നിസ്വാര്‍ത്ഥസേവകന്മാര്‍ വരുത്തിവയ്ക്കുന്ന വിനകള്‍

1955 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ ഏതാനും നിസ്വാര്‍ത്ഥസേവകന്മാര്‍ അക്ഷരശ്ലോകരംഗത്തേക്ക് ഇടിച്ചുകയറി വരികയും അവര്‍ക്കു ശരി എന്നു തോന്നിയ ചില വമ്പിച്ച പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അവരെല്ലാം തന്നെ നിസ്വാര്‍ത്ഥന്മാര്‍, പണ്ഡിതന്മാര്‍, സല്‍ഗുണസമ്പന്നന്മാര്‍ എന്നൊക്കെ പെരെടുത്തവര്‍ ആയിരുന്നതുകൊണ്ട് പൊതുജനങ്ങള്‍ അവരെ കണ്ണുമടച്ചു വിശ്വസിക്കുകയും അവര്‍ വരുത്തിയ പരിഷ്കാരങ്ങളെയെല്ലാം ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു. അതിന്‍റെ ദുരന്തഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്. എന്തായിരുന്നു നിസ്വാര്‍ത്ഥസേവകന്മാരുടെ പരിഷ്കാരങ്ങള്‍?

1. സാഹിത്യമൂല്യം അളന്നു മാര്‍ക്കിടല്‍.

2.നിറുത്തേണ്ടിടത്തു നിറുത്തിയും പദം മുറിക്കേണ്ടിടത്തു മുറിച്ചും അര്‍ത്ഥബോധം ഉളവാകുന്ന വിധത്തിലുള്ള അവതരണത്തിനു മാര്‍ക്കിടല്‍.

3. മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യല്‍.

4. മാര്‍ക്കു കൂടിയവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കല്‍.

ഇത്തരത്തിലുള്ള മത്സരങ്ങളുമായി അവര്‍ മുന്നോട്ടു പോയി. അവരുടെ മത്സരങ്ങളില്‍ ജയിക്കുന്നവരെ വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ അവര്‍ വാഴ്ത്താനും വാനോളം പുകഴ്ത്താനും തുടങ്ങി.

നിസ്വാര്‍ത്ഥസേവകന്മാരുടെ സമീപനത്തിലെ സാരമായ തെറ്റു വളരെ കുറച്ചുപേര്‍ മാത്രമേ തിരിച്ചരിഞ്ഞുള്ളൂ. വളരെ ചെറിയ ഒരു ന്യൂനപക്ഷമായ അവരെ നിസ്വാര്‍ത്ഥസേവകന്മാരും അവരുടെ സ്തുതിപാഠകന്മാരും ഒത്തുചേര്‍ന്നു സ്വാര്‍ത്ഥന്‍മാര്‍ എന്നു മുദ്രകുത്തി അവഗണിക്കുകയും പുച്ഛിച്ചും പരിഹസിച്ചും തറപറ്റിക്കുകയും ചെയ്തു.

അങ്ങനെ നിസ്വാര്‍ത്ഥസേവകന്മാരും അവരുടെ ശിങ്കിടികളും ഈ രംഗത്തെ മുടിചൂടാമന്നന്മാര്‍ ആയി മാറി. അവര്‍ തങ്ങളുടെ വമ്പിച്ച പരിഷ്കാരവുമായി നിര്‍ബ്ബാധം മുന്നോട്ടു പോയി.

ഇനി നമുക്കു നിസ്വാര്‍ത്ഥസേവകന്മാരുടെ സമീപനത്തിലെ തെറ്റുകള്‍ ഓരോന്നായി പരിശോധിക്കാം.

1. സാഹിത്യമൂല്യം അളക്കല്‍.

അക്ഷരശ്ലോകത്തില്‍ ഇതു തികച്ചും അനാവശ്യമാണ്. അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് അക്ഷരനിബന്ധന പാലിച്ചു ചൊല്ലാന്‍ ആണു നിയമം അനുശാസിക്കുന്നത്. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ ഇരുന്നുകൊണ്ടു അനുഷ്ടുപ്പ് അല്ലാത്ത ഒരു ശ്ലോകം ഉണ്ടാക്കി ചൊല്ലിയാല്‍ പോലും അതു സര്‍വ്വാത്മനാ സ്വീകാര്യമാകും. സാഹിത്യമൂല്യതിന്റെ പേരില്‍ അതിനു യാതൊരു പോരായ്മയും കല്‍പ്പിക്കാന്‍ നിയമമില്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു ചൊല്ലുന്നവന്‍ കേമന്‍ എന്നും സ്വന്തമായി നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലുന്നവന്‍ ഏഴാംകൂലി എന്നും വിധിക്കുന്നതു തികഞ്ഞ വിവരക്കേടാണ്.

2. അവതരണഭംഗി അളക്കല്‍.

