ശങ്കുണ്ണിക്കുട്ടന്‍ അംഗീകരിച്ചിട്ടുണ്ടത്രേ

ആസ്വാദകവേഷം കെട്ടിയ ചില ഉന്നതന്മാരും സംഗീതവാസനയുള്ള ചില അക്ഷരശ്ലോകക്കാരും ഒത്തുചേര്‍ന്ന് അടുത്ത കാലത്ത് ഒരു പരിഷ്കൃതസിദ്ധാന്തം ഉണ്ടാക്കിയിട്ടുണ്ട് . അത് ഇങ്ങനെയാണ്:-

“അക്ഷരശ്ലോകം സംഗീതഗന്ധിയായിരിക്കണം. എങ്കില്‍ മാത്രമേ ശ്രോതാക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. അങ്ങനെ ധാരാളം ആസ്വാദകരെ നേടിയാല്‍ മാത്രമേ അക്ഷരശ്ലോകത്തിന്‍റെ വിലയും നിലയും വര്‍ദ്ധിക്കുകയുള്ളൂ”.

ഈ സിദ്ധാന്തം അനുസരിച്ചു മര്‍ത്ത്യാകാരേണ ഗോപീ എന്ന ശ്ലോകം യേശുദാസ് ചൊല്ലിയാല്‍ അതിനു വളരെയധികം മൂല്യം ഉണ്ടായിരിക്കും. അതേ ശ്ലോകം ശങ്കുണ്ണിക്കുട്ടന്‍ ആണു ചൊല്ലുന്നതെങ്കില്‍ അതിനു തീരെ കുറച്ചു മൂല്യമേ ഉണ്ടാവുകയുള്ളൂ.

സ്വാഭാവികമായും ഈ സിദ്ധാന്തം അംഗീകരിക്കാന്‍ പലരും വിസമ്മതിച്ചു. അവരോടു മുന്‍പറഞ്ഞ പരിഷ്കാരികള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. അത് ഇങ്ങനെയാണ്:-

“ഞങ്ങളുടെ സിദ്ധാന്തം മഹാപണ്ഡിതനും അക്ഷരശ്ലോകസര്‍വ്വജ്ഞനും ആയ സാക്ഷാല്‍ ശങ്കുണ്ണിക്കുട്ടന്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്. പിന്നെ എന്താ നിങ്ങള്‍ക്ക് അംഗീകരിച്ചാല്‍? നിങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതു സ്വാര്‍ത്ഥത കൊണ്ടല്ലേ?”

ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ഒരു കഥയാണ് ഓര്‍മ്മ വരുന്നത്.

പണ്ട് ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. മൃഗരാജാവായ സിംഹത്തിനു സൂത്രശാലികളായ രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു. ഒരു കാക്കയും ഒരു കുറുക്കനും. സിംഹത്തിനു വയസ്സായതു കൊണ്ട് ഇരപിടിക്കാന്‍ പ്രയാസമായിത്തീര്‍ന്നു. അതുകൊണ്ട് എളുപ്പത്തില്‍ ഭക്ഷണം കിട്ടാനുള്ള ഒരു പദ്ധതി അവര്‍ മൂന്നുപേരും കൂടി ആലോചിച്ചു തയ്യാറാക്കി. കാക്കയും കുറുക്കനും കൂടി ഒരു കഴുതയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. “ഞങ്ങള്‍ മൃഗരാജാവിന്‍റെ മന്ത്രിമാരാണ്. ഞങ്ങളുടെ ജീവിതം സുഖകരമാണ്. സിംഹത്തോടു സ്നേഹം പ്രകടിപ്പിച്ചാല്‍ മാത്രം മതി. ആശ്രിതവത്സലനായ സിംഹം എല്ലാ ആനുകൂല്യങ്ങളും വാരിക്കോരി തരും. യാതൊരു വിധമായ അല്ലലും അലട്ടും ഇല്ലാതെ സുഖമായി ജീവിക്കാം. വേണമെങ്കില്‍ ഞങ്ങള്‍ സിംഹത്തോടു ശിപാര്‍ശ ചെയ്തു നിന്നെയും ഒരു മന്ത്രിയാക്കാം”.

