അക്ഷരശ്ലോകത്തിൻ്റെ നിയമങ്ങളും ബാലപാഠങ്ങളും

കേരളത്തിൻ്റെ തനതായ ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. അന്താക്ഷരി പോലെ ഇതിനോടു സാമ്യമുള്ള പലതും മറ്റു ഭാഷകളിൽ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും ഇതിൻ്റെ ഉന്നതമായ ഗുണനിലവാരം ഇല്ല. അക്ഷരശ്ലോകത്തിൽ അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കുന്നതുകൊണ്ടു നിലവാരം കുറഞ്ഞ രചനകൾ മിക്കതും ഒഴിവാകുന്നു.

ഒരാൾ ചൊല്ലിയ ശ്ലോകത്തിൻ്റെ മൂന്നാം വരിയുടെ ആദ്യത്തെ അക്ഷരം കൊണ്ട് ആരംഭിക്കുന്ന ഒരു ശ്ലോകം അടുത്തയാൾ ചൊല്ലണം. അയാൾ ചൊല്ലിയതിൻ്റെ മൂന്നാം വരി നോക്കി അടുത്തയാൾ ചൊല്ലണം. ഇങ്ങനെ എത്ര പേർക്കു വേണമെങ്കിലും പങ്കെടുക്കാം. ശ്ലോകം എന്നു പറഞ്ഞാൽ സംസ്‌കൃത വൃത്തത്തിലുള്ള നാലുവരിക്കവിത എന്നർത്ഥം. കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരുന്നാൽ പരാജയപ്പെടും. ഇങ്ങനെ പരാജയപ്പെടുന്നതിനെയാണ് അച്ചുമൂളൽ എന്നു പറയുന്നത്. അക്ഷരശ്ലോകമോതീടിൽ അച്ചു കൂടാതെ ചൊല്ലണം എന്നാണു പ്രമാണം.

നിയമങ്ങൾ

1. ഭാഷാവൃത്തകവിതകൾ സ്വീകാര്യമല്ല.എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു പോലെയുള്ള കൃതികൾ അക്ഷരശ്ലോകത്തിൻ്റെ പരിധിക്കു പുറത്താണ്. കൃഷ്ണഗാഥ, ഹരിനാമകീർത്തനം,തുള്ളൽപ്പാട്ടുകൾ മുതലായവയും അസ്വീകാര്യം തന്നെ.

2. സംസ്കൃതവൃത്തം ആണെങ്കിലും അനുഷ്ടുപ് (ഒരു വരിയിൽ 8 അക്ഷരം ഉള്ള കവിത) സ്വീകാര്യമല്ല. പുരാണേതിഹാസങ്ങളിൽ 90% ഉം അനുഷ്ടുപ് ആണ്. അതിനാൽ അവയിലെ ശ്ലോകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. അനുഷ്ടുപ് അല്ല എന്ന് ഉറപ്പുണ്ടെങ്കിലേ ചൊല്ലാവൂ. സഹസ്രനാമങ്ങൾ എല്ലാം അനുഷ്ടുപ് ആണ്. അതിനാൽ സഹസ്രനാമങ്ങൾ എല്ലാം ഒഴിവാക്കണം.

3. ശ്ലോകങ്ങൾ കിട്ടാൻ വളരെ പ്രയാസമുള്ള ഋ, ഖ, ഛ മുതലായ അക്ഷരങ്ങൾ വർജ്ജ്യമാണ്. വർജ്ജ്‌യാക്ഷരങ്ങളിൽ ശ്ലോകം ചൊല്ലാതിരുന്നാലും പരാജയകാരണം ആവുകയില്ല. സ്വീകാര്യ അക്ഷരങ്ങൾ ഏതെല്ലാം എന്നു വ്യക്തമായി മനസ്സിലാക്കിയാൽ ബാക്കി അക്ഷരങ്ങൾ എല്ലാം വർജ്ജ്യം എന്ന് അനുമാനിക്കാം. താഴെപ്പറയുന്ന 24 അക്ഷരങ്ങളാണു തർക്കമറ്റ സ്വീകാര്യ അക്ഷരങ്ങൾ.

