പിടിച്ചടക്കിയിട്ടു ഭരിച്ചു തകര്‍ക്കുന്ന ഹൈദരാലിമാര്‍

നിരക്ഷരകുക്ഷിയായ ഹൈദരാലി മൈസൂര്‍ രാജാവിന്‍റെ സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ ആയിരുന്നു. ശത്രുരാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ അവിടെയുള്ള ധനികഗൃഹങ്ങള്‍ കൊള്ളയടിക്കാന്‍ ആലി പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഇങ്ങനെ ധാരാളം സ്വര്‍ണ്ണവും പണവും അയാള്‍ കൈവശപ്പെടുത്തി. പക്ഷേ അതൊന്നും രാജാവിനു കൊടുത്തില്ല. ഈ വിവരം രാജാവിനെ ആരും അറിയിച്ചുമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത ആലിയെ എല്ലാവര്‍ക്കും ഭയമായിരുന്നു. ഇങ്ങനെ നേടിയ ഭാരിച്ച സമ്പത്ത് ആലി അതിസമര്‍ത്ഥമായി ഉപയോഗിച്ചു. ഉദാരമായി ദാനം ചെയ്ത് ആജ്ഞാനുവര്‍ത്തികളെ നേടുക, കോഴ കൊടുത്തു നേട്ടങ്ങള്‍ ഉണ്ടാക്കുക. ഇതൊക്കെ ആയിരുന്നു ധനവിനിയോഗരീതി. ശത്രുസൈന്യത്തിലെ കമാന്‍ഡര്‍മാര്‍ക്കു കോഴ കൊടുത്തു യുദ്ധവിജയം വിലയ്ക്കു വാങ്ങാന്‍ പോലും ആലി മടിച്ചിരുന്നില്ല. കള്ളക്കഥകള്‍ മെനയുക, കള്ളറിക്കാര്‍ഡു ചമയ്ക്കുക ഇതിലെല്ലാം ആലി വിദഗ്ദ്ധന്‍ ആയിരുന്നു.

രാജാവിന്‍റെ മുമ്പില്‍ നല്ല പിള്ള ചമഞ്ഞിരുന്ന ആലിക്കു വച്ചടി വച്ചടി കയറ്റമായിരുന്നു. താമസിയാതെ അയാള്‍ സര്‍വ്വസൈന്യാധിപപദവിയില്‍ എത്തി. രാജകൊട്ടാരത്തിലെ ജോലിക്കാരെ നിയമിക്കാനുള്ള അധികാരം ആലിക്കായിരുന്നു. ആലി തന്‍റെ ശിങ്കിടികളെക്കൊണ്ടു കൊട്ടാരം നിറച്ചു. രാജാവിനു സത്യാവസ്ഥ മനസ്സിലായപ്പോഴേക്കു വളരെ താമസിച്ചുപോയിരുന്നു. രാജാവു സ്വന്തം കൊട്ടാരത്തില്‍ ഒരു തടവുപുള്ളിയെപ്പോലെ ആയി. ആലി തയ്യാറാക്കുന്ന ഉത്തരവുകളില്‍ ഒപ്പിടുന്നതു മാത്രമായി രാജാവിന്‍റെ ജോലി.