ഇത് കേട്ട കഴുത ഉടന്‍ തന്നെ അതിനു സമ്മതിച്ചു. സിംഹത്തോടു സ്നേഹം പ്രകടിപ്പിച്ചാല്‍ മാത്രം മതിയല്ലോ. രാജകൊട്ടാരത്തില്‍ സുഖമായും സുരക്ഷിതമായും കഴിയാം. കാക്കയും കുറുക്കനും കഴുതയെ കൊണ്ടു പോയി മന്ത്രിയാക്കി. തരം കിട്ടുമ്പോഴൊക്കെ സിംഹത്തോടു സ്നേഹം പ്രകടിപ്പിക്കുന്ന വാക്കുകള്‍ പറയാന്‍ അവര്‍ കഴുതയെ പഠിപ്പിച്ചു. അല്പം കഴിഞ്ഞു സിംഹം പറഞ്ഞു. “എനിക്കു വല്ലാതെ വിശക്കുന്നു. ഞാന്‍ പുറത്തു പോയി വല്ല മുയലിനെയോ മാനിനെയോ പിടിച്ചു തിന്നിട്ടു വരാം”.

ഇത് കേട്ട കാക്ക സ്നേഹത്തോടെ പറഞ്ഞു:- അടിയന്‍ ഇവിടെ ഉള്ളപ്പോള്‍ അങ്ങ് ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടുകയോ? വേണ്ടവേണ്ട. അങ്ങ് അടിയനെ ഭക്ഷിച്ചുകൊള്ളുക.

സിംഹം ഒന്നും പറഞ്ഞില്ല. സ്നേഹനിധിയും നന്ദിയുള്ളവനും ആയ സിംഹം തന്‍റെ ആശ്രിതനെ ഭക്ഷിക്കുമോ? ഒരിക്കലുമില്ല.

ഉടന്‍ കുറുക്കന്‍ പറഞ്ഞു:- കാക്കയെ ഭക്ഷിച്ചാലും അങ്ങയുടെ വിശപ്പു മാറുകയില്ല. അങ്ങ് അടിയനെ ഭക്ഷിച്ചുകൊള്ളുക.

ഇത് കേട്ടിട്ടും സിംഹം ഒന്നും പറഞ്ഞില്ല. സിംഹത്തിന്‍റെ ആശ്രിതവാത്സല്യം കഴുതയ്ക്കു ബോദ്ധ്യമായി.

തന്‍റെ സ്നേഹം പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു. അതു പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച കഴുത ഇങ്ങനെ പറഞ്ഞു:-  രാജാധിരാജനായ അങ്ങു ഭക്ഷണത്തിനു വേണ്ടി ഒട്ടും ബുദ്ധിമുട്ടേണ്ടതില്ല. കുറുക്കന്‍റെ ശരീരത്തില്‍ ഉള്ളതിനേക്കാള്‍ മാംസം അടിയന്‍റെ ശരീരത്തില്‍ ഉണ്ട്. അങ്ങ് ഒട്ടും മടിക്കാതെ അടിയനെ ഭക്ഷിച്ചുകൊള്ളുക.

ഇതു കേള്‍ക്കേണ്ട താമസം സിംഹം കഴുതയുടെ മേല്‍ ചാടി വീണ് അതിന്‍റെ കഥ കഴിച്ചു. മൂന്നു പേരും കൂടി കഴുതയെ കുശാലായി ഭക്ഷിക്കുകയും ചെയ്തു.

ഇവിടെ കഴുതയുടെ അംഗീകാരത്തോടു കൂടിയാണു കഴുതയെ കൊന്നു തിന്നത്. അതിനാല്‍ ലോകത്ത് ഒരു കഴുതയ്ക്കും അതിനെപ്പറ്റി പരാതി പറയാന്‍ അവകാശമില്ല.