അ ഇ ഉ എ ഒ ക ഗ ച ജ ത ദ ധ ന പ ബ ഭ മ യ ര ല വ ശ സ ഹ

ബാക്കിയുള്ള എല്ലാ അക്ഷരങ്ങളും വർജ്ജ്യം എന്നു പറയാമെങ്കിലും അവയിൽ ചില അക്ഷരങ്ങൾ തർക്കവിഷയം ആകാറുണ്ട്. ഞ ആണ് ഏറ്റവും അധികം തർക്കവിഷയം ആകുന്ന അക്ഷരം. ഞ വർജ്ജ്യമാണെന്നു പറഞ്ഞാൽ അല്ലെന്നു ചിലർ ഘോരഘോരം വാദിക്കും. ഖ , ഘ , ഫ മുതലായ മറ്റു ചില അക്ഷരങ്ങളും അപൂർവ്വമായി തർക്കവിഷയം ആകാറുണ്ട്. അപ്പപ്പോൾ ഭാരവാഹികൾ പറയുന്ന അഭിപ്രായം അംഗീകരിക്കുക എന്നതു മാത്രമേ മത്സരാർത്ഥികൾക്കു കരണീയം ആയിട്ടുള്ളൂ. ഞ , ഖ മുതലായ അക്ഷരങ്ങളിൽ ഓരോ ശ്ലോകമെങ്കിലും പഠിച്ചിരുന്നാൽ തർക്കിക്കാൻ പോകാതെ കഴിച്ചു കൂട്ടാം.

4. അക്ഷരശ്ലോകത്തിൽ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. സംഗീതപാടവം തീരെ ഇല്ലാത്തവർക്കും അക്ഷരശ്ലോക മത്സരങ്ങളിൽ പങ്കെടുത്തു ജയിക്കാൻ കഴിയും (കഴിയണം).

5. ശ്ലോകങ്ങൾ സ്വന്തം ഓർമ്മയിൽ നിന്നു ചൊല്ലണം. കുറിപ്പു നോക്കാനോ പരസഹായം സ്വീകരിക്കാനോ പാടില്ല.

6. ശ്ലോകങ്ങൾ അവരവർ തന്നെ ഉണ്ടാക്കി ചൊല്ലിയാലും മതി.ശ്ലോകത്തിന് അർത്ഥവും വൃത്തവും ഉണ്ടായിരിക്കണം എന്നു മാത്രമേ നിർബ്ബന്ധമുള്ളൂ. സാഹിത്യം എന്ന വകുപ്പിൽ പെടുത്താവുന്ന ശ്ലോകങ്ങൾ മാത്രമേ ചൊല്ലാവൂ എന്നു നിയമം ഉണ്ട്. പക്ഷേ സാഹിത്യമൂല്യം എത്രത്തോളം വേണം എന്നതു സംബന്ധിച്ചു യാതൊരു നിയമവും ഇല്ല.

7. മൂന്നാം വരിയിൽ കൂട്ടക്ഷരം വന്നാൽ കൂട്ടക്ഷരത്തിലെ ആദ്യത്തെ അക്ഷരം സ്വീകരിക്കണം. സ്പഷ്ടം എന്നു വന്നാൽ സ ആണു ചൊല്ലേണ്ടത്. പ അല്ല.

8. മൂന്നാം വരിയിൽ വർജ്ജ്യാക്ഷരം വന്നാൽ അതിൽ ശ്ലോകം അറിയാമെങ്കിൽ അതു തന്നെ ചൊല്ലുക. അല്ലെങ്കിൽ അതിനു ശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തിൽ ചൊല്ലുക. അതും അല്ലെങ്കിൽ ജഡ്ജിമാരുടെ ശ്രദ്ധയിൽ പെടുത്തി അവരുടെ നിർദ്ദേശം അനുസരിച്ചു ചൊല്ലാം.

