യോഗ്യത അളക്കുന്നവരുടെ യോഗ്യത

നമ്മുടെ യോഗ്യത അളക്കാന്‍ നാം മറ്റൊരാളിനെ അനുവദിക്കണമെങ്കില്‍ അയാള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടെന്നു നമുക്കു ബോദ്ധ്യം ഉണ്ടായിരിക്കണം. ഐന്‍സ്റ്റീന്‍റെ യോഗ്യത അളക്കാന്‍ വരുന്നതു തുഗ്ലക്ക് ആണെങ്കില്‍ കുറഞ്ഞപക്ഷം ഗാന്ധിജിയുടെ നിസ്സഹകരണനയമെങ്കിലും സ്വീകരിക്കണം. അതുപോലും ചെയ്യാതെ ഓച്ഛാനിച്ചു നില്‍ക്കുന്നതു കടുത്ത അപരാധമാണ്.

20 റൌണ്ടുള്ള അക്ഷരശ്ലോകമത്സരത്തില്‍ 18 റൌണ്ടു ചൊല്ലിയ മധുരസ്വരക്കാരി ജയിച്ചു എന്നും 20 റൌണ്ടിലും ശ്ലോകം ചൊല്ലിയ സാധാരണക്കാരെല്ലാം തോറ്റു എന്നും വിധിക്കുന്ന “സര്‍വ്വജ്ഞ”ന്മാര്‍ക്ക് അക്ഷരശ്ലോകക്കാരുടെ യോഗ്യത അളക്കാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?

ചതുരംഗം കളിക്കാരെ കബളിപ്പിക്കാന്‍ പറ്റുമോ?

ഏതാനും ചതുരംഗപണ്ഡിതന്മാര്‍ ചേര്‍ന്ന് ഇങ്ങനെ പ്രഖ്യാപിക്കുന്നു എന്നു വിചാരിക്കുക:

“ചതുരംഗം കളിയുടെ ലക്ഷ്യം മൂല്യം കൂടിയതും ആസ്വാദ്യവും ആയ നീക്കങ്ങള്‍ അവതരിപ്പിച്ചു കാണികളെ ആഹ്ലാദിപ്പിക്കലാണ്. അതിനാല്‍ നിങ്ങള്‍ നടത്തുന്ന ഓരോ നീക്കത്തിന്റെയും മൂല്യം ആസ്വാദ്യത മുതലായ ഗുണങ്ങള്‍ അളന്നു ഞങ്ങള്‍ മാര്‍ക്കിടും. ഒരാള്‍ കാലാളിനെക്കൊണ്ടു മന്ത്രിയെ വെട്ടിയാല്‍ അയാള്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടും. വിലപ്പെട്ട കരുക്കള്‍ നഷ്ടപ്പെടുത്തിയാല്‍ കുറച്ചു മാര്‍ക്കേ കിട്ടുകയുള്ളൂ. മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യുകയും മാര്‍ക്കു കൂടിയവര്‍ അടിയറവു പറഞ്ഞാലും അവരെ ജയിപ്പിക്കുകയും ചെയ്യും”.

ചതുരംഗം കളിക്കാര്‍ ഈ പണ്ഡിതന്മാരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും അടിയറവു പറഞ്ഞ എതിരാളികളുടെ മുമ്പില്‍ പരാജയം സമ്മതിച്ചു മിണ്ടാതെ തിരിച്ചു പോവുകയും ചെയ്യുമോ? ഒരിക്കലുമില്ല. അവര്‍ക്കു ചിന്തിക്കാന്‍ കഴിവുണ്ട്. ചതുരംഗം കളിയുടെ ലക്ഷ്യം, നിയമങ്ങള്‍, ഓരോ നിയമത്തിന്റെയും പിന്നിലുള്ള യുക്തി ഇതെല്ലാം അവര്‍ക്കു നന്നായി അറിയാം. അതിനാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ചപ്പടാച്ചികള്‍ പറഞ്ഞ് അവരെ കബളിപ്പിക്കാന്‍ പറ്റുകയില്ല.

പക്ഷേ അക്ഷരശ്ലോകക്കാരുടെ അവസ്ഥ നേരേ മറിച്ചാണ്. ഏതു മൂന്നാം തരം  ചപ്പടാച്ചി വാദം കൊണ്ടും അവരെ കബളിപ്പിക്കാം. തുരുതുരെ അച്ചുമൂളിയ നാലാംകിടക്കാരുടെ മുമ്പില്‍ വേണമെങ്കിലും അവര്‍ പരാജയം സമ്മതിച്ചു മിണ്ടാതെ നിന്നുകൊള്ളും.