മാര്‍ക്കിടല്‍ അനാവശ്യവും നിയമവിരുദ്ധവും ആകുന്നത്‌ എന്തുകൊണ്ട്?

ഒരു മത്സരത്തിന് “ആസ്വാദകര്‍” ഉള്ളതു കൊണ്ടോ അതു നടത്തുന്നവര്‍ക്കു “മൂല്യബോധം” ഉള്ളതു കൊണ്ടോ അതില്‍ മാര്‍ക്കിടല്‍ ആവശ്യമോ അനുവദനീയമോ ആകുകയില്ല. ലോകത്ത് ഏറ്റവും അധികം ആസ്വാദകര്‍ ഉള്ളതു ഫുട്ബാള്‍ മത്സരത്തിനാണ്. അതു നടത്തുന്നവര്‍ മൂല്യബോധത്തിനോ ബുദ്ധിശക്തിക്കോ ഒട്ടും കുറവുള്ളവരല്ല. എന്നിട്ടും ലോകത്ത് ഒരിടത്തും ഫുട്ബാള്‍ മത്സരം റഫറിമാര്‍ മാര്‍ക്കിട്ടു നടത്താറില്ല. പണ്ടാരും അങ്ങനെ നടത്തിയ ചരിത്രവും ഇല്ല. ഇനി ഏതെങ്കിലും മഠയന്‍ അങ്ങനെ നടത്തുമെന്നു പ്രതീക്ഷിക്കാനും വയ്യ. എന്തുകൊണ്ട്? ഫുട്ബാള്‍ മത്സരത്തില്‍ ഗോളടിക്കല്‍ എന്നൊരു ഏര്‍പ്പാട് ഉള്ളതുകൊണ്ടു തന്നെ. ഗോളടിച്ചാല്‍ ജയിക്കും. ഗോളടിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതാണ് ആ മത്സരത്തിന്‍റെ അടിസ്ഥാന തത്വം. അതിനെപ്പറ്റി അറിയാവുന്ന ഒരു റഫറിയും മാര്‍ക്കിടുകയില്ല.

ആസ്വാദകരുടെ എണ്ണത്തില്‍ ലോകത്തു രണ്ടാം സ്ഥാനം ഉള്ള മത്സരം ക്രിക്കറ്റാണ്. അതിലും മാര്‍ക്കിടല്‍ ഇല്ല. അതിനു കാരണം റണ്‍സ് എടുത്താല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്ന നിയമമാണ്.

ആസ്വാദകര്‍ കുറവാണെങ്കിലും പ്രചാരം വളരെയുള്ള ഒരു മത്സരമാണ്‌ ഭാരതീയരുടെ സംഭാവനയായ ചെസ്സ്‌. അതിലും മാര്‍ക്കിടല്‍ ഇല്ല. അതിനു കാരണം രാജാവിനെ സംരക്ഷിച്ചാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്ന നിയമമാണ്.

അക്ഷരശ്ലോകവും ചെസ്സ്‌ പോലെയുള്ള ഒരു ഭാരതീയ വിനോദമാണ്‌. അതില്‍ അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും എന്നതാണ് അടിസ്ഥാനപരമായ നിയമവും തത്വശാസ്ത്രവും. അതിനാല്‍ അതിലും മാര്‍ക്കിടല്‍ അനാവശ്യവും നിയമവിരുദ്ധവും ആണ്.

ആസ്വാദകര്‍ ഏറ്റവും കൂടുതലുള്ള ഫുട്ബാളിലും ക്രിക്കറ്റിലും ഇല്ലാത്ത ഒരു മാര്‍ക്കിടല്‍ ആസ്വാദകദാരിദ്ര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഉള്ള അക്ഷരശ്ലോകത്തില്‍ ആവശ്യമുണ്ടോ? ശ്ലോകക്കാര്‍ക്കു “മൂല്യബോധം” ഉള്ളതുകൊണ്ടു മാത്രം അതു നിയമവിധേയം ആകുമോ?

ഫുട്ബാള്‍ മത്സരത്തില്‍ റഫറിമാര്‍ മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ ഗോളടിക്കാത്തവര്‍ക്കു മാര്‍ക്കു കൂടുതല്‍ കിട്ടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. അപ്പോള്‍ അവരെ ജയിപ്പിച്ചാല്‍ എന്തു സംഭവിക്കും? ആ നാട്ടില്‍ ബുദ്ധിയുള്ളവര്‍ ഉണ്ടെങ്കില്‍ അവിടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. അക്ഷരശ്ലോകത്തില്‍ മാര്‍ക്കിട്ടാല്‍ അച്ചുമൂളിയവര്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.  അപ്പോള്‍ അവരെ ജയിപ്പിച്ചാല്‍ എന്തു സംഭവിക്കും? ആ നാട്ടില്‍ ബുദ്ധിയുള്ളവര്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. തീരെ പ്രതികരണശേഷി ഇല്ലാത്ത ചിന്താജഡന്‍മാര്‍ മാത്രമുള്ള നാടുകളില്‍ മാത്രമേ അച്ചുമൂളിയവരെ ജയിപ്പിച്ചുകൊണ്ടു “മുന്നേറാന്‍” കഴിയൂ. “വമ്പിച്ച പുരോഗമനം” എന്ന് അവകാശപ്പെട്ടുകൊണ്ട്, അച്ചുമൂളിയ അല്പജ്ഞാനികളെ ജയിപ്പിക്കുന്ന സംഘടനകള്‍ തിരുവിതാംകൂര്‍ കൊച്ചി ഭാഗങ്ങളില്‍ പല സ്ഥലങ്ങളിലും കാണാം. അവരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കുന്ന, പ്രതികരണശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട “അക്ഷരശ്ലോക”മത്സരാര്‍ത്ഥികളെയും കാണാം.