ബാലപാഠങ്ങൾ

തുടക്കക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവർക്ക് അസ്വീകാര്യമായ വൃത്തങ്ങൾ തിരിച്ചറിയാൻ കഴിയുകയില്ല എന്നതാണ്. വൃത്തശാസ്ത്രം കുറച്ചെങ്കിലും പഠിക്കാതെ ഈ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ കഴിയുകയില്ല. ഒരു കുറുക്കു വഴിയുള്ളതു ചില കൃതികൾ മാത്രം തെരഞ്ഞെടുത്തു പഠിക്കുക എന്നതാണ്. അക്ഷരശ്ലോകത്തിനു ചൊല്ലാവുന്ന ശ്ലോകങ്ങൾ മാത്രമുള്ള കൃതികൾ ഉണ്ട്. അവ മാത്രം തെരഞ്ഞെടുത്തു പഠിച്ചാൽ വൃത്തം അറിഞ്ഞു കൂടാത്തവർക്കും സുഗമമായി അക്ഷരശ്ലോകം ചൊല്ലാം. അത്തരം കൃതികളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

1.നാരായണീയം

2.നളിനി

3.ലീല

4 ചിന്താവിഷ്ടയായ സീത

5.വീണ പൂവ്

6. ശിഷ്യനും മകനും

7. ബന്ധനസ്ഥനായ അനിരുദ്ധൻ

8. ഗണപതി

9 മേഘസന്ദേശം

10. മയൂരസന്ദേശം

11. ഹരിവരാസനം

12. മഹിഷാസുരമർദ്ദിനി

13. സൗന്ദര്യലഹരി

14. ശിവാനന്ദലഹരി

അക്ഷരശ്ലോകം പഠിക്കുന്ന കുട്ടികൾക്കു ബാലപാഠം ആയി നിർദ്ദേശിക്കാറുള്ളതു കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം ആണ്. പക്ഷേ അതിന് ഒരു ന്യൂനതയുണ്ട്. അതിൽ ചില സർഗ്ഗങ്ങൾ അനുഷ്ടുപ് ആണ്. അനുഷ്ടുപ് തിരിച്ചറിയാൻ സ്വന്തമായി അറിവു നേടുകയോ അറിവുള്ള ആരുടെയെങ്കുലും സഹായം തേടുകയോ ചെയ്യണം. അക്ഷരശ്ലോക ബാലപാഠം എന്ന പേരിൽ അടുത്ത കാലത്തു പാലായിലെ കൈരളി ശ്ലോകരംഗം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഉത്തമമായ ഒരു വഴികാട്ടിയാണ് അത്.

പൂർണ്ണമായും സ്വീകാര്യമായ കൃതികൾ ഉള്ളതുപോലെ പൂർണ്ണമായും വർജ്ജ്യമായ കൃതികളും ഉണ്ട്. അവയുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

  1. സഹസ്രനാമങ്ങൾ
  2. ഹരിനാമകീർത്തനം
  3. കിളിപ്പാട്ടുകൾ
  4. തുള്ളൽപ്പാട്ടുകൾ
  5. കൃഷ്ണഗാഥ
  6. ജ്ഞാനപ്പാന
  7. വടക്കൻ പാട്ടുകൾ