അവതരണഭംഗി കുറഞ്ഞാലും തെറ്റു കൂടാതെ ശ്ലോകം ചൊല്ലുന്നവരെ താഴ്ത്തിക്കെട്ടുന്നത് ഉചിതമല്ല. അതീവ താല്‍പര്യത്തോടെ ഈ രംഗത്തേക്കു കടന്നു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഒരു ദുര്‍ന്നയമാണ് അവതരണഭംഗി അളന്നുള്ള മാര്‍ക്കിടല്‍. അവതരണഭംഗി എന്ന പേരില്‍ അളക്കപ്പെടുന്നതു യഥാര്‍ത്ഥത്തില്‍ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ആണ് (മറ്റെന്തൊക്കെയോ ആണെന്നു തത്പരകക്ഷികള്‍ വാദിക്കുമെങ്കിലും).

3. എലിമിനേഷന്‍.

മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യുന്നതു കടുത്ത അനീതിയാണ്. മാര്‍ക്കും അക്ഷരശ്ലോകവൈദഗ്ദ്ധ്യവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ശരിക്കും ഒന്നാം സമ്മാനം അര്‍ഹിക്കുന്ന ആള്‍ പോലും മാര്‍ക്കു കിട്ടാതെ എലിമിനേറ്റു ചെയ്യപ്പെടും.

4. അച്ചുമൂളിയവരെ ജയിപ്പിക്കല്‍.

ഇതാണു ബുദ്ധിശൂന്യതയുടെ പരമകാഷ്ഠ. അച്ചുമൂളിയവര്‍ ജയിച്ചാല്‍ അക്ഷരശ്ലോകം നശിച്ചു എന്നാണര്‍ത്ഥം.

ഇനി നിസ്വാര്‍ത്ഥസേവകന്മാരുടെ വിലപ്പെട്ട സേവനം കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ ആണെന്നു പരിശോധിക്കാം.

  1. അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായി. അതോടുകൂടി അക്ഷരശ്ലോകം അക്ഷരശ്ലോകം അല്ലാതായി. അക്ഷരശ്ലോകത്തിനു പണ്ട് ഉണ്ടായിരുന്ന എല്ലാ മേന്മകളും ഒറ്റയടിക്കു നഷ്ടമായി.
  2. അക്ഷരശ്ലോകം ശബ്ദമേന്മയും സംഗീതപാടവവും ഉള്ള ഏതാനും ഭാഗ്യവാന്മാരുടെ കുത്തകയായി മാറി.
  3. അദ്ധ്വാനശീലന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ നിഷ്കരുണം എലിമിനേറ്റു ചെയ്യപ്പെടാനും ജന്മസിദ്ധമായ സ്വരമാധുര്യം പോലെ ചില മേന്മകള്‍ ഉള്ളവരും വളരെ കുറച്ചു ശ്ലോകങ്ങള്‍ മാത്രം അറിയാവുന്നവരും ആയ ചില പുതുമുഖങ്ങള്‍ ആധിപത്യം സ്ഥാപിക്കാനും തുടങ്ങി.
  4. കുട്ടികളുടെ മത്സരങ്ങളില്‍ ആണ്‍കുട്ടികള്‍ അഗണ്യകോടിയില്‍ തള്ളപ്പെടാന്‍ തുടങ്ങി.

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ. അതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നിസ്വാര്‍ത്ഥന്മാരുടെ സേവനഫലവും. നിസ്വാര്‍ത്ഥന്മാരെപ്പറ്റി എപ്പോഴും ഒരു കരുതല്‍ വേണം. ചിലപ്പോള്‍ അവര്‍ കടുത്ത സ്വാര്‍ത്ഥന്മാരെക്കാള്‍ പതിന്മടങ്ങു വിനാശകാരികള്‍ അയിത്തീരും. നാം അതു മനസ്സിലാക്കുമ്പോഴേക്കും വളരെ താമസിച്ചുപോകും. അതിനകം അവര്‍ ഗണ്യമായ നാശം വിതച്ചു കഴിഞ്ഞിരിക്കും. ജാഗ്രതൈ.

ശ്ലോകങ്ങള്‍ എങ്ങനെ ചൊല്ലണം?

ഈ ചോദ്യത്തിന് ഉന്നതന്മാര്‍ക്കു ഗംഭീരമായ ചില ഉത്തരങ്ങള്‍ ഉണ്ട്. ആസ്വാദ്യമായിട്ടു ചൊല്ലണം, ഈണത്തില്‍ ചൊല്ലണം, രാഗത്തില്‍ ചൊല്ലണം, സംഗീതഗന്ധിയായിട്ടു ചൊല്ലണം, സംഗീതമയമായിട്ടു ചൊല്ലണം ഇങ്ങനെ എണ്ണമറ്റ ഉത്തരങ്ങള്‍ കിട്ടും. സംഗീതഗന്ധം തീരെ ഇല്ലാത്തവരും സംഗീതത്തിന്‍റെ ഏബീസീ പോലും അറിഞ്ഞുകൂടാത്തവരും രാഗങ്ങള്‍ അങ്ങാടിയാണോ പച്ചമരുന്നാണോ  എന്ന് അറിഞ്ഞുകൂടാത്തവരും ഒക്കെ അക്ഷരശ്ലോകക്കാരുടെ ഇടയില്‍ ഉണ്ടെന്ന കാര്യം അവര്‍ മറക്കുന്നു.

