പൂജയ്ക്കു പൂച്ച കൂടിയേ തീരൂ

ഒരിടത്ത് ഒരു ഉണ്ണിനമ്പൂതിരി ഉണ്ടായിരുന്നു. അദ്ദേഹം പല വീടുകളിലും ഗണപതിഹോമം, ഭഗവതിസേവ മുതലായ പൂജകള്‍ നടത്താന്‍ പോകുമായിരുന്നു. പൂജയ്ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതുമ്പോള്‍ ആദ്യത്തെ രണ്ട് ഇനങ്ങള്‍ ഒരു പൂച്ചയും ഒരു കുട്ടയും ആയിരിക്കും. പൂജ തുടങ്ങുന്നതിനു മുമ്പു പൂച്ചയെ കുട്ട കൊണ്ടു മൂടി വയ്ക്കും. പൂജ കഴിയുമ്പോള്‍ തുറന്നു വിടുകയും ചെയ്യും. വീട്ടില്‍ പൂച്ച ഇല്ലെങ്കില്‍ എവിടെ നിന്നെങ്കിലും ഒരു പൂച്ചയെ കൊണ്ടു വന്നേ തീരൂ. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഉണ്ണിനമ്പൂതിരി തയ്യാറല്ല.

എന്തിനു വേണ്ടിയാണു പൂച്ച എന്നു ചോദിച്ചാല്‍ നമ്പൂതിരിക്ക് അറിഞ്ഞുകൂടാ. അച്ഛന്‍ ഇങ്ങനെയാണു പൂജ നടത്തിയിരുന്നത് എന്നു മാത്രമാണ് അദ്ദേഹത്തിന്‍റെ മറുപടി. ഇതിന്‍റെ ഗുട്ടന്‍സ് അറിയാന്‍ ചിലര്‍ വിപുലമായ അന്വേഷണം നടത്തി. അവര്‍ക്കു കാര്യം പിടി കിട്ടി. ഉണ്ണിനമ്പൂതിരിയുടെ വീട്ടില്‍ ശല്യക്കാരനായ ഒരു പൂച്ച ഉണ്ടായിരുന്നു. ഓടിച്ചാടി നടന്നു പൂജാസാധനങ്ങള്‍ തട്ടിമറിക്കുന്നത് ഇഷ്ടന്‍റെ സ്ഥിരം പരിപാടി ആയിരുന്നു. അതിനാല്‍ അച്ഛന്‍ നമ്പൂതിരി അതിനെ പൂജാസമയങ്ങളില്‍ കുട്ട കൊണ്ടു മൂടി വയ്ക്കാറുണ്ടായിരുന്നു.

ഇതുപോലെയാണു ചില പരിഷ്കാരികളുടെ അക്ഷരശ്ലോകം നടത്തല്‍. മൂന്നാം വരിയിലെ അക്ഷരം നോക്കിത്തന്നെ ശ്ലോകം ചൊല്ലണം. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റുകയില്ല. പക്ഷേ പല അക്ഷരങ്ങളിലും ശ്ലോകം ചൊല്ലാതെ ഇരുന്നവര്‍ ജയിച്ച് ഒന്നാം സമ്മാനവും കൊണ്ടു പോകും. അച്ചുമൂളിയവര്‍ എങ്ങനെയാണു ജയിച്ചത്‌ എന്നു ചോദിച്ചാല്‍ അവരുടെ മറുപടി ഇങ്ങനെ ആയിരിക്കും.

“ഞങ്ങള്‍ ശങ്കുണ്ണിക്കുട്ടന്‍റെ മൂല്യനിര്‍ണ്ണയം എന്ന ഒരു മഹത്തായ മൂല്യനിര്‍ണ്ണയരീതി ഉപയോഗിച്ചാണു മത്സരങ്ങള്‍ നടത്തുന്നത്. ശ്ലോകങ്ങളുടെ സെലെക്ഷനും പ്രസെന്‍റേഷനും ഒക്കെ കൂലങ്കഷമായി പരിശോധിച്ചു മാര്‍ക്കിടും. മാര്‍ക്കു കൂടിയവരെ ജയിപ്പിക്കും. ചിലപ്പോള്‍ അച്ചു മൂളിയവര്‍ക്കായിരിക്കും കൂടുതല്‍ മാര്‍ക്കു കിട്ടുന്നത്. അപ്പോള്‍ അവരെ ജയിപ്പിച്ചല്ലേ മതിയാവൂ?”

എന്നാല്‍പ്പിന്നെ അക്ഷരനിബന്ധന വേണ്ടെന്നു വച്ചുകൂടേ? എന്നു ചോദിച്ചാല്‍ ഉടന്‍ വരും അവരുടെ മറുപടി.

“അതു പറ്റുകയില്ല. അക്ഷരനിബന്ധന അക്ഷരശ്ലോകത്തിന്‍റെ അവിഭാജ്യഘടകമാണ്”.

അക്ഷരനിബന്ധന എന്തിനു വേണ്ടിയാണെന്നു മനസ്സിലാക്കാതെ അക്ഷരനിബന്ധന പാലിച്ചേ തീരൂ എന്നു ശഠിക്കുകയും യാതൊരു ഉളുപ്പും ഇല്ലാതെ അച്ചു മൂളിയവരെ ജയിപ്പിക്കുകയും ചെയ്യുന്ന ഈ ചിന്താജഡന്മാരോട് എന്തു പറയാന്‍?

