അക്ഷരശ്ലോകം ശ്ലോകപ്പാട്ട് ആയതെങ്ങനെ?

സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ലാത്ത ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. പക്ഷേ 1955 മുതൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംഗീതത്തിന് അക്ഷരശ്ലോകത്തിൽ അല്പാല്പം സ്ഥാനം ലഭിക്കുകയും സംഗീതത്തിൻ്റെ പ്രാധാന്യം പടിപടിയായി വർദ്ധിച്ച് അക്ഷരശ്ലോകം എന്ന സാഹിത്യവിനോദം ശ്ലോകപ്പാട്ട് എന്നു പറയാവുന്ന ഒരു വികലസൃഷ്ടിയായി മാറുകയും ചെയ്തു. ഇങ്ങനെയൊരു പതനത്തിലേക്കു വഴി തെളിച്ച സംഭവവികാസങ്ങൾ നമുക്കു പരിശോധിക്കാം.

1955 ൽ ഉന്നതന്മാരായ ഏതാനും സ്വയം പ്രഖ്യാപിത അക്ഷരശ്ലോകസർവ്വജ്ഞന്മാർ ഈ രംഗത്തേക്ക് ഇടിച്ചു കയറി വരികയും അക്ഷരശ്ലോകസാമ്രാജ്യത്തെ ആക്രമിച്ചു കീഴടക്കി തന്നിഷ്ടപ്രകാരമുള്ള ഭരണം തുടങ്ങുകയും ചെയ്തു. അക്ഷരശ്ലോകത്തിൻ്റെ നിലവാരവും ആസ്വാദ്യതയും ഒക്കെ വർദ്ധിപ്പിക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്ന് അവർ പ്രഖ്യാപിച്ചു. ലക്ഷ്യം വളരെ നല്ലതായി തോന്നിയതു കൊണ്ട് അധികമാരും അവരെ എതിർത്തില്ല. എതിർത്ത ന്യൂനപക്ഷത്തിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. എന്തുകൊണ്ടെന്നാൽ കീഴടക്കി ഭരിക്കാൻ തുടങ്ങിയ സർവ്വജ്ഞമാനികൾ അതിശക്തന്മാരും അത്യുഗ്രപ്രതാപശാലികളും കൊലകൊമ്പന്മാരും ഒക്കെ ആയിരുന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ആയിരുന്നു ചൈനക്കാർ ടിബറ്റിനെ ആക്രമിച്ചു കീഴടക്കിയത്. ടിബറ്റുകാരുടെ നിസ്സഹായാവസ്ഥ തന്നെയാണ് അക്ഷരശ്ലോകക്കാർക്കും ഉണ്ടായത്.

ചക്രവർത്തിത്വമനോഭാവത്തോടെ തകർത്തു ഭരിക്കാൻ തുടങ്ങിയ ഉന്നതന്മാർ പുതിയ ചില സിദ്ധാന്തങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു.

1 അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണ് .

2 ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കഴിവില്ലാത്തവർക്ക് അക്ഷരശ്ലോകം ചൊല്ലാൻ അർഹതയില്ല. അത്തരക്കാരെ ഞങ്ങൾ എലിമിനേറ്റു ചെയ്യും.

3 ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കഴിവുള്ളവർ എല്ലാ വിധ പ്രോത്സാഹനവും അർഹിക്കുന്നു. അത്തരക്കാർ അച്ചുമൂളിയാലും ഞങ്ങൾ അവരെത്തന്നെ ജയിപ്പിക്കും.

4 അക്ഷരശ്ലോകമത്സരങ്ങൾ ഞങ്ങൾ മാർക്കിട്ടായിരിക്കും നടത്തുക. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യം മുതലായ മേന്മകൾ എല്ലാം ഞങ്ങൾ കൃത്യമായി അളന്നു മാർക്കിടും. ഞങ്ങൾ ഇടുന്ന മാർക്കു മാത്രമായിരിക്കും വിജയത്തിൻ്റെ ആധാരം.

