ധനാഢ്യന്മാരുടെ പൊങ്ങച്ചം

അക്ഷരശ്ലോകത്തെ വഴി തെറ്റിച്ചും കാടു കയറ്റിയും നശിപ്പിക്കുന്ന ഘടകങ്ങളില്‍ സുപ്രധാനമായ  ഒന്നാണു ധനാഢ്യന്മാരുടെ പൊങ്ങച്ചം. മത്സരാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന മിക്ക കലകളും വിനോദങ്ങളും സംഘാടകര്‍ക്കു ധാരാളം പണം നേടിക്കൊടുക്കുന്നവയാണ്. ഉദാഹരണം സംഗീതം, ക്രിക്കറ്റ്‌, ഫുട്ബാള്‍. പക്ഷേ അക്ഷരശ്ലോകത്തിന് അങ്ങനെയൊരു ധനസമ്പാദനശക്തി തീരെ ഇല്ല. അക്ഷരശ്ലോകം ടിക്കറ്റ്‌ വച്ചു നടത്തിയാല്‍ ചില്ലിക്കാശു പോലും കിട്ടുകയില്ല. പിന്നെ അക്ഷരശ്ലോകമത്സരം നടത്താന്‍ എന്താണു മാര്‍ഗ്ഗം? ധനാഢ്യന്മാരുടെ മുമ്പില്‍ കൈ നീട്ടുക തന്നെ.

ഇന്ന സ്ഥലത്തെ ഇന്നാര്‍ മെമ്മോറിയല്‍ സ്വര്‍ണ്ണമെഡലിനു വേണ്ടിയുള്ള അക്ഷരശ്ലോകമത്സരം എന്നു പേരിടുകയും പ്രസ്തുത മാന്യന്‍റെ ഒരു ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ ഒരു പവന്‍റെ സ്വര്‍ണ്ണമെഡലിനുള്ള പണം നിര്‍ലോഭമായി ദാനം ചെയ്യാന്‍ തയ്യാറുള്ള ധനാഢ്യന്മാര്‍ ധാരാളമുണ്ട്. പക്ഷേ അവരെല്ലാം പൊങ്ങച്ചത്തിന്‍റെ അടിമകളാണ്. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ കൊട്ടി ഘോഷിച്ചുകൊണ്ടു നടക്കുന്ന ഉന്നതന്മാരും സ്ഥലത്തെ പ്രധാന ദിവ്യന്മാരും കൂടി വന്നിരുന്നു മാര്‍ക്കിട്ടു നടത്തുന്ന മത്സരങ്ങള്‍ക്കു മാത്രമേ അവര്‍ പണം നല്‍കുകയുള്ളൂ. “നാല്‍ക്കാലി ചൊല്ലി ജയിക്കാവുന്ന മത്സരം”, ആസ്വാദ്യതയില്ലാത്ത മത്സരം”, “നിലവാരം കുറഞ്ഞ മത്സരം” എന്നൊക്കെ നാട്ടുകാര്‍ കുറ്റം പറയരുതല്ലോ. മാര്‍ക്കിടല്‍ ഇല്ലെങ്കില്‍ നിലവാരം കുറഞ്ഞ തല്ലിപ്പൊളി മത്സരം ആയിപ്പോകും എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അഥവാ അവരെ അങ്ങനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിടലിന്‍റെ യാതൊരാവശ്യവും ഇല്ല. പക്ഷേ അത്തരം മത്സരത്തിനുവേണ്ടി ഒരു ധനാഢ്യനും ഒരു ചില്ലിക്കാശു പോലും ദാനം ചെയ്യുകയില്ല. മാര്‍ക്കിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുന്ന പൊങ്ങച്ചപ്രകടനങ്ങള്‍ക്കു മാത്രമേ പണം കൊടുക്കുകയുള്ളൂ.

യഥാര്‍ത്ഥ അക്ഷരശ്ലോകം ശുഷ്കിച്ചു പോകാനും ധനാഢ്യന്മാരെ തൃപ്തിപ്പെടുത്തുന്ന ഇത്തരം പൊങ്ങച്ചപ്രകടനങ്ങള്‍ തഴച്ചു വളരാനും ഇതു കാരണമാകുന്നു.

മല എലിയെ പെറ്റു

1955 ഏപ്രില്‍ മാസത്തിലെ ഒരു സുപ്രഭാതത്തില്‍ തൃശ്ശൂരിലെ പ്രതാപശാലികളായ ഏതാനും അക്ഷരശ്ലോകപണ്ഡിതന്മാര്‍ ഒത്തുചേര്‍ന്ന് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി.