ഉമാകേരളം, ചിത്രയോഗം, രുഗ്മാംഗദചരിതം, കേശവീയം, രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം മുതലായ മഹാകാവ്യങ്ങൾ അക്ഷരശ്ലോകത്തിന് അത്യുത്തമമാണ്. പക്ഷേ അവയിലും ചില സർഗ്ഗങ്ങൾ അനുഷ്ട്പ്പാണ്. അവ ഒഴിവാക്കാൻ കഴിവു നേടിയിരിക്കണം. ചില വൃത്തങ്ങളിൽ ഉള്ള ശ്ലോകങ്ങൾ പലപ്പോഴും തർക്കവിഷയം ആകാറുണ്ട്. ഉദാഹരണം സമ്മത, കല്യാണി. സമ്മത അക്ഷരശ്ലോകത്തിനു 100 % സ്വീകാര്യവും കുറ്റമറ്റതും ആയ ഒരു സംസ്‌കൃതവൃത്തമാണ്. പക്ഷേ ചൊല്ലിക്കേൾക്കുമ്പോൾ ഭാഷാവൃത്തങ്ങളോട് ഒരു സാമ്യം തോന്നും. സമ്മതാവൃത്തത്തിലുള്ള തവ വിലോകനാൽ ഗോപികാജനാഃ എന്ന സുപ്രസിദ്ധമായ നാരായണീയശ്ലോകം ചൊല്ലിയാൽ പോലും “ഇതു പാനയാണ്. ചൊല്ലാൻ പാടില്ല” എന്നു വിധിക്കുന്ന കൊലകൊമ്പന്മാരായ ജഡ്ജിമാരെ പലപ്പോഴും കാണാൻ കഴിയും. മലയാളത്തിൽ പ്രചുരപ്രചാരം ഉള്ള ചില സംസ്‌കൃതവൃത്തങ്ങൾ ഉണ്ട്. അവയെ ഭാഷാവൃത്തങ്ങളായി പരിഗണിച്ചു കേരളീയർ വേറേ പേരുകളും കൊടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം അവ സംസ്‌കൃതവൃത്തങ്ങൾ അല്ലാതാകുന്നില്ല. ഉദാഹരണം വിധ്വങ്കമാല എന്ന സംസ്കൃതവൃത്തം. ഇതിനു സംസ്‌കൃതത്തിൽ പ്രചാരം വളരെ കുറവാണ്. അതേ സമയം മലയാളത്തിൽ വളരെ പ്രചാരമുണ്ടു താനും. അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനു കല്യാണി എന്ന് ഒരു പ്രസിദ്ധമായ പേരും ഉണ്ട്. എഴുത്തച്ഛൻ്റെ കല്യാണരൂപീ വനത്തിന്നു പോകാൻ എന്ന ശ്ലോകമോ കുമാരനാശാന്റെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി എന്ന ശ്ലോകമോ ചൊല്ലിയാൽ ഉടൻ “ഇതു കല്യാണി എന്ന ഭാഷാവൃത്തമാണ്. ചൊല്ലാൻ പാടില്ല” എന്നു വിധിക്കുന്ന ജഡ്ജിമാരെ ധാരാളമായി കാണാൻ കഴിയും. അവരോടു സഹതപിക്കാനേ കഴിയൂ.

മത്സരങ്ങൾ

മത്സരങ്ങൾ രണ്ടു തരത്തിൽ ഉണ്ട്.

1 അച്ചു മൂളാതെ ശ്ലോകം ചൊല്ലി ജയിക്കാവുന്ന മത്സരങ്ങൾ. ഇവയിൽ സാഹിത്യമൂല്യം, അവതരണഭംഗി മുതലായവ പ്രശ്നമല്ല. ഒരക്ഷരം നറുക്കിട്ടെടുത്ത് അതിൽ മാത്രം ശ്ലോകം ചൊല്ലാൻ ആവശ്യപ്പെടുക എന്നതാണ് ഇതിനു സാധാരണ സ്വീകരിക്കുന്ന രീതി. എല്ലാവരും അച്ചുമൂളി പുറത്താകണമെങ്കിൽ ഏകാക്ഷരം, ഏകാക്ഷരപ്രയോഗം, വൃത്തനിബന്ധന മുതലായ ഏതെങ്കിലും പ്രത്യേക ഏർപ്പാടു വേണ്ടി വരും.

