A S 10 അക്ഷരശ്ലോകശ്ലോകവും സാഹിത്യമൂല്യവും

നാഴികയ്ക്കു നാൽപതു വട്ടം “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചുകൂവിക്കൊണ്ടു നടന്ന് അക്ഷരശ്ലോകസർവ്വജ്ഞൻ ചമയുന്ന ഉന്നതന്മാർക്ക് എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനു പ്രസക്തിയുണ്ടോ? തീർച്ചയായും ഉണ്ട്. അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്. അതിനാൽ പ്രസക്തി ഇല്ലാതെ വരികയില്ല. പ്രസക്തി എത്രത്തോളം എന്നതാണു കാതലായ പ്രശ്നം. അതു മനസ്സിലാക്കാൻ വേണ്ടി നമുക്കു മറ്റൊരു കാര്യത്തെപ്പറ്റി അല്പം ചിന്തിക്കാം. ജനാധിപത്യത്തിൽ വോട്ടറുടെ പ്രബുദ്ധതയ്ക്കുള്ള പ്രസക്തിയാണ് അത്. പ്രബുദ്ധതയുള്ളവർ മാത്രമേ വോട്ടു ചെയ്യാവൂ എന്നു നിയമമുണ്ട്. പക്ഷെ പ്രബുദ്ധത കൂടിയ വോട്ടർമാരും പ്രബുദ്ധത കുറഞ്ഞ വോട്ടർമാരും എന്നൊരു വിഭജനം ഇല്ല. പ്രബുദ്ധത അളന്നു മാർക്കിടുന്ന ഏർപ്പാടും ഇല്ല. 18 വയസ്സു തികഞ്ഞ എല്ലാ മനുഷ്യർക്കും വേണ്ടത്ര പ്രബുദ്ധതയുണ്ട് എന്നും അത് എല്ലാവർക്കും തുല്യമാണ് എന്നും ഉള്ള ഒരു സങ്കല്പത്തിലാണു തെരഞ്ഞെടുപ്പു നടത്തുന്നത്. വിദ്യാസമ്പന്നന്മാർക്കു കൂടുതൽ പ്രബുദ്ധതയും നിരക്ഷരകുക്ഷികൾക്കു കുറച്ചു പ്രബുദ്ധതയും എന്നൊന്നും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ പ്രബുദ്ധതയ്ക്കു പ്രസക്തിയുണ്ട്. പക്ഷെ ഒരു പരിധി വരെ മാത്രം.

അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനുള്ള പ്രസക്തിയും ഇതുപോലെ തന്നെയാണ്. പ്രസക്തിയുണ്ട്. പക്ഷേ ഒരു പരിധി വരെ മാത്രം. സാഹിത്യമൂല്യം അളന്നു മാർക്കിടാൻ തക്ക പ്രസക്തിയില്ല എന്നു ചുരുക്കം. അക്ഷരശ്ലോകക്കാരൻ്റെ ലക്ഷ്യം അച്ചുമൂളാതെ ശ്ലോകം ചൊല്ലുക എന്നതാണ്. സാഹിത്യമൂല്യം വിളമ്പി ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുക എന്നതല്ല. അച്ചുമൂളാതിരിക്കാൻ ചൊല്ലുന്ന ശ്ലോകത്തിനു സാഹിത്യപരമായ ഒരു മിനിമം നിലവാരം ഉണ്ടായിരുന്നാൽ മതി. വൃത്തവും അർത്ഥവും ഉണ്ടായിരിക്കണം. വ്യാകരണത്തെറ്റു, ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങൾ ഉണ്ടായിരിക്കരുത്. ഇത്രയും ഒത്താൽ മിനിമം നിലവാരമായി. മിനിമം നിലവാരമുള്ള എല്ലാ ശ്ലോകങ്ങൾക്കും വേണ്ടത്ര സാഹിത്യമൂല്യം ഉണ്ടെന്നും അതു തുല്യമാണെന്നും ആണു സങ്കൽപം. അതിനാൽ സാഹിത്യമൂല്യം അളന്നു മാർക്കിടേണ്ട ആവശ്യമേ ഇല്ല.

സാഹിത്യമൂല്യം അളന്നു മാർക്കിട്ടാൽ ഒരു വലിയ കുഴപ്പമുണ്ട്. സാഹിത്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത ഒരു മധുരസ്വരക്കാരനു കാളിദാസൻറെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലി സാഹിത്യമൂല്യത്തിനുള്ള മാർക്കു നിഷ്പ്രയാസം നേടിയെടുക്കാം. അതേ സമയം സാഹിത്യത്തെപ്പറ്റി നല്ല ബോധമുള്ള ഒരു അക്ഷരശ്ലോകക്കാരൻ സ്വന്തമായി ഒരു ശ്ലോകം ഉണ്ടാക്കി ചൊല്ലിയാൽ മാർക്കു കിട്ടാതെ എലിമിനേറ്റു ചെയ്യപ്പെടും. ഇതു തികഞ്ഞ അന്യായമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യം അളന്നു മാർക്കിടുന്നതു ശുദ്ധ അസംബന്ധവും അനീതിയും ആണ്. സാഹിത്യമൂല്യം അളക്കേണ്ടതില്ലെങ്കിൽ പിന്നെ സ്വരമാധുര്യവും പാട്ടും അളക്കേണ്ടതുണ്ടോ?

ചുരുക്കിപ്പറഞ്ഞാൽ ഒന്നും അളന്നു മാർക്കിടേണ്ട ആവശ്യമില്ല. മൽസരാർത്ഥികൾ നിയമം തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും അച്ചുമൂളാതെ അവസാനം വരെ പിടിച്ചു നിൽക്കുന്ന ആളിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്താൽ മതി. അതാണു ശരിയായ അക്ഷരശ്ലോകമത്സരം.

A S 9 ഭരിക്കാൻ വന്നവരുടെ നയപ്രഖ്യാപനം

അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കാൻ കച്ചകെട്ടി ഈ രംഗത്തേക്ക് ഇടിച്ചുകയറി വന്ന കൊലകൊമ്പന്മാരായ ഉന്നതന്മാരുടെ നയപ്രഖ്യാപനം ഇങ്ങനെ ആയിരുന്നു :-

  1. അക്ഷരശ്ലോകം കലയാണ്. അന്യന്മാരെ ആഹ്ളാദിപ്പിക്കാത്ത ഒരു കലയും കലയല്ല.
  2. അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്.
  3. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കണമെങ്കിൽ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ചൊല്ലണം.
  4. ഷഡ് ഗുണങ്ങൾ ഉള്ള ശബ്ദം ഉള്ളവർക്കു മാത്രമേ ശ്രോതാക്കളെ വേണ്ടത്ര ആഹ്ളാദിപ്പിക്കാൻ കഴിയൂ.
  5. അക്ഷരശ്ലോകക്കാർക്കു സംഗീതഗന്ധിയായ അവതരണശൈലി കൂടിയേ തീരൂ. അല്പം സംഗീതം ചേർത്തു കൊഴുപ്പിച്ചു ചൊല്ലിയില്ലെങ്കിൽ ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കഴിയുകയില്ല.
  6. ശ്ലോകം ചൊല്ലിയാൽ മാത്രം പോര. ശ്ലോകത്തിൻ്റെ ഭാവം പ്രകടിപ്പിക്കുകയും വേണം. നരസിംഹാവതാരത്തിലെ ശ്ലോകം ചൊല്ലിയാൽ നരസിംഹം മുന്നിൽ വന്നു നിൽക്കുന്ന പ്രതീതി ഉളവാകണം.
  7. മുൻപറഞ്ഞ മേന്മകൾ അളന്നു മാർക്കിട്ടായിരിക്കും ഇനിമേൽ ഞങ്ങൾ അക്ഷരശ്ലോകമത്സരങ്ങൾ നടത്തുക.
  8. മാർക്കു കുറഞ്ഞവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യുന്നതായിരിക്കും.
  9. മാർക്കു കൂടുതൽ ഉള്ളവർ അച്ചുമൂളിയാലും ഞങ്ങൾ അവരെത്തന്നെ ജയിപ്പിക്കും.
  10. ഞങ്ങളുടെ തീരുമാനങ്ങൾ ആരും ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്താൽ ഞങ്ങൾ കഠിനമായി ശിക്ഷിക്കും.

