ഏതു തരം ശ്ലോകങ്ങളാണു പഠിക്കേണ്ടത്?

അക്ഷരശ്ലോകക്കാര്‍ ഏതു തരം ശ്ലോകങ്ങളാണ് പഠിക്കേണ്ടത്? ഈ ചോദ്യത്തിനു പല ഉത്തരങ്ങളും ലഭിക്കും. മിക്ക ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും പറയുന്നതു സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കണം എന്നാണ്(അവരുടെ പ്രശംസയും മാര്‍ക്കും നേടാനാണല്ലോ നാം ശ്ലോകം ചൊല്ലുന്നത്). ചില കലാകോവിദന്മാര്‍ പറയുന്നതു ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കണം എന്നാണ് (ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്റെ ഏക ലക്‌ഷ്യം).

എന്നാല്‍ യഥാര്‍ത്ഥ്യം ഇതില്‍ നിന്നൊക്കെ വളരെ അകലെയാണ്. അക്ഷരശ്ലോകക്കാര്‍ക്കു ശ്ലോകം തെരഞ്ഞെടുക്കാന്‍ സമ്പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ട്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഏതു ശ്ലോകവും തെരഞ്ഞെടുത്തു പഠിക്കാം. ജഡ്ജിമാര്‍ക്ക് ഇഷ്ടപ്പെടുമോ ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെടുമോ ഉന്നതന്മാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കേണ്ട യാതൊരാവശ്യവും ഇല്ല.

അക്ഷരം യോജിക്കണം, അനുഷ്ടുപ്പ് പാടില്ല മുതലായ നിയമങ്ങള്‍ക്കു വിധേയമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതു ശ്ലോകവും പഠിക്കാനും ചൊല്ലാനും ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌. അതില്‍ സാഹിത്യമൂല്യം കുറവായാലും യാതൊരു കുഴപ്പവും ഇല്ല. ചിലപ്പോള്‍ നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ശ്ലോകം ആയിരിക്കാം. അതു വെറും നാല്‍ക്കാലിയാണെന്നു നിരൂപകന്മാര്‍ പഴിച്ചേക്കാം. അതൊന്നും ഒരു പ്രശ്നമേ അല്ല. അക്ഷരം ഒക്കുന്നതും അനുഷ്ടുപ്പ് അല്ലാത്തതും ആയ ഒരു ശ്ലോകം സ്വന്തം ഓര്‍മ്മയില്‍ നിന്നു ചൊല്ലണം എന്നു മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. “ഈ ശ്ലോകം എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞാന്‍ ഇയാളെ അക്ഷരശ്ലോകവിദഗ്ദ്ധനായി അംഗീകരിക്കുകയില്ല” എന്നു പറയാന്‍ ഒരു ജഡ്ജിക്കും അധികാരമില്ല. വിവരമുള്ള ഒരു ജഡ്ജിയും അങ്ങനെ പറയുകയും ഇല്ല.

ശ്ലോകമോ അതു ചൊല്ലിയ ശൈലിയോ ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞു നിങ്ങളെ എലിമിനേറ്റു ചെയ്യുന്നവന്‍ നിങ്ങളോടു കടുത്ത അനീതിയാണു കാണിക്കുന്നത്. അനീതി കാണിക്കുന്നവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നാല്‍ കൂടുതല്‍ കൂടുതല്‍ അനീതി സഹിക്കേണ്ടി വരും.