2 മാർക്കു നേടി ജയിക്കാവുന്ന മത്സരങ്ങൾ. സാഹിത്യമൂല്യം, അവതരണഭംഗി മുതലായവ അളന്നു മാർക്കിടും. മാർക്കു കൂടിയവർ ജയിക്കും. വളരെ കുറച്ചു സമയം കൊണ്ടു മത്സരം തീർക്കാൻ കഴിയും. പ്രത്യേക ഏർപ്പാടുകൾ ഒന്നും വേണമെന്നില്ല.

എന്തുകൊണ്ട് എൻ.ഡി. കൃഷ്ണനുണ്ണിയെ വിളിച്ചില്ല?

“അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണ്” എന്ന നൂതനസിദ്ധാന്തവുമായി ചില കൊലകൊമ്പന്മാർ അരങ്ങു തകർക്കുന്ന കാലം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന അക്ഷരശ്ലോകകലാകാരൻമാർ എന്നു വാനോളം പുകഴ്ത്തി അവർ ചിലരെ ഗോൾഡ് മെഡലിസ്റ്റുകൾ ആക്കിക്കൊണ്ടിരുന്നു. അപ്പോഴാണു ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ നാരായണീയം കാസ്സറ്റിലാക്കി പ്രചരിപ്പിക്കാൻ തീരുമാനിച്ചത്. നാരായണീയം മുഴുവനും അക്ഷരശ്ലോകക്കാർക്കു പ്രിയങ്കരങ്ങളായ ശ്ലോകങ്ങളാണ്. വർജ്ജ്യമായ ഒരു ശ്ലോകം പോലും നാരായണീയത്തിൽ ഇല്ല. അപ്പോൾ സ്വാഭാവികമായി ഒരു അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റിനെ ദേവസ്വം ക്ഷണിക്കേണ്ടതായിരുന്നു. അക്ഷരശ്ലോകചക്രവർത്തി എന്ന് അറിയപ്പെട്ടിരുന്ന എൻ.ഡി. കൃഷ്ണനുണ്ണി ഗുരുവായൂരിന് അടുത്തു തന്നെ താമസമുണ്ടായിരുന്നു. ശ്ലോകങ്ങൾ നല്ല ലയത്തോടെ ചൊല്ലുന്ന വിദഗ്ദ്ധൻ എന്നു പേരെടുത്ത അദ്ദേഹത്തിനു മറ്റു പല യോഗ്യതകളും കൂടി ഉണ്ടായിരുന്നു. സംസ്‌കൃതം അരച്ചു കലക്കി കുടിച്ച മഹാപണ്ഡിതൻ ആയിരുന്നു. ഭക്തിയും വിഭക്തിയും ഒത്തിണങ്ങിയ കവി എന്ന ഖ്യാതി നേടിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി നാരായണീയം വ്യാഖ്യാനിച്ച നാലു പണ്ഡിതന്മാരിൽ ഒരാൾ എന്ന വിശേഷയോഗ്യതയും ഉണ്ടായിരുന്നു.

ഇത്രയൊക്കെ കേമത്തമുള്ള അദ്ദേഹത്തെ വിളിക്കാതെ ദേവസ്വം വെറുമൊരു സിനിമാപ്പാട്ടുകാരിയും പറയത്തക്ക സംസ്‌കൃതപാണ്ഡിത്യം ഒന്നും ഇല്ലാത്തവളും ആയ പി. ലീലയെ ആണു വിളിച്ചത് .