പരിഷ്കാരികളുടെ സിദ്ധാന്തം വന്നതിനുശേഷവും ശങ്കുണ്ണിക്കുട്ടന്‍റെ സമകാലീനന്മാരായ എല്ലാ പണ്ഡിതന്മാരും അഹമഹമികയാ മത്സരങ്ങളില്‍ പങ്കെടുത്തു സ്വര്‍ണ്ണമെഡല്‍ നേടി. പക്ഷേ ശങ്കുണ്ണിക്കുട്ടന്‍ മാത്രം ഒരു പിച്ചളത്തുണ്ടു പോലും മോഹിക്കാതെ “മൂല്യമില്ലാത്തവന്‍” എന്ന ലേബലും പേറി ഒതുങ്ങി കഴിഞ്ഞുകൂടി. അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും ഒരു മത്സരത്തിലും പങ്കെടുത്തില്ല. ആരോടും ഒരു പരാതിയും പറഞ്ഞതുമില്ല. അതിന്‍റെ അര്‍ത്ഥം അദ്ദേഹം ചൊല്ലിയാല്‍ മൂല്യം ഉണ്ടാവുകയില്ല എന്ന സിദ്ധാന്തം അദ്ദേഹം അംഗീകരിച്ചു എന്നല്ലേ? ഇത്രയും മഹാനായ ഇദ്ദേഹം അംഗീകരിച്ച ഈ സിദ്ധാന്തം എന്തുകൊണ്ടു നിങ്ങള്‍ക്കും അംഗീകരിച്ചുകൂടാ?

ശങ്കുണ്ണിക്കുട്ടനെ നിര്‍മ്മൂല്യനും അതുകൊണ്ടുതന്നെ നിര്‍മ്മത്സരനും ആക്കിയത് അദ്ദേഹത്തിന്‍റെ അംഗീകാരത്തോടെ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

പരിഷ്കാരം ഉണ്ടാക്കുന്നെങ്കില്‍ അത് ഇങ്ങനെ തന്നെ വേണം. ബലേ ഭേഷ്!

നിധി എടുത്തു തരുന്ന മന്ത്രവാദികള്‍

ഒരാളുടെ വീട്ടില്‍ പത്തുകോടി രൂപാ വില മതിക്കുന്ന ഒരു നിധി ഉണ്ടെന്നും ഒരു ലക്ഷം രൂപാ ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ മന്ത്രവാദം കൊണ്ട് അത് എടുത്തു കൊടുക്കാമെന്നും ഒരു സിദ്ധന്‍ പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുമോ? എല്ലാവരും വിശ്വസിച്ചില്ലെങ്കിലും ചിലരൊക്കെ വിശ്വസിക്കും. അവിടെയാണ് മന്ത്രവാദിയുടെ വിജയം. ഗൃഹസ്ഥന് ഒരിക്കലും നിധി കിട്ടുകയില്ല. ഒരു ലക്ഷം രൂപ മന്ത്രവാദിയുടെ പോക്കറ്റില്‍. അയാളും അയാളുടെ പുത്രകളത്രാദികളും അതു കൊണ്ടു സുഖമായി ജീവിക്കും.

ഇതു പോലെയാണ് “ആസ്വാദകവൃന്ദം” എന്ന നിധി എടുത്തു തരാം എന്ന മോഹനവാഗ്ദാനവുമായി ശുദ്ധഗതിക്കാരായ അക്ഷരശ്ലോകപ്രേമികളെ സമീപിക്കുന്ന ഉന്നതന്മാരുടെയും സര്‍വ്വജ്ഞന്മാരുടെയും പ്രവര്‍ത്തനശൈലിയും. ധാരാളം ആസ്വാദകരെ കിട്ടിയാല്‍ വലിയ ഒരു നേട്ടം ആയിരിക്കുമല്ലോ എന്നു കരുതി ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളും ഇവര്‍ പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കാന്‍ തയ്യാറാകും.