ഒരു ശ്ലോകം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അതാണ് ഏറ്റവും വലിയ കാര്യം. അതിനെക്കാള്‍ വലുതായി മറ്റൊന്നും ഇല്ല. അക്ഷരശ്ലോകവേദിയിലെ രാജാവു ശ്ലോകം ചൊല്ലുന്നവനാണ്. അവന്‍റെ ഇഷ്ടത്തിനെക്കാള്‍ ഉയരത്തിലല്ല ജഡ്ജിമാരുടെയോ ആസ്വാദകന്മാരുടെയോ പ്രാസംഗികന്മാരുടെയോ ഇഷ്ടം. നഴ്സറി സ്കൂളിലെ രാജാവു ശിശുവാണ്. അദ്ധ്യാപികയോ ഹെഡ്മാസ്റ്ററോ മാനേജരോ ആരുമല്ല. സ്കൂള്‍ സ്ഥാപിച്ചിരിക്കുന്നതു തന്നെ ശിശുവിനു വേണ്ടിയാണ്. ശമ്പളം വാങ്ങുന്നവര്‍ക്കോ ഭരിക്കുന്നവര്‍ക്കോ വേണ്ടിയല്ല. അതുപോലെ അക്ഷരശ്ലോകം സൃഷ്ടിച്ചതു ശ്ലോകം ചൊല്ലുന്നവര്‍ക്കു വേണ്ടിയാണ്. ശ്ലോകത്തെപ്പറ്റി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന ഉന്നതന്മാര്‍ക്കോ മാര്‍ക്കിട്ട് എലിമിനേറ്റു ചെയ്യുന്ന ജഡ്ജിമാര്‍ക്കോ ഉപദേശങ്ങള്‍ തട്ടി മൂളിക്കുന്ന ആസ്വാദകവരേണ്യന്മാര്‍ക്കോ വേണ്ടിയല്ല. നിങ്ങള്‍ ചൊല്ലിയ ശ്ലോകത്തിനു മൂല്യം കുറവാണ് എന്നു പറഞ്ഞു നിങ്ങളെ ഇകഴ്ത്താനോ പുറന്തള്ളാനോ ലോകത്ത് ഒരു ശക്തിക്കും അധികാരമില്ല. ജഡ്ജിയായി വരുന്നവന്‍ ഉന്നതനോ സര്‍വ്വജ്ഞനോ പണ്ഡിതാഗ്രേസരനോ മഹാകവിയോ കലാകോവിദനോ കോടീശ്വരനോ ആരും ആയിക്കൊള്ളട്ടെ, അവന്‍റെ താല്‍പര്യം നിങ്ങളുടെ താല്‍പര്യത്തെക്കാള്‍ ഒട്ടും വലുതല്ല. നിങ്ങളുടെയും നിങ്ങള്‍ ചൊല്ലിയ ശ്ലോകത്തിന്റെയും മൂല്യം അളന്ന് അവന്‍ ഇടുന്ന മാര്‍ക്കിനു പുല്ലുവിലയേ നിങ്ങള്‍ കല്പ്പിക്കേണ്ടതുള്ളു.

ജഡ്ജിയായി വരുന്നവന്‍ ദേവേന്ദ്രനോ അവന്‍റെ അപ്പന്‍ മുത്തുപ്പട്ടര്‍ തന്നെയോ ആയാലും അവന്‍റെ ഇഷ്ടം നിങ്ങളുടെ ഇഷ്ടത്തെക്കാള്‍ വലുതല്ല. ത എന്ന അക്ഷരം കിട്ടുമ്പോള്‍ തീപ്പെട്ടി പണ്ടില്ല എന്ന ശ്ലോകം ചൊല്ലാനാണു നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ നിങ്ങള്‍ക്ക് അതു തന്നെ ചൊല്ലാന്‍ അനിഷേദ്ധ്യമായ അവകാശമുണ്ട്‌. നിങ്ങള്‍ അതു ചൊല്ലരുത് എന്നു പറയാനോ ചൊല്ലിയാല്‍ മൂല്യം കുറച്ചു കല്‍പ്പിച്ചു ശിക്ഷിക്കാനോ ലോകത്ത് ഒരു ശക്തിക്കും അധികാരമില്ല. ജഡ്ജി എത്ര വലിയവന്‍ ആയിരുന്നാലും ഇക്കാര്യത്തില്‍ അവന്‍റെ അഭിപ്രായം കുമ്പളങ്ങയുടെ മൂടായി കരുതിയാല്‍ മതി.

ഇന്‍ഡ്യാക്കാരെ വിലയില്ലാത്തവര്‍ എന്നു പറഞ്ഞു ചവിട്ടാന്‍  ബ്രിട്ടീഷുകാര്‍ക്ക് എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം മാത്രമേ അക്ഷരശ്ലോകക്കാരെ മൂല്യം കുറഞ്ഞവര്‍ എന്നു മുദ്ര കുത്തി പുറന്തള്ളാന്‍ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ഈ ഉന്നതന്മാര്‍ക്കും ഉള്ളൂ.

 

 

അക്ഷരശ്ലോകരംഗത്തെ ആപ്പര്‍ത്തീഡ്

പണ്ടു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ഉന്നതന്മാരും  കറുത്ത വര്‍ഗ്ഗക്കാര്‍ അധഃകൃതരും ആയി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്തു മഹാത്മാ ഗാന്ധി അവിടെയാണു താമസിച്ചിരുന്നത്. വെളുത്ത ഒരു ഉദ്യോഗസ്ഥന്റെ വീട്ടിനു മുന്നില്‍ക്കൂടി നടന്നു പോയി എന്ന കുറ്റത്തിന് അദ്ദേഹത്തിനു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ശരിയായ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ട്രെയിനിലെ ഒന്നാം ക്ലാസ്സ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് അദ്ദേഹത്തെ ഇറക്കി വിടുകയും ഉണ്ടായി. ഇത്തരം അനീതി നിറഞ്ഞ ആചരണത്തെ ആണ് ആപ്പര്‍ത്തീഡ് (apartheid) എന്നു പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും എല്ലാ സാഹചര്യങ്ങളിലും ഇത് ഉണ്ടാകും. നമ്മുടെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്ന തീണ്ടല്‍, തൊടീല്‍, അയിത്തം മുതലായവയും ഒരു തരത്തിലുള്ള ആപ്പര്‍ത്തീഡ് തന്നെ.

ബുദ്ധി, ഭരണാധികാരം, സ്വാധീനശക്തി, ധനം, തൊലിവെളുപ്പു മുതലായ എന്തെങ്കിലുമൊരു മേന്മ ഒരു കൂട്ടര്‍ക്ക് ഉണ്ടായാല്‍ അവര്‍ അതില്ലാത്തവരെ അധഃകൃതരായി കണക്കാക്കാന്‍ തുടങ്ങും. പുച്ഛം, പരിഹാസം, ഇടിച്ചുതാഴ്ത്തല്‍, ചവിട്ടിപ്പുറത്താക്കല്‍ മുതലായ എല്ലാ കൊള്ളരുതായ്മകളും അവര്‍ ആചരിച്ചു തുടങ്ങും. ആചാരം പിന്നീടു  നിയമവും അവകാശവും ശാസ്ത്രവും ഒക്കെ ആയി മാറും. അതാണ് “ഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതില്‍ മൂളായ്ക സമ്മതം രാജന്‍” എന്ന് ആശാന്‍ പാടിയത്.

ഇത്രയൊക്കെ പറഞ്ഞത് അക്ഷരശ്ലോകരംഗത്തും ഒരു തരം ആപ്പര്‍ത്തീഡ് ഉത്ഭവിച്ചതു കൊണ്ടാണ്. 1955 വരെ അക്ഷരശ്ലോകം സമത്വസുന്ദരം ആയ ഒരു സാഹിത്യവിനോദം ആയിരുന്നു. അവിടെ അധഃകൃതവര്‍ഗ്ഗക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ 1955 ല്‍ അക്ഷരശ്ലോകരംഗത്തും ഒരു തരം ആപ്പര്‍ത്തീഡ് നിലവില്‍ വന്നു. അതോടുകൂടി ചില അക്ഷരശ്ലോകക്കാര്‍ അധഃകൃതവര്‍ഗ്ഗക്കാര്‍ ആയി മാറുകയും ചെയ്തു.

ആരൊക്കെയാണ് അക്ഷരശ്ലോകരംഗത്തെ അധഃകൃതവര്‍ഗ്ഗക്കാര്‍?

  1. സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍.
  2. ശബ്ദമേന്മ കുറഞ്ഞവര്‍.
  3. പാട്ട് അറിഞ്ഞുകൂടാത്തവര്‍

അധഃകൃതവര്‍ഗ്ഗക്കാരെ കാത്തിരിക്കുന്നത് എന്താണ്? എലിമിനേഷന്‍, അവഗണന, നീതിനിഷേധം മുതലായ എല്ലാ കൊള്ളരുതായ്മകളും അവരെ കാത്തിരിക്കുന്നു. വിജയം അര്‍ഹിക്കുന്നവര്‍ പുറന്തള്ളപ്പെടുന്നു. യാതൊരര്‍ഹതയും ഇല്ലാത്തവര്‍ വാനോളം ഉയര്‍ത്തപ്പെടുന്നു. ഇതാണ് അക്ഷരശ്ലോകരംഗത്തെ ആപ്പര്‍ത്തീഡ്.

എലിമിനേറ്റു ചെയ്യപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ താഴ്ന്നവരാണോ? അല്ല. കൊമ്പത്തു കയറ്റപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നവരാണോ? അതുമല്ല. പിന്നെ ഈ അനാചാരം എങ്ങനെ നീതിയാകും? നീതിയാവുകയില്ല. ഒരു തരത്തിലുള്ള ആപ്പര്‍ത്തീഡും ഒരു തരത്തിലും നീതിയാവുകയില്ല.

സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്ന അക്ഷരശ്ലോകക്കാര്‍ താഴ്ന്നവരല്ല. അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന കൊടുക്കാനാണ് അക്ഷരശ്ലോകത്തിന്റെ നിയമം അനുശാസിക്കുന്നത്. സ്വരമാധുര്യം കുറഞ്ഞവരും താഴ്ന്നവരല്ല. അക്ഷരശ്ലോകം ചൊല്ലാന്‍ അവര്‍ക്ക് അനിഷേദ്ധ്യമായ അവകാശമുണ്ട്‌. പാട്ടറിഞ്ഞുകൂടാത്തവരും താഴ്ന്നവരല്ല. അക്ഷരശ്ലോകത്തില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല.

പിന്നെ എങ്ങനെ ഇവര്‍ എലിമിനേറ്റു ചെയ്യപ്പെടേണ്ട ഏഴാംകൂലികള്‍ ആകും? അതാണ് ആപ്പര്‍ത്തീഡ്. അതാണ് അനീതി. നീതി നിഷേധിക്കുന്നവരെ തിരിച്ചരിയുവിന്‍. നീതിക്കു വേണ്ടി പടവെട്ടുവിന്‍.

അക്ഷരശ്ലോകം എങ്ങനെ ശ്ലോകപ്പാട്ടായി?

അക്ഷരശ്ലോകം പടിപടിയായി പുരോഗമിച്ചു പുരോഗമിച്ചു ശ്ലോകപ്പാട്ടായി മാറിയ ചരിത്രസംഭവത്തിനു പിന്നിലെ നാഴികക്കല്ലുകള്‍ ഓരോന്നായി അക്കമിട്ടു നിരത്തുകയാണ് ഇവിടെ.

1. അക്ഷരശ്ലോകത്തിന്റെ ലക്‌ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നു മഹാപണ്ഡിതന്മാരായ ചില സര്‍വ്വജ്ഞന്മാര്‍ കണ്ടുപിടിച്ചു.

2. അതിനുള്ള മാര്‍ഗ്ഗം “നല്ല ശ്ലോകങ്ങള്‍” തെരഞ്ഞെടുത്തു “നന്നായി” അവതരിപ്പിക്കല്‍ ആണെന്ന് അവര്‍ ഉദ്ഘോഷിച്ചു.

3. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആരൊക്കെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും? കൂലങ്കഷമായി ചിന്തിച്ചും ദശാബ്ദങ്ങളോളം ഗവേഷണം നടത്തിയും അവര്‍ അതിനുള്ള മാര്‍ഗ്ഗവും കണ്ടുപിടിച്ചു. അതാണു മാര്‍ക്കിടല്‍. ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടുന്ന മത്സരാര്‍ത്ഥിയെ ആയിരിക്കും ജയിപ്പിക്കുക. മാര്‍ക്കു കുറഞ്ഞവരെ ആദ്യ ഘട്ടത്തില്‍ത്തന്നെ എലിമിനേറ്റു ചെയ്യും. എന്നു മാത്രമല്ല മാര്‍ക്കു കൂടുതലുള്ളവര്‍ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും.

4. ഇത്രയും വമ്പിച്ച പുരോഗമനങ്ങള്‍ ഉണ്ടായപ്പോള്‍ അക്ഷരശ്ലോകമല്‍സരങ്ങള്‍ നടക്കുന്ന ഹാളുകളിലേക്ക് ആസ്വാദകന്മാരുടെ തള്ളിക്കയറ്റം ആരംഭിച്ചു. “അച്ചുമൂളിയവര്‍ ജയിച്ചാലെന്ത്? ഞങ്ങള്‍ക്കു സാഹിത്യമൂല്യവും അവതരണഭംഗിയും ആസ്വദിച്ചാല്‍ മതി” എന്ന് അവര്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചു. സംസ്കൃതപണ്ഡിതന്മാര്‍, മഹാകവികള്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍, പത്രാധിപന്മാര്‍, നിരൂപകന്മാര്‍, ധനാഢ്യന്മാര്‍, പ്രതാപശാലികള്‍ മുതലായി സമൂഹത്തിലെ എല്ലാ ഉന്നതന്മാരും ഇങ്ങനെ പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

5. സര്‍വ്വജ്ഞന്മാര്‍ അഭിമാനവിജൃംഭിതരും പുളകിതരും ആയി. അക്ഷരശ്ലോകത്തിന്റെ ഉന്നമനത്തിനു വേണ്ടി ധനാഢ്യന്മാരായ വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന സ്വര്‍ണ്ണവും പണവും എല്ലാം അവരുടെ കയ്യില്‍ക്കൂടി മാത്രമേ കടന്നുപോവുകയുള്ളൂ എന്ന അവസ്ഥ ഉണ്ടായി. കലാപ്രേമികളായ അവര്‍ വര്‍ദ്ധിതവീര്യന്മാരായി തങ്ങളുടെ നിസ്വാര്‍ത്ഥസേവനം തുടര്‍ന്നുകൊണ്ടേയിരുന്നു.

6. ജയിക്കണമെങ്കില്‍ മാര്‍ക്കു നേടണം. മാര്‍ക്കു കിട്ടണമെങ്കില്‍ ജഡ്ജിമാരുടെ പ്രീതിക്കു പാത്രമാകണം. പ്രീതിക്കു പാത്രമാകണമെങ്കില്‍ ജന്മസിദ്ധമായ സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. ഇതായി അവസ്ഥ.

7. അങ്ങനെ സര്‍വ്വജ്ഞന്മാരും ആസ്വാദകവരേണ്യന്മാരും അറിയാതെ തന്നെ അക്ഷരശ്ലോകമത്സരങ്ങള്‍ ക്രമേണ ശ്ലോകപ്പാട്ടുമത്സരങ്ങളായി മാറി. സര്‍വ്വജ്ഞന്മാരുടെ മൂല്യവര്‍ദ്ധിതവും പരിഷ്കൃതവും ആയ അക്ഷരശ്ലോകമത്സരങ്ങളില്‍ പങ്കെടുക്കാന്‍ യേശുദാസിനെയോ എം.ജി.ശ്രീകുമാറിനെയോ പോലെയുള്ള ഒരു സംഗീതവിദഗ്ദ്ധന്‍ വന്നാല്‍ പിന്നെ മറ്റാര്‍ക്കും ജയിക്കാന്‍ പറ്റുകയില്ല. എന്തൊരു പുരോഗമനം!

 

ഉപദേശികള്‍

മറ്റുള്ളവരെ ഉപദേശിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. ഉപദേശം സ്വീകരിക്കേണ്ടവര്‍ അക്ഷരശ്ലോകക്കാരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. വഴിയേ പോകുന്നവരൊക്കെ കയറി വന്ന് ഉപദേശിച്ചുകളയും. അക്ഷരശ്ലോകം അങ്ങാടിയോ പച്ചമരുന്നോ എന്നു പോലും അറിഞ്ഞുകൂടാത്തവരും ഉപദേശിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നോട്ടു പോവുകയില്ല. അക്ഷരശ്ലോകക്കാര്‍ നിലവാരം കുറഞ്ഞ തറ ലെവല്‍ പാര്‍ട്ടിക്കാരാണെന്നാണ്  ഈ ഉപദേശികളുടെ വിശ്വാസം. ഇത്രയും തരം താഴ്ന്ന ഇവരെ ഉപദേശിച്ച് ഒന്നു മെച്ചപ്പടുത്തുന്ന കാര്യത്തില്‍ ഞാന്‍ എന്‍റെ പങ്കു കൂടി വഹിച്ചു കളയാം എന്നാണ് ഓരോ ഉപദേശിയുടെയും മനോഭാവം. ഹരിജനോദ്ധാരണം പോലെ മഹത്തായ ഒരു സേവനം ആയിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. ഉപദേശങ്ങളുടെ ചില സാമ്പിളുകള്‍ ഇതാ.

1. നിങ്ങള്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം.

തരം കിട്ടിയാല്‍ ഈ ഉപദേശം തട്ടി മൂളിക്കാത്ത ഒരാളെ പോലും എങ്ങും കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ ഈ ഉപദേശത്തില്‍ വല്ല കഴമ്പും ഉണ്ടോ? ഇല്ല. അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്‌. സാഹിത്യസംബന്ധിയായ ശ്ലോകങ്ങള്‍ മാത്രമേ ചൊല്ലാന്‍ പാടുള്ളൂ എന്നു നിയമവും ഉണ്ട്. പക്ഷേ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്ന് ഒരു നിയമവും അനുശാസിക്കുന്നില്ല. മ കിട്ടുമ്പോള്‍ മര്‍ത്യാകാരേണ ഗോപീ  എന്നു ചൊല്ലിയാലും മഹാവനേ നാം വിറകിന്നു പോയി എന്നു ചൊല്ലിയാലും തുല്യപരിഗണന കൊടുക്കാനാണു നിയമം പറയുന്നത്.

2. അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ട് ആയിരിക്കണം

ഈ ഉപദേശവും ശുദ്ധ അസംബന്ധമാണ്. സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല. ശ്ലോകങ്ങള്‍ക്കു വൃത്തം ഉള്ളതിനാല്‍ ശരിയായി ചൊല്ലുമ്പോള്‍ ഒരു ഈണം താനേ വരും. അതില്‍ കൂടുതലായ ഒരു സംഗീതവും ആവശ്യമില്ല.

3. അക്ഷരശ്ലോകക്കാരന്റെ സ്വരത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ടായിരിക്കണം

യഥാര്‍ത്ഥത്തില്‍ ഒരു ഗുണവും ആവശ്യമില്ല. തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുണ്ടെങ്കില്‍ ജനാര്‍ദ്ദനനും തിലകനും ഒക്കെ അക്ഷരശ്ലോകം ചൊല്ലാം.

4. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന വിധത്തില്‍ വേണം അക്ഷരശ്ലോകം ചൊല്ലാന്‍

ഇതും ഒരു തല്ലിപ്പൊളി ഉപദേശമാണ്. യഥാര്‍ത്ഥത്തില്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അക്ഷരശ്ലോകത്തിന്റെ ലക്ഷ്യമേ അല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ചുമതല യേശുദാസും ചിത്രയും മറ്റും ഏറ്റെടുത്തു ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും. അക്ഷരശ്ലോകക്കാര്‍ ആ ചുമതല ഏറ്റെടുക്കേണ്ട ആവശ്യമില്ല.

ഇത്തരം ഉപദേശങ്ങള്‍ എല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണു വേണ്ടത്. ഇങ്ങനെയുള്ള തല്ലിപ്പൊളി ഉപദേശങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്തിന്റെ ഫലമായാണ് മാര്‍ക്കിടല്‍, എലിമിനേഷന്‍, മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” ഉണ്ടായതും അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിച്ചതും അച്ചുമൂളിയവര്‍ ജയിക്കുന്ന തല തിരിഞ്ഞ മത്സരങ്ങള്‍ ഉണ്ടായതും.

ഞങ്ങളുടെ ഉപദേശം സ്വീകരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ പണം തരികയില്ല എന്നു ഭീഷണിപ്പെടുത്തുന്ന ഉപദേശികളെയും ധാരാളമായി കാണാം. അവരോടു പറയേണ്ടത് ഇങ്ങനെയാണ് “പണം തന്നില്ലെങ്കിലും കുഴപ്പമില്ല. ഉപദേശം തരാതിരുന്നാല്‍ മതി”.

 

ആരാണ് അധിപതികള്‍?

ജനാധിപത്യത്തിനു ജനാധിപത്യം എന്നു പേര് വന്നത് എന്തുകൊണ്ടാണ്? ജനങ്ങള്‍ അധിപതികളായിരിക്കുന്നതു കൊണ്ടാണ്. ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി ഭരിക്കണമെങ്കില്‍ ജനങ്ങള്‍ തന്നെ അധിപതികള്‍ ആകണം. ഏകാധിപത്യം, പണാധിപത്യം, ബലാധിപത്യം ഇങ്ങനെ മറ്റു പല ഭരണരീതികളും സര്‍വ്വസാധാരണമാണ്. എന്നാല്‍ അതിനെക്കാളെല്ലാം പതിന്മടങ്ങു മെച്ചമാണു ജനാധിപത്യം. അതുകൊണ്ടു നമുക്കു വേണ്ടത് അതാണ്.

അക്ഷരശ്ലോകരംഗത്ത്‌ ആരാണ് അധിപതികള്‍? നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അക്ഷരശ്ലോകക്കാരുടെ അധിപതികള്‍ അക്ഷരശ്ലോകക്കാരല്ല. അക്ഷരശ്ലോകവുമായി പുലബന്ധം പോലും ഇല്ലാത്ത ചിലര്‍ അധിപതികള്‍ ആയി അവരെ അടക്കി ഭരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരും അക്ഷരശ്ലോകമെന്നാല്‍ അങ്ങാടിയാണോ പച്ചമരുന്നാണോ എന്നു പോലും അറിഞ്ഞുകൂടാത്തവരും ഒക്കെ അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കും. അക്ഷരശ്ലോകം എന്താണെന്ന് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല; സ്വര്‍ണ്ണം, പണം, പ്രതാപം, സ്വാധീനശക്തി, സംസ്കൃതപാണ്ഡിത്യം, കവിത്വം മുതലായ ഏതെങ്കിലും ഒരു മേന്മ ഉണ്ടായാല്‍ മതി അക്ഷരശ്ലോകക്കാരുടെ മേല്‍ കുതിര കയറാന്‍. എനിക്ക് ഇഷ്ടമുള്ളവരെ ഞാന്‍ ജയിപ്പിക്കും. എനിക്ക് ഇഷ്ടമില്ലാത്തവരെ ഞാന്‍ എലിമിനേറ്റു ചെയ്യുകയും ചെയ്യും. നീയൊക്കെ മിണ്ടാതെ അനുസരിച്ചുകൊണ്ടാല്‍ മതി എന്ന മട്ടിലുള്ള ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ സമീപനമാണ് ഈ ഉന്നതന്മാര്‍ സ്വീകരിക്കാറുള്ളത്.