A S 8 മാർക്കിടാൻ പാടില്ലാത്ത മത്സരങ്ങൾ

എല്ലാ മത്സരങ്ങളും മാർക്കിട്ടു നടത്താം എന്നോ മാർക്കിട്ടാണു നടത്തേണ്ടത് എന്നോ മാർക്കിട്ടു നടത്തിയാൽ വമ്പിച്ച പുരോഗമനം ആകും എന്നോ ആരെങ്കിലും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തികച്ചും തെറ്റാണ്‌. ചില മത്സരങ്ങൾ മാർക്കിടാതെയാണു നടത്തേണ്ടത്. മാർക്കിട്ടു നടത്തിയാൽ അവയുടെ സകല ഗുണങ്ങളും നശിച്ചു നാമാവശേഷം ആവുകയും മത്സരം ശുദ്ധ ചവറായി മാറുകയും ചെയ്യും. അത്തരം മത്സരങ്ങൾ ലോകത്തു ഡസൻ കണക്കിനുണ്ട്. ഫുട്ബാൾ, ക്രിക്കറ്റ്, ചെസ്സ്, ഓട്ടം, ചാട്ടം, ഏറ് ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മത്സരങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.

എന്താണ് ഇത്തരം മത്സരങ്ങളുടെ പ്രത്ത്യേകത? ഇവയിൽ ഓരോന്നിലും വ്യക്തമായ ഒരു ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ചിരിക്കും. ആ ലക്ഷ്യം നേടിയോ ഇല്ലയോ എന്നതു മാത്രമാണു പ്രസക്തമായ കാര്യം. മറ്റൊരു നേട്ടത്തിനും യാതൊരു പ്രസക്തിയും ഇല്ല. പ്രസക്തമായ നേട്ടം നേടിയോ ഇല്ലയോ എന്ന ചോദ്യത്തിനു yes / no എന്ന മട്ടിൽ വ്യക്തവും സംശയാതീതവും ആയ മട്ടിൽ ഉത്തരം നല്കാൻ ഉതകുന്ന നിയമങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കും. മത്സരം നിയന്ത്രിക്കുന്നവരുടെ കടമ മത്സരാർത്ഥികൾ നിയമം തെറ്റിക്കാതെ നോക്കുകയും ലക്ഷ്യം നേടിയ കാര്യം വ്യക്തമായി രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക മാത്രമാണ്. അവർ മാർക്കിടേണ്ട യാതൊരാവശ്യവും ഇല്ല.

ഫുട്ബാൾ മത്സരത്തിൽ ഗോളടിക്കുക എന്നതാണു പ്രസക്തമായ ലക്ഷ്യം. അതു മാത്രം നോക്കിയാണു വിജയികളെ നിശ്ചയിക്കേണ്ടത്. കാണികളെ ആഹ്ലാദിപ്പിച്ചതും അവരുടെ കയ്യടി നേടിയതും ഒന്നും ഒട്ടും പ്രസക്തമല്ല. അത്തരം കാര്യങ്ങൾ നോക്കി റഫറിമാർ മാർക്കിടേണ്ട ആവശ്യമേ ഇല്ല.

പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെയുള്ള കുറേ ഫുട്ബാൾ പണ്ഡിതന്മാർ കയറി വന്നു ” ഞങ്ങൾക്കു പതിനായിരക്കണക്കിന് ആസ്വാദകരുണ്ട്. അവരെ സന്തോഷിപ്പിക്കേണ്ടതു ഞങ്ങൾ കടമയായി സ്വീകരിക്കുന്നു. ഇനി മേലിൽ ഓരോ കളിക്കാരനും അവതരിപ്പിക്കുന്ന കളിയുടെ മൂല്യവും ആസ്വാദ്യതയും ഒക്കെ അളന്നു ഞങ്ങൾ മാർക്കിടും. മാർക്ക്‌ കൂടിയവരെ ജയിപ്പിക്കും.” എന്നു പ്രഖ്യാപിച്ചാൽ എന്തു സംഭവിക്കും? അവരുടെ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം കളിക്കാർ പെട്ടെന്നു തിരിച്ചറിയുകയും അവരുടെ പരിഷ്കാരത്തെ ചവറ്റുകുട്ടയിൽ എറിയുകയും ചെയ്യും. അവരുടെ സിദ്ധാന്തം അംഗീകരിച്ചാൽ ഫുട്ബാൾ മത്സരം തകർന്നു തരിപ്പണമാകും. ഗോളടിക്കാത്തവർക്കു മാർക്കു കൂടുതൽ കിട്ടും. അതോടെ വഴക്കും വക്കാണവും ഒക്കെ ഉണ്ടാകും. മത്സരങ്ങൾ അലങ്കോലമാകും.

ഫുട്ബാൾ, ക്രിക്കറ്റ്, ചെസ്സ് മുതലായ മത്സരങ്ങളിൽ ആരും ഇത്തരം മൂഢസിദ്ധാന്തങ്ങൾ എഴുന്നള്ളിക്കുകയില്ല. ലോകം മുഴുവൻ പ്രചാരമുള്ള മത്സരങ്ങളാണ്. അതിനാൽ ഏതെങ്കിലും ഒരു മഠയൻ ഇത്തരം ഒരു മൂഢസിദ്ധാന്തം എഴുന്നള്ളിച്ചാലും അതിനെ എതിർത്തു തോൽപ്പിക്കാൻ ബുദ്ധിയുള്ളവർ വേണ്ടത്ര മുന്നോട്ടു വരും. അതിനാൽ ഈ മത്സരങ്ങളിൽ ഒന്നിലും തന്നെ തൽപരകക്ഷികളുടെ കടന്നാക്രമണം എന്ന അപകടസാദ്ധ്യത തീരെയില്ല.

ഇനി നമുക്ക് അക്ഷരശ്ലോകത്തിൻ്റെ കാര്യം പരിശോധിക്കാം. അക്ഷരശ്ലോകവും മേല്പറഞ്ഞ കൂട്ടത്തിൽ പെടുന്ന ഒരു മത്സരം തന്നെയാണ്. ചതുരംഗത്തിലെ പ്രഖ്യാപിതലക്ഷ്യം സ്വയം അടിയറവു പറയാതെ എതിരാളിയെ അടിയറവു പറയിക്കുക എന്നതാണല്ലോ. അതുപോലെ അക്ഷരശ്ലോകത്തിലെ പ്രഖ്യാപിതലക്ഷ്യം സ്വയം അച്ചുമൂളാതെ എതിരാളികൾ മുഴുവൻ അച്ചുമൂളുന്നതു വരെ പിടിച്ചു നിൽക്കുക എന്നതാണ്. സാഹിത്യമൂല്യത്തിലെ ഏറ്റക്കുറച്ചിൽ, സ്വരമാധുര്യം, പാട്ടു മുതലായവയൊന്നും അക്ഷരശ്ലോകത്തിൽ പ്രസക്തമേയല്ല. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുക, അവരുടെ പ്രശംസ നേടുക ഇതൊന്നും അക്ഷരശ്ലോകത്തിന്റെ ലക്ഷ്യമല്ല. അത്തരം നേട്ടങ്ങൾ അളന്നു മാർക്കിടേണ്ട ആവശ്യവുമില്ല. 1955 വരെ നമ്മുടെ പൂർവ്വികന്മാർ അക്ഷരശ്ലോകമത്സരങ്ങൾ നടത്തിയിരുന്നതു മാർക്കിടാതെ ആയിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മുതലായവർ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിച്ചിരുന്നത് ഇപ്പോൾ ചില പെൺകുട്ടികൾ ജയിക്കുന്നതു പോലെ മാർക്കു നേടി ആയിരുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അക്ഷരശ്ലോകരംഗത്തേക്കു പൊങ്ങച്ചക്കാരായ ചില ഉന്നതന്മാർ ഇടിച്ചുകയറി വരികയും അക്ഷരശ്ലോകമത്സരങ്ങൾ മാർക്കിട്ടാണു നടത്തേണ്ടതെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ അവരെ എതിർത്തുള്ളൂ. പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെയുള്ള പൊങ്ങച്ചക്കാരായ ഉന്നതന്മാർ “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചുകൂവിക്കൊണ്ടു വന്ന് എന്തു പരിഷ്‌കാരം ഉണ്ടാക്കിയാലും അക്ഷരശ്ലോകക്കാർ അതിന് എറാൻ മൂളി നിൽക്കുകയും അവരുടെ പരിഷ്കാരത്തിന് ഓശാന പാടുകയും ആയിരിക്കും ചെയ്യുക എന്നു കാലം തെളിയിച്ചു. അങ്ങനെ ചെയ്താൽ സമൂഹത്തിൽ തങ്ങളുടെ വിലയും നിലയും മെച്ചപ്പെടും എന്ന് അവർ വിശ്വസിക്കുന്നു. മറിച്ചായാൽ തങ്ങളുടെ ഇമേജ് മോശമാകുമെന്നു ഭയപ്പെടുകയും ചെയ്യുന്നു. ഈ പൊങ്ങച്ചമാണ് അക്ഷരശ്ലോകക്കാരെ വഴി തെറ്റിക്കുകയും കൂടുതൽ കൂടുതൽ പരിഹാസ്യരാക്കുകയും ചെയ്യുന്നത്.