അക്ഷരശ്ലോകത്തില്‍ മാര്‍ക്കിടല്‍ അനാവശ്യവും നിയമവിരുദ്ധവും ബുദ്ധിശൂന്യവും ആണെന്ന്, അല്പമെങ്കിലും ചിന്താശക്തി ഉള്ളവര്‍ക്കു ബോദ്ധ്യപ്പെടാന്‍ ഇതിലും കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?

 

അക്ഷരശ്ലോകക്കാരുടെ അവകാശങ്ങള്‍

അക്ഷരശ്ലോകക്കാര്‍ക്കു ധാരാളം അവകാശങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതു താഴെ കൊടുക്കുന്നു.

1.സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലാനുള്ള അവകാശം.

കിട്ടിയ അക്ഷരത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത ഒരുശ്ലോകം ചൊല്ലണം എന്നു മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. അതില്‍ എത്രത്തോളം സാഹിത്യമൂല്യം ഉണ്ടായിരിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന യാതൊരു നിയമവും ഇല്ല. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സര്‍വ്വാത്മനാ സ്വീകാര്യമാണ്. വൃത്തഭംഗം, നിരര്‍ത്ഥകത മുതലായ ദോഷങ്ങള്‍ ഇല്ലെങ്കില്‍ അവയ്ക്കു യാതൊരുവിധ പോരായ്മയും കല്‍പ്പിക്കാന്‍ പാടുള്ളതല്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലുന്നയാള്‍ക്കു കൂടുതല്‍ പരിഗണനയും സ്വന്തം ശ്ലോകം ചൊല്ലുന്നയാള്‍ക്കു കുറച്ചു പരിഗണനയും കൊടുക്കുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.

2. ശബ്ദമേന്മ ഇല്ലെങ്കിലും ശ്ലോകം ചൊല്ലാനുള്ള അവകാശം.

ശബ്ദഗുണങ്ങള്‍ തീരെ കുറവായവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാന്‍ അനിഷേദ്ധ്യമായ അവകാശമുണ്ട്‌. “ഷഡ്ഗുണങ്ങള്‍ ഉള്ള മുഴങ്ങുന്ന ശബ്ദം ”  ഉള്ളവര്‍ക്കു മുന്തിയ പരിഗണന കൊടുക്കുകയും സാധാരണക്കാരെ മൂല്യം കുറഞ്ഞവര്‍ എന്നു മുദ്ര കുത്തുകയും ചെയ്യുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.

3. സംഗീതവിമുക്തമായി ശ്ലോകം ചൊല്ലാനുള്ള അവകാശം.

അക്ഷരശ്ലോകം സംഗീതഗന്ധിയായിരിക്കണം എന്നു ചിലര്‍ ശഠിക്കാറുണ്ട്. അതു തികഞ്ഞ വിവരക്കേടാണ്. അക്ഷരശ്ലോകത്തില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. സംഗീതഗന്ധിയല്ലാതെ ശ്ലോകം  ചൊല്ലുന്നവരെ മോശക്കരായി പരിഗണിക്കുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.

4. ഒരാള്‍ അപൂര്‍ണ്ണമാക്കി ഉപേക്ഷിച്ച ശ്ലോകം ചൊല്ലാനുള്ള അവകാശം.

ഒരാള്‍ ഒരു ശ്ലോകത്തിന്‍റെ മൂന്നാം വരിയില്‍ എത്തിയ ശേഷം ബാക്കി ഓര്‍മ്മ വരാതെ ഉപേക്ഷിച്ചാല്‍ ആ ശ്ലോകം മറ്റാരും ചൊല്ലാന്‍ പാടില്ല എന്നു ചില ചിന്താശൂന്യന്മാരായ അല്പജ്ഞാനികള്‍ ശഠിക്കാറുണ്ട്. ഇതും നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.

