ആസ്വാദകര്‍ ഭരിച്ചാല്‍ സര്‍വ്വനാശം

അക്ഷരശ്ലോകസാമ്രാജ്യം ഭരിക്കേണ്ടതു ശ്ലോകം ചൊല്ലുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരാണ്. അതിനു പകരം ആസ്വാദകന്മാര്‍ കയറി വന്നു ഭരിച്ചാല്‍ അത് അക്ഷരശ്ലോകത്തിന്റെ സര്‍വ്വനാശത്തിനു വഴി തെളിക്കും. 1955 മുതല്‍ നാം അതു വ്യക്തമായി കാണുന്നു. പക്ഷേ കാണുന്നവര്‍ പലരും ഒന്നും മനസ്സിലാക്കുന്നില്ല.

ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില ആസ്വാദകവരേണ്യന്‍മാര്‍ 1955 ല്‍ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു കയറി വരികയും അക്ഷരശ്ലോകസാമ്രാജ്യത്തിന്റെ ഭരണാധികാരികളായി സ്വയം അവരോധിച്ചു സിംഹാസനാരൂഢരായി ഏകഛത്രാധിപതികളെപ്പോലെ ഭരണം തുടങ്ങുകയും ചെയ്തു. ഏതെങ്കിലും മത്സരാര്‍ഥിയുടെ ചൊല്ലലിന്റെ ശൈലി അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അയാളെ അവര്‍ നിഷ്കരുണം എലിമിനേറ്റു ചെയ്യും. നീതി, നിയമം, ന്യായം, യുക്തി, മാന്യത ഇതൊന്നും ഒരിക്കലും അവരെ തടസ്സപ്പെടുത്തുകയില്ല. അവരുടെ പ്രീതിക്കു പാത്രമാകുന്നവര്‍ ജയിക്കും. അല്ലാത്തവര്‍ തോല്‍ക്കും. ഇതാണ് അവസ്ഥ.

എപ്പോഴും എവിടെയും ആസ്വാദകരുടെ വിശ്വാസപ്രമാണം ഒന്നു തന്നെ ആയിരിക്കും. “ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ”.

ആസ്വാദകഭരണം നിലവില്‍ വന്ന ശേഷം അക്ഷരശ്ലോകമത്സരങ്ങള്‍ ജന്മസിദ്ധമായ ശബ്ദഗുണങ്ങളുടെ മാറ്റുരയ്ക്കാനുള്ള വേദികളായി മാറി. അക്ഷരശ്ലോകം എന്നു പേരു മാത്രമേയുള്ളൂ. അക്ഷര എന്ന വാക്കിനു പോലും പ്രസക്തി ഇല്ലാതായി. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാലും ജയിക്കാം. ഇതു സര്‍വ്വനാശം അല്ലെങ്കില്‍ പിന്നെ എന്താണ്?

ജിതേന്‍ മുഖര്‍ജി പറഞ്ഞത്

കല്‍ക്കത്തയിലെ വെള്ളക്കാരുടെ ബസാറില്‍ക്കൂടി നടന്നു പോയി എന്ന “കുറ്റ”ത്തിനു ശിക്ഷയായി 50 ചാട്ടയടി വീതം ഏറ്റു വാങ്ങി നിശ്ശബ്ദരായി തിരിച്ചു പോകുന്ന നാട്ടുകാരോടു ജിതേന്‍ മുഖര്‍ജി എന്ന സ്വാതന്ത്ര്യസമരസേനാനി ഇങ്ങനെ പറയുകയുണ്ടായി:

“ഈ ഇംഗ്ലീഷുകാര്‍ക്ക് ഇത്ര അഹങ്കാരം വരുന്നത് എന്തുകൊണ്ടാണ്? നിങ്ങളെപ്പോലെയുള്ളവര്‍ പ്രതികരിക്കാതെ ഇരുന്നിട്ടല്ലേ? കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുമ്പോള്‍ കയ്യും കെട്ടി ഏറ്റു വാങ്ങിയാല്‍ ഈ നാട് ഒരിക്കലും രക്ഷപ്പെടുകയില്ല. അനീതിക്കും അന്യായത്തിനും എതിരെ ഉറച്ചുനിന്നു പോരാടണം.”

അക്ഷരശ്ലോകമത്സരങ്ങളും ഇന്ന് അനീതിയുടെയും അന്യായത്തിന്‍റെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. പക്ഷേ ആര്‍ക്കും ഒരു പരാതിയും ഇല്ല. ഒരു തെറ്റും വരുത്താതെ ശ്ലോകം ചൊല്ലിക്കൊണ്ടിരിക്കുന്നവരെ എലിമിനേറ്റു ചെയ്താല്‍ അവര്‍ നിശ്ശബ്ദരായി എഴുന്നേറ്റു പൊയ്ക്കൊള്ളും. തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിച്ചാലും ഒരക്ഷരം പോലും എതിര്‍ത്തു പറയാതെ ആ വിധി അംഗീകരിച്ചുകൊള്ളും. സ്വരമാധുര്യവും പാട്ടും ഉള്ള അല്പജ്ഞാനികള്‍ തങ്ങള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ള വിദഗ്ദ്ധന്‍മാരും പ്രഗല്ഭന്‍മാരും പ്രതിഭാശാലികളും ആണെന്നു പ്രഖ്യാപിച്ചു സ്വയം ചക്രവര്‍ത്തി ചമഞ്ഞു നീതിയും നിയമവും എല്ലാം കാറ്റില്‍ പറത്തി മറ്റുള്ളവരെ അടക്കി ഭരിക്കുമ്പോള്‍ അവരുടെ അടിമകളെപ്പോലെ ഒതുങ്ങിക്കഴിയാന്‍ മിക്ക അക്ഷരശ്ലോകപ്രേമികളും സദാ സന്നദ്ധര്‍. പിന്നെ പുതുമോടിക്കാരായ ഈ തമ്പ്രാക്കന്മാരുടെ ധിക്കാരവും ധാര്‍ഷ്ട്യവും അനുദിനം വര്‍ദ്ധിക്കുന്നതില്‍ വല്ല അത്ഭുതവും ഉണ്ടോ?