മാര്‍ക്കിടല്‍ ഇല്ലാത്ത അക്ഷരശ്ലോകമത്സരങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1988 ഏപ്രില്‍ 14-)o തീയതി തൃശൂരില്‍ സ്ഥാപിതമായ സംഘടനയാണ് കേരള അക്ഷരശ്ലോക ഫെഡറേഷന്‍. മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ സ്വരമാധുര്യം, സംഗീതപാടവം മുതലായ ജന്മസിദ്ധമായ മേന്മകള്‍ ഉള്ളവര്‍ക്ക് അനര്‍ഹമായ മുന്‍ഗണന ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന തിരിച്ചറിവാണു ഫെഡറേഷന്‍ സ്ഥപിക്കാന്‍ പ്രേരണയായത്. ഫെഡറേഷന്‍ സ്ഥാപിക്കാനുള്ള ആലോചന വളരെക്കൊല്ലങ്ങള്‍ക്കു മുന്‍പു തന്നെ അജ്ഞാതരായ അക്ഷരശ്ലോക പ്രേമികള്‍ തുടങ്ങിയിരുന്നെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് 1988-ല്‍ ഡോ. ആര്‍. രാജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഒരു സംഘത്തിനാണ്. ഈ സംഘത്തിലുള്ള മറ്റുള്ളവര്‍ എ.വി. നാരയണന്‍, കെ. പരമേശ്വരന്‍നായര്‍, ടി.വി.രുദ്രവാര്യര്‍, എ.എ.തോമസ്, കെ. മധുസൂദനമേനോന്‍ എന്നിവരായിരുന്നു.
സാഹിത്യ ശാസ്ത്രീയ ധര്‍മ്മസംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്റ്റനുസരിച്ച് ക്രമനമ്പര്‍ 446/88 ആയി സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സംഘടന പ്രവര്‍ത്തിച്ചു തുടങ്ങിയതിനു ശേഷംപ്രവര്‍ത്തകസംഘത്തില്‍ വി.രാമചന്ദ്ര അയ്യര്‍, വി.കെ.വി. മേനോന്‍, കെ.നാരായണ മേനോന്‍, കെ.എസ്. നായര്‍, എ. അച്യുതമേനോന്‍, വി.ചന്ദ്രശേഖര വാര്യര്‍, പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് ഗോപിനാഥ്, ഒ. ജയശോഭ മുതലായ പല അക്ഷരശ്ലോകവിദഗ്ദ്ധരും ചേരുകയുണ്ടായി.കോഴിക്കോട്ടെ പ്രസിദ്ധ ഭിഷഗ്വരനായ ഡോ.സി.കെ. രാമചന്ദ്രന്‍ സംഭാവനയായി നല്‍കിയ ആയിരം രൂപയായിരുന്നു പ്രവര്‍ത്തന മൂലധനം. പിന്നീട് ചന്ദ്രമന കുടുംബം, ഹരിപ്പാട് ഗോപിനാഥ് മുതലായ അഭ്യൂദയകാംക്ഷികളും ധനസഹായം ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവു നടത്തിയിരുന്നെങ്കിലും പിന്നീട് അതു വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അക്ഷരശ്ലോകക്കാരില്‍ നിന്നു മാത്രമേ പണം സ്വീകരിക്കുന്നുള്ളൂ. ഫെഡറേഷന്‍ എന്ന പേരു ഞങ്ങളുടെ അജ്ഞാതരായ മുന്‍ഗാമികള്‍ നല്കിയതാണ്. സാധാരണക്കാര്‍ക്കു നീതി എന്നതാണു ഞങ്ങളുടെമുദ്രാവാക്യം.
Kerala Aksharasloka Federation is an organisation for propagating aksharasloka competitions without putting marks and without elimination in such a way as to ensure justice to the common man.