ആലി മൈസൂറിലെ നികുതി വര്‍ദ്ധിപ്പിച്ചതിനു പുറമേ അയല്‍രാജ്യങ്ങളില്‍ നിന്നു ഭീമമായ തുകകള്‍ കപ്പമായി ചോദിച്ചു വാങ്ങാനും തുടങ്ങി. വിസമ്മതിച്ചാല്‍ രാജ്യം കൊള്ളയടിച്ചു സര്‍വ്വസ്വവും അപഹരിക്കും. പുരുഷന്മാരെ ക്രൂരമായി ഉപദ്രവിച്ചു കൊല്ലുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യും. കവലച്ചട്ടമ്പിമാരുടെ ഗുണ്ടാപ്പിരിവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ കപ്പം വാങ്ങല്‍. ഒരിക്കല്‍ സാമൂതിരിയുടെ മേല്‍ ഭീമമായ കപ്പം ചുമത്തി. കൊടുത്തില്ലെങ്കില്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലിയെ എതിര്‍ക്കാനുള്ള സൈന്യബലം സാമൂതിരിക്ക് ഉണ്ടായിരുന്നില്ല. കപ്പം കൊടുത്തു സാമന്തനായിജീവിക്കാന്‍ അഭിമാനം അനുവദിച്ചതുമില്ല. ഈ വിഷമസന്ധിയില്‍ സാമൂതിരി സ്വന്തം കൊട്ടാരം തീ വച്ചു നശിപ്പിച്ചിട്ട് ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌.

ഹൈദരാലി ഈ വിക്രിയകള്‍ എല്ലാം കാണിച്ചപ്പോള്‍ മൈസൂറിലെ ജനങ്ങള്‍ എന്താണു ചെയ്തത്? അതുവരെ തങ്ങളെ മാന്യമായും നീതിയുക്തമായും സംരക്ഷിച്ച രാജാവിനു വേണ്ടി അവര്‍ എന്തെങ്കിലും ചെയ്തോ? ഇല്ല. ആലിയുടെ ആജ്ഞാനുവര്‍ത്തികളായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടുന്നതാണു രാജാവിനു വേണ്ടി പോരാടുന്നതിനെക്കാള്‍ സുരക്ഷിതം എന്ന് അവര്‍ കരുതി. ആലിയുടെ കൊള്ളരുതായ്മകള്‍ എല്ലാം അവര്‍ കണ്ടില്ലെന്നു നടിച്ചു.

നല്ലവനായ ഒരു ദുര്‍ബ്ബലനും ദുഷ്ടനായ ഒരു പ്രബലനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പൊതുജനങ്ങള്‍ ദുഷ്ടന്‍റെ പക്ഷത്തേ നില്‍ക്കൂ എന്ന നഗ്നസത്യമാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അക്ഷരശ്ലോകസാമ്രാജ്യത്തിലും ഇതുപോലെ ചില ഹൈദരാലിമാര്‍ അധികാരം പിടിച്ചടക്കി ഗംഭീരമായി ഭരിച്ചു തകര്‍ക്കാറുണ്ട്. നീതി, നിയമം, സാമാന്യമര്യാദ ഇതൊന്നും അവര്‍ക്കു ബാധകമല്ല. അവര്‍ എന്തു പറഞ്ഞാലും അതെല്ലാം മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ വരെ ലംഘിച്ചാലും തങ്ങളുടെ ഇഷ്ടക്കാരെ ജയിപ്പിക്കണം എന്ന ഒറ്റ ചിന്തയേ അവര്‍ക്കുള്ളൂ. തങ്ങളുടെ ശിങ്കിടികളും കണ്ണിലുണ്ണികളും തുരുതുരെ അച്ചുമൂളിയാലും തപ്പിത്തടഞ്ഞു സഭയില്‍ പരിഹാസ്യരായാലും ശ്ലോകങ്ങള്‍ പാടേ തെറ്റിച്ചു ചൊല്ലി തങ്ങളുടെ വൈജ്ഞാനികപാപ്പരത്തം വെളിപ്പെടുത്തിയാലും അതെല്ലാം അവഗണിച്ചുകൊണ്ട് അവരെത്തന്നെ ജയിപ്പിക്കും. യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ പടിക്കു പുറത്താവുകയും ചെയ്യും.

ഈ അധികാരപ്രമത്തന്മാരെ എതിര്‍ക്കുന്നതിനെക്കാള്‍ സുരക്ഷിതം അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കുന്നതാണെന്നു ബഹുഭൂരിപക്ഷം അക്ഷരശ്ലോകക്കാരും കരുതുന്നു.