ഈ അവസ്ഥ മാറിയേ തീരൂ. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മുടെ ഭരണം ആണു വേണ്ടത്. അന്യരുടെ ഭരണം നമുക്ക് ഒട്ടും ഗുണകരമാവുകയില്ല. സ്വരമാധുര്യവും പാട്ടും അളന്നു നമ്മെ എലിമിനേറ്റു ചെയ്യുകയും നമ്മെക്കാള്‍ അറിവു കുറഞ്ഞവരെ ജയിപ്പിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ പെടുന്നവരല്ല. അവര്‍ തികച്ചും അന്യരാണ്. അവര്‍ക്കു നമ്മെ ഭരിക്കാന്‍ യാതൊരര്‍ഹതയും ഇല്ല. നമുക്കു നമ്മുടേതായ ഒരു ജനാധിപത്യഭരണം അത്യന്താപേക്ഷിതമാണ്‌.

ഇതെന്തു പരിഷ്കാരം?

എന്‍.ഡി.കൃഷ്ണനുണ്ണി, വി. ശങ്കുണ്ണിക്കുട്ടന്‍, എം. കേശവന്‍ എമ്പ്രാന്തിരി, ആദിരിയേടത്തു നീലകണ്ഠന്‍ ഭട്ടതിരിപ്പാട് എന്നിവരോടൊപ്പം യേശുദാസും ഒരു അക്ഷരശ്ലോകമത്സരത്തില്‍ (മാര്‍ക്കിടല്‍, എലിമിനേഷന്‍ മുതലായ വമ്പിച്ച പരിഷ്കാരങ്ങള്‍ ഉള്ളതില്‍) പങ്കെടുക്കുന്നു എന്നു വയ്ക്കുക. മാര്‍ക്കു കൂടുതല്‍ നേടി ജയിക്കുന്നത് ആരായിരിക്കും? തീര്‍ച്ചയായും യേശുദാസ് തന്നെ ആയിരിക്കും. ശങ്കുണ്ണിക്കുട്ടന്‍ എലിമിനേറ്റു ചെയ്യപ്പെടുകയും ചെയ്യും.

ഇതെന്തു പരിഷ്കാരം? ഇത്തരം പരിഷ്കാരങ്ങള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?

അക്ഷരശ്ലോകമത്സരങ്ങള്‍ രണ്ടു തരം

കേരളത്തില്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ടുതരം അക്ഷരശ്ലോകമത്സരങ്ങള്‍ ഉണ്ട്. ശ്ലോകപഠിതാക്കള്‍ അവയെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.

 

1. അച്ചുമൂളാതെ ശ്ലോകം ചൊല്ലി ജയിക്കേണ്ടവ

ഇവയില്‍ ജയിക്കാന്‍ ധാരാളം ശ്ലോകങ്ങള്‍ പഠിച്ചിരിക്കണം. അതുകൊണ്ടുതന്നെ കഠിനാദ്ധ്വാനം കൂടിയേ തീരൂ. എതക്ഷരം കിട്ടിയാലും അതില്‍ നൂറു ശ്ലോകങ്ങള്‍ എങ്കിലും ചൊല്ലാന്‍ അറിഞ്ഞിരിക്കണം. സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്നു യാതൊരു നിര്‍ബ്ബന്ധവും ഇല്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു ചൊല്ലിയാലും സ്വന്തമായി ഒരു നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലിയാലും തുല്യ പരിഗണന ലഭിക്കും. സ്വരമാധുര്യം, സംഗീതഗന്ധിയായ ആലാപനം മുതലായ യാതൊന്നും ആവശ്യമില്ല. കിട്ടിയ അക്ഷരത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത ഒരു ശ്ലോകം ചൊല്ലണം എന്നു മാത്രമേ നിര്‍ബ്ബന്ധമുള്ളൂ. ഇവയില്‍ മാര്‍ക്കിടല്‍ ഇല്ല. ഇത്തരം മത്സരങ്ങള്‍ പ്രാചീനകാലം മുതലേ നിലവിലുണ്ട്. അച്ചുമൂളാത്തവര്‍ കേമന്മാര്‍ എന്നതാണ് ഇത്തരം മത്സരങ്ങളുടെ അടിസ്ഥാനതത്വം. അദ്ധ്വാനിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഇവയില്‍ പങ്കെടുത്തു ജയിക്കാം. ജന്മസിദ്ധമായ യാതൊരു മേന്മയും ആവശ്യമില്ല. ഉന്നതന്മാരുടെ പ്രീതിക്കു പാത്രം ആകേണ്ട ആവശ്യവും ഇല്ല.