അക്ഷരശ്ലോകക്കാരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ല. അതിനാല്‍ അവകാശങ്ങള്‍ നിഷേധിച്ചാലും അവര്‍ പ്രതികരിക്കുകയില്ല. ഈ അവസ്ഥ മാറിയേ തീരൂ. അവകാശം നിഷേധിച്ചാല്‍, നിഷേധിക്കുന്നവന്‍ എത്ര ഉന്നതന്‍ ആയാലും, യുക്തമായ രീതിയില്‍ പ്രതികരിക്കണം.

അച്ചുമൂളിയവരെ ജയിപ്പിക്കുന്ന കടുത്ത നിയമലംഘനത്തിനെതിരെ പോലും പ്രതികരിക്കാതെ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ ഇത്തരം ” ചെറിയ” അവകാശനിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുമോ? കണ്ടുതന്നെ അറിയണം.

 

സ്ഥിരം ജേതാക്കള്‍

അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു മാത്രമേ നടത്താവൂ എന്നു ശഠിക്കുന്ന ഉന്നതന്മാര്‍ കൊടികുത്തി വാഴുന്ന ചില പ്രദേശങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ കൊട്ടി ഘോഷിച്ചു നടത്തപ്പെടുന്ന മത്സരങ്ങളില്‍ എല്ലാം ചില സ്ഥിരം ജേതാക്കളെ കാണാം. ഒരിടത്ത് ഒരു സ്ഥിരം ജേതാവിന് “എന്നും ജയിക്കുന്ന കുറുപ്പ്” എന്ന ഒരു അപരനാമധേയവും കിട്ടുകയുണ്ടായിട്ടുണ്ട്. എന്താണ് ഈ സ്ഥിരം ജേതാക്കളുടെ വൈശിഷ്ട്യം? അവര്‍ക്കു ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഉണ്ട്. അത്ര തന്നെ. അറിവ് എത്ര കുറഞ്ഞാലും കുഴപ്പമില്ല. ഉള്ള സ്റ്റോക്കു കൊണ്ടു മറ്റെല്ലാവരെയും കാള്‍ മാര്‍ക്കു നേടി ജയിക്കാം. അ ക പ മുതലായ പ്രധാന അക്ഷരങ്ങള്‍ക്ക് ഓരോന്നിനും നാലു ശ്ലോകങ്ങള്‍ വീതവും യ ര ല മുതലായ അപ്രധാന അക്ഷരങ്ങള്‍ക്കു രണ്ടു ശ്ലോകങ്ങള്‍ വീതവും  സാഹിത്യമൂല്യം ഉള്ളവ നോക്കി തെരഞ്ഞെടുത്തു പഠിച്ചാല്‍ മൊത്തം 75 ശ്ലോകങ്ങള്‍ കൊണ്ടു വൃത്തനിബന്ധന ഇല്ലാത്ത ഏതു മത്സരത്തിലും ഇക്കൂട്ടര്‍ക്കു നിഷ്പ്രയാസം ഒന്നാം സ്ഥാനം നേടാം.

ജന്മസിദ്ധമായ മേന്മകള്‍ ഇല്ലാത്ത സാധാരണക്കാര്‍ തല കുത്തി നിന്നു തപസ്സു ചെയ്തു പതിനായിരം മുക്തകതല്ലജങ്ങള്‍ ഒരു തെറ്റും ഇല്ലാതെ അനര്‍ഗ്ഗളമായി ചൊല്ലാന്‍ പഠിച്ചുകൊണ്ടു വന്നാലും ഈ ഗര്‍ഭശ്രീമാന്‍മാരുടെ ഏഴയലത്ത് എത്താന്‍ കഴിയുകയില്ല. അതാണു സ്ഥിരം ജേതാക്കളുടെ മഹത്വം.

ഒന്നുകില്‍ 100 അല്ലെങ്കില്‍ 0

ഒരാള്‍ ഒരുപ്രവൃത്തി ചെയ്താല്‍ ഒന്നുകില്‍ അതു 100% ഫലപ്രദം അല്ലെങ്കില്‍ 100% നിഷ്ഫലം; ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടോ? ഉണ്ട്. ഉദാഹരണത്തിനു സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സാഹചര്യം വിവരിക്കാം. ഒരാള്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കുന്നു. എന്തായിരിക്കും അതിന്‍റെ ഫലം? ഒന്നുകില്‍ അതു സ്റ്റാര്‍ട്ട്‌ ആകും, അല്ലെങ്കില്‍ സ്റ്റാര്‍ട്ട്‌ ആകുകയില്ല. ഈ രണ്ടു സാദ്ധ്യതകളുടെ ഇടയ്ക്കു മറ്റു യാതൊരു സാദ്ധ്യതയും ഇല്ല. പകുതി സ്റ്റാര്‍ട്ട്‌ ആയി എന്നോ മുക്കാല്‍ ഭാഗം സ്റ്റാര്‍ട്ട്‌ ആയി എന്നോ പറയേണ്ട സാഹചര്യം ഉണ്ടാവുകയില്ല.

സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ക്കു പുറമേ മനുഷ്യജീവിതത്തില്‍ നീതി ഉറപ്പാക്കാന്‍ വേണ്ടി ചിലപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കേണ്ടതായും വരും. പലപ്പോഴും നാം അറിയാതെ തന്നെ അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചുപോവുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന് ഒരാള്‍ ഒരു സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്താല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യം ആകും; അല്ലെങ്കില്‍ 100% അസ്വീകാര്യം (അസാധു) ആകും. ഈ രണ്ട് അറ്റങ്ങള്‍ക്കും (extremes) ഇടയില്‍ യാതൊന്നും ഇല്ല. 80% സ്വീകാര്യമോ 30% അസ്വീകാര്യമോ മറ്റോ ആയ വോട്ട് ഒരിക്കലും ഉണ്ടാവുകയില്ല.

ഫുട്ബാള്‍ കളിയില്‍ ഒരാള്‍ ഒരു ഗോള്‍ അടിച്ചാല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യമായ ഗോളാണ്. അല്ലെങ്കില്‍ (ഓഫ്‌സൈഡ് പോലെയുള്ള കാരണങ്ങളാല്‍) 100% അസ്വീകാര്യമാണ്. ഇവയ്ക്കിടയില്‍ യാതൊന്നും ഇല്ല. 50% മോ 60% മോ മൂല്യമുള്ള ഗോള്‍ ഇല്ല.

ക്രിക്കറ്റ് കളിയില്‍ ഒരാള്‍ ഔട്ട്‌ ആയാല്‍ അയാള്‍ 100% ഔട്ട്‌ ആണ്. അല്ലാത്തപക്ഷം 100% ഇന്‍ ആണ്. ഭാഗികമായ ഔട്ട്‌ ഇന്‍ ഇവ ഇല്ല.

ചതുരംഗം കളിയില്‍ ഒരാള്‍ ഒരു നീക്കം നടത്തിയാല്‍ ഒന്നുകില്‍ അതു 100% നിയമാനുസൃതമായ നീക്കമാണ്. അല്ലെങ്കില്‍ 100% നിയമവിരുദ്ധം. ഭാഗികമായ നിയമവിധേയത്വമോ സ്വീകാര്യതയോ ഇല്ല.

ഇതുപോലെയാണ് അക്ഷരശ്ലോകത്തിലെ ശ്ലോകം ചൊല്ലലും. ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ അതു ഒന്നുകില്‍ 100% സ്വീകാര്യമാകും. അല്ലെങ്കില്‍ (വൃത്തഭംഗം, തെറ്റ് അപൂര്‍ണ്ണത മുതലായ കാരണങ്ങളാല്‍) 100% അസ്വീകാര്യമാകും ഇവയ്ക്കിടയില്‍ യാതൊന്നും ഇല്ല.

ഇത്തരം പരിഗണനയെ ഇംഗ്ലീഷില്‍ ആള്‍ ഓര്‍ നണ്‍‌ പ്രിന്‍സിപ്പിള്‍ (all or none principle) എന്നു പറയും. ഒന്നുകില്‍ പൂര്‍ണ്ണമായും ഉണ്ട്; അല്ലെങ്കില്‍ ഒട്ടുമില്ല എന്ന സങ്കല്പം.

നമ്മുടെ പൂര്‍വ്വികന്മാര്‍ നടത്തിയിരുന്ന അക്ഷരശ്ലോകമത്സരങ്ങളിലും ഇത് ഉണ്ടായിരുന്നു. ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യമാകും അല്ലെങ്കില്‍ 100% അസ്വീകാര്യം. ഭാഗികമായ സ്വീകാര്യത ഇല്ല. ഒരു ശ്ലോകത്തിന്‍റെ മൂല്യം ഒന്നുകില്‍ 100% അല്ലെങ്കില്‍ 0%. ഒരാളുടെ ചൊല്ലല്‍ ഒന്നുകില്‍ 100% നന്നായി. അല്ലെങ്കില്‍ ഒട്ടും നന്നായില്ല (0%). നൂറിനും പൂജ്യത്തിനും ഇടയില്‍ 1% മുതല്‍ 99% വരെ പല കണക്കുകളും ഉണ്ടാകാമെങ്കിലും അവയ്ക്കൊന്നും ഇവിടെ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ മാര്‍ക്കിടലിന്റെ ആവശ്യകതയും അന്ന് ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ചില സര്‍വ്വജ്ഞന്മാര്‍ അക്ഷരശ്ലോകത്തിലെ all or none principle പൊടുന്നനെ ഇല്ലാതാക്കിയിരിക്കുന്നു. ഈ ഇല്ലാതാക്കല്‍ “വമ്പിച്ച പുരോഗമനം”  ആണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈശ്വരോ രക്ഷതു.

കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയുകയില്ല എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെതന്നെയാണ് all or none principle ന്‍റെ കാര്യവും. അതുള്ളപ്പോള്‍ നാം അതിന്‍റെ വില അറിയുകയില്ല. അത് ഇല്ലാതാകുമ്പോള്‍ പല പ്രശ്നങ്ങളും പൊന്തി വന്നു നമ്മെ വീര്‍പ്പുമുട്ടിക്കും. അപ്പോള്‍ മാത്രമേ നാം അതിന്‍റെ വില അറിയുകയുള്ളൂ. അപ്പോഴും അറിയാത്തവര്‍ ഉണ്ട്. അവരെ ദൈവം രക്ഷിക്കട്ടെ.

ശിങ്കിടികളും കണ്ണിലുണ്ണികളും

മാര്‍ക്കിടല്‍ പ്രസ്ഥാനത്തിനുള്ള എണ്ണമറ്റ ദോഷങ്ങളില്‍ സുപ്രധാനമായ ഒന്നാണു ശിങ്കിടികളും കണ്ണിലുണ്ണികളും മാത്രം ജയിക്കുന്ന അവസ്ഥ. ആരാണു ശിങ്കിടി? പണവും പ്രതാപവും ഉള്ള ഉന്നതന്മാര്‍ എന്തു പൊട്ടത്തരം പറഞ്ഞാലും അതെല്ലാം ശരിവച്ചുകൊണ്ട് അവരുടെ ആജ്ഞാനുവര്‍ത്തികളായി കൂടെ നിന്നു സേവിക്കുന്നവരാണു ശിങ്കിടികള്‍. ഒരു പ്രതാപശാലിയും അയാളുടെ ശിങ്കിടിയും തമ്മിലുള്ള സംഭാഷണം നോക്കുക.

പ്രതാപശാലി :-  അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കണം.

ശിങ്കിടി :- റാന്‍, റാന്‍.

പ്രതാപശാലി :- അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ടു വേണം. എങ്കില്‍ മാത്രമേ അതു കലയാകുകയുള്ളൂ.

ശിങ്കിടി :-  റാന്‍, റാന്‍.

പ്രതാപശാലി :- അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ശബ്ദത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചൊല്ലല്‍ ശ്രോതാക്കള്‍ക്ക് ആസ്വാദ്യമായി തോന്നുകയുള്ളൂ.

ശിങ്കിടി :-  റാന്‍, റാന്‍.

ഇനി ആരാണു കണ്ണിലുണ്ണി എന്നു നോക്കാം. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായി ആലപിക്കാനുള്ള കഴിവും ഉള്ള മത്സരാര്‍ത്ഥികള്‍ ഒന്നോ രണ്ടോ ശ്ലോകം ചൊല്ലിക്കഴിയുമ്പൊഴേക്കും അധികാരസ്ഥരുടെ പ്രീതിക്കു പാത്രമായി കഴിഞ്ഞിരിക്കും. അവരാണു കണ്ണിലുണ്ണികള്‍.

ഒരു മത്സരാര്‍ത്ഥി ശിങ്കിടിയോ കണ്ണിലുണ്ണിയോ ആയിക്കഴിഞ്ഞാല്‍ അയാളുടെ വിജയസാദ്ധ്യത പതിന്മടങ്ങു വര്‍ദ്ധിക്കും. എന്തുകൊണ്ടെന്നാല്‍ മാര്‍ക്കിന്റെ പെരുമഴയാണ് പിന്നെ അവരെ കാത്തിരിക്കുന്നത്.

മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങള്‍ ശ്രദ്ധിച്ചു നിരീക്ഷിക്കുന്ന ആര്‍ക്കും ഒരു കാര്യം കരതലാമലകം പോലെ വ്യക്തമാകും. ശിങ്കിടികളും കണ്ണിലുണ്ണികളും ആണ് അതിലെല്ലാം സ്ഥിരം ജേതാക്കളായി മിന്നിത്തിളങ്ങുന്നത്. അദ്ധ്വാനിച്ച് അറിവു നേടി വരുന്ന സാധാരണക്കാര്‍ അവിടെ നിഷ്പ്രഭരായിപ്പോകും.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കണ്ണിലുണ്ണികള്‍ ആകാന്‍ വളരെ എളുപ്പമാണ്. അവര്‍ക്കു ദൈവം കൊടുത്തിട്ടുള്ള ആകര്‍ഷകമായ ശബ്ദം ആണ് അവര്‍ക്കു മുതല്‍ക്കൂട്ട് ആകുന്നത്‌.

ഒരിക്കല്‍ 60 വര്‍ഷത്തെ പരിചയസമ്പത്തുള്ള അതിവിദഗ്ദ്ധനായ ഒരു പുരുഷനും വെറും പുതുമുഖം ആയ ഒരു സ്ത്രീയും ഒരു മത്സരത്തില്‍ പങ്കെടുത്തു. സദസ്യരെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു സ്ത്രീ വിജയിച്ചു.