സാഹിത്യമൂല്യം, അവതരണഭംഗി, ആവിഷ്കാരഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം, രാഗം, ഈണം, സംഗീതഗന്ധം, ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ നൂറുകണക്കിനു മന്ത്രങ്ങള്‍ ജപിക്കുന്ന ഈ മന്ത്രവാദികള്‍ക്ക് “ആസ്വാദകവൃന്ദം” എന്ന നിധി എടുത്തു തരാന്‍ ഒരിക്കലും കഴിയുകയില്ല. ഇവര്‍ പറയുന്നതെല്ലാം അനുസരിച്ചാലും ഒരു ആസ്വാദകനെപ്പോലും കൂടുതല്‍ കിട്ടുകയില്ല. നിങ്ങള്‍ ശുദ്ധഗതിക്കാരനായ ഒരു സാധാരണക്കാരന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം ഇവര്‍ സൂത്രത്തില്‍ കൈക്കലാക്കി തങ്ങളുടെ ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും കൊടുക്കും. നിങ്ങള്‍ അക്ഷരശ്ലോകരംഗത്തു നിന്നു തന്നെ പുറന്തള്ളപ്പെടുകയും ചെയ്യും.

നിങ്ങള്‍ക്ക് ഏതു തരം മത്സരമാണു വേണ്ടത്?

രണ്ടു തരം മത്സരങ്ങള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അവയില്‍ ഏതാണു വേണ്ടത്?

  1. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിച്ചു മാര്‍ക്ക് നേടി ജയിക്കുന്ന ഉന്നതനിലവാരമുള്ള നവീനമത്സരങ്ങള്‍.
  2. ഏതു നാല്‍ക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാവുന്നതും ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ പര്യാപ്തമല്ലാത്തതും നിലവാരം ഉറപ്പു വരുത്താന്‍ യാതൊരു സംവിധാനവും ഇല്ലാത്തതും ആയ പഴഞ്ചന്‍ മത്സരങ്ങള്‍.

മേല്‍പ്പറഞ്ഞ ചോദ്യം ചോദിച്ചാല്‍ മിക്കവാറും എല്ലാവരും തന്നെ ആദ്യത്തെ മത്സരം മതി എന്നായിരിക്കും ഉത്തരം പറയുക. നിങ്ങള്‍ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഒക്കെ ഉള്ള ഒരു ഭാഗ്യവാന്‍ ആണെങ്കില്‍ അങ്ങനെ ഉത്തരം പറയുന്നതു കൊണ്ട് നിങ്ങള്‍ക്കു യാതൊരു ദോഷവും വരികയില്ല. ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ നിങ്ങള്‍ അത്തരം ജന്മസിദ്ധമായ മേന്മകള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍ ആണെങ്കില്‍ ആ ഉത്തരം നിങ്ങളെ കുടുക്കും. ചൂണ്ട കാണാതെ ഇര വിഴുങ്ങിയ മത്സ്യത്തിന്‍റെ ഗതി മാത്രമേ നിങ്ങള്‍ക്കു പിന്നെ പ്രതീക്ഷിക്കാനുള്ളൂ. സൂത്രശാലിയായ മനുഷ്യന്‍റെ തീന്മേശപ്പുറത്തെ പൊരിച്ച മീനായി മാറാന്‍ അധികം താമസം ഉണ്ടാവുകയില്ല.