“ഇപ്പോള്‍ അക്ഷരശ്ലോകം ചൊല്ലുന്നവര്‍ നാല്‍ക്കാലിശ്ലോകങ്ങളും അമ്മായിശ്ലോകങ്ങളും ഒക്കെയാണു ചൊല്ലാറുള്ളത്. സാഹിത്യമൂല്യത്തെപ്പറ്റി ആരും ശ്രദ്ധിക്കുന്നില്ല. ശ്രോതാക്കള്‍ക്കു തങ്ങളുടെ ചൊല്ലല്‍ ആസ്വാദ്യം ആകുന്നുണ്ടോ എന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും ശ്ലോകം ചൊല്ലി അച്ചു മൂളല്‍ ഒഴിവാക്കണം എന്നതു മാത്രം ആയിരിക്കുന്നു അവരുടെ ലക്ഷ്യം. ഞങ്ങള്‍ ഇതില്‍ മാറ്റം വരുത്തി അക്ഷരശ്ലോകത്തിന്‍റെ നിലയും വിലയും ആസ്വാദ്യതയും വര്‍ദ്ധിപ്പിച്ച് ഇതിനെ ഒരു ഉത്തമകല എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിമേല്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ശ്രോതാക്കള്‍ക്ക് അര്‍ത്ഥബോധം ഉളവാകുന്ന വിധത്തില്‍ ഭംഗിയായും ആസ്വാദ്യമായും അവതരിപ്പിക്കുന്നവരെ മാത്രമേ ഞങ്ങള്‍ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെയെല്ലാം ഞങ്ങള്‍ എലിമിനേറ്റു ചെയ്യും. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി അവതരിപ്പിക്കുന്നവര്‍ മാത്രമേ ജയിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഒരുക്കുന്നതാണ്”.

ഇത് കേട്ട അക്ഷരശ്ലോകക്കാര്‍ എല്ലാവരും അത്യധികം സന്തോഷിക്കുകയും പണ്ഡിതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്തു. “എന്തൊരു മൂല്യബോധം! എന്തൊരു കലാബോധം! എന്തൊരു ബുദ്ധിശക്തി! എന്തൊരു ചിന്താശക്തി! എന്തൊരു പുരോഗമനം!” എന്നൊക്കെ അവര്‍ പണ്ഡിതന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടി.

പണ്ഡിതന്മാര്‍ വര്‍ദ്ധിതവീര്യന്മാരായി പരിഷ്കൃതരീതിയിലുള്ള മത്സരങ്ങള്‍ നടത്താന്‍ തുടങ്ങി. ധനാഢ്യന്മാര്‍ പണ്ഡിതന്‍മാര്‍ക്കു നിര്‍ലോഭമായി സ്വര്‍ണ്ണവും പണവും വാരിക്കോരി കൊടുക്കാനും തുടങ്ങി. നൂതനമത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ഒരു പവന്‍റെ സ്വര്‍ണ്ണമെഡല്‍ കിട്ടുമെന്നായി. അങ്ങനെ അക്ഷരശ്ലോകത്തിന്‍റെ സുവര്‍ണ്ണയുഗം ആരംഭിച്ചു.

പക്ഷേ പിന്നീട് ഉണ്ടായതെല്ലാം അപശകുനങ്ങള്‍ ആയിരുന്നു. കാലക്രമത്തില്‍ ഒരു കാര്യം വെളിപ്പെട്ടു. പണ്ഡിതന്മാര്‍ നടത്തുന്ന മത്സരങ്ങളില്‍ ശബ്ദമേന്മ, സംഗീതഗന്ധിയായ ആലാപനശൈലി മുതലായ ജന്മസിദ്ധമായ ചില സൗഭാഗ്യങ്ങള്‍ ഉള്ളവര്‍ മാത്രമേ ജയിക്കുകയുള്ളൂ. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ എത്ര കഠിനാദ്ധ്വാനം ചെയ്താലും അവര്‍ തോല്‍ക്കുകയോ എലിമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യും. കുഞ്ഞുകുഞ്ഞ്‌ ആദിശ്ശര്‍, കെ.സി. അബ്രഹാം, സ്വാമി കേശവാനന്ദസരസ്വതി, ഫാദര്‍ പി.കെ. ജോര്‍ജ്ജ് മുതലായ അതികായന്മാര്‍ പോലും നിഷ്കരുണം എലിമിനേറ്റു ചെയ്യപ്പെട്ടു. ഇവരുടെ ഏഴയലത്തു പോലും വരാന്‍ യോഗ്യതയില്ലാത്ത ചിലര്‍ നാലും അഞ്ചും സ്വര്‍ണ്ണമെഡലുകള്‍ നേടി.