എന്തുകൊണ്ടു കൃഷ്ണനുണ്ണിയെ വിളിക്കാതെ പി. ലീലയെ വിളിച്ചു? അതാണ് അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റുകളും അവരെ സൃഷ്ടിച്ചു വിടുന്ന “അക്ഷരശ്ലോക”സർവ്വജ്ഞന്മാരും മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്‌ളാദിപ്പിക്കേണ്ട പ്രശ്നം വരുമ്പോൾ അക്ഷരശ്ലോകക്കാർക്കു സിനിമാപ്പാട്ടുകാരുടെ ഏഴയലത്തു പോലും വരാൻ കഴിയുകയില്ല. അക്ഷരശ്ലോകക്കാർ ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയാൽ സിനിമാപ്പാട്ടുകാരോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെടുക തന്നെ ചെയ്യും. എൻ.ഡി.കൃഷ്ണനുണ്ണി പി. ലീലയുടെ ഏഴയലത്തു വരികയില്ല. കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് കമുകറ പുരുഷോത്തമൻ്റെ മുമ്പിൽ മുട്ടു കുത്തും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?

ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന കാര്യം വരുമ്പോൾ ഏതു ഗോൾഡ് മെഡലിസ്റ്റിനെയും തറ പറ്റിക്കാൻ ഒരു മൂന്നാംകിട സിനിമാപ്പാട്ടുകാരൻ മതി. യേശുദാസൊന്നും വേണ്ട.

ആന പിണ്ടമിടുന്നതു കണ്ടു മുയലു മുക്കുന്നതു പോലെയാണു സിനിമാപ്പാട്ടുകാർ ശ്ലോകം ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്നതു കണ്ട് അക്ഷരശ്ലോകക്കാർ ആ പണിക്കു ചാടി ഇറങ്ങുന്നത്.

.”അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്ന സിദ്ധാന്തം തന്നെ ഒരു ഹിമാലയൻ മണ്ടത്തരം ആണ്. അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച ഒരു കലയല്ല. കൂടുതൽ ശ്ലോകങ്ങൾ മനഃപാഠമായി അറിയാവുന്നവർക്കു ജയിക്കാൻ പാകത്തിൽ സംവിധാനം ചെയ്തതും ചതുരംഗത്തിനു സമാനവും ആയ ഒരു ബുദ്ധിപരമായ വിനോദമാണ്. അതു മനസ്സിലാക്കാതെ “ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ, ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ” എന്നു പറഞ്ഞ് എടുത്തുചാടി ഓരോ കോപ്രായങ്ങൾ കാട്ടുന്ന കൊലകൊമ്പന്മാരും അവരുടെ ശിങ്കിടികളും പരിഹാസ്യരാവുകയേ ഉള്ളൂ. ശ്രോതാക്കൾ അവരെ പുച്ഛിച്ചു തള്ളിക്കളയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അക്ഷരശ്ലോകക്കാർ നിൽക്കേണ്ടിടത്തു നിന്നാൽ ചതുരംഗം കളിക്കാർക്കു കിട്ടുന്നതു പോലെ ഒരു മാന്യത അവർക്കു തീർച്ചയായും കിട്ടും. അതിനു പകരം തല മറന്ന്‌ എണ്ണ തേയ്ക്കാൻ തുടങ്ങിയാൽ ഉമ്മറപ്പടിയിൽ ഇരുന്നതു കിട്ടിയുമില്ല കക്ഷത്തിരുന്നതു പോവുകയും ചെയ്‌തു എന്ന അവസ്ഥയാകും.

കാക്ക കുളിച്ചാൽ കൊക്കാവുകയില്ല. അതുപോലെ അക്ഷരശ്ലോകക്കാരൻ ശ്രോതാക്കളെ എത്ര ആഹ്ളാദിപ്പിക്കാൻ ശ്രമിച്ചാലും ജനപ്രിയകലാകാരൻ ആവുകയില്ല.

പാട്ടുകാരെ അനുകരിച്ച് അക്ഷരശ്ലോകത്തിൽ മാർക്കിടലും എലിമിനേഷനും ഏർപ്പെടുത്തിയ “സർവ്വജ്ഞ”ന്മാരോടു നമുക്കു സഹതപിക്കാം. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല.