ശ്ലോകങ്ങളെ സ്നേഹിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം?

ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു സാഹിത്യവിനോദം ആണ് അക്ഷരശ്ലോകം. ശ്ലോകങ്ങളെ സ്നേഹിക്കുന്നവരെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമാണ് അതില്‍ ഒരുക്കിയിട്ടുള്ളത്. ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ ശ്ലോകങ്ങള്‍ മനഃപാഠം ആവുകയുള്ളൂ എന്ന അടിസ്ഥാനതത്ത്വത്തില്‍ അധിഷ്ടിതമാണ് അക്ഷരശ്ലോകം.

ഒരിക്കല്‍ ഒരു പിതാവ് തന്‍റെ രണ്ടു പെണ്‍കുട്ടികളെ അക്ഷരശ്ലോകം പഠിക്കാന്‍ അയച്ചു. മക്കള്‍ അക്ഷരശ്ലോകരംഗത്തു മിടുക്കികളായി ശോഭിക്കുന്നതു കാണാന്‍ അദ്ദേഹത്തിന് അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ശ്ലോകങ്ങള്‍ മനഃപാഠമാക്കുന്നത് ഒരു വലിയ കീറാമുട്ടിയായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. ഒരു ശ്ലോകം പോലും മനഃപാഠമാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ആ പിതാവിന്‍റെ ആഗ്രഹം മുളയിലേ കരിഞ്ഞുപോയി.

ആ പെണ്‍കുട്ടികള്‍ പാട്ട് ഡാന്‍സ് മുതലായ മറ്റു പല കലകളിലും വലിയ മിടുക്കികള്‍ ആയിരുന്നു. പക്ഷേ ശ്ലോകങ്ങളെ ഒട്ടും സ്നേഹിക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല. അതായിരുന്നു പ്രശ്നം. ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ. ശ്ലോകങ്ങള്‍ മനഃപാഠമാകൂ എന്ന നഗ്നസത്യം ഇതില്‍ നിന്ന് നല്ലവണ്ണം വെളിവാകുന്നുണ്ട്‌.

ശ്ലോകപ്രേമം പരോക്ഷമായി അളക്കുന്ന ഒരു സൂത്രവിദ്യയാണ്‌ അക്ഷരശ്ലോകം. ഒരാള്‍ക്കു പത്തു ശ്ലോകങ്ങള്‍ മനഃപാഠം ആയിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക്‌ ഇരുപതു ശ്ലോകങ്ങള്‍ മനഃപാഠം ആയിട്ടുണ്ടെങ്കില്‍ രണ്ടാമന്‍ ഒന്നാമന്റെ ഇരട്ടി വലിയ ശ്ലോകപ്രേമിയാണെന്ന് അനുമാനിക്കാം. അവിടെ സാഹിത്യമൂല്യം, സ്വരമാധുര്യം, സംഗീതഗന്ധം, ശൈലി മുതലായ യാതൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല.

ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍

അക്ഷരശ്ലോകം പ്രകൃത്യാ തന്നെ ആസ്വാദ്യത തീരെ കുറഞ്ഞ ഒരു സാഹിത്യവിനോദമാണ്‌. അതിനാല്‍ അതിനു ശ്രോതാക്കളെ കിട്ടുകയില്ല. ആസ്വാദ്യമാക്കണമെങ്കില്‍ അതിന് ഒരൊറ്റ വഴിയേ ഉള്ളൂ. യേശുദാസിനെപ്പോലെ സുശിക്ഷിതരും ഷഡ്ഗുണങ്ങള്‍ തികഞ്ഞ ശബ്ദം ഉള്ളവരും.ആയ അനുഗൃഹീതഗായകന്മാരെ വിളിച്ചുകൊണ്ടു വന്നു സംഗീതമയമായ രീതിയില്‍ ശ്ലോകങ്ങള്‍ അവതരിപ്പിക്കുക.