നിങ്ങള്‍ ആ ഉത്തരം പറയുന്നതോടു കൂടി നിങ്ങള്‍ പടിക്കു പുറത്തായിക്കഴിഞ്ഞു. അക്ഷരശ്ലോകസാമ്രാജ്യം അടക്കി ഭരിക്കുന്ന ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും ധനാഢ്യന്മാരും കൂടി നിങ്ങളെ എഴാം കൂലി എന്നു മുദ്ര കുത്തി എലിമിനേറ്റു ചെയ്യും. നിങ്ങള്‍ക്ക് അവകാശപ്പെട്ട സകലതും അവര്‍ സ്വന്തമാക്കുകയോ അവരുടെ കണ്ണിലുണ്ണികള്‍ക്ക് ഇഷ്ടദാനമായി വിതരണം ചെയ്യുകയോ ചെയ്യും. നിങ്ങള്‍ക്ക് ഇഹഗതിയും പരഗതിയും ഇല്ലാതെ അനാഥപ്രേതത്തെപ്പോലെ അലഞ്ഞുതിരിയേണ്ടി വരും. ഈ രംഗത്തു പിന്നെ നിങ്ങള്‍ക്കു യാതൊരു സ്ഥാനവും ഉണ്ടാവുകയില്ല.

എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ നാലു ഭാഗത്തു നിന്നും പുച്ഛത്തിന്‍റെയും പരിഹാസത്തിന്‍റെയും കൂരമ്പുകള്‍ നിങ്ങള്‍ക്കു നേരേ പാഞ്ഞു വരും. നിങ്ങളുടെ പക്ഷം പറയാന്‍ ഒരു കുഞ്ഞു പോലും ഉണ്ടാവുകയില്ല. ഉന്നതന്മാര്‍ നിങ്ങള്‍ക്കു സ്വാര്‍ത്ഥന്‍ എന്ന ഒരു ബഹുമതിബിരുദം കൂടി ചാര്‍ത്തിത്തരും. അതോടുകൂടി നിങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കപ്പെട്ടു കഴിയും.

അതിനാല്‍ അല്ലയോ സാധാരണക്കാരേ! മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പു രണ്ടു പ്രാവശ്യമല്ല, പത്തു പ്രാവശ്യം ആലോചിക്കുക.

പൊങ്ങച്ചവും അറിവില്ലായ്മയും ചിന്താശൂന്യതയും നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.

സാധാരണക്കാരെ പുറന്തള്ളിക്കൊണ്ടുള്ള “പുരോഗമനം”

ആകാശം മുട്ടുന്ന വന്‍മരങ്ങളും മനോഹരമായ പൂക്കളുള്ള ചെടികളും ഉള്ളപ്പോള്‍ ഭൂമിയില്‍ ഈ നിസ്സാരമായ പുല്ലിന് എന്തു പ്രസക്തി? ഈ പുല്ലുകളെ എല്ലാം എലിമിനേറ്റു ചെയ്തു കളഞ്ഞാല്‍ ഭൂമിയുടെ നിലയും വിലയും ഉയരും.

ഇപ്രകാരം ഏതാനും സര്‍വ്വജ്ഞന്മാര്‍ തീരുമാനിക്കുകയും ആ തീരുമാനം നടപ്പാക്കുകയും ചെയ്താല്‍ എന്തായിരിക്കും ഫലം? ഭൂമി നശിക്കും. ഭൂമി നിലനില്‍ക്കണമെങ്കില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കും ഒപ്പം പുല്ലുകളും വേണം.

ഇതുപോലെയാണ് അക്ഷരശ്ലോകവും. അക്ഷരശ്ലോകം നിലനില്‍ക്കണമെങ്കില്‍ സാധാരണക്കാര്‍ കൂടിയേ തീരൂ. കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടിനെയും എന്‍.ഡി.കൃഷ്ണനുണ്ണിയെയും പോലെയുള്ള ഉന്നതന്മാര്‍ മാത്രം പോര. “താഴേക്കിടയിലുള്ള” സാധാരണക്കാരെ മുഴുവന്‍ എലിമിനേഷനിലൂടെ പുറന്തള്ളിക്കൊണ്ടുള്ള ഒരു പുരോഗമനവും പുരോഗമനം ആവുകയില്ല. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌. അതിനെ ഏതാനും ഗര്‍ഭശ്രീമാന്മാരുടെ കുത്തകയാക്കുന്നത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയായിരിക്കും.