ഹൈദരാലിമാരെ തക്ക സമയത്തു തിരിച്ചറിഞ്ഞു നിയന്ത്രിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമുണ്ടാകും.

എലിമിനേഷനും കുലിമിനേഷനും

അക്ഷരശ്ലോകമത്സരരംഗത്തു നടമാടുന്ന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നീതിക്കു നിരക്കാത്തതും ആയ രണ്ടു കൊള്ളരുതായ്മകളാണ് എലിമിനേഷനും കുലിമിനേഷനും.

ശ്ലോകങ്ങള്‍ നല്ലതുപോലെ പഠിച്ചു കൊണ്ടു വന്നു തെറ്റു കൂടാതെ ചൊല്ലുന്നവരെ സ്വരമാധുര്യവും മറ്റും അളന്നിട്ട മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ധിക്കാരപൂര്‍വ്വം പുറന്തള്ളുന്ന ഏര്‍പ്പാടാണ് എലിമിനേഷന്‍. അച്ചു മൂളാതെ ചൊല്ലി വിജയത്തോടടുക്കുന്ന മിടുക്കനെ പുകച്ചു പുറത്തു ചാടിച്ചു പരാജിതന്‍ എന്നു മുദ്ര കുത്തി ഒഴിച്ചു വിടാന്‍ ഇതിലും നല്ല സൂത്രവിദ്യയില്ല.

എലിമിനേഷന്‍റെ നേരേ വിപരീതമായ ഒരേര്‍പ്പാടാണു കുലിമിനേഷന്‍. ശ്ലോകങ്ങള്‍ നേരേ ചൊവ്വേ പഠിക്കാതെ വന്നിരുന്നിട്ടു കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുകയോ തെറ്റിച്ചും തപ്പിത്തടഞ്ഞും അപൂര്‍ണ്ണമായും ഒക്കെ ചൊല്ലി സഭയില്‍ പരിഹാസ്യരാകുകയോ ചെയ്യുന്ന ശിങ്കിടികളെയും കണ്ണിലുണ്ണികളെയും പുറത്താക്കാതെ മത്സരത്തില്‍ തുടരാന്‍ അനുവദിക്കലാണ് ഈ കോപ്രായം. അച്ചുമൂളി സംശയാതീതമായി പരാജയപ്പെട്ടു കഴിഞ്ഞ മൂന്നാംകിടക്കാരനായ ശിങ്കിടിയെ യാതൊരുളുപ്പും ഇല്ലാതെ തുടര്‍ന്നു ചൊല്ലാന്‍ അനുവദിച്ചു മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിജയിയാക്കി മാറ്റാനുള്ള ഈ സൂത്രവിദ്യയ്ക്ക് അനുദിനം പ്രചാരം ഏറി വരികയാണ്‌.

ഈ രണ്ടു കുടിലതന്ത്രങ്ങളും കൂടി ഒരുമിച്ചു പ്രയോഗിച്ചാല്‍ സ്വന്തക്കാരെ ജയിപ്പിക്കാനുള്ള കുറുക്കുവഴി മലര്‍ക്കെ തുറന്നു കിട്ടും.

ഇതിലും വലിയ “നേട്ടങ്ങള്‍” സ്വപ്നങ്ങളില്‍ മാത്രം.

 

 

ആവശ്യമില്ലാത്ത പ്രവൃത്തി ചെയ്താല്‍ അപ്രതീക്ഷിതമായ അക്കിടി പറ്റും.

കുരങ്ങന് ആപ്പു വലിച്ചൂരേണ്ട യാതൊരാവശ്യവും ഉണ്ടായിരുന്നില്ല. എങ്കിലും ഊരി. ഫലമോ? വാലു ചതഞ്ഞുപോയി. പോരാത്തതിന് ആശാരിമാരുടെ കയ്യില്‍ നിന്നു നല്ല അടിയും കിട്ടി. ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഇത്തരം അക്കിടികള്‍ പറ്റും.

ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ എന്നു സ്വയം വിശ്വസിച്ചിരുന്ന ഒരു വിദ്വാന്‍ ഒരിക്കല്‍ അക്ഷരശ്ലോകത്തെപ്പറ്റി ഒരു “വിദഗ്ദ്ധാഭിപ്രായം” തട്ടി മൂളിച്ചു. അത് ഇങ്ങനെ ആയിരുന്നു:

“അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടാണു നടത്തേണ്ടത്. സാഹിത്യമൂല്യത്തിന് ഇത്ര മാര്‍ക്ക്,  സെലെക്ഷന് ഇത്ര മാര്‍ക്ക്‌, പ്രസന്‍റേഷന് ഇത്ര മാര്‍ക്ക് ഇങ്ങനെ മാര്‍ക്കിടണം. എന്നിട്ടു മൊത്തം മാര്‍ക്കു കൂട്ടി വിധി കല്‍പ്പിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം അച്ചു മൂളിയവരെ പുറത്താക്കേണ്ട ആവശ്യമില്ല. മാര്‍ക്കുണ്ടെങ്കില്‍ അവരെത്തന്നെ ജയിപ്പിക്കുകയും ആവാം.”

ഇദ്ദേഹത്തിന് ഇങ്ങനെ ഒരഭിപ്രായം എഴുന്നള്ളിക്കേണ്ട യാതൊരാവശ്യവും ഉണ്ടായിരുന്നില്ല. അതിനു മുമ്പോ അതിനു ശേഷമോ അദ്ദേഹം ഒരിക്കലും ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. ഉന്നതന്മാരോടു സേവ കൂടി നടന്നിരുന്നതു കൊണ്ടും സല്‍ഗുണസമ്പന്നന്‍ എന്നു പേരെടുത്തിരുന്നതു കൊണ്ടും ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് അനിതരസാധാരണമായ സ്വീകാര്യത ലഭിച്ചു.

അങ്ങനെ മാര്‍ക്കിട്ടു നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങള്‍ക്കു വമ്പിച്ച പ്രചാരം ഉണ്ടായി.  മാര്‍ക്കിടാതെ നടത്തിയാല്‍ നിലവാരം കുറഞ്ഞുപോകും എന്ന ഒരു ധാരണയും പരന്നു. അതോടെ നമ്മുടെ സര്‍വ്വജ്ഞന്‍റെ ഹുങ്ക് ഇരട്ടിച്ചു. അക്ഷരശ്ലോകത്തിന്‍റെ നിയമങ്ങള്‍ എല്ലാം അദ്ദേഹം ഒന്നൊന്നായി തിരുത്താനും പുതിയ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാനും തുടങ്ങി.

പക്ഷേ കാലക്രമത്തില്‍ മാര്‍ക്കിടലിന്‍റെ ദൂഷ്യഫലങ്ങള്‍ ഒന്നൊന്നായി പ്രകടമാകാന്‍ തുടങ്ങി. സ്വരമാധുര്യം ഉള്ളവരും പാട്ടുകാരും ചുളുവില്‍ ജയിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ത്ഥവിദഗ്ദ്ധന്മാര്‍ അഗണ്യകോടിയില്‍ തള്ളപ്പെടുന്നതു നിത്യസംഭവം ആയി. തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം വരെ ഉണ്ടായി. കാലം കഴിയുന്തോറും പുതിയ പുതിയ കൊനഷ്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി.

