ലാതെയും ഉടനുടന്‍ ശ്ലോകങ്ങള്‍ സ്വന്തം ഓര്‍മ്മയില്‍ നിന്നു തെരഞ്ഞെടുത്തു ചൊല്ലാന്‍ കഴിവുള്ള ഒരാള്‍ എങ്ങനെ മൂല്യം കുറഞ്ഞവന്‍ ആകും? സ്വരമാധുര്യം ഇല്ലാത്തതുകൊണ്ടും പാട്ടറിഞ്ഞുകൂടാത്തതുകൊണ്ടും മൂല്യം കുറഞ്ഞവന്‍ ആകുമോ? കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു ചൊല്ലുന്നതിനു പകരം സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലിയാല്‍ മൂല്യം കുറഞ്ഞവന്‍ ആകുമോ?

1955നു മുമ്പ് ആരും അക്ഷരശ്ലോകക്കാരുടെ മൂല്യം അളന്നിരുന്നില്ല. ഇപ്പോള്‍ ചിലര്‍ അളക്കുന്നു. നമുക്ക് അവരോടു സഹതപിക്കാം.

വിദഗ്ദ്ധന്‍മാരും പ്രഗല്ഭന്‍മാരും പ്രതിഭാശാലികളും

തൃശ്ശൂരിലെ സര്‍വ്വജ്ഞന്മാരായ മഹാപണ്ഡിതന്മാര്‍ക്കു 1955ല്‍ പെട്ടെന്ന് ഒരു ഭൂതോദയം ഉണ്ടായി. അക്ഷരശ്ലോകമത്സരങ്ങളില്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും മാത്രമേ ജയിക്കാന്‍ പാടുള്ളൂ. അക്കാര്യം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ പുരോഗമനം ഉണ്ടാവുകയുള്ളൂ. ദീര്‍ഘകാലം തല പുകഞ്ഞ് ആലോചിച്ചും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയും അവര്‍ അതിനുള്ള ഒരു നൂതനമാര്‍ഗ്ഗം ആവിഷ്കരിച്ചു. അതാണു മാര്‍ക്കിടല്‍. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം മുതലായ കനപ്പെട്ട മേന്മകള്‍ എല്ലാം അളന്നു മാര്‍ക്കിടുക. എന്നിട്ടു മാര്‍ക്കു കൂടുതല്‍ ഉള്ളവരെ ജയിപ്പിക്കുക. അപ്പോള്‍ ജയിക്കുന്നവര്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആയിരിക്കും എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്‌.

ചിലപ്പോള്‍ പല പ്രാവശ്യം അച്ചു മൂളി മിഴിച്ചിരുന്നവര്‍ക്കായിരിക്കും മാര്‍ക്കു കൂടുതല്‍ കിട്ടുന്നത്. എന്നാലെന്ത്? അവര്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും അല്ലേ? അതുകൊണ്ട് അവര്‍ തന്നെയാണു ജയിക്കേണ്ടത്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

പാണ്ഡിത്യം സിന്ദാബാദ്‌!  തൃശ്ശൂര്‍ സിദ്ധാന്തം സിന്ദാബാദ്‌!!  പുരോഗമനം സിന്ദാബാദ്‌!!!