യുവജനോത്സവങ്ങളില്‍ ജയിക്കുന്ന കുട്ടികളില്‍ 90 ശതമാനത്തോളം പെണ്‍കുട്ടികളാണ്. കുയില്‍ പഞ്ചമം പോലെയുള്ള അവരുടെ ശബ്ദമാണ് ഈ നേട്ടത്തിനു പിന്നിലെ രഹസ്യം.

ഒരു ശിങ്കിടിയോ കണ്ണിലുണ്ണിയോ ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉന്നതന്മാരുടെ “വമ്പിച്ച പുരോഗമനം” ഉള്ള ഇടങ്ങളില്‍ നിങ്ങളുടെ ഭാവി ഇരുളടഞ്ഞതായിരിക്കും.

 

പാട്ടു വേണ്ട

അക്ഷരശ്ലോകത്തില്‍ സംഗീതം ആവശ്യമാണോ?  ഈ ചോദ്യത്തിനു പലരും പല ഉത്തരമായിരിക്കും നല്‍കുക. “അക്ഷരശ്ലോകം സംഗീതസമ്പന്നം ആയിരിക്കണം” എന്നു പറഞ്ഞവര്‍ മുതല്‍ “സംഗീതം ഒട്ടും വേണ്ട” എന്നു പറഞ്ഞവര്‍ വരെ ഉണ്ട്. ഒരു മഹാന്‍ പറഞ്ഞതു “സംഗീതഗന്ധിയാകണം; സംഗീതമയം ആകേണ്ടതില്ല” എന്നാണ്. മറ്റൊരു മാന്യന്‍ പറഞ്ഞതു “സംഗീതത്തിന്‍റെ അല്പം മേമ്പൊടി ആകാം” എന്നാണ്. “എല്ലാ കലകളിലും സംഗീതം ഉണ്ടല്ലോ. പിന്നെ അക്ഷരശ്ലോകം മാത്രം എന്തിനു സംഗീതവിമുക്തം ആകണം?” എന്നു ചോദിച്ച ഒരു മഹാനെയും കണ്ടിട്ടുണ്ട്.

എന്താണു യഥാര്‍ത്ഥത്തില്‍ സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ ഉള്ള സ്ഥാനം? സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല എന്നതാണു യഥാര്‍ത്ഥ്യം. സംഗീതം കലര്‍ത്തിയാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി മാറും. അപ്പോള്‍ പുരോഗമനം അല്ല അധഃപതനമാണ് ഉണ്ടാവുക.

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന് ആസ്വാദകവരേണ്യന്മാരുടെ സര്‍ട്ടിഫിക്കറ്റു നേടിയിട്ടുള്ള കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടു പോലും “പാട്ടു വേണ്ട” എന്നാണു പറഞ്ഞിട്ടുള്ളത്. ചിലരുടെ സംഗീതാത്മകമായ അക്ഷരശ്ലോകാലാപനം കേട്ടിട്ട് അദ്ദേഹം പറഞ്ഞതു “പക്കമേളം കൂടി ഉണ്ടെങ്കില്‍ പാട്ടുകച്ചേരിയാകും” എന്നാണ്.

ഇത്രയൊക്കെയായിട്ടും സംഗീതം വേണം എന്നു ശഠിക്കുന്ന ആസ്വാദകന്മാര്‍ ധാരാളമുണ്ട്. മാര്‍ക്കിടാന്‍ വരുന്ന ജഡ്ജിമാര്‍ സംഗീതപക്ഷപാതികള്‍ ആയാലും ഇല്ലെങ്കിലും മാര്‍ക്കിടുമ്പോള്‍ സംഗീതഗന്ധിയായി ചൊല്ലുന്നവര്‍ക്കു മാര്‍ക്കു കൂടുതല്‍ കിട്ടും എന്നതു പരസ്യമായ ഒരുരഹസ്യമാണ്. അനാവശ്യമായി വലിഞ്ഞുകയറി വന്ന സംഗീതം പടിയിറങ്ങി പോകണമെങ്കില്‍ മാര്‍ക്കിടല്‍ അവസാനിപ്പിക്കുക തന്നെ വേണം.

എന്തുകൊണ്ട് മാര്‍ക്കിട്ടുകൂടാ?

അക്ഷരശ്ലോകമത്സരം എന്തുകൊണ്ടു മാര്‍ക്കിട്ടു നടത്തിക്കൂടാ? സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുമ്പോള്‍ നിലവാരവും ആസ്വാദ്യതയും വര്‍ദ്ധിക്കുകയല്ലേ ചെയ്യുന്നത്? ധനാഢ്യന്മാര്‍, വിദ്യാസമ്പന്നന്മാര്‍, മഹാപണ്ഡിതന്മാര്‍, കവിപ്രൌഢന്‍മാര്‍ എല്ലാം ഉള്‍പ്പെടുന്ന ഉന്നതന്മാരുടെ സംഘത്തില്‍പ്പെട്ട പലരും ഇങ്ങനെ ചോദിക്കാറുണ്ട്. അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അറിഞ്ഞുകൂടാത്തതു കൊണ്ടാണ് അവര്‍ അങ്ങനെ ചോദിക്കുന്നത്.