ആഹ്ലാദിപ്പിക്കല്‍ സിദ്ധാന്തത്തിനു പിന്നിലെ അപകടം

1955 ല്‍ പണവും പ്രതാപവും അധികാരവും സ്വാധീനശക്തിയും ഒക്കെയുള്ള ഉന്നതന്മാരായ ഏതാനും സ്വയം പ്രഖ്യാപിത അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ ചേര്‍ന്ന് ഒരു നൂതനസിദ്ധാന്തം ആവിഷ്കരിച്ചു പ്രചരിപ്പിക്കാന്‍ തുടങ്ങി. ആ സിദ്ധാന്തത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്.

“അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനാണ് അക്ഷരശ്ലോകക്കാര്‍ ശ്രമിക്കണ്ടത്. അക്ഷരശ്ലോകമത്സരങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാത്തവരെ ആദ്യം തന്നെ ഞങ്ങള്‍ എലിമിനേറ്റു ചെയ്യും. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നവര്‍ അച്ചു മൂളിയാലും ഞങ്ങള്‍ അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും”.

ഈ സിദ്ധാന്തം കേട്ടവര്‍ക്ക് ഇതില്‍ അപാകം എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. അവര്‍ ഉന്നതന്മാരുടെ സിദ്ധാന്തം അംഗീകരിക്കുകയും ഉന്നതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്തു. സാഹിത്യമൂല്യവും അവതരണഭംഗിയും ആസ്വാദ്യതയും ഒക്കെ വര്‍ദ്ധിക്കുമ്പോള്‍ അക്ഷരശ്ലോകത്തിന്‍റെ നില മെച്ചപ്പെടുമല്ലോ എന്നാണ് അവര്‍ ചിന്തിച്ചത്.

പക്ഷേ കാലക്രമത്തില്‍ പുതിയ സിദ്ധാന്തത്തിന്‍റെ ദൂഷ്യവശങ്ങള്‍ ഓരോന്നോരോന്നായി പ്രകടമാകാന്‍ തുടങ്ങി. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സ്വരമാധുര്യവും പാട്ടും കൂടിയേ തീരൂ എന്നു വന്നു. അങ്ങനെ അക്ഷരശ്ലോകം ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഒക്കെയുള്ള ഒരു ന്യൂനപക്ഷത്തിന്‍റെ കുത്തകയായി മാറി. സാധാരണക്കാരായ ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളും അഗണ്യകോടിയില്‍ തള്ളപ്പെട്ടു.

ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ ഇന്‍ഡ്യയിലെ കോടിക്കണക്കിനു നാട്ടുകാര്‍ക്കു മാന്യമായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുകയും അതു മുപ്പതിനായിരം ബ്രിട്ടീഷുകാരുടെയും അവരുടെ ശിങ്കിടികളുടെയും കുത്തകയായി മാറുകയും ചെയ്യുകയുണ്ടായല്ലോ. അതുപോലെയൊരു ദുരവസ്ഥയാണു സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികള്‍ക്കു നേരിടേണ്ടി വന്നത്. അക്ഷരശ്ലോകമത്സരങ്ങളില്‍ ഉന്നതന്മാരും അവരുടെ ശിങ്കിടികളും മാത്രമേ ജയിക്കൂ എന്നു വന്നു. സാധാരണക്കാര്‍ക്ക് അക്ഷരശ്ലോകം അപ്രാപ്യവും അന്യവും ആയി.

ഇന്ത്യക്കാര്‍ ബ്രിട്ടീഷ് യജമാനന്മാരെ എതിര്‍ക്കാന്‍ കഴിയാതെ കുഴങ്ങിയതു പോലെ സാധാരണക്കാര്‍ ഈ ഉന്നതന്മാരെ എതിര്‍ക്കാന്‍കഴിയാതെ കുഴങ്ങുന്നു. തിരുവായ്ക്ക് എതിര്‍വാ പറഞ്ഞാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടിപ്പോകും എന്ന അവസ്ഥ. തനിക്കു താന്‍ പോന്നവരൊന്നു ചെയ്താല്‍ അതിന്നു കുറ്റം പറയാവതുണ്ടോ?

പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെ ഉള്ള ഉന്നതന്മാര്‍ ഉണ്ടാക്കിയതാണെങ്കിലും ആഹ്ലാദിപ്പിക്കല്‍ സിദ്ധാന്തം ശുദ്ധ അസംബന്ധമാണ്. അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ലേയല്ല. ആയിരുന്നുവെങ്കില്‍ അക്ഷരനിബന്ധന പാലിക്കണമെന്നും അനുഷ്ടുപ്പ് ഒഴിവാക്കണമെന്നും നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മോട് ആവശ്യപ്പെടുമായിരുന്നില്ല. അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അല്പം ആലോചിച്ചാല്‍ ഉന്നതന്മാര്‍ എഴുന്നള്ളിച്ചത് ഒരു പൊട്ടന്‍ സിദ്ധാന്തം ആണെന്നു ബോദ്ധ്യപ്പെടും.

പൊട്ടന്‍ സിദ്ധാന്തം എഴുന്നള്ളിക്കുന്നവന്‍ എത്ര വലിയ ഉന്നതന്‍ ആയിരുന്നാലും “ഇതു പൊട്ടന്‍ സിദ്ധാന്തമാണ്‌” എന്ന് അവനോടു നട്ടെല്ലു നിവര്‍ത്തി നിന്നു പറയാനുള്ള തന്‍റേടം അക്ഷരശ്ലോകക്കാര്‍ നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.