അവരുടെ പരിഷ്‌കൃത “അക്ഷരശ്ലോക”മത്സരങ്ങൾ കണ്ട യഥാർത്ഥ അക്ഷരശ്ലോകപ്രേമികൾക്ക് ഒരു കാര്യം വ്യക്തമായി. അക്ഷരശ്ലോകം കൈവിട്ടു പോയിരിക്കുന്നു. ഇവരുടെ അക്ഷരശ്ലോകം യഥാർത്ഥത്തിൽ അക്ഷരശ്ലോകമേ അല്ല. അക്ഷരശ്ലോകത്തിൻ്റെ മൂടുപടം അണിഞ്ഞ ഒരു തരം സംഗീതമത്സരം മാത്രമാണ് അത്. സ്വരമാധുര്യവും ഭംഗിയായി പാടാനുള്ള കഴിവും ഉള്ളവർക്കു മാത്രമേ അവയിൽ ജയിക്കാൻ കഴിയൂ. ജന്മസിദ്ധമായ ഇത്തരം മേന്മകൾ ഇല്ലാത്തവർ നിഷ്കരുണം എലിമിനേറ്റു ചെയ്യപ്പെടുകയോ തഴയപ്പെടുകയോ ചെയ്യും.

ഇവർ പുതുതായി ഏർപ്പെടുത്തിയ മാർക്കിടൽ, എലിമിനേഷൻ എന്നീ രണ്ടു പരിഷ്കാരങ്ങളും സംഗീതമത്സരങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. അക്ഷരശ്ലോകത്തിൽ അവയ്ക്കു യാതൊരു സ്ഥാനവും ഇല്ല. ഈ സർവ്വജ്ഞമാനികൾ ഭരണം ഏറ്റെടുക്കുന്നതിനു മുമ്പ് ഇത്തരം കോപ്രായങ്ങളെപ്പറ്റി കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.

അക്ഷരശ്ലോകത്തിൻ്റെ ആണിക്കല്ലായ നിയമമാണ് അച്ചുമൂളിയാൽ തോൽക്കും എന്നത്. അതിനെപ്പോലും ഈ ഉന്നതന്മാർ തകർത്തു തരിപ്പണം ആക്കിക്കളഞ്ഞു. ഈ നിയമം അവർക്കു തങ്ങളുടെ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ചുളുവിൽ ജയിപ്പിക്കാൻ ഏറ്റവും വലിയ തടസ്സമാണ്. അപ്പോൾ പിന്നെ അതിനെ തകർക്കുക തന്നെ. ആരു ചോദിക്കാൻ? ഇങ്ങനെ സുപ്രധാനനിയമങ്ങൾ പോലും തിരുത്തിയെഴുതി ഉന്നതന്മാർ മുന്നേറിയപ്പോൾ അക്ഷരശ്ലോകത്തിന് അതിൻ്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടു. ഉപ്പുരസം നഷ്ടപ്പെട്ട ഉപ്പിനെപ്പോലെ അതു തികച്ചും ഒരു പാഴ് വസ്തുവായി മാറി.

അക്ഷരശ്ലോകത്തിൽ സംഗീതത്തിനു സ്ഥാനം കൊടുത്തതിനെ അവർ ഇങ്ങനെയാണു ന്യായീകരിച്ചത്. “ഞങ്ങൾ ആസ്വാദ്യതയ്ക്കു വേണ്ടി സംഗീതത്തിന് ഒരല്പം സ്ഥാനം കൊടുക്കുന്നതേ ഉള്ളൂ. സംഗീതഗന്ധി ആക്കുന്നു. പക്ഷേ സംഗീതമയം ആക്കുന്നില്ല.” ഈ “അല്പം” സ്ഥാനം കൊടുപ്പിൻ്റെ അനന്തരഫലം കൂടാരത്തിൽ ഒട്ടകത്തിന് അല്പം സ്ഥാനം കൊടുത്ത അറബിയുടെ അനുഭവം പോലെയായി. നേരം വെളുത്തപ്പോൾ ഒട്ടകം അകത്തും അറബി പുറത്തും! തൂശി കടത്താൻ ഇടം കൊടുത്താൽ തൂമ്പാ കടത്തും എന്നു മലയാളത്തിൽ തന്നെ ഒരു ചൊല്ലുണ്ടല്ലോ. അതുപോലെയായി സംഗീതത്തിന് അല്പം സ്ഥാനം കൊടുത്തതിൻ്റെ ഫലം. സംഗീതമില്ലാതെ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിക്കാൻ പറ്റുകയില്ല എന്നതായി അവസ്ഥ.