അക്ഷരശ്ലോകത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യപരിഗണന കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ മത്സരാര്‍ത്ഥികള്‍ക്കും തുല്യപരിഗണന കൊടുക്കേണ്ടതും അനിവാര്യമാണ്. സാഹിത്യമൂല്യം, ശബ്ദമേന്മ, സംഗീതവാസന മുതലായ യാതൊന്നിന്റെ പേരിലും ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കാന്‍ പാടുള്ളതല്ല. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌.

ചെടി തഴച്ചുവളരാന്‍ ചൂടുവെള്ളം ഒഴിക്കുന്നതു പോലെയുള്ള  ആലോചനാശൂന്യമായ ഒരു പ്രവൃത്തിയാണു മാര്‍ക്കിടല്‍. അച്ചുമൂളിയവര്‍ ജയിച്ച സംഭവങ്ങള്‍ വരെ അതിന്‍റെ ഫലമായി ഉണ്ടായിട്ടുണ്ട്. അച്ചുമൂളിയവര്‍ ജയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അക്ഷരശ്ലോകത്തിനു നിലനില്‍പ്പില്ല. അതു നശിച്ചു എന്നുതന്നെ ഉറപ്പിക്കാം.

മാര്‍ക്കിടല്‍ “വമ്പിച്ച പുരോഗമനം” ആണെന്നു ശഠിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. അവരെ തിരുത്താന്‍ എളുപ്പമല്ല. അതിനാല്‍ നമുക്ക് അവരോടു സഹതപിക്കാം.

മാര്‍ക്കിട്ടാല്‍ ശ്ലോകപ്പാട്ട്

ഫുട്ബാള്‍, ക്രിക്കറ്റ്, ടെന്നീസ്, ചെസ്സ്‌, ചീട്ടുകളി, പകിടകളി മുതലായ ഡസന്‍ കണക്കിനു മത്സരങ്ങള്‍ മാര്‍ക്കിടാതെയാണു നടത്തേണ്ടത്. അക്ഷരശ്ലോകവും അവയില്‍ ഒന്നാണ്. 1955 വരെ അഭിജ്ഞന്മാര്‍ അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തിയിരുന്നതു മാര്‍ക്കിടാതെ തന്നെ ആയിരുന്നു. എന്നാല്‍ 1955 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില സര്‍വ്വജ്ഞന്മാര്‍ അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കുകയും അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്താന്‍ തുടങ്ങുകയും ചെയ്തു. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ അതിന്‍റെ ദൂഷ്യഫലങ്ങളും പെട്ടെന്നു തന്നെ കാണാന്‍ തുടങ്ങി. അക്ഷരശ്ലോകമത്സരങ്ങളിലെ വിജയം ചില ഭാഗ്യവാന്മാരുടെ കുത്തകയായി മാറി. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധവും ഉള്ളവര്‍ക്കു മാത്രമേ ജയിക്കാന്‍ പറ്റൂ എന്ന അവസ്ഥയുണ്ടായി. യുവജനോത്സവത്തിലെ മത്സരം പെണ്‍കുട്ടികള്‍ക്കു സംവരണം ചെയ്യപ്പെട്ടതു പോലെയായി. യഥാര്‍ത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്മാര്‍ പുറന്തള്ളപ്പെടുകയും തുരുതുരെ അച്ചുമൂളിയ മധുരസ്വരക്കാര്‍ ജയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.

മാര്‍ക്കിട്ടു നടത്തുന്ന ഇത്തരം മത്സരങ്ങളെ അക്ഷരശ്ലോകമത്സരം എന്നു വിളിക്കുന്നതിനെക്കാള്‍ നല്ലതു ശ്ലോകപ്പാട്ടുമത്സരം എന്നു വിളിക്കുന്നതാണ്. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു തരം പാട്ടുമത്സരം.

നീതി ദാനമായി കിട്ടുകയില്ല

സോക്രട്ടീസിനു വിഷം, ക്രിസ്തുവിനു കുരിശ്, ഗാന്ധിജിക്കു വെടിയുണ്ട ഇതൊക്കെയാണ് ഈ ലോകം കൊടുത്തത്. അങ്ങനെയുള്ള ഈ ലോകം നിങ്ങള്‍ക്കു നീതി സൌജന്യമായി ഒരു തളികയില്‍ വച്ച് ഉപചാരപൂര്‍വ്വം ദാനം ചെയ്യും എന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്. നിങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം തട്ടിപ്പറിച്ചു സ്വന്തമാക്കാന്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുന്നവരാണ് നിങ്ങള്‍ക്കു ചുറ്റിലും. അവരില്‍ ആരുംതന്നെ നിങ്ങള്‍ക്കു നീതി ദാനമായി തരികയില്ല. നീതി പിടിച്ചുവാങ്ങാന്‍ കഴിവുള്ളവര്‍ക്കു മാത്രമേ അതു ലഭിക്കുകയുള്ളൂ. അല്ലാത്തവരെ സ്വാര്‍ത്ഥമോഹികള്‍ അടിമകളാക്കി അടക്കി ഭരിക്കുകയും പരമാവധി ചൂഷണം ചെയ്തു കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്യും.