ചില മത്സരാര്‍ത്ഥികള്‍ ശ്ലോകത്തിന്‍റെ മൂന്നു വരി ചൊല്ലിയിട്ടു മൈക്ക് അടുത്ത ആളിനു കൈമാറുന്ന ശീലം (ദുശ്ശീലം) തുടങ്ങി. (ഒരാള്‍ ഒരു ശ്ലോകത്തിന്‍റെ മൂന്നു വരി ചൊല്ലിയാല്‍ ആ ശ്ലോകം അയാള്‍ ചൊല്ലിയതായി കണക്കാക്കണമെന്നും, മറ്റാരും ആ ശ്ലോകം ചൊല്ലരുതെന്നും ഒക്കെ നമ്മുടെ സര്‍വ്വജ്ഞന്‍ പറഞ്ഞിട്ടുണ്ടത്രേ). ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ജഡ്ജിമാര്‍ ഇടപെടുകയില്ല. എന്താണെന്നു ചോദിച്ചാല്‍ “അതിനും ഞങ്ങള്‍ മാര്‍ക്കു കുറയ്ക്കുന്നുണ്ട്” എന്ന സ്ഥിരം പല്ലവിയായിരിക്കും മറുപടി. മൂന്നു വരി ചൊല്ലിയാല്‍ മൂന്നു വരിക്കുള്ള മാര്‍ക്ക്; രണ്ടര വരി ചൊല്ലിയാല്‍ രണ്ടര വരിക്കുള്ള മാര്‍ക്ക്; ഒരു വരിയും ചൊല്ലാതെ മൈക്ക് അടുത്തയാളിനു കൈമാറിയാല്‍ പൂജ്യം മാര്‍ക്ക്. ഇതാണത്രേ ജഡ്ജിങ്ങിന്‍റെ രീതി. “ചൊല്ലിയതിനു മാത്രമേ ഞങ്ങള്‍ മാര്‍ക്കു കൊടുക്കുന്നുള്ളൂ. ചൊല്ലാത്തതിന് ഒട്ടും മാര്‍ക്കു കൊടുക്കുന്നില്ല. നീതി ഉറപ്പാക്കാന്‍ ഇതില്‍ കൂടുതലായി എന്താണു ഞങ്ങള്‍ ചെയ്യേണ്ടത്?” ഇതാണ് അവരുടെ ന്യായവാദം.

മറ്റു ചിലര്‍ ശ്ലോകം ചൊല്ലുമ്പോള്‍ കടുത്ത വൃത്തഭംഗം ഉണ്ടാകും. അപ്പോഴും ജഡ്ജിമാര്‍ ഇടപെടുകയില്ല. ചോദിച്ചാല്‍ “അതിനും ഞങ്ങള്‍ മാര്‍ക്കു കുറയ്ക്കുന്നുണ്ട്” എന്ന റെഡിമെയ്ഡ് ഉത്തരം ഉണ്ട്. ശശാങ്കാമലതരയശസാ എന്നതിനു പകരം ശശിധരയശസാ എന്ന് ചൊല്ലിയാലും കുഴപ്പമില്ല. അല്പം മാര്‍ക്കു കുറയും എന്നേയുള്ളൂ.