അക്ഷരശ്ലോകം മാർക്കിട്ടു നടത്തിയാൽ മൂല്യവും ആസ്വാദ്യതയും വർദ്ധിക്കുമെന്നും ധാരാളം ആസ്വാദകരെ കിട്ടുമെന്നും ഒക്കെയാണ് ഉന്നതന്മാർ അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ഒരാസ്വാദകനെപ്പോലും കൂടുതൽ കിട്ടുകയില്ല. ഉള്ള ശ്ലോകപ്രേമികൾ കൂടി ഗുഡ്ബൈ പറഞ്ഞു പോവുകയേ ഉള്ളൂ. പക്ഷേ പൊങ്ങച്ചക്കാർക്ക് അതൊന്നും മനസ്സിലാവുകയില്ല. അക്ഷരശ്ലോകം മാർക്കിട്ടാണു നടത്തേണ്ടതെന്നും അല്ലെങ്കിൽ നൽക്കാലിശ്ലോകങ്ങൾ ചൊല്ലുന്നവർ ജയിക്കുമെന്നും ഒക്കെ ഘോരഘോരം വാദിച്ച് അവർ എല്ലാവരെയും വഴിതെറ്റിക്കും. അവരെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും വേറെ കുറേ പൊങ്ങച്ചക്കാരെ കിട്ടുകയും ചെയ്യും. മാർക്കിടാൻ പാടില്ലാത്ത മറ്റൊരു മത്സരത്തിനും ഇല്ലാത്ത ഒരു ദുരവസ്ഥയാണ് അക്ഷരശ്ലോകത്തിനുള്ളത്.

A S 7 നാൽക്കാലി ചൊല്ലുന്നവർ എന്ന ആക്ഷേപം

അക്ഷരശ്ലോകരംഗത്ത് അധഃകൃതരെ സൃഷ്‌ടിച്ച മേലാളന്മാർ മറ്റുള്ളവരെ ആക്ഷേപിക്കാൻ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കാണു നാല്കാലിശ്ലോകം എന്നത്. ഒരാൾ ചൊല്ലിയ ശ്ലോകത്തിനു സാഹിത്യമൂല്യം കുറവാണെന്ന് അവർക്കു തോന്നിയാൽ ഉടൻ നാല്കാലിശ്ലോകം ചൊല്ലുന്ന ഏഴാം കൂലി എന്ന ആക്ഷേപശരം തൊടുത്തു വിടും. ആക്ഷേപം മാത്രമല്ല എലിമിനേഷൻ എന്ന നിയമവിരുദ്ധമായ ശിക്ഷ നൽകി അവഹേളിക്കലും ഉണ്ട്.

യഥാർത്ഥത്തിൽ ഈ ആക്ഷേപത്തിൽ വല്ല കഴമ്പും ഉണ്ടോ? ഇല്ല. വിദ്യാഭ്യാസം ഇല്ലാത്ത ഒരാൾ വോട്ടു ചെയ്യാൻ വരുമ്പോൾ “നീ പ്രബുദ്ധതയില്ലാത്തവനാണ്. നീയൊന്നും വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല. നിൻ്റെ വോട്ടു മൂല്യമില്ലാത്ത ചവറാണ്” എന്നൊക്കെ പറഞ്ഞു വിദ്യാസമ്പന്നന്മാരായ അധികാരികൾ അയാളെ ആക്ഷേപിക്കാൻ തുടങ്ങിയാൽ എങ്ങനെ ഇരിക്കും? അതുപോലെയാണ് ഇതും. ക്രൂരവും നിന്ദ്യവും ആയ വിവരക്കേട് എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ.

അക്ഷരശ്ലോകത്തിൽ ചൊല്ലുന്ന ശ്ലോകത്തിന്‌ ഒരു മിനിമം നിലവാരം ഉണ്ടായിരുന്നാൽ മതി. അതിൽ കൂടുതലായി ഒന്നും ആവശ്യമില്ല. അതിനാൽ നൽക്കാലിശ്ലോകം എന്ന ആക്ഷേപം തികച്ചും അപ്രസക്തവും നിയമവിരുദ്ധവും ആണ്.

ഇനി മേലാളന്മാർ ആരെയൊക്കെയാണ് ഇങ്ങനെ അക്ഷേപിച്ച് എലിമിനേറ്റു ചെയ്തത് എന്നു നോക്കാം.

  1. മുളങ്കുന്നത്തുകാവു കൃഷ്ണൻ കുട്ടി

ഇദ്ദേഹം ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. പക്ഷെ ധാരാളം ശ്ലോകങ്ങൾ അറിയാം. സ്വന്തമായി നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലാൻ അദ്‌ഭുതകരമായ കഴിവും ഉണ്ട്. ഹ എന്ന അക്ഷരത്തിൽ അദ്ദേഹം പെട്ടെന്ന് ഉണ്ടാക്കി ചൊല്ലിയ ഒരു ശ്ലോകം നോക്കുക.

ഹോട്ടലുണ്ടിവിടെയേറെയെങ്കിലും

നോട്ടമില്ലതിലെനിക്കു തെല്ലുമേ

വാട്ടമറ്റു സുഖമോടെയുണ്ണുവാൻ

വീട്ടിലെത്തണമതാണു തൃപ്തി മേ

ഉന്നതന്മാരുടെ ദൃഷ്ടിയിൽ ഇതൊരു നാൽക്കാലി ശ്ലോകമാണ്. മാർക്ക് കിട്ടുകയില്ല അതിനാൽ ചൊല്ലിയ ആൾ എലിമിനേറ്റു ചെയ്യപ്പെടും. മേലാളന്മാർ പല പ്രാവശ്യം എലിമിനേറ്റു ചെയ്തപ്പോൾ കൃഷ്ണൻ കുട്ടി അവരോടു ഗുഡ് ബൈ പറഞ്ഞു പിൻവാങ്ങി. അവരുടെ സംഘടനയെ അദ്ദേഹം “തരികിട സംഘടന” എന്ന് വിശേഷിപ്പിച്ചു. കൊലകൊമ്പന്മാരായ മേലാളന്മാർക്കെതിരെ അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നില്ല.

2. കുഞ്ഞുകുഞ്ഞ് ആദിശ്ശർ

വിദ്യാഭ്യാസവും പണവും പ്രതാപവും ഒന്നും ഇല്ലാത്ത സാധാരണക്കാരൻ. ആയിരക്കണക്കിനു ശ്ലോകങ്ങൾ അറിയാം. പക്ഷെ സാഹിത്യമൂല്യം നോക്കി ശ്ലോകങ്ങൾ തെരഞ്ഞെടുക്കുന്ന ഏർപ്പാടില്ല. ശരിയായ അക്ഷരശ്ലോകമത്സരങ്ങളിൽ എല്ലാം അദ്ദേഹം ഒന്നാം സമ്മാനം നേടുക പതിവായിരുന്നു. ഒരിക്കൽ അദ്ദേഹം ഉന്നതന്മാരുടെ പരിഷ്‌കൃത അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുക്കാൻ പോയി. ഉന്നതന്മാരുടെ നൂതനസിദ്ധാന്തങ്ങളെപ്പറ്റിയൊന്നും അദ്ദേഹത്തിന് അറിയാമായിരുന്നില്ല. ഉന്നതന്മാർ അദ്ദേഹത്തെ എലിമിനേറ്റു ചെയ്യുകയും അദ്ദേഹത്തിൻ്റെ ഏഴയലത്തു പോലും വരാൻ യോഗ്യതയില്ലാത്ത ഒരാളിനെ ജയിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഉന്നതന്മാരുടെ നേതാവിനെ കണക്കിനു ശകാരിച്ചു. “ഇങ്ങനെയാണോടാ അക്ഷരശ്ലോകമത്സരം നടത്തേണ്ടത്? അക്ഷരശ്ലോകം നിൻ്റെ തറവാട്ടുസ്വത്ത് ആണോടാ?” ഇങ്ങനെ പോകുന്നു അദ്ദേഹത്തിൻ്റെ ശകാരവർഷം. പക്ഷേ കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ള നേതാവിനെ അതൊന്നും ബാധിച്ചില്ല.

3. സ്വാമി കേശവാനന്ദ സരസ്വതി

പരിവ്രാജകനായി സഞ്ചരിക്കുന്ന ഒരു സന്യാസി. അപാര സംസ്കൃതപാണ്ഡിത്യവും കവിത്വവും ഉണ്ട്. അദ്ദേഹം ഒരിക്കൽ ഉന്നതന്മാരുടെ അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുത്തു. ഉടൻ എലിമിനേഷനും കിട്ടി. അദ്ദേഹവും ഉന്നതന്മാരെ കണക്കിനു ശകാരിച്ചു. ശകാരം മുഴുവൻ ശ്ലോകരൂപത്തിലാണ് എന്നതാണു വിശേഷം. നൂറു ശകാരശ്ലോകങ്ങൾ ഉള്ള ഒരു ഖണ്ഡകാവ്യം തന്നെ അദ്ദേഹം എഴുതി. പേര് ശകാരശതകം. അതിലെ രണ്ടു ശ്ലോകങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.

മൂഢന്മാർ ചിലരൊത്തു ചേർന്നു വെറുതേ ശ്ലോകപ്രഗത്ഭൻ ചമ
ഞ്ഞാഢ്യത്വം കണി കണ്ടിടാത്ത പഹയന്മാരും പുളയ്ക്കുന്നു പോൽ
വിഡ്ഢിത്തം പലതും പറഞ്ഞു സഭയിൽ ചുമ്മാ കുറേ ശ്ലോകവും
നീട്ടിച്ചൊല്ലി ഞെളിഞ്ഞിരുന്നിവർ മഹാന്മാരായ് നടിപ്പൂ വൃഥാ.

ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരുനാൾ വിട്ട നിസ്സാരനേകൻ
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാർക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തിൽ തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചു.

4. കെ. സി. അബ്രഹാം

വിദ്യാസമ്പന്നൻ. കവിത്വവും ഉണ്ട്. നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലാൻ അതിവിദഗ്ദ്ധൻ. അദ്ദേഹത്തിൻ്റെ ഒരു ശ്ലോകം ഇതാ.

ആട്ടിറച്ചിയഴകോടു വച്ചു ന-

ല്ലിഷ്ടുവാക്കിയതിലിഷ്ടരൊത്തുടൻ

റൊട്ടി മുക്കിയശനത്തിനുള്ളൊരാ-

ത്തുഷ്ടി വാസവനുമൊട്ടറിഞ്ഞിതോ?

ഇത്തരം ശ്ലോകങ്ങൾ മേലാളന്മാരുടെ ദൃഷ്ടിയിൽ നൽക്കാലിയാണല്ലോ. സാഹിത്യമൂല്യം അളന്നു മാർക്കിട്ട് അവർ അദ്ദേഹത്തെയും എലിമിനേറ്റു ചെയ്തു.

അർഹന്മാരെ പുറന്തള്ളുകയും അനർഹന്മാരെ ജയിപ്പിക്കുകയും ചെയ്യുന്ന മാർക്കിടൽ എന്ന കോപ്രായത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് ഏകാക്ഷരം നറുക്കിട്ടു ചൊല്ലിച്ചു മത്സരം നടത്തുന്ന പുതിയ രീതി ആവിഷ്കരിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ശകാരിച്ചാൽ ഫലമില്ല എന്ന് അറിയാവുന്നതു കൊണ്ടാകാം അദ്ദേഹം മേലാളന്മാരെ ശകാരിക്കാൻ മെനക്കെട്ടില്ല.

ഇനി മേലാളന്മാർ മാർക്കിട്ടു ജയിപ്പിച്ചു വിദഗ്ദ്ധൻ, പ്രഗത്ഭൻ, പ്രതിഭാശാലി, ഗോൾഡ് മെഡലിസ്ററ് മുതലായ പട്ടങ്ങൾ കൊടുത്തു കൊമ്പത്തു കയറ്റുന്ന ചിലരുടെ യോഗ്യത കൂടി അറിയേണ്ടതാണ്. എട്ടും പൊട്ടും തിരിയാത്ത കുറെയധികം പെൺകുട്ടികൾ നാലും അഞ്ചും സ്വർണ്ണമെഡൽ വീതം നേടിയിട്ടുണ്ട്. തുരുതുരെ അച്ചുമൂളിയാലും അവർക്കു പുഷ്പം പോലെ ജയിക്കാം. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാർക്കിടുമ്പോൾ അവരുടെ അത്ര മാർക്കു വേറെ ആർക്കും കിട്ടുകയില്ല. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ ഈ പെൺകുട്ടികൾ സ്വയം തെരഞ്ഞെടുത്തു ചൊല്ലുകയാണോ ചെയ്യുന്നത്? അല്ല. ഗുരുനാഥൻ തെരഞ്ഞെടുത്തു കൊടുക്കുന്നവ മനഃപാഠമാക്കി തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ ആവർത്തിക്കുക മാത്രമാണു ചെയ്യുന്നത്. സ്വന്തമായി ഒരു ശ്ലോകം പോലും ഉണ്ടാക്കി ചൊല്ലാൻ ഇവർക്കു കഴിയുകയില്ല. സ്വരമാധുര്യം മാത്രമാണ് ആകെയുള്ള കൈമുതൽ. മയൂരസന്ദേശത്തിലെ വൃത്തം ഏതാണെന്ന് അറിഞ്ഞുകൂടാത്തവർ പോലും ഇങ്ങനെ ഗോൾഡ് മെഡലിസ്റ്റ് ആയിട്ടുണ്ട്. വിജയത്തിന് ഏറ്റവും അത്യാവശ്യം സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും ആണ്. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു കൊടുക്കാൻ ഒരു സഹായി കൂടി ഉണ്ടെങ്കിൽ എല്ലാമായി.

A S 6 സാഹിത്യമൂല്യത്തിൻ്റെ പ്രസക്തി

അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനു പ്രസക്തിയുണ്ടോ? തീർച്ചയായും ഉണ്ട്. പക്ഷേ അതു “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചു കൂവിക്കൊണ്ടു നടക്കുന്ന ഉന്നതന്മാർ പറയുന്നതു പോലെയുള്ള ഒരു പ്രസക്തിയല്ല. ആ പ്രസക്തി വളരെ വ്യത്യസ്തമാണ്. ശരിക്കു ചിന്തിക്കുന്നവർക്കു മാത്രമേ വ്യത്യാസം പിടി കിട്ടുകയുള്ളൂ. അതു മനസ്സിലാക്കാൻ വേണ്ടി നമുക്കു ജനാധിപത്യപ്രക്രിയയിൽ വോട്ടർമാരുടെ പ്രബുദ്ധതയ്ക്കുള്ള പ്രസക്തിയെപ്പറ്റി അല്പം ചിന്തിക്കാം.

രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ ഒരു പ്രക്രിയയാണു തെരഞ്ഞെടുപ്പ്. അതിനാൽ നല്ല പ്രബുദ്ധതയുള്ള പൗരന്മാർ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്ങനെയാണ് അതു സാധിക്കുന്നത്? അതിനു ചില ഏർപ്പാടുകളൊക്കെയുണ്ട്.

  1. വോട്ടർക്കു 18 വയസ്സു തികഞ്ഞിരിക്കണം. അല്ലാത്തവർക്കു രാജ്യകാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാൻ വേണ്ടത്ര പ്രബുദ്ധത ഉണ്ടായിരിക്കുകയില്ല എന്നാണു സങ്കൽപം.
  2. വോട്ടർ മനുഷ്യനായിരിക്കണം. ആന, കുതിര, കാള മുതലായ മൃഗങ്ങളും മനുഷ്യരെപ്പോലെ ഈ രാജ്യത്തു ജീവിക്കുന്നവരാണ്. നീതിയും സദ്ഭരണവും ഒക്കെ കിട്ടാൻ അവയ്ക്കും അവകാശമുണ്ട്. പക്ഷേ അവയ്ക്കു വോട്ടവകാശമില്ല. എന്തുകൊണ്ട്? അവയ്ക്കു വേണ്ടത്ര പ്രബുദ്ധതയില്ല.
  3. വോട്ടർക്കു സ്വബോധം ഉണ്ടായിരിക്കണം. ഭ്രാന്താശുപത്രിയിൽ കിടക്കുന്നവർക്കു വോട്ടവകാശമില്ല.
  4. കൊലപാതകം പോലെയുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തു ജയിലിൽ കിടക്കുന്നവക്കും വോട്ടവകാശമില്ല. പ്രബുദ്ധത ഇല്ലാത്തതു കൊണ്ടാണല്ലോ അവർ ജയിലിൽ ആയത്.

ഇങ്ങനെ ഒരു അരിച്ചുമാറ്റൽ പ്രക്രിയയിലൂടെ പ്രബുദ്ധത കുറഞ്ഞവരെയെല്ലാം ഒഴിവാക്കി ബാക്കിയുള്ള എല്ലാവരെയും വോട്ടു ചെയ്യാൻ അനുവദിക്കും. അവരുടെ എല്ലാവരുടെയും വോട്ടിന്‌ ഒരേ മൂല്യം കൽപ്പിച്ചാണു വോട്ടെണ്ണുന്നത്. വോട്ടർമാരുടെ പ്രബുദ്ധത അളന്നു മാർക്കിടാൻ നിയമമില്ല. ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടുന്ന ആൾ ജയിക്കും.

M A Ph D ബിരുദമുള്ള വിദ്യാസമ്പന്നന്റെ വോട്ടിനും പള്ളിക്കൂടത്തിൻ്റെ തിണ്ണ പോലും കണ്ടിട്ടില്ലാത്ത നിരക്ഷരകുക്ഷിയുടെ വോട്ടിനും ഒരേ മൂല്യമാണ്. “ഞാൻ വിദ്യാസമ്പന്നനാണ്. അതുകൊണ്ട് എന്റെ വോട്ടിനു ഈ നിരക്ഷരകുക്ഷിയുടെ വോട്ടിനേക്കാൾ കൂടുതൽ മൂല്യം കൽപിച്ചു വോട്ടെണ്ണണം” എന്ന് എത്ര വലിയവൻ പറഞ്ഞാലും വിവരമുള്ള ഒരു അധികാരിയും അത് അംഗീകരിക്കുകയില്ല. പുരോഗമനത്തിന്റെ പേരിലായാലും അത് അംഗീകരിച്ചാൽ പല കൊള്ളരുതായ്മകൾക്കും അതു വഴി വയ്ക്കും. ജനാധിപത്യം തകർന്നടിയും.

മിനിമം ക്വാളിറ്റി ഉറപ്പു വരുത്തിയിട്ടു ക്വാണ്ടിറ്റി എണ്ണി തിട്ടപ്പെടുത്തുന്ന രീതിയാണു നാം ഇവിടെ കണ്ടത്. ഇതു ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതും നൂറു കണക്കിനു മത്സരങ്ങൾക്കു ബാധകവും ആണ്. ഇതേ രീതി തന്നെയാണ് അക്ഷരശ്ലോകമത്സരത്തിനും നമ്മുടെ പൂർവ്വികന്മാർ വിധിച്ചത്. അത് എങ്ങനെയാണെന്നു നോക്കാം.

അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്. അതിനാൽ അതിൽ ചൊല്ലുന്ന ശ്ലോകങ്ങൾക്കു സാഹിത്യപരമായ ഒരു മിനിമം നിലവാരം കൂടിയേ തീരൂ. അത് എങ്ങനെ ഉറപ്പാക്കും? അതിന് അവർ ബുദ്ധിപൂർവ്വം ചിന്തിച്ചു ചില നിബന്ധനകൾ വച്ചു.

1 . ശ്ലോകത്തിനു ദൃഢബദ്ധമായ ഒരു വൃത്തം ഉണ്ടായിരിക്കണം. വർണ്ണവൃത്തം ആയാലും മാത്രാവൃത്തം ആയാലും നല്ല കെട്ടുറപ്പു വേണം. എളുപ്പത്തിൽ പൊട്ടക്കവിത തീർത്തു ചൊല്ലാൻ പറ്റാത്ത വൃത്തം വേണം എന്നു സാരം. ശംഭുനടനം മുതൽ ആര്യ വരെ നാല്പതോളം വൃത്തങ്ങൾ പ്രചാരത്തിലുണ്ട്.

2. ശ്ലോകത്തിന് ഒരു ആശയം ഉണ്ടായിരിക്കണം. നിരർത്ഥകപദങ്ങൾ നിരത്തി വച്ചു വൃത്തം ഒപ്പിച്ചു ചൊല്ലിയാൽ സ്വീകാര്യം ആവുകയില്ല. വ്യാകരണത്തെറ്റു ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങളൊന്നും ഇല്ലാതെ വ്യക്തമായ ഒരു ആശയം പ്രകടിപ്പിക്കുന്നതാകണം ശ്ലോകം.

3. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കണം എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇവ ശ്ലഥവൃത്തങ്ങൾ ആയതുകൊണ്ടാണ് ഒഴിവാക്കുന്നത്. അല്ലാതെ സാഹിത്യമൂല്യം വഹിക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല.

ഇത്രയും കാര്യങ്ങൾ ഒത്താൽ സാഹിത്യപരമായ മിനിമം നിലവാരം ഉറപ്പാകും. സാഹിത്യമൂല്യം അളന്നു മാർക്കിടേണ്ട ആവശ്യമില്ല. ഓരോ റൗണ്ടിലും മിനിമം നിലവാരമുള്ള ഒരു ശ്ലോകം ചൊല്ലണം എന്ന കാര്യം നിർബന്ധമാണ്. ചൊല്ലാതിരുന്നാൽ പരാജയപ്പെടും. പരാജയം ഒഴിവാക്കാൻ മിനിമം ക്വാളിറ്റി ഉള്ള ഒരു ശ്ലോകം തട്ടിക്കൂട്ടി ചൊല്ലിയാലും മതി. അതിനു കാളിദാസൻ്റെ ശ്ലോകങ്ങളോടു കിടപിടിക്കുന്ന സാഹിത്യമൂല്യമൊന്നും വേണമെന്നില്ല. ഇങ്ങനെ മിനിമം ക്വാളിറ്റി ഉറപ്പാക്കിയിട്ടു ക്വാണ്ടിറ്റി മാത്രം പരിഗണിക്കുക എന്നതാണു പൂർവ്വികന്മാർ വിധിച്ച രീതി.

