ഭാഗ്യവാന്മാര്‍ക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍

മാര്‍ക്കിടല്‍ ഉള്ള അക്ഷരശ്ലോകമത്സരങ്ങളില്‍ ജയിക്കണമെങ്കില്‍ ഭാഗ്യവാന്മാരായ ഒരു ന്യൂനപക്ഷത്തിനു മാത്രം ലഭ്യമാകുന്ന ഏതാനും അനുകൂലഘടകങ്ങള്‍ കൂടിയേ തീരൂ. ഇവയെല്ലാം ജന്മസിദ്ധമാണെന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ഏതൊക്കെയാണ് ഇവയെന്നു പരിശോധിക്കാം.

1  ശബ്ദമേന്മ.

നല്ലസ്വരമാധുര്യം ഉള്ളവര്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടും എന്നതു പരസ്യമായ രഹസ്യമാണ്. “സൌഭാഗ്യമേ സുസ്വരം” എന്നതാണു മാര്‍ക്കിടല്‍ പ്രസ്ഥാനക്കാരുടെ ആപ്തവാക്യം. “ഷഡ്ഗുണങ്ങളുള്ള ശബ്ദം” ഉള്ളവര്‍ ശ്ലോകം ചൊല്ലിയാല്‍ കേള്‍ക്കുന്നവര്‍ക്കു വളരെ ആസ്വാദ്യം ആയിരിക്കുമത്രേ.

2  യുവത്വം.

ഒരു യുവാവും ഒരു വൃദ്ധനും തമ്മില്‍ മത്സരിച്ചാല്‍ യുവാവിനു വിജയസാദ്ധ്യത കൂടും. പ്രായം കൂടുന്തോറും ശബ്ദത്തിന്‍റെ മേന്മ കുറഞ്ഞു കുറഞ്ഞു വരുംഎന്നതാണ് ഇതിനു കാരണം. ചെറുപ്പകാലത്തു ധാരാളം സ്വര്‍ണ്ണമെഡലുകള്‍ നേടിയ പല വിദഗ്ദ്ധന്മാരും വാര്‍ദ്ധക്യകാലത്തു യുവാക്കളോടു മത്സരിച്ചു ദയനീയമായി പരാജയപ്പെടുന്നതു കാണാം.

3  സ്ത്രീത്വം.

ഒരു യുവാവും യുവതിയും തമ്മിലാണു മത്സരമെങ്കില്‍ യുവതിക്കായിരിക്കും വിജയസാദ്ധ്യത കൂടുതല്‍. സ്കൂള്‍ കുട്ടികളുടെ മത്സരത്തില്‍ ഈ ഘടകത്തിന്‍റെ സ്വാധീനം വളരെ വ്യക്തമായി കാണാം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മത്സരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ ബഹുദൂരം പിന്തള്ളപ്പെടും.

4  സംഗീതവാസന.

സംഗീതവാസനയുള്ള ഒരാളും അതില്ലാത്ത ഒരാളും തമ്മില്‍ മത്സരിച്ചാല്‍ സംഗീതവാസനയുള്ള ആളിന്‍റെ വിജയസാദ്ധ്യത വളരെയേറെ കൂടുന്നതു കാണാം. അക്ഷരശ്ലോകം “സംഗീതഗന്ധി” ആയിരിക്കണം, “സംഗീതസമ്പന്നം” ആയിരിക്കണം എന്നൊക്കെയാണു പുരോഗമനവാദികളുടെ ആപ്തവാക്യങ്ങള്‍.

ചുരുക്കിപ്പറഞ്ഞാല്‍ മധുരസ്വരക്കാരിയായ ഒരു യുവഗായികയോടു മത്സരിച്ചു ജയിക്കാന്‍ സാധാരണക്കാരനായ ഒരു വൃദ്ധനു തലകുത്തിനിന്നു തപസ്സു ചെയ്താലും സാധിക്കുകയില്ല. മധുരസ്വരക്കാരിയുടെ മുമ്പില്‍ ആയുധം വച്ചു കീഴടങ്ങുക എന്നതു മാത്രമേ കരണീയം ആവുകയുള്ളൂ.

കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ജനകീയവും സമത്വസുന്ദരവും ആയ ഒരു സാഹിത്യവിനോദം ആയിരുന്നു അക്ഷരശ്ലോകം. പക്ഷേ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പരിഷ്കാരം” വന്നതോടുകൂടി അതു ഭാഗ്യവാന്മാരായ ഏതാനും ഗര്‍ഭശ്രീമാന്മാരുടെ കുത്തകയായി മാറി.