നിങ്ങളുടെ പത്തിലൊന്ന് അക്ഷരശ്ലോകവൈദഗ്ദ്ധ്യം ഇല്ലാത്തവര്‍ പോലും നിങ്ങളെ ധിക്കാരപൂര്‍വ്വം പുറന്തള്ളിക്കൊണ്ടു നിങ്ങള്‍ക്കു ന്യായമായി അവകാശപ്പെട്ട വിജയം തട്ടിപ്പറിച്ചുകൊണ്ടു പോകും. “നീതിയെങ്ങീയരങ്ങില്‍?” എന്നു പണ്ടാരോ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.

നീതി കാംക്ഷിക്കുന്നവര്‍ അതു പിടിച്ചു വാങ്ങുക തന്നെ വേണം.

സമത്വം സ്വാശ്രയത്വം സ്വാതന്ത്ര്യം

സമൂഹത്തില്‍ മനുഷ്യനു മാന്യമായി ജീവിക്കണമെങ്കില്‍ ഈ മൂന്നും അത്യന്താപേക്ഷിതമാണ്. നിര്‍ഭാഗ്യവശാല്‍ അക്ഷരശ്ലോകക്കാര്‍ക്ക് ഈ മൂന്നും നഷ്ടപ്പെട്ടിരിക്കുന്നു.

സ്വരമാധുര്യം ഉള്ളവര്‍ക്കും സംഗീതഗന്ധിയായി ആലപിക്കുന്നവര്‍ക്കും മുന്‍ഗണന എന്ന അവസ്ഥയുണ്ടായപ്പോള്‍ സമത്വസുന്ദരമായിരുന്ന ഈ സാഹിത്യവിനോദം അസമത്വജടിലം ആയിത്തീര്‍ന്നു. അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം വരെ തല്‍ഫലമായി ഉണ്ടായി.

അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തണമെങ്കില്‍ പണം വേണം. പക്ഷേ അക്ഷരശ്ലോകക്കാര്‍ മിക്കവരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിലല്ല. ധനാഢ്യന്മാരായ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ഒക്കെ അക്ഷരശ്ലോകത്തിന്റെ പരിപോഷണത്തിനു വേണ്ടി ധാരാളം പണം തരുമെങ്കിലും അതെല്ലാം ചെന്നെത്തുന്നത് അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ ചമഞ്ഞു ഞെളിഞ്ഞു നടക്കുന്ന ചില അല്പജ്ഞാനികളുടെ കയ്യിലാണ്. ഈ പണമൊന്നും എത്തേണ്ടിടത്ത് എത്തുകയില്ല. അക്ഷരശ്ലോകക്കാര്‍ക്ക് ഈ സര്‍വ്വജ്ഞന്മാരെ ആശ്രയിച്ച് അവരുടെ അടിമകളെപ്പോലെ  കഴിയുകയും അവര്‍ ഔദാര്യപൂര്‍വ്വം നല്‍കുന്ന നക്കാപ്പിച്ച കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യേണ്ട ദുസ്ഥിതിയാണ്. അങ്ങനെ സ്വാശ്രയത്വവും നഷ്ടമായി.

അക്ഷരശ്ലോകരംഗത്തു നീതി ഉറപ്പാക്കാന്‍ എന്തൊക്കെ വേണമെന്നു തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അച്ചുമൂളിയവരെ ജയിപ്പിക്കുന്ന “വമ്പിച്ച പുരോഗമന”വുമായി സര്‍വ്വജ്ഞന്മാര്‍ മുന്നോട്ടു പോകുമ്പോള്‍ അക്ഷരശ്ലോകക്കാര്‍ക്കു നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. അവരുടെ അഭിപ്രായങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ചുകൊണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആരെയും ജയിപ്പിക്കാന്‍ ഈ സര്‍വ്വജ്ഞന്മാര്‍ക്കു യാതൊരു തടസ്സവും ഇല്ല.

അക്ഷരശ്ലോകക്കാര്‍ക്കു തങ്ങളുടെ ഭാവി ഭാസുരമാക്കണം എന്നുണ്ടെങ്കില്‍ നഷ്ടപ്പെട്ട ഇതെല്ലാം തിരിച്ചുപിടിച്ചേ മതിയാവൂ.