സാഹിത്യവിശാരദനായ ഒരു അക്ഷരശ്ലോകക്കാരൻ “ഞാൻ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങളാണു ചൊല്ലുന്നത്. അതുകൊണ്ട് എനിക്കു കൂടുതൽ പരിഗണന കിട്ടണം” എന്നു ശഠിച്ചാൽ അത് അംഗീകരിക്കാൻ പാടില്ല. പക്ഷേ ഇക്കാലത്തെ അക്ഷരശ്ലോകസർവ്വജ്ഞന്മാർ എന്ന് അഭിമാനിക്കുന്ന ഉന്നതന്മാർ അത്തരം ദുശ്ശാഠ്യങ്ങൾ സസന്തോഷം അംഗീകരിച്ചുകൊടുക്കും. അതു വമ്പച്ച പുരോഗമനം ആണെന്നാണ് അവരുടെ വിശ്വാസം. അതാണു സർവ്വജ്ഞന്മാരുടെ അജ്ഞത.

A S 5 അപ്രസക്തമായ യോഗ്യതകളുടെ പേരിൽ മേന്മ അവകാശപ്പെടരുത്.

ഒരിക്കൽ ഒരു വകുപ്പിൽ പ്യൂണിന്റെ കുറെയധികം വേക്കൻസികൾ ഉണ്ടായി. PSC അപേക്ഷ ക്ഷണിച്ചു. SSLC ആണു മിനിമം യോഗ്യത. പക്ഷെ കുറേയേറെ ബിരുദധാരികളും അപേക്ഷിച്ചു. മറ്റു ജോലികളൊന്നും കിട്ടാത്തതുകൊണ്ടാണ്. അവർ അപേക്ഷിച്ചത്. ജോലി കിട്ടിയ ശേഷം ബിരുദധാരികൾ ഒത്തു ചേർന്ന് ഒരു നിവേദനം കൊടുത്തു. ഉയർന്ന യോഗ്യത ഉള്ളതുകൊണ്ടു ഞങ്ങൾക്കു കൂടുതൽ ശമ്പളം തരണം. സർക്കാർ ആ നിവേദനം ചവറ്റുകുട്ടയിൽ കളഞ്ഞു.

നമ്മുടെ മേലാളന്മാർ ആ വകുപ്പിൽ ഉണ്ടായിരുന്നെങ്കിൽ ബിരുദധാരികൾക്കു കൂടുതൽ ശമ്പളം കിട്ടിയേനെ. എന്തുകൊണ്ടെന്നാൽ ബിരുദം ഉള്ളവർ SSLC ക്കാരെക്കാൾ മികച്ചവർ ആണല്ലോ. കോളേജിന്റെ തിണ്ണ പോലും കണ്ടിട്ടില്ലാത്തവർക്കു കൊടുക്കുന്ന ശമ്പളം ആണോ ബിരുദധാരികൾക്കു കൊടുക്കേണ്ടത്? അവർ ക്വാളിറ്റി കൂടിയവർ അല്ലേ? ക്വാളിറ്റി അല്ലേ സർവ്വപ്രധാനം? ഇങ്ങനെ പോകും മേലാളന്മാരുടെ വാദമുഖങ്ങൾ.

ഇവിടെ എന്താണ് നീതി? അപേക്ഷ ക്ഷണിച്ചപ്പോൾ വ്യക്തമായി പറഞ്ഞിരുന്നതാണു മിനിമം യോഗ്യത SSLC ആണെന്ന്. അതനുസരിച്ചുള്ള ശമ്പളം മാത്രമേ എല്ലാവർക്കും കൊടുക്കാവൂ. പ്രസക്തമല്ലാത്ത യോഗ്യതകളുടെ പേരിൽ ആരും മുന്തിയ പരിഗണന ആവശ്യപ്പെടാൻ പാടില്ല. ആവശ്യപ്പെട്ടാൽ നീതിബോധമുള്ള അധികാരികൾ അത് അനുവദിക്കാനും പാടില്ല.

അക്ഷരശ്ലോകരംഗത്തെ തർക്കത്തിനും ഇതു ബാധകമാണ്. അക്ഷരശ്ലോകക്കാരോട് ആവശ്യപ്പെടുന്നത് ഓരോ റൗണ്ടിലും അച്ചു മൂളാതിരിക്കാൻ അനുഷ്ടുപ് അല്ലാത്തതും അക്ഷരം യോജിക്കുന്നതും ആയ ഒരു ശ്ലോകം തെറ്റു കൂടാതെ ഓർമ്മയിൽ നിന്നു ചൊല്ലാനാണ്. അല്ലാതെ സാഹിത്യം വിളമ്പാനോ യേശുദാസ് പാടുന്നതു പോലെ പാടാനോ ഒന്നുമല്ല. പിന്നെ എന്തിനാണു സാഹിത്യമൂല്യവും സംഗീതഗന്ധവും ശബ്ദമേന്മയും ഒക്കെ അളന്നു മാർക്കിട്ടു മേന്മ കല്പിക്കുന്നത്? അത് അന്യായമാണ്. ഈ അന്യായം അക്ഷരശ്ലോകക്കാർ തിരിച്ചറിയണം.

ഈ അന്യായത്തെ ന്യായീകരിക്കാൻ വേണ്ടി ഉന്നതന്മാർ പൊന്തിച്ചു കാട്ടുന്ന “അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്ന “പുരോഗമന” സിദ്ധാന്തത്തിന്റെ പിന്നിലെ തട്ടിപ്പും തിരിച്ചറിയണം.

A S 4 എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം?

ഈ ചോദ്യത്തിന് അക്ഷരശ്ലോകസർവ്വജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ഉന്നതന്മാർ നൽകുന്ന മറുപടി അതിവിചിത്രമാണ്. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണത്രേ അക്ഷരശ്ലോകത്തിൻ്റെ ലക്‌ഷ്യം! പാട്ടുകാർ ഓരോ പാട്ടും പാടുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണല്ലോ. അതുപോലെ അക്ഷരശ്ലോകക്കാർ ഓരോ ശ്ലോകവും ചൊല്ലുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണ്. അങ്ങനെ ആഹ്ളാദിപ്പിക്കണമെങ്കിൽ ഷഡ്ഗുണങ്ങൾ ഉള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ചൊല്ലാനുള്ള കഴിവും വേണം. ഇതൊക്കെ ഉന്നതന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ അവർക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നാൽക്കാലി ശ്ലോകങ്ങൾ അനാകർഷകമായ ശബ്ദത്തിൽ രാഗവും ഈണവും ഒന്നും ഇല്ലാതെ ചൊല്ലുന്നവർക്ക്‌ അക്ഷരശ്ലോകം ചൊല്ലാൻ എന്തവകാശം? അത്തരം ഏഴാംകൂലികൾ ചൊല്ലാൻ വന്നാൽ അവരെ എലിമിനേറ്റു ചെയ്യണം. എന്നു മാത്രമല്ല ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന അനുഗൃഹീതകലാകാരന്മാർ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുകയും വേണം. ഇങ്ങനെ പോകുന്നു അവരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ.

യഥാർത്ഥത്തിൽ അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണോ? അല്ലെന്നു സാമാന്യബുദ്ധിയെങ്കിലും ഉള്ള ആർക്കും അല്പം ആലോചിച്ചാ ൽ മനസ്സിലാകും. ലക്‌ഷ്യം അതാണെങ്കിൽ എന്തിനാണ് അക്ഷരനിബന്ധന പാലിക്കുന്നത്? അക്ഷരനിബന്ധന ഇല്ലാതെ ചൊല്ലിയാലല്ലേ കൂടുതൽ നല്ല രചനകൾ തെരഞ്ഞെടുത്തു ചൊല്ലി ആഹ്ളാദിപ്പിക്കാൻ കഴിയുന്നത്? എന്തിനാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കുന്നത്? അവയിൽ സാഹിത്യമൂല്യമുള്ളതും ആസ്വാദ്യവും ആയ ഒരു രചനയും ഉണ്ടാവുകയില്ലേ?

ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണു ലക്ഷ്യം എന്ന വാദം ശുദ്ധ തട്ടിപ്പാണ്. ഈ തട്ടിപ്പു വാദത്തിന്റെ പിൻബലത്തിലാണ് അവരും അവരുടെ ശിങ്കിടികളും മേൽക്കോയ്മ അവകാശപ്പെടുന്നത്.

യഥാർത്ഥത്തിൽ എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം? അച്ചു മൂളാതെ ചൊല്ലി ജയിക്കുക എന്നതാണ് അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അക്ഷരശ്ലോകത്തിൻ്റെ എല്ലാ നിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്.

ചതുരംഗം കളി പോലെയുള്ള ഒരു ധൈഷണികവിനോദമാണ് അക്ഷരശ്ലോകം. ചതുരംഗം ഒരു യുദ്ധവിനോദം ആണെങ്കിൽ അക്ഷരശ്ലോകം ഒരു സാഹിത്യവിനോദം ആണ്. ചതുരംഗം കളിക്കാർ യുദ്ധരംഗത്തു നിന്നു കടമെടുത്ത ആന, കുതിര, തേരു, കാലാൾ മുതലായ സേനാംഗങ്ങളെ കരുക്കളായി ഉപയോഗിക്കുമ്പോൾ അക്ഷരശ്ലോകക്കാർ സാഹിത്യരംഗത്തു നിന്നു കടമെടുത്ത അനുഷ്ടുപ് അല്ലാത്ത ശ്ലോകങ്ങളെ കരുക്കളായി ഉപയോഗിക്കുന്നു. ചതുരംഗത്തിലെ ആന ലക്ഷണമൊത്ത ഗജവീരൻ ആയിരിക്കേണ്ട ആവശ്യമില്ല. അതുപോലെ അക്ഷരശ്ലോകത്തിൽ ജയിക്കാൻ വേണ്ടി ചൊല്ലുന്ന ശ്ലോകം സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ഉത്തമമുക്തകം ആയിരിക്കേണ്ട ആവശ്യമില്ല. അച്ചു മൂളാതിരിക്കാൻ ഒരു ശ്ലോകം ചൊല്ലണം എന്നേ ഉള്ളൂ. അത് നാൽക്കാലി ആയാലും യാതൊരു കുഴപ്പവും ഇല്ല. അക്ഷരം കിട്ടിയ ശേഷം വേദിയിൽ വച്ചു സ്വയം ഉണ്ടാക്കി ചൊല്ലുന്ന നിമിഷശ്ലോകങ്ങൾക്കു പോലും പൂർണ്ണമായ സ്വീകാര്യതയുണ്ട്. അക്ഷരശ്ലോകത്തിൽ സംഗീതം സ്വരമാധുര്യം മുതലായവയ്ക്കു യാതൊരു സ്ഥാനവും ഇല്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഉന്നതന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് അക്ഷരശ്ലോക മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും. ഉന്നതന്മാർ “സാഹിത്യമൂല്യം”, ” ആസ്വാദ്യത ” എന്നൊക്കെ വിളിച്ചുകൂകുമ്പോൾ അവർ അത് കേട്ടു മയങ്ങിപ്പോകും. അതുകൊണ്ടു തന്നെ അവർ പരമാവധി വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാവുകയും ചെയ്യും.

A S 3 മാർക്കിടൽ – തനിത്തങ്കം പോലെ തിളങ്ങുന്ന കാക്കപ്പൊന്ന്

അക്ഷരശ്ലോകത്തിൽ പണ്ടൊന്നും മാർക്കിടൽ ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ പുതുതായി ഒരു മാർക്കിടൽ ഏർപ്പെടുത്തിയത് എന്ന് നമ്മുടെ സർവ്വജ്ഞന്മാരായ മേലാളന്മാരോടു ചോദിച്ചാൽ ഇങ്ങനെ ഒരു മറുപടി കിട്ടും. ” അക്ഷരശ്ലോകത്തിൽ നാൽക്കാലി ശ്ലോകങ്ങൾ ചൊല്ലി ജയിക്കാൻ അവസരമുണ്ട്. അതു തടയാൻ വേണ്ടിയാണു ഞങ്ങൾ മാർക്കിടുന്നത്. മാർക്കിടുമ്പോൾ സാഹിത്യമൂല്യമാണു പ്രധാനമായി അളക്കപ്പെടുന്നത്. കൂട്ടത്തിൽ അവതരണഭംഗിയും അളക്കപ്പെടും.” ഇതു കേൾക്കുമ്പോൾ ചോദ്യകർത്താക്കൾക്കു പരിപൂർണ്ണതൃപ്തിയാകും. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങൾ ചൊല്ലുന്നവർ ജയിക്കുമെന്ന് ഉറപ്പാക്കുന്നതു നല്ല കാര്യമല്ലേ? ഏതു നാൽക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാം എന്ന അവസ്ഥ മാറ്റേണ്ടതല്ലേ? ഭംഗിയായി അവതരിപ്പിക്കുന്നവരുടെ വിജയസാദ്ധ്യത കൂട്ടുന്നതിൽ എന്താണ് തെറ്റ്? ഇങ്ങനെയാണ് അവരുടെ ചിന്ത പോകുക. മാർക്കിടലിൻ്റെ തിക്തഫലങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരും ഇങ്ങനെയേ ചിന്തിക്കൂ. അവർ പരിഷ്കാരികളെ വാനോളം പുകഴ്ത്തുകയും പരിഷ്കാരത്തിനു നിരുപാധികമായ പിൻതുണ നൽകുകയും ചെയ്യും. മാർക്കിടൽ പ്രസ്ഥാനത്തെ ആരെങ്കിലും വിമർശിച്ചാൽ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ മേലാളന്മാരുടെ ഒപ്പം കൂടാനും ഇക്കൂട്ടർ ഒട്ടും മടിക്കുകയില്ല. കഥയറിയാതെ ആട്ടം കാണുന്ന ഇത്തരക്കാരുടെ പിന്തുണയാണു മാർക്കിടൽ എന്ന കോപ്രായത്തെ താങ്ങി നിറുത്തുന്നത്.

യഥാർത്ഥത്തിൽ ഈ മാർക്കിടൽ പുരോഗമനമേ അല്ല. തികഞ്ഞ അധഃപതനം തന്നെയാണ്. പ്രത്യക്ഷത്തിൽ തനിത്തങ്കം പോലെ തോന്നുമെങ്കിലും ശരിക്ക് ഇതു വെറും കാക്കപ്പൊന്നാണ്. ആട്ടിൻതോലിട്ട ചെന്നായയെപ്പോലെയും അമ്പാടിയിൽ ചെന്ന പൂതനയെപ്പോലെയും അമൃത് എന്ന ലേബൽ ഒട്ടിച്ച വിഷക്കുപ്പി പോലെയും അപകടകരവും വിനാശകാരിയും ആണ്. മിന്നുന്നതെല്ലാം പൊന്നല്ല. ഉരച്ചു നോക്കിയാലേ ശരിയായ മാറ്റ് അറിയാൻ പറ്റൂ. പുറമോടി കണ്ടു മയങ്ങുന്നവർ വഞ്ചിക്കപ്പെടും.

A S 2 ഹോ ! എന്തൊരു പുരോഗമനം !

