മൂല്യം കുറഞ്ഞ ശ്ലോകം എന്നൊന്നുണ്ടോ?

അക്ഷരശ്ലോകത്തില്‍ മൂല്യം കുറഞ്ഞ ശ്ലോകം എന്നും മൂല്യം കൂടിയ ശ്ലോകം എന്നും ഒരു വിഭജനം ഉണ്ടോ? ഇല്ല എന്നതാണു വാസ്തവം. മറ്റ് ഏതു തുറയില്‍ വേണമെങ്കിലും അങ്ങനെയൊരു വിഭജനം ഉണ്ടാകാം. പക്ഷേ അക്ഷരശ്ലോകത്തില്‍ ഇല്ല. ഉണ്ടാകാനും പാടില്ല. വ എന്ന അക്ഷരം കിട്ടുമ്പോള്‍ ഒരാള്‍

വാടാ നമുക്കൊന്നു പിണങ്ങി നോക്കാം
പേടിച്ചു മണ്ടുന്നവനല്ലെടോ ഞാന്‍
മൂഢത്വമോരോന്നു പറഞ്ഞു വന്നാല്‍
താഡിച്ചു ഞാന്‍ നിന്നെ ശരിപ്പെടുത്തും

എന്നതു പോലെ ഒരു ശ്ലോകം പെട്ടെന്ന് ഉണ്ടാക്കി ചൊല്ലുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അതു മൂല്യം കുറഞ്ഞ ശ്ലോകമാണെന്നു വിധിച്ച് അയാളെ താഴ്ത്തിക്കെട്ടാന്‍ പാടുണ്ടോ? പാടില്ല. അതു നിയമവിരുദ്ധമാണ്. വിവരക്കേടാണ്. ഇതേ സാഹചര്യത്തില്‍ ഒരാള്‍

വാഗര്‍ത്ഥാവിവ സംപൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗതഃ പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ

എന്ന സുപ്രസിദ്ധമായ കാളിദാസശ്ലോകം ചൊല്ലുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അതു മൂല്യം കൂടിയ ശ്ലോകം ആണെന്നു വിധിച്ച്‌ അയാള്‍ക്കു മുന്തിയ പരിഗണന കൊടുക്കാന്‍ പാടുണ്ടോ? പാടില്ല. അതും നിയമവിരുദ്ധമാണ്. ആലോചനാശൂന്യതയാണ്.

അപ്പോള്‍ മൂല്യം കൂടിയ ശ്ലോകം, മൂല്യം കുറഞ്ഞ ശ്ലോകം എന്നൊക്കെ പറയുന്നതിനു വല്ല അര്‍ത്ഥവും ഉണ്ടോ? ഇല്ല. അക്ഷരശ്ലോകത്തില്‍ അങ്ങനെ ഒരു വിഭജനത്തിനു യാതൊരു പ്രസക്തിയും ഇല്ല.

പിന്നെ എന്തു വിഭജനമാണ് ഉള്ളത്? സ്വീകാര്യമായ ശ്ലോകങ്ങള്‍ എന്നും അസ്വീകാര്യമായ ശ്ലോകങ്ങള്‍ എന്നും വിഭജനമുണ്ട്. അങ്ങനെ മാത്രമേ വിഭജനം ഉള്ളൂ. മേല്‍പ്പറഞ്ഞ രണ്ടു ശ്ലോകങ്ങള്‍ തന്നെ ഉദാഹരണമായി പരിഗണിക്കാം. വാടാ നമുക്കൊന്നു പിണങ്ങി നോക്കാം എന്ന ശ്ലോകം സ്വീകാര്യവും വാഗര്‍ത്ഥാവിവ എന്നത് അസ്വീകാര്യവും ആണ്.

പിന്നെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ഉന്നതന്മാര്‍ ചിലരെ മൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലി എന്നു പറഞ്ഞ് എലിമിനേറ്റു ചെയ്യുന്നതോ? അത് അവരുടെ വിവരക്കേട്.

മൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ഇല്ലാത്തതു പോലെ മൂല്യം കുറഞ്ഞ അക്ഷരശ്ലോകക്കാരും ഇല്ല. സ്വരമാധുര്യവും പാട്ടും ഉള്ളവര്‍ മൂല്യം കൂടിയവര്‍ എന്നും അതൊന്നും ഇല്ലാത്തവര്‍ മൂല്യം കുറഞ്ഞവര്‍ എന്നും ഒരു വിഭജനം മുന്‍പറഞ്ഞ സര്‍വ്വജ്ഞന്മാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതോ? അതും വിവരക്കേടു തന്നെ.

തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ അക്ഷരശ്ലോകക്കാരും മൂല്യം ഉള്ളവരാണ്. അവരുടെ കൂട്ടത്തില്‍ മൂല്യം കുറഞ്ഞവര്‍ ആരുംതന്നെ ഇല്ല. വോട്ടര്‍മാര്‍ എല്ലാവരും ഒരുപോലെ മൂല്യമുള്ളവരാണ്. അവരില്‍ ആരും മൂല്യം കുറഞ്ഞവര്‍ അല്ല. അതുപോലെയാണ് അക്ഷരശ്ലോകക്കാരും.

സ്വീകാര്യമായ എല്ലാ ശ്ലോകങ്ങള്‍ക്കും ഒരുപോലെ മൂല്യമുണ്ട്. തെറ്റുകൂടാതെ അത്തരം ശ്ലോകങ്ങള്‍ ചൊല്ലുന്ന എല്ലാവര്‍ക്കും ഒരുപോലെ മൂല്യമുണ്ട്.

അങ്ങനെയാണെങ്കില്‍ പരാജിതരെ എങ്ങനെ കണ്ടുപിടിക്കും? അതിനാണ് അച്ചു മൂളല്‍. അച്ചു മൂളിയവന്‍ പരാജിതന്‍.

ഇതാണ് അക്ഷരശ്ലോകത്തിന്‍റെ ബാലപാഠം. ഇത് അറിയാവുന്നവര്‍ക്കു “മൂല്യനിര്‍ണ്ണയം” എന്ന കോപ്രായം ആവശ്യമില്ല.

നട്ടെല്ലില്ലായ്മ ദുഃഖകാരണം.

അദ്ധ്യാപകന്മാരുടെ ദുഃഖങ്ങള്‍ക്കു കാരണം അവരുടെ നട്ടെല്ലില്ലായ്മ ആണെന്നു പറയുന്ന ഒരു ശ്ലോകം അടുത്തിടെ കേട്ടു. കിട്ടില്ലാ ജോലി ചെയ്താല്‍ പ്രതിഫല,മതുമല്ലിങ്ങു ദാഹിച്ച വെള്ളം * കിട്ടില്ലാ വേനലായാല്‍, സകലതുമിവിടെക്കേശവാ മോശമാണേ * മറ്റെല്ലാം പോട്ടെ, കണ്ടാല്‍ പുരുഷസദൃശരായ് തോന്നുമദ്ധ്യാപകര്‍ക്കായ്‌ * നട്ടെല്ലോരോന്നു നല്‍കാന്‍ കനിയണമവിടുന്നെന്‍റെ വാതാലയേശാ.

അദ്ധ്യാപകരെക്കാള്‍ നട്ടെല്ലില്ലാത്ത ഒരു വര്‍ഗ്ഗം കേരളത്തിലുണ്ട്. അതാണ് അക്ഷരശ്ലോകക്കാര്‍. അതുകൊണ്ടു ഞാന്‍ ഈ ശ്ലോകത്തിന് ഒരു പാരഡിയുണ്ടാക്കി. കിട്ടില്ലാ പാടുപെട്ടാല്‍ ഫല,മതിമിനുസം ശബ്ദവും പാട്ടുമുള്ളോര്‍ * തട്ടിക്കൊണ്ടങ്ങു പോകും ജയ,മിഹ സകലം കേശവാ മോശമാണേ * മറ്റെല്ലാം പോട്ടെ, കണ്ടാല്‍ പുരുഷസദൃശരാമക്ഷരശ്ലോകികള്‍ക്കായ് * നട്ടെല്ലോരോന്നു നല്‍കാന്‍ കനിയണമവിടുന്നെന്‍റെ വാതാലയേശാ.

20 റൗണ്ട് ഉള്ള മത്സരത്തില്‍ 18 റൗണ്ട് ചൊല്ലിയ മധുരസ്വരക്കാരി “ജയിച്ചു” സമ്മാനവും കൊണ്ടു പോകും. 20 റൗണ്ടിലും ശ്ലോകം ചൊല്ലിയ പുരുഷകേസരികള്‍ വിധി അംഗീകരിച്ചു മിണ്ടാതെ തിരിച്ചു പൊയ്ക്കൊള്ളും. എങ്ങനെ മിണ്ടും? ഉന്നതന്മാരാണു വിധിച്ചത്. അവരുടെ വിധിക്ക് എതിരായി വല്ലതും മിണ്ടിപ്പോയാല്‍ “നാല്‍ക്കാലി ശ്ലോകം ചൊല്ലുന്നവര്‍” “ഭംഗിയില്ലാതെ ചൊല്ലുന്നവര്‍” “ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവില്ലാത്തവര്‍” എന്നൊക്കെ പരിഹസിച്ചു നാണം കെടുത്തിക്കളയും. അതിനെക്കാള്‍ നല്ലതു മിണ്ടാതെ സഹിക്കുന്നതല്ലേ? ഇങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