യഥാര്‍ത്ഥത്തില്‍ എങ്ങനെയാണു ചൊല്ലേണ്ടത്? നിങ്ങള്‍ക്ക് എങ്ങനെ ചൊല്ലാന്‍ പറ്റുമോ അങ്ങനെ ചൊല്ലിയാല്‍ മതി. അക്ഷന്തവ്യമായ തെറ്റുകള്‍ വരുത്താതെ ചൊല്ലണം എന്നു മാത്രമേ നിര്‍ബ്ബന്ധമുള്ളൂ.

ചില ഉന്നതന്മാര്‍ ചില മഹാന്മാരെ ചൂണ്ടിക്കാണിച്ചു തന്നിട്ട് ഇവര്‍ ചൊല്ലുന്നതു കേട്ടു പഠിച്ചു് അതേ ശൈലിയില്‍ ചൊല്ലണം എന്ന് ഉപദേശിക്കാറുണ്ട്. ഈ ഉപദേശത്തിനു യാതൊരര്‍ത്ഥവും ഇല്ല. ഓരോരുത്തര്‍ക്കും ദൈവം ഓരോ ശൈലി കൊടുത്തിട്ടുണ്ട്‌. ഒരാളുടെ ശൈലി അയാള്‍ക്കു മാത്രം ഉള്ളതാണ്. അതു മറ്റുള്ളവര്‍ക്കു തപസ്സു ചെയ്താലും വശമാവുകയില്ല. യേശുദാസ് പാടുന്നതു കേട്ടു പഠിച്ചു് അതുപോലെ പാടാന്‍ തിലകനോ ജനാര്‍ദ്ദനനോ പറ്റുമോ? അതുപോലെയാണ് ഇതും. കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട് ചൊല്ലുന്നതു പോലെ ചൊല്ലാന്‍ സാധാരണക്കാര്‍ക്കു തികച്ചും അസാദ്ധ്യമാണ്.

അക്ഷരശ്ലോകം ചൊല്ലുന്നവര്‍ ആരുടെയെങ്കിലും ശൈലി അനുകരിക്കേണ്ട യാതൊരാവശ്യവും ഇല്ല. അവരവരുടെ ശൈലി എത്ര മോശമെന്ന് ഉന്നതന്മാര്‍ പറഞ്ഞാലും അതില്‍ തന്നെ ധൈര്യമായി ചൊല്ലാം.

ഒരാളുടെ ശൈലി മോശമാണെന്നു പറഞ്ഞ് അയാളെ മാര്‍ക്കു കുറച്ചും എലിമിനേറ്റു ചെയ്തും ശിക്ഷിക്കുന്നതു തികഞ്ഞ വിവരക്കേടാണ്. ഏതു ശൈലിയില്‍ ചൊല്ലിയാലും തുല്യമായി കണക്കാക്കണം എന്നാണു നിയമം അനുശാസിക്കുന്നത്.

എങ്ങനെ ചൊല്ലണം എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം. നിങ്ങള്‍ക്ക് എത്രത്തോളം നന്നായി ചൊല്ലാന്‍ പറ്റുമോ അത്രത്തോളം നന്നായി ചൊല്ലുക. മറ്റുള്ളവരുടെ ശൈലി അനുകരിക്കാന്‍ ശ്രമിക്കാതിരിക്കുക. അനുകരിക്കാന്‍ ശ്രമിച്ചവര്‍ പലരും ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. കെ.എസ്.നായരുടെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച ഒരു ശങ്കരന്‍റെ അനുഭവം ഇവിടെ പ്രസ്താവ്യമാണ്. കെ.എസ.നായര്‍ക്കു കിട്ടിയതു പോലെ സ്വര്‍ണ്ണമെഡലുകള്‍ തനിക്കും കിട്ടും എന്നു പ്രതീക്ഷിച്ച അദ്ദേഹത്തിനു  കിട്ടിയത് എലിമിനേഷന്‍ ആയിരുന്നു.  അദ്ദേഹം ജഡ്ജിമാരോടു ചോദിച്ചു “ഞാന്‍ കെ.എസ്.നായരുടെ അതേ ശൈലിയില്‍ ആണല്ലോ ചൊല്ലിയത്. പിന്നെ നിങ്ങള്‍ എന്തിനു എന്നെ എലിമിനേറ്റു ചെയ്തു?”

അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ട് ഇങ്ങനെയൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വന്തം ശൈലിയില്‍ സധൈര്യം ചൊല്ലുക. എന്നിട്ടു നീതി കിട്ടിയില്ലെങ്കില്‍ നീതിക്കു വേണ്ടി പോരാടുക.