 2. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു ജയിക്കേണ്ടവ

ഇവയില്‍ ജയിക്കാന്‍ കുറച്ചു ശ്ലോകങ്ങള്‍ പഠിച്ചാല്‍ മതി. പഠിക്കുന്ന ശ്ലോകങ്ങള്‍ക്കു സാഹിത്യമൂല്യം വളരെ കൂടുതല്‍ ഉണ്ടായിരിക്കണം. ചൊല്ലുന്നതു ശ്രോതാക്കള്‍ക്ക് ആസ്വാദ്യമാകുന്ന വിധത്തില്‍ ആയിരിക്കുകയും വേണം. അതിനു ശബ്ദസൌകുമാര്യം, സംഗീതഗന്ധിയായ ആലാപനം ഇതൊക്കെ കൂടിയേ തീരൂ. ശ്ലോകത്തിന്‍റെ സാഹിത്യമൂല്യവും ആലാപനത്തിന്റെ ഭംഗിയും ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിട്ടു മാര്‍ക്കു കൂട്ടി നോക്കിയാണു വിജയികളെ കണ്ടെത്തുന്നത്. അച്ചുമൂളിയാലും മാര്‍ക്കുണ്ടെങ്കില്‍ ജയിക്കാം. ഇത്തരം മത്സരങ്ങള്‍ 1955 ല്‍ ആണ് തുടങ്ങിയത്. മാര്‍ക്കു നേടുന്നവര്‍ കേമന്മാര്‍ എന്നതാണ് ഇത്തരം മത്സരങ്ങളുടെ അടിസ്ഥാന തത്വം. മൂന്നു പ്രാവശ്യം അച്ചുമൂളിയാല്‍ പുറത്താകും എന്നൊരു നിയമം ചിലര്‍ പാലിക്കാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് അതുമില്ല. എത്ര പ്രാവശ്യം അച്ചുമൂളിയാലും മാര്‍ക്കുണ്ടെങ്കില്‍ ജയിക്കാം എന്നതാണ് അവരുടെ നിയമം. സാഹിത്യമൂല്യം, ഷഡ്ഗുണങ്ങള്‍ ഉള്ള ശബ്ദം, സംഗീതഗന്ധിയായ ആലാപനം ഇവയൊക്കെയാണ് മാര്‍ക്കു നേടിത്തരുന്ന ഘടകങ്ങള്‍. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഇവയില്‍ പങ്കെടുത്തു ജയിക്കാന്‍ കഴിയുകയില്ല. മാര്‍ക്കിടുന്നവരുടെ പ്രീതിക്കു പാത്രമാകാന്‍ തക്കവണ്ണം ജന്മസിദ്ധമായ പല മേന്മകളും ഉള്ള അപൂര്‍വ്വം ചില ഭാഗ്യവാന്‍മാര്‍ക്കു മാത്രമേ ഇവയില്‍ പങ്കെടുത്തു ജയിക്കാന്‍ കഴിയൂ. കൂത്തു, കൂടിയാട്ടം, കഥാപ്രസംഗം, കഥകളിസംഗീതം, ലളിതഗാനം മുതലായ കലാമത്സരങ്ങളില്‍ ജയിക്കുന്നവര്‍ തന്നെ ആയിരിക്കും ഇവയിലും ജയിക്കുക. ധനാഢ്യന്മാരുടെയും സമൂഹത്തിലെ ഉന്നതന്മാരുടെയും പിന്തുണ എപ്പോഴും ഇത്തരം മത്സരങ്ങള്‍ക്ക് ആയിരിക്കും കിട്ടുക.