കഥകളി ആസ്വാദകന്മാരുടെ ഇടിച്ചുകയറ്റം

അക്ഷരശ്ലോകമത്സരരംഗത്തു സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണു കഥകളി ആസ്വാദകന്മാരുടെ ഇടിച്ചുകയറ്റം. നിര്‍ഭാഗ്യവശാല്‍ എല്ലാ ആട്ടക്കഥകളിലും കുറേ ശ്ലോകങ്ങള്‍ ഉണ്ട്. കഥകളിസംഗീതക്കാര്‍ അവ മനോഹരമായി പാടാറും ഉണ്ട്. അവര്‍ പാടുന്നതു പോലെ ആസ്വാദ്യമായ രീതിയില്‍ അക്ഷരശ്ലോകക്കാരും പാടിക്കൊള്ളണം എന്നാണ് ഈ ഇടിച്ചുകയറ്റക്കാരുടെ ശാഠ്യം. ആസ്വാദകന്മാര്‍, പരിശീലകന്മാര്‍, നിയമനിര്‍മ്മാതാക്കള്‍, ജഡ്ജിമാര്‍, പ്രാസംഗികന്മാര്‍ ഇങ്ങനെ പല വേഷത്തിലും ഇത്തരക്കാര്‍ പ്രത്യക്ഷപ്പെടും. അവരുടെ പ്രവര്‍ത്തനഫലമോ സാധാരണക്കാര്‍ക്കു നീതി നിഷേധിക്കലും!

കഥകളി ആസ്വാദകന്മാരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ശ്ലോകം ചൊല്ലാനുള്ള യാതൊരു ബാദ്ധ്യതയും അക്ഷരശ്ലോകക്കര്‍ക്കില്ല. കഥകളി വേറെ, അക്ഷരശ്ലോകം വേറെ.

കഥകളി ആസ്വാദകന്മാര്‍ മാത്രമല്ല, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, പദ്യം ചൊല്ലല്‍, ലളിതഗാനം മുതലായ മറ്റു പലതിന്‍റെയും ആസ്വാദകന്മാര്‍ ഇടിച്ചുകയറി വന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്തിനേറെപ്പറയുന്നു? സിനിമാപ്പാട്ടിന്‍റെ ആസ്വാദകന്മാര്‍ പോലും ഇടിച്ചുകയറി വന്ന് അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കും. യേശുദാസ് പാടുന്നതു പോലെ ശ്ലോകങ്ങള്‍ പാടാന്‍ കഴിവുള്ളവരാണ് അവരുടെ ദൃഷ്ടിയില്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍.

മറ്റൊരു പരിതാപകരമായ സത്യം കൂടി ഉണ്ട്. അക്ഷരശ്ലോകക്കാര്‍ ആസ്വാദകന്മാരെ കിട്ടാന്‍ വേണ്ടി ദാഹിച്ചിരിക്കുന്നവരാണ്. ആസ്വാദകവേഷം കെട്ടി ഏതു കശ്മലന്‍ വന്നാലും അവനെ പൂവിട്ടു പൂജിക്കാന്‍ അവര്‍ സദാ സന്നദ്ധരാണ്. അതിലെ അപകടം അവര്‍ മനസ്സിലാക്കുന്നില്ല.

അക്ഷരശ്ലോകം എന്താണെന്നു ശരിക്ക് അറിഞ്ഞുകൂടാത്ത എല്ലാ ആസ്വാദകന്മാര്‍ക്കെതിരെയും നിതാന്തജാഗ്രത വേണം. അവരെ നിലയ്ക്കു നിര്‍ത്താനുള്ള തന്റേടം അക്ഷരശ്ലോകക്കാര്‍ കാണിച്ചേ മതിയാവൂ. അല്ലാത്തപക്ഷം സാധാരണക്കാര്‍ക്ക് ഇഹഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയുണ്ടാകും.