അക്ഷരശ്ലോകത്തെ ഹൈജാക്ക് ചെയ്തവര്‍

ആകാശത്തു പറക്കുന്ന ഓരോ വിമാനത്തിനും വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം ഉണ്ട്. അത് അവിടെ എത്തുമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് അതിലെ യാത്രക്കാര്‍ അതിനകത്തു സമാധാനമായി ഇരിക്കുന്നത്. ചിലപ്പോള്‍ തീവ്രവാദികളും മറ്റും ഭീഷണി, ബലപ്രയോഗം മുതലായവയിലൂടെ വിമാനത്തെ തെറ്റായ ലക്ഷ്യത്തിലേക്കു തിരിച്ചു വിടും. ഇതിനെയാണു ഹൈജാക്കിംഗ് എന്നു പറയുന്നത്. ഡല്‍ഹിയില്‍ എത്തേണ്ട വിമാനം കണ്ടഹാറില്‍ എത്തിയെന്നു വരാം. യാത്രക്കാര്‍ക്ക് ഇത് അങ്ങേയറ്റം അസൌകര്യവും ദുഃഖവും നഷ്ടവും ഉണ്ടാക്കും. ചിലപ്പോള്‍ ചിലര്‍ക്കു ജീവന്‍ വരെ നഷ്ടപ്പെടും. എങ്കിലും ഹൈജാക്കര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് അത്യന്തം ആഹ്ലാദകരവും അഭിമാനാര്‍ഹവും ആയ വന്‍ വിജയമാണ്.

അക്ഷരശ്ലോകത്തെയും ഇതുപോലെ ചിലര്‍ ഹൈജാക്ക് ചെയ്യുകയുണ്ടായി. പാടുപെട്ടു ശ്ലോകങ്ങള്‍ പഠിച്ചാല്‍ അച്ചുമൂളാതെ ചൊല്ലി ജയിച്ചു സമ്മാനം നേടാം എന്ന പ്രതീക്ഷയോടെ ധാരാളം പേര്‍ കഠിനാധ്വാനം ചെയ്ത് ആയിരക്കണക്കിനു ശ്ലോകങ്ങള്‍ പഠിച്ചു. അവരെയെല്ലാം നിരാശയില്‍ ആഴ്ത്തിക്കൊണ്ട് ഒരു കൂട്ടം ഉന്നതന്മാര്‍ അക്ഷരശ്ലോകത്തെ ഹൈജാക്ക് ചെയ്തുകൊണ്ടു പോയി. അച്ചു മൂളാതെ ചൊല്ലുന്നതില്‍ യാതൊരു മേന്മയും ഇല്ലെന്നും നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുക എന്നതാണ് അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യമെന്നും അവര്‍ പ്രഖ്യാപിച്ചു. അതുവരെ വിജയസാദ്ധ്യത ഉണ്ടായിരുന്നവരെയെല്ലാം അവര്‍ എലിമിനേഷനിലൂടെ പുറത്താക്കി. വിജയത്തിനു പുതിയ അവകാശികള്‍ വന്നു. സ്വരമാധുര്യവും പാട്ടും ഉള്ള ഏതാനും ഗര്‍ഭശ്രീമാന്മാര്‍. തുരുതുരെ അച്ചു മൂളിയാലും അവര്‍ തന്നെ ജയിക്കും. എന്തുകൊണ്ടെന്നാല്‍ അക്ഷരശ്ലോകവിമാനത്തിന്‍റെ ലക്‌ഷ്യം ഡല്‍ഹിക്കു പകരം കണ്ടഹാര്‍ ആക്കുന്ന കാര്യത്തില്‍ ഉന്നതന്മാര്‍ വമ്പിച്ച വിജയം നേടി ആഹ്ലാദനൃത്തം ചവിട്ടുകയാണല്ലോ.