പൂർവ്വികാചാര്യന്മാർ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങൾക്കും കുറഞ്ഞ ശ്ലോകങ്ങൾക്കും തുല്യപരിഗണന നൽകിയിരുന്നു. സ്വരമാധുര്യം ഉള്ളവർക്കും ഇല്ലാത്തവർക്കും തുല്യപരിഗണന നൽകിയിരുന്നു. സംഗീതത്തിനു യാതൊരു പരിഗണനയും നൽകിയിരുന്നില്ല. പാട്ട് അറിയാവുന്നവർക്കും അറിഞ്ഞുകൂടാത്തവർക്കും വിജയസാദ്ധ്യത തുല്യമായിരുന്നു. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ഒരിക്കലും അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ആയിരുന്നില്ല.

അങ്ങനെ സമത്വസുന്ദരമായി ശോഭിച്ചിരുന്ന ഈ സാഹിത്യവിനോദം മുൻപറഞ്ഞ ഉന്നതന്മാർ കയ്യടക്കിയതോടെ അസമത്വത്തിൻ്റെ വിളഭൂമിയായി മാറി. മധുരസ്വരക്കാരുടെയും പാട്ടുകാരുടെയും വിജയസാദ്ധ്യത പതിന്മടങ്ങു വർദ്ധിച്ചു. ചുരുക്കിപ്പറഞ്ഞാൽ അക്ഷരശ്ലോകമത്സരങ്ങൾ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിച്ചു. ശ്ലോകങ്ങൾ മധുരസ്വരത്തിൽ പാടിക്കേൾപ്പിച്ചു ശ്രോതാക്കളുടെ കയ്യടി നേടാൻ കഴിവുള്ളവർക്കു തുരുതുരെ അച്ചുമൂളിയാലും ജയിക്കാം എന്ന തല തിരിഞ്ഞതും പരിഹാസ്യവും ആയ സാഹചര്യം ഉണ്ടായി. എന്നിട്ടും ഉന്നതന്മാർ കുലുങ്ങിയില്ല. അപാര തൊലിക്കട്ടിയുള്ള അവർ ഈ മാറ്റത്തെ “വമ്പിച്ച പുരോഗമനം” എന്നു വിശേഷിപ്പിച്ചു കൊണ്ടു “മുന്നേറുക”യാണു ചെയ്തത്. സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ട് ഉന്നതന്മാർക്കു തങ്ങളുടെ വികലസൃഷ്ടിയെ അക്ഷരശ്ലോകം എന്ന പേരിൽത്തന്നെ യുവജനോത്സവങ്ങളിലെ ഒരിനമായി ഉൾപ്പെടുത്താൻ കഴിഞ്ഞു. ലളിതസംഗീതം, കഥകളിസംഗീതം മുതലായവയിൽ ജയിക്കുന്ന കുട്ടികൾ തന്നെയാണ് അക്ഷരശ്ലോകത്തിലും ജയിക്കുന്നത്. അക്ഷരശ്ലോകത്തിനു വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്ന ചുമതല മിക്കപ്പോഴും സംഗീതാദ്ധ്യാപകരാണ് ഏറ്റെടുക്കുക. പല തരം പാട്ടുമത്സരങ്ങളിൽ ഒന്നാണ് അക്ഷരശ്ലോകം എന്ന ധാരണ രക്ഷിതാക്കളിലും രൂഢമൂലമായി. “സുനന്ദ നന്നായി ശ്ലോകം പാടി”, “ശ്രീലേഖ ശ്ലോകം പാടിയതിനു ഭംഗി കുറവായിരുന്നു” എന്നിങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും അവരിൽ നിന്നു കേൾക്കാം.

ഇത്രയും പുരോഗമനമൊക്കെ ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അക്ഷരനിബന്ധന വേണ്ടെന്നു വച്ചാലും കുഴപ്പമില്ല. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നുള്ള മാർക്കിടൽ ഏർപ്പെടുത്തി. അച്ചുമൂളിയവരെ ജയിപ്പിക്കാം എന്ന നിയമഭേദഗതിയും നടപ്പാക്കി. ഇനിയും അക്ഷരനിബന്ധന എന്ന നോക്കുകുത്തി എന്തിന്? ആട്ടിൻതോലിട്ട ചെന്നായ്ക്കു പകരം യഥാർത്ഥ ചെന്നായയെ പ്രദർശിപ്പിച്ചു കൂടേ? അക്ഷരശ്ലോകം എന്ന പേരു മാറ്റി ശ്ലോകപ്പാട്ട് എന്ന സത്യസന്ധമായ പേര് ഇട്ടുകൂടേ?