ഇത്തരം പരിഷ്കാരങ്ങള്‍ വന്നതോടെ ശ്ലോകങ്ങള്‍ നേരേചൊവ്വേ പഠിക്കാതെ വരുന്നവരും തുരുതുരെ അച്ചുമൂളുന്നവരും ഒക്കെ നിഷ്പ്രയാസം ജയിക്കാന്‍ തുടങ്ങി. അദ്ധ്വാനവും അറിവും ഒന്നും വേണ്ട; സ്വരമാധുര്യം മാത്രം മതി എന്നതായി അവസ്ഥ. അദ്ധ്വാനിച്ച് അറിവു നേടി വന്ന് ഒരു തെറ്റും ഇല്ലാതെ എല്ലാ റൗണ്ടിലും ശ്ലോകം ചൊല്ലുന്നവര്‍ തോറ്റു തുന്നം പാടും. വേണ്ടത്ര അദ്ധ്വാനിക്കാതെ വരുന്ന അല്പജ്ഞാനികള്‍ ജന്മസിദ്ധമായ സ്വരമാധുര്യം കൊണ്ടു മാത്രം ചുളുവില്‍ ജയിച്ചു വിദഗ്ധന്‍, പ്രഗല്ഭന്‍, പ്രതിഭാശാലി മുതലായ പട്ടങ്ങള്‍ നേടുകയും ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെ “പുരോഗമിക്കുന്നതു” കണ്ടപ്പോള്‍ മധുരസ്വരക്കാരും പാട്ടുകാരും ഈ രംഗത്തേക്ക് ഇടിച്ചുകയറി വന്നു “ഞങ്ങള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന ഉത്തമകലാകാരന്മാരാണ്;  അതുകൊണ്ടു ഞങ്ങള്‍ക്ക് അച്ചുമൂളിയാലും ജയിക്കണം” എന്നു പ്രഖ്യാപിച്ചുകൊണ്ടു ടിപ്പുവിനെ കടത്തിവെട്ടുന്ന പടയോട്ടം നടത്താന്‍ തുടങ്ങി. മണ്‍പാത്രക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ നീതി, നിയമം, സാമാന്യമര്യാദ, കീഴ് വഴക്കം എല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടു നിര്‍ബ്ബാധം “മുന്നേറിയ” ഇവര്‍ സാധാരണക്കാരെ നിര്‍ദ്ദാക്ഷിണ്യം ചവിട്ടിത്താഴ്ത്തി സമഗ്രാധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഔറംഗസേബിന്‍റെ ഭരണകാലത്തു മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ചവിട്ടിത്താഴ്ത്തിയതു പോലെയുള്ള ഈ ചവിട്ടിത്താഴ്ത്തലിനു മുന്നില്‍ സാധാരണക്കാര്‍ നിസ്സഹായരായിപ്പോയി.

അക്ഷരശ്ലോകം മാര്‍ക്കിട്ടാണു നടത്തേണ്ടതെന്ന വിദഗ്ദ്ധാഭിപ്രായം എഴുന്നള്ളിച്ച ഈ മഹാന്, ഇങ്ങനെ ചുളുവില്‍ ജയിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ വഴി തുറന്നു കിട്ടിയ വീരശൂരപരാക്രമികള്‍, “നിസ്വാര്‍ത്ഥസേവകന്‍”, “അക്ഷരശ്ലോകസര്‍വ്വജ്ഞന്‍” മുതലായ പല ബഹുമതിബിരുദങ്ങളും കൊടുത്തിട്ടുണ്ട്‌. സ്വരമാധുര്യം ഇല്ലാത്തതു കൊണ്ടു മാത്രം തോല്‍വിയും എലിമിനേഷനും ഒക്കെ ഏറ്റു വങ്ങേണ്ടി വരുന്ന യഥാര്‍ത്ഥ വിദഗ്ദ്ധന്മാരും ഇദ്ദേഹത്തിനു നല്ല സംസ്കൃതത്തില്‍ ഉള്ള ചില “ബഹുമതി”ബിരുദങ്ങള്‍ കൊടുത്തിട്ടുണ്ട്‌. അതൊന്നും ഇവിടെ എഴുതുന്നില്ല എന്നു മാത്രം.

ആവശ്യമില്ലാത്ത പ്രവൃത്തി ചെയ്യാന്‍ പോകാതിരുന്നെങ്കില്‍ അപ്രതീക്ഷിതവും അനഭിലഷണീയവും ആയ ഇത്തരം “ബിരുദങ്ങള്‍” കിട്ടുന്നത് ഒഴിവാക്കാമായിരുന്നു. സാധാരണക്കാരായ അക്ഷരശ്ലോകക്കാര്‍ക്കു കഞ്ഞി കുടിച്ചു കിടക്കാനെങ്കിലും കഴിയുകയും ചെയ്യുമായിരുന്നു. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? സര്‍വ്വജ്ഞന്മാര്‍ക്കു സര്‍വ്വജ്ഞത വെളിപ്പെടുത്താതെ പറ്റുകയില്ലല്ലോ.