അക്ഷരശ്ലോകം എന്നു പറഞ്ഞുകൊണ്ടു മത്സരം നടത്തിയിട്ട് അച്ചു മൂളിയവരെ ജയിപ്പിക്കുന്നവന്‍ എത്ര വലിയ ഉന്നതനായാലും അവന്‍ കാണിക്കുന്നതു കടുത്ത അനീതിയാണ്. അനീതി സഹിച്ച് അവന്‍റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതാണു നല്ലത് എന്നു കരുതുന്ന നട്ടെല്ലില്ലാത്തവര്‍ ഈ പ്രസ്ഥാനത്തിനു തന്നെ ശാപമാണ്.

യുവജനോത്സവത്തിലെ അക്ഷരശ്ലോകമത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജയിക്കൂ. എന്നാലും ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഒരക്ഷരവും മിണ്ടാതെ വിധി അംഗീകരിച്ചു തിരികെ പോകും. എന്തുകൊണ്ടു പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നു എന്നു ചോദിക്കുന്ന ഒരാളെപ്പോലും കണ്ടിട്ടില്ല.

ഈ സാഹചര്യത്തില്‍ അക്ഷരശ്ലോകക്കാര്‍ക്കെതിരെ അധികാരപ്രമത്തന്മാരായ ഉന്നതന്മാര്‍ നിരന്തരമായി ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്നതില്‍ വല്ല അത്ഭുതവും ഉണ്ടോ?

അക്ഷരശ്ലോകം തങ്ങളുടെ തറവാട്ടുസ്വത്താണെന്നും തങ്ങളുടെ ഔദാര്യത്തിനു വേണ്ടി കാത്തുകെട്ടി കിടക്കുന്ന അഗതികളാണ് അക്ഷരശ്ലോകക്കാര്‍ എന്നും ഒക്കെയാണ് ഈ ഉന്നതന്മാരുടെ ഭാവം.

അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും പഠിക്കാതെ സര്‍വ്വജ്ഞന്‍ ചമഞ്ഞു കയറി വരുന്ന ഏതു പൊങ്ങച്ചക്കാരനും അക്ഷരശ്ലോകക്കാരുടെ മേല്‍ കുതിര കയറാം എന്ന് ആയിരിക്കുന്നു. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ കുറേ ചപ്പടാച്ചികള്‍ തട്ടിവിട്ടാല്‍ അക്ഷരശ്ലോകക്കാരെ വരുതിയില്‍ നിര്‍ത്താം എന്നാണ് അവരുടെ വിചാരം. ഇത് ഇങ്ങനെ തുടരാന്‍ അനുവദിച്ചുകൂടാ.

ധിക്കാരം, ധാര്‍ഷ്ട്യം, അവകാശലംഘനം, നീതിനിഷേധം ഇതൊക്കെ കാണിക്കുന്നവന്‍ എത്ര വലിയ ഉന്നതന്‍ ആയാലും അവനെതിരെ നട്ടെല്ലു നിവര്‍ത്തി നിന്നു പ്രതികരിക്കുക തന്നെ വേണം. അലംഭാവം കാണിച്ചാല്‍ നിങ്ങളുടെ സകല അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും. നിങ്ങള്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടും.

സ്വരമാധുര്യവും പാട്ടും ഉള്ളവര്‍ മുന്‍പറഞ്ഞ ഉന്നതന്മാരുടെ പിന്‍ബലത്തോടെ “ഞങ്ങള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാരാണ്” എന്ന് അവകാശപ്പെട്ടു ഞെളിയുമ്പോള്‍ അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കാതെ “നിങ്ങള്‍ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ അല്ല. ശ്ലോകപ്പാട്ടുവിദഗ്ദ്ധന്മാര്‍ മാത്രമാണ്. അച്ചു മൂളാതെ ചൊല്ലുന്ന ഞങ്ങളാണ് അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍” എന്നു നട്ടെല്ലു നിവര്‍ത്തി നിന്നു ധൈര്യപൂര്‍വ്വം പറയണം. പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഈ രംഗത്തു നിന്നു തൂത്തെറിയപ്പെടും.

അതുകൊണ്ടു “കണ്ടാല്‍ പുരുഷസദൃശരായ് തോന്നുന്നവര്‍” ആകാതെ യഥാര്‍ത്ഥപുരുഷന്മാര്‍ ആകുക. നീതി നിഷേധിച്ച ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചതു പോലെ നീതി നിഷേധിക്കുന്ന ഈ അക്ഷരശ്ലോകത്തമ്പ്രാക്കന്മാരെയും കെട്ടുകെട്ടിക്കുക.