പക്ഷേ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ അക്ഷരനിബന്ധന, അനുഷ്ടുപ്പ് ഒഴിവാക്കല്‍ മുതലായവയെല്ലാം അധികപ്പറ്റാകും. അവ ഉപേക്ഷിച്ചാല്‍ അക്ഷരശ്ലോകം ഇല്ലാതാവുകയും ചെയ്യും. ഹിമം താമരയെ നശിപ്പിക്കുന്നതു പോലെ സംഗീതം അക്ഷരശ്ലോകത്തെ നശിപ്പിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സംഗീതം ഇല്ലാത്തപ്പോള്‍ ആസ്വാദ്യത ഇല്ല. ആസ്വാദ്യത ഉള്ളപ്പോള്‍ അക്ഷരശ്ലോകം ഇല്ല. അതിനാല്‍ അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കാന്‍ നടത്തുന്ന ഏതു ശ്രമവും വിനാശകരമായിരിക്കും.

അക്ഷരശ്ലോകമത്സരം നടത്താന്‍ വലിയ ഹാളുകള്‍ ആവശ്യമില്ല. 50 പേര്‍ക്ക് ഇരിക്കാവുന്ന ഒരു മിനി ഹാള്‍ മതിയാകും. ചതുരംഗമത്സരം നടത്താന്‍ സ്റ്റേഡിയം ആവശ്യമില്ല. അതിനും ഒരു ചെറിയ ഹാള്‍ മതി. ആസ്വാദകര്‍ ഇല്ല എന്നതാണ് അവിടെയും കാരണം.

താഴ്ത്തിക്കെട്ടാന്‍ വകുപ്പില്ല

ജനപിന്തുണയുള്ള ഏതു നേതാവിനും എം. എല്‍. എ. ആകാന്‍ അവകാശമുണ്ട്‌. ഏതു തരം ജനങ്ങളുടെ പിന്തുണയായാലും മതിയാകും. പിന്തുണയ്ക്കുന്നവര്‍ വിദ്യാഭ്യാസമോ ബുദ്ധിയോ കുറഞ്ഞവര്‍ ആണെന്നു പറഞ്ഞ് ഒരു നേതാവിനെ താഴ്ത്തിക്കെട്ടാന്‍ വകുപ്പില്ല. പതിനെട്ടു വയസ്സു തികഞ്ഞ ഏതു മനുഷ്യന്‍റെ പിന്തുണയ്ക്കും പരിപൂര്‍ണ്ണമായ മൂല്യമുണ്ട്. മൂല്യം കുറഞ്ഞ ജനപിന്തുണ എന്നൊന്നില്ല.

അക്ഷരശ്ലോകമത്സരം എന്ന സമത്വസുന്ദരവും ജനകീയവും ആയ സാഹിത്യവിനോദത്തില്‍ ജയിച്ചു സമ്മാനം നേടാന്‍ ശ്ലോകപ്രേമികള്‍ക്കുള്ള അവകാശവും ഇതുപോലെയാണ്. അനുഷ്ടുപ്പ് അല്ലാത്ത ഏതു ശ്ലോകത്തിനും പരിപൂര്‍ണ്ണമായ മൂല്യം ഉണ്ട്. അത്തരം ശ്ലോകങ്ങള്‍ വേണ്ടത്ര അറിയാവുന്ന ആര്‍ക്കും ജയിക്കാന്‍ അനിഷേദ്ധ്യമായ അവകാശവുമുണ്ട്‌. ഒരു മത്സരാര്‍ത്ഥി ചൊല്ലിയതു മൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ആണെന്നോ അയാള്‍ അവ ചൊല്ലിയതു മൂല്യം കുറഞ്ഞ ശൈലിയില്‍ ആണെന്നോ പറഞ്ഞ് അയാളെ താഴ്ത്തിക്കെട്ടാന്‍ വകുപ്പില്ല.

അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്നു സ്വയം വിശ്വസിക്കുന്ന ഉന്നതന്മാര്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!