ആസ്വാദ്യതാവാദം — മായം ചേര്‍ക്കാനുള്ള മറ

പരിശുദ്ധമായ വെളിച്ചെണ്ണ കിട്ടണമെന്ന ആഗ്രഹത്തോടു കൂടിയാണു നാം കടയില്‍ പോകുന്നത്. പക്ഷേ നമുക്ക് അതു കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ല. മിക്കപ്പോഴും മിനറല്‍ ഓയില്‍ (പാരഫിന്‍), ഫില്‍റ്റര്‍ ചെയ്ത കരി ഓയില്‍ ഇതൊക്കെ ചേര്‍ത്ത വെളിച്ചെണ്ണ ആയിരിക്കും ലഭിക്കുക.

അക്ഷരശ്ലോകത്തിന്‍റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിക്കുന്നു. അക്ഷരശ്ലോകത്തില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണു സ്വരമാധുര്യവും പാട്ടും.  അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നും ആഹ്ലാദിപ്പിക്കാത്തവരെ എലിമിനേറ്റു ചെയ്യണമെന്നും ആഹ്ലാദിപ്പിക്കുന്നവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കണമെന്നും ഒക്കെ വാദിക്കുന്ന ആസ്വാദ്യതാവാദികള്‍ അറിഞ്ഞോ അറിയാതെയോ ഈ മായം ചേര്‍ക്കല്‍ വീരന്മാര്‍ക്കു മറ പിടിച്ചു കൊടുക്കുകയാണ്.

മായം ചേര്‍ക്കുന്നവര്‍ ആരും പരസ്യമായിട്ടല്ല മായം ചേര്‍ക്കുന്നത്. അവര്‍ക്ക് അതിനൊരു മറ ആവശ്യമാണ്. അക്ഷരശ്ലോകത്തില്‍ സ്വരമാധുര്യവും പാട്ടും  ചേര്‍ത്തു നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തന്ത്രശാലികള്‍ക്ക് ആസ്വാദ്യതാവാദം നല്ല ഒരു മറയായി ഭവിക്കുന്നു.

പണ്ടൊന്നും സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അക്ഷരശ്ലോകമത്സരത്തില്‍ പാടി ജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നും ഇല്ല. പക്ഷേ ഇക്കാലത്ത് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. അക്ഷരശ്ലോകം ചൊല്ലുന്നവര്‍ക്കു “സുസ്വരം എന്ന സൗഭാഗ്യം” ഉണ്ടായിരിക്കണം എന്നും അക്ഷരശ്ലോകം “സംഗീതഗന്ധി” ആയിരിക്കണം എന്നും ഒക്കെ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി മൂളിക്കുന്ന “മഹാന്മാര്‍” ഉണ്ട്. അവരുടെപുരോഗമനവാദത്തിന്‍റെ മറവില്‍ മധുരസ്വരക്കാരും പാട്ടുകാരും ആയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ക്ക് അനായാസം സാധിക്കുന്നു.

പതിനായിരം ശ്ലോകങ്ങള്‍ പഠിച്ചിട്ടുള്ള കെ.സി. അബ്രഹാമിനെ എലിമിനേറ്റു ചെയ്തിട്ടു നൂറു ശ്ലോകങ്ങള്‍ മാത്രം പഠിച്ചിട്ടുള്ള ഒരു പാട്ടുകാരിയെ ജയിപ്പിക്കാന്‍ ഇക്കാലത്തു യാതൊരു പ്രയാസവും ഇല്ല.

അക്ഷരശ്ലോകത്തില്‍ സംഗീതം എന്ന മായം ചേര്‍ക്കല്‍ സര്‍വ്വസാധാരണം ആയപ്പോള്‍ സംഗീതമത്സരങ്ങളുടെ അവിഭാജ്യഘടകങ്ങളായ മാര്‍ക്കിടല്‍, എലിമിനേഷന്‍ മുതലായവയും അക്ഷരശ്ലോകമത്സരരംഗത്തേക്കു പറിച്ചു നടപ്പെട്ടു. അക്ഷരശ്ലോകരംഗത്തു പണ്ടെങ്ങും കേട്ടുകേഴ്വി പോലും ഇല്ലാത്ത കോപ്രായങ്ങളാണ് ഇവയൊക്കെ.

അസ്ഥാനത്തുള്ള ഏതും അഴുക്കാണ് (anything out of place is dirt) എന്നാണ് ആപ്തവാക്യം. സംഗീതം വളരെ നല്ല ഒരു കാര്യം ആണെങ്കിലും അക്ഷരശ്ലോകത്തില്‍ അത് അസ്ഥാനത്താണ്. അതുകൊണ്ടുതന്നെ അവിടെ അതു dirt ആണ്. അക്ഷരശ്ലോകത്തെ “സംഗീതഗന്ധി” ആക്കുന്നവര്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുകയും അവരുടെ കയ്യടി നേടുകയും ഒക്കെ ചെയ്യുമെങ്കിലും സഹജീവികളെ ദ്രോഹിക്കുകയാണ് അവര്‍ ചെയ്യുന്നത്. സംഗീതഗന്ധിയാക്കിയ അക്ഷരശ്ലോകം ഒരു dirty and adulterated stuff ആണ്.