മുൻപറഞ്ഞ മേലാളന്മാർ അക്ഷരശ്ലോകമത്സരരീതി സമൂലം പരിഷ്കരിച്ചു. അതു വരെ ഈ രംഗത്തു കേട്ടുകേൾവി പോലും ഇല്ലാതിരുന്ന മാർക്കിടൽ , എലിമിനേഷൻ എന്നിങ്ങനെ രണ്ടു പരിഷ്‌കാരങ്ങൾ അവർ ഏർപ്പെടുത്തി. സാഹിത്യമൂല്യവും അവതരണഭംഗിയും മറ്റും അളന്നു മാർക്കിടുമത്രേ. മാർക്കു കുറഞ്ഞവരെ ആദ്യത്തെ നാലഞ്ചു റൗണ്ടുകൾ കഴിയുമ്പോൾ തന്നെ എലിമിനേറ്റു ചെയ്യും. ബാക്കിയുള്ള ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കുള്ള ആളിനെ വിജയിയായി പ്രഖ്യാപിക്കും. അക്ഷരശ്ലോകരംഗത്തു വമ്പിച്ച പുരോഗമനം ഏർപ്പെടുത്തി എന്ന് അവർ അവകാശപ്പെട്ടു.

അവരുടെ പുരോഗമനപരമായ ഒരു അക്ഷരശ്ലോകമത്സരം. ധാരാളം വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നുണ്ട്. കൂട്ടത്തിൽ പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ട്. പെൺകുട്ടിക്കു നല്ല സ്വരമാധുര്യവും ആകർഷകമായ ആലാപനശൈലിയും ഒക്കെ ഉണ്ട്. പക്ഷെ വളരെ കുറച്ചു ശ്ലോകങ്ങളേ പഠിച്ചിട്ടുള്ളൂ. മത്സരം ഗംഭീരമായി മുന്നേറുന്നു. നമ്മുടെ പെൺകുട്ടിക്ക് ഒരു പ്രാവശ്യം കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. ജഡ്ജിമാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ആ കുട്ടിയെ പുറത്താക്കുമെന്നു കാണികളിലും മത്സരാർത്ഥികളിലും ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.കുറേ നേരം കഴിഞ്ഞു മറ്റൊരക്ഷരത്തിലും ആ കുട്ടിക്കു ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. അപ്പോഴും ജഡ്ജിമാർ ഒന്നും പറഞ്ഞില്ല. കാണികൾ വിചാരിച്ചതു തുടക്കക്കാരിയായ പെൺകുട്ടിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ജഡ്ജിമാർ അല്പം വിശാലമനസ്കത കാണിച്ചതായിരിക്കും എന്നാണ്. പക്ഷേ അവസാനം മത്സരഫലം വന്നപ്പോൾ അവർ ഞെട്ടിപ്പോയി. ഒന്നാം സമ്മാനം ആ പെൺകുട്ടിക്കാണ്!

ചിലർ ജഡ്ജിമാരോടു വിശദീകരണം ചോദിച്ചു. ഉടൻ വന്നു നല്ല മണി പോലെയുള്ള ഉത്തരം. “ഞങ്ങൾ ക്വാണ്ടിറ്റിയല്ല, ക്വാളിറ്റിയാണു നോക്കുന്നത്. അതാണ് ഞങ്ങൾ വരുത്തിയ പുരോഗമനം. ഞങ്ങൾ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം മുതലായ ഗുണങ്ങൾ അളന്നു മാർക്കിട്ടു. അപ്പോൾ ആ കുട്ടിക്കാണ് ഏറ്റവും കൂടുതൽ മാർക്കു കിട്ടിയത്. മറ്റുള്ളവർ ഇരുപതു റൗണ്ടു ചൊല്ലി നേടിയ മാർക്കിനെക്കാൾ കൂടുതൽ ആ കുട്ടി പതിനെട്ടു റൗണ്ടു ചൊല്ലി നേടി. അപ്പോൾ ആ കുട്ടിക്കല്ലേ ഒന്നാം സമ്മാനം കൊടുക്കേണ്ടത്?”

അച്ചു മൂളിയിട്ടും പുറത്താക്കാതിരുന്നതെന്ത്? എന്ന ചോ ദ്യത്തിനും ഉടൻ കിട്ടി ഗംഭീരമായ ഒരു ഉത്തരം. “നല്ല സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ഭംഗിയായി ചൊല്ലുന്നവർക്ക്‌ ഇടയ്ക്ക് ഒന്നോ രണ്ടോ റൗണ്ടിൽ ശ്ലോകം കിട്ടാതിരുന്നാലും അത് കാര്യമാക്കേണ്ടതില്ല എന്നാണു ഞങ്ങളുടെ പുരോഗമനപരമായ തീരുമാനം.”

ചോദ്യങ്ങൾ ചോദിച്ചവർ മൂക്കത്തു വിരൽ വച്ചു കൊണ്ടു പറഞ്ഞുപോയി. ” ഹോ! എന്തൊരു പുരോഗമനം!”

A S 1 ചാതുർവർണ്യം മയാ സൃഷ്ടം

ദൈവം ഈ ഭൂമിയും അതിലെ എല്ലാ ഐശ്വര്യങ്ങളും സൃഷ്‌ടിച്ച ശേഷം മനുഷ്യരെയും സൃഷ്ടിച്ചു. ഈ ഐശ്വര്യങ്ങളെല്ലാം അനുഭവിക്കാൻ തുല്യ അവകാശവും അവർക്കു കൊടുത്തു. എന്നാൽ പിന്നീടു ചില മനുഷ്യർ ചാതുർവർണ്യം മയാ സൃഷ്ടം എന്നൊരു ദൈവവാക്യം ഉണ്ടെന്നു പറയുകയും അതനുസരിച്ചു തങ്ങൾ മേലാളരും മറ്റുള്ളവർ കീഴാളരും ആണെന്നു പ്രഖ്യാപിക്കുകയും ഭൂമിയിലെ എല്ലാ ഐശ്വര്യങ്ങളും കയ്യടക്കുകയും ചെയ്തു. മറ്റുള്ളവരെ അധഃകൃതവർഗ്ഗക്കാരാക്കി അവർ ഒരു തീണ്ടൽപ്പാട് അകലെ നിർത്തി.

ഇതുപോലെ ഒരു കയ്യടക്കൽ അക്ഷരശ്ലോകരംഗത്തും ഉണ്ടായി. നമ്മുടെ പൂർവ്വികന്മാർ അക്ഷരശ്ലോകം ഉണ്ടാക്കിയതു സമത്വസുന്ദരമായ ഒരു സാഹിത്യവിനോദം എന്ന നിലയിൽ ആയിരുന്നു. ശ്ലോകങ്ങൾ തെറ്റു കൂടാതെ ചൊല്ലാൻ കഴിവുള്ള എല്ലാവർക്കും അക്ഷരശ്ലോകം ചൊല്ലാം, മത്സരിക്കാം, ജയിക്കാം. അതിനൊന്നും യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത കാലത്ത് ഏതാനും ഉന്നതന്മാർ ഈ രംഗത്തു ചാടി വീണു “ഞങ്ങൾ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആണ്. അതുകൊണ്ടു ഞങ്ങൾക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നിങ്ങൾ ഞങ്ങളോടൊപ്പം മത്സരിക്കാൻ വന്നാൽ ഞങ്ങൾ നിങ്ങളെ എലിമിനേറ്റു ചെയ്യും” എന്നു പ്രഖ്യാപിച്ചു. വേറെയും ചില കാര്യങ്ങൾ അവർ പറഞ്ഞു. “ഞങ്ങൾ സാഹിത്യമൂലമുള്ള ശ്ലോകങ്ങൾതെരഞ്ഞെടുത്തു ചൊല്ലുന്നവരാണ്. കൂടാതെ ഞങ്ങൾ ഷഡ് ഗുണങ്ങളുള്ള ശബ്‌ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ളവരാണ്. ഇതൊക്കെ ഉണ്ടെങ്കിലേ ആസ്വാദ്യമായ രീതിയിൽ ശ്ലോകങ്ങൾ ചൊല്ലിക്കേൾപിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ പറ്റൂ. അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്.”

ഇതെല്ലാം കേട്ട സാധാരണക്കാർ അന്ധാളിച്ചുപോയി. അക്ഷരശ്ലോകരംഗത്തെ അധഃകൃതരായി മാറ്റപ്പെട്ട അവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.

a s = അപ്രിയ സത്യം