പരിശുദ്ധമായ അക്ഷരശ്ലോകം വേണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ഈ മായംചേര്‍ക്കല്‍ വീരന്മാരെയും അവര്‍ക്കു മറ പിടിച്ചു കൊടുക്കുന്ന ആസ്വാദ്യതാവാദികളെയും തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

യേശുദാസും നമ്മളും

യേശുദാസ് പാട്ടു പാടുന്നതു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ (പരാനന്ദം ചേര്‍ക്കാന്‍) ആണ്. എല്ലാ കലകളുടെയും ലക്ഷ്യം അതു തന്നെ. അക്ഷരശ്ലോകക്കാരായ നമ്മള്‍ ശ്ലോകം ചൊല്ലുന്നതിന്‍റെ ലക്ഷ്യവും അതു തന്നെയാണോ? ആണെന്ന് ഏത് ഉന്നതന്‍ പറഞ്ഞാലും അത് അപ്പാടെ വിഴുങ്ങരുത്. തലച്ചോറുപയോഗിച്ചു നല്ലതുപോലെ ചിന്തിച്ചു നോക്കിയിട്ടു മാത്രമേ അത്തരം “വിദഗ്ദ്ധാഭിപ്രായങ്ങള്‍” വിശ്വസിക്കാവൂ. പറയുന്നവന്‍ ഉന്നതനോ സര്‍വ്വജ്ഞനോ ദേവേന്ദ്രനോ അവന്‍റെ അപ്പന്‍ മുത്തുപ്പട്ടരോ ആയിക്കൊള്ളട്ടെ. പറയുന്നതില്‍ കഴമ്പുണ്ടോ എന്നു നല്ലതുപോലെ ചിന്തിച്ചു നോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്. ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന ഗള്ളിബിള്‍സ് ആകരുതു നമ്മള്‍.

നമ്മള്‍ അക്ഷരനിബന്ധന പാലിച്ചും അനുഷ്ടുപ്പ് ഒഴിവാക്കിയും ശ്ലോകം ചൊല്ലുന്നവരാണ്. അത്തരം ശ്ലോകം ചൊല്ലലിന്‍റെ പ്രാഥമികലക്ഷ്യം ഒരിക്കലും പരാനന്ദം ചേര്‍ക്കല്‍ ആവുകയില്ല. അതിന്‍റെ ശരിയായ ലക്ഷ്യം നമ്മുടെ അറിവു തെളിയിക്കല്‍ ആണ്. ദൃഢബദ്ധമായ സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ ധാരാളം അറിയാവുന്നത് ഒരു മേന്മയാണ് എന്ന സങ്കല്പത്തില്‍ അധിഷ്ഠിതമാണ് അക്ഷരശ്ലോകം എന്ന സമത്വസുന്ദരമായ സാഹിത്യവിനോദം. ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു തങ്ങളുടെ മുന്‍പറഞ്ഞ വിധത്തിലുള്ള അറിവു തെളിയിക്കാന്‍ മാത്രമേ ബാദ്ധ്യതയുള്ളൂ. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ബദ്ധ്യതയില്ല. പരാനന്ദം ചേര്‍ക്കാന്‍ അല്പമൊക്കെ സാദ്ധ്യമായേക്കാം എങ്കിലും അതു പ്രാഥമികലക്ഷ്യമല്ല. ഉപോല്‍പന്നം (byproduct) മാത്രമാണ്. നെല്ലു കുത്തുമ്പോള്‍ ഉമി കിട്ടുന്നതു പോലെ.

ഫുട്ബാള്‍ കളിക്കുന്നവരുടെ പ്രാഥമികലക്ഷ്യം ഗോളടിച്ചു ജയിക്കല്‍ ആണ്. പക്ഷേ പതിനായിരക്കണക്കിനു കാണികള്‍ ടിക്കറ്റെടുത്തു ഗാലറികളില്‍ വന്നിരുന്ന് അവരുടെ കളി കണ്ട് ആഹ്ലാദിക്കും. എങ്കിലും ഈ ആഹ്ലാദിപ്പിക്കല്‍ കളിക്കാരുടെ പ്രാഥമികലക്ഷ്യമല്ല. റഫറിമാര്‍ അത് അളന്നു മാര്‍ക്കിടേണ്ട ആവശ്യവുമില്ല.

ഈ ആഹ്ലാദിപ്പിക്കലിന്‍റെ ആയിരത്തില്‍ ഒരംശം പോലും വരികയില്ല അക്ഷരശ്ലോകക്കാരുടെ ആഹ്ലാദിപ്പിക്കല്‍. പിന്നെ ജഡ്ജിമാര്‍ എന്തിന് അതളന്നു മാര്‍ക്കിടണം? യേശുദാസിനോടു ല യില്‍ തുടങ്ങുന്ന പാട്ടു പാടണം ബ യില്‍ തുടങ്ങുന്ന പാട്ടു പാടണം എന്നൊക്കെ ആരെങ്കിലും അവശ്യപ്പെടാറുണ്ടോ? ഇല്ല. ഒരു വരിയില്‍ ഇത്ര അക്ഷരം ഉള്ള പാട്ടു  മാത്രമേ പാടാവൂ എന്നു നിഷ്കര്‍ഷിക്കാറുണ്ടോ? അതുമില്ല. എന്തുകൊണ്ട്? പരാനന്ദം ചേര്‍ക്കുന്ന കലയില്‍ അത്തരം നിബന്ധനകള്‍ക്കു യാതൊരു പ്രസക്തിയും ഇല്ല. അതുകൊണ്ടു തന്നെ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അക്ഷരശ്ലോകം പരാനന്ദം ചേര്‍ക്കുന്ന കലയാണെന്നു ശഠിക്കുന്ന സര്‍വ്വജ്ഞന്മാര്‍ നമ്മെ ഇത്തരം നിബന്ധനകളില്‍ നിന്നു മുക്തരാക്കി തരികയില്ല. ഇന്ന അക്ഷരത്തില്‍ ശ്ലോകം ചൊല്ലണം എന്ന് അവര്‍ പറഞ്ഞാല്‍ അതില്‍ തന്നെ ചൊല്ലണം. അല്ലെങ്കില്‍ അവര്‍ പൂജ്യം മാര്‍ക്കു തന്നു ശിക്ഷിക്കും. സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ഒരു അനുഷ്ടുപ്പ് ശ്ലോകം ചൊല്ലിയാല്‍ അവര്‍ സ്വീകരിക്കുമോ? ഇല്ല. അതിനും പൂജ്യം മാര്‍ക്കു തന്നു ശിക്ഷിക്കും. പരാനന്ദം ചേര്‍ക്കുന്ന കലയില്‍ എന്തിനാണ് ഇത്തരം നിബന്ധനകള്‍ എന്നു നാം ധൈര്യപൂര്‍വ്വം നട്ടെല്ലു നിവര്‍ത്തി നിന്നു ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

യേശുദാസിനു പാട്ടു പാടി നേടാന്‍ കഴിയുന്നതൊക്കെ അക്ഷരശ്ലോകക്കാര്‍ക്കു ശ്ലോകം ചൊല്ലി നേടാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതിയാല്‍ അതൊരു ചപലവും വ്യര്‍ത്ഥവും ആയ വ്യാമോഹം മാത്രം ആയിരിക്കും. ആന പിണ്ഡം ഇടുന്നതു കണ്ടു മുയല്‍ മുക്കുന്നതു പോലെയുള്ള പരിഹാസ്യമായ വിഡ്ഢിത്തം. അത്തരത്തില്‍ അല്പമെങ്കിലും നേട്ടം ഉണ്ടാക്കണമെങ്കില്‍ അക്ഷരശ്ലോകസാമ്രാജ്യം മധുരസ്വരക്കാരായ ഏതാനും പെണ്‍കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും കരമൊഴിവായി പതിച്ചു കൊടുക്കേണ്ടി വരും. അതോടൊപ്പം കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍ , കെ.സി. അബ്രഹാം, സ്വാമി കേശവാനന്ദ സരസ്വതി, ഫാദര്‍ പി.കെ.ജോര്‍ജ്ജ് മുതലായ അതികായന്മാരെയെല്ലാം എലിമിനേറ്റു ചെയ്യേണ്ടിയും വരും. അതു തന്നെയാണു സര്‍വ്വജ്ഞമാനികള്‍ ചെയ്തതും ചെയ്തുകൊണ്ട് ഇരിക്കുന്നതും.

യേശുദാസിന്‍റെ ലക്ഷ്യം വേറെ; നമ്മുടെ ലക്ഷ്യം വേറെ. അതു മനസ്സിലാക്കാത്ത സര്‍വ്വജ്ഞമാനികള്‍ സംഗീതമത്സരത്തിലെ മാര്‍ക്കിടല്‍, എലിമിനേഷന്‍ മുതലായ നിയമങ്ങളെല്ലാം അക്ഷരശ്ലോകമത്സരത്തിലേക്ക് ഇറക്കുമതി ചെയ്ത് അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധഃപതിപ്പിക്കുകയാണു ചെയ്യുന്നത്. ഇവര്‍ക്കു നമ്മെ ഭരിക്കാനോ നമ്മോട് ആജ്ഞാപിക്കാനോ നമ്മെ ശിക്ഷിക്കാനോ യാതൊരര്‍ഹതയും ഇല്ല.