പണ്ഡിതന്മാരുടെ പരിഷ്കാരത്തിന്‍റെ കാതലായ അംശം സാഹിത്യമൂല്യവും അവതരണഭംഗിയും മറ്റും അളന്നുള്ള മാര്‍ക്കിടല്‍ ആണ്. സാഹിത്യമൂല്യത്തിനും നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ഉള്ള ചൊല്ലലിനും ഒക്കെയാണു മാര്‍ക്കു കിട്ടുന്നത് എന്ന വാദം വെറും ഒരു ചപ്പടാച്ചി ആണെന്നു തെളിഞ്ഞു. യഥാര്‍ത്ഥത്തില്‍ മാര്‍ക്കു കിട്ടുന്നതു താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ആണെന്നു കരതലാമലകം പോലെ വ്യക്തമായി.

1. ജന്മസിദ്ധമായ ശബ്ദമേന്മ.

2. സംഗീതഗന്ധിയായ ആലാപനശൈലി.

3. ഉദാത്താനുദാത്തസ്വരിതങ്ങളെപ്പറ്റിയുള്ള അറിവ്.

4. സംസ്കൃതപരിജ്ഞാനം.

അവരുടെ മത്സരങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിജയസാദ്ധ്യത വളരെ കൂടുതലാണെന്നു തെളിഞ്ഞു. ചില ഭാഗ്യവാന്മാര്‍ സ്ഥിരം ജേതാക്കളായി മാറി. മറ്റുള്ളവര്‍ക്കു തലകുത്തി നിന്നു തപസ്സു ചെയ്താലും ഒന്നും കിട്ടാത്ത അവസ്ഥയുണ്ടായി.

അങ്ങനെ “വമ്പിച്ച പുരോഗമനം” എന്നു കൊട്ടി ഘോഷിച്ച പരിഷ്കാരം തീരെ നിര്‍ഗ്ഗുണമായ ഒരു കോപ്രായം ആയിരുന്നു എന്നു തെളിഞ്ഞു. അറിവുള്ളവരെ പുറന്തള്ളിയിട്ടു സ്വരമാധുര്യം ഉള്ളവരെ ജയിപ്പിക്കുന്ന കോപ്രായം.

ചുരുക്കിപ്പറഞ്ഞാല്‍ മല എലിയെ പെറ്റു എന്നു പറഞ്ഞതു പോലെ ആയി അവരുടെ പരിഷ്കാരം.

 

 

പ്രതികരണശേഷി ഇല്ലാത്തവര്‍ കീഴടക്കപ്പെടും

ഏകദേശം ആയിരം കൊല്ലം മുമ്പുള്ള ഭാരതത്തിന്‍റെ അവസ്ഥ എങ്ങനെ ആയിരുന്നു? സ്വാമി രംഗനാഥാനന്ദ പറയുന്നതു കേള്‍ക്കുക :-

“കാബൂളില്‍ അലഞ്ഞു തിരിയുന്ന ഏതു ധനമോഹിക്കും അധികാരമോഹിക്കും പത്തിരുപത് അനുയായികളെ സംഘടിപ്പിച്ചാല്‍ ഭാരതതിലേക്കു കടന്ന് ആക്രമണം നടത്തി ഇവിടെയുള്ള മുതല്‍ സര്‍വ്വവും കൊള്ളയടിച്ചു കൊണ്ടു പോകുകയോ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കീഴടക്കി സാമ്രാജ്യം സ്ഥാപിക്കുകയോ ചെയ്യാമായിരുന്നു. കാര്യമായ എതിര്‍പ്പൊന്നും ഉണ്ടാവുകയില്ല”.

ഘസ്നിയും ഘോറിയും ഖില്‍ജിയും ബാബറും ഒക്കെ ഈ സുവര്‍ണ്ണാവസരം ശരിക്കു മുതലാക്കുക തന്നെ ചെയ്തു. അക്രമികള്‍ മാത്രമല്ല അവരുടെ അടിമകള്‍ പോലും ചക്രവര്‍ത്തിമാരായി ഭരിച്ചു. അങ്ങനെയാണ് അടിമവംശം എന്ന പേരില്‍ ഒരു രാജവംശം ഇവിടെ ഉണ്ടായത്.

ഇതുപോലെ ഒരു പരിതാപകരമായ ദുരവസ്ഥയായിരുന്നു ഏകദേശം 60 കൊല്ലം മുമ്പ് അക്ഷരശ്ലോകസാമ്രാജ്യത്തിലും ഉണ്ടായിരുന്നത്. അറുപതോ എഴുപതോ കാളിദാസശ്ലോകങ്ങള്‍ മനഃപാഠമാക്കിയിട്ടുള്ള ഏതൊരു മധുരസ്വരക്കാരനും പാട്ടുകാരനും ആസ്വാദകവേഷം കെട്ടാന്‍ തയ്യാറുള്ള ഏതാനും ശിങ്കിടികളെ ഒപ്പിച്ചെടുത്താല്‍ അക്ഷരശ്ലോകചക്രവര്‍ത്തിയാകാനും കേരളത്തിലെ എല്ലാ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെയും അടക്കി ഭരിക്കാനും കഴിയുമായിരുന്നു. കാര്യമായ എതിര്‍പ്പൊന്നും എങ്ങുനിന്നും ഉണ്ടാവുകയില്ല. ഈ അവസ്ഥയെ ചിലര്‍ ശരിക്കും മുതലെടുത്തു.

ആസ്വാദകരെ സന്തോഷിപ്പിക്കുന്നു എന്ന ന്യായം പറഞ്ഞ് അവര്‍ ചക്രവര്‍ത്തി ചമഞ്ഞ്‌ ഈ സാമ്രാജ്യം അടക്കി ഭരിക്കാന്‍ തുടങ്ങി. അവര്‍ നിയമങ്ങള്‍ എല്ലാം അവര്‍ക്ക് അനുകൂലമായി തിരുത്തിയെഴുതി. അച്ചു മൂളിയവരെ ജയിപ്പിക്കാം എന്നു വരെ അവര്‍ പുതിയ നിയമം ഉണ്ടാക്കി. എന്നിട്ടും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ എലിമിനേറ്റു ചെയ്യപ്പെട്ടു. അവരുടെ ഏഴയലത്തു വരാന്‍ പോലും യോഗ്യതയില്ലാത്ത ചിലര്‍ വാനോളം ഉയര്‍ത്തപ്പെടുകയും വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ വാഴ്ത്തപ്പെടുകയും ചെയ്യാന്‍ തുടങ്ങി. ശരിയായ വിദഗ്ദ്ധന്മാര്‍ക്കു ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയേണ്ടി വന്നു.

എതിര്‍ക്കേണ്ടവരെ എതിര്‍ക്കേണ്ട സമയത്ത് എതിര്‍ത്തില്ലെങ്കില്‍ ഇതായിരിക്കും ഫലം.

മന്നം പറഞ്ഞത്

നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി സഹിക്കാന്‍ തയ്യാറല്ലാത്ത ത്യാഗം മറ്റാരെങ്കിലും നിങ്ങള്‍ക്കു വേണ്ടി സഹിക്കാന്‍ ഒരുങ്ങും എന്നു കരുതുന്നതു വിഡ്ഢിത്തമാണ്. —                                                                                            ———–മന്നത്തു പദ്മനാഭന്‍

 

ഒരിക്കല്‍ ഞാന്‍ അംഗമായിട്ടുള്ള ഒരു വാട്സാപ് ഗ്രൂപ്പിലെ ഒരംഗം എനിക്ക് ഒരു പേഴ്സണല്‍ മെസ്സേജ് അയച്ചു. ഗ്രൂപ്പിലെ ഒരു വിഭാഗം ആള്‍ക്കാര്‍ നടത്തുന്ന ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ദീര്‍ഘമായ വിവരണവും കുറ്റപ്പെടുത്തലും ആയിരുന്നു അത്. ഞാന്‍ അതു വായിച്ചിട്ട് അതു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞു. പക്ഷേ അയാള്‍ അതിനു തയ്യാറല്ല. “തല്ലു കൂടാന്‍ ഞാനില്ല” എന്നായിരുന്നു അയാളുടെ വിശദീകരണം.

തല്ലു കൂടാന്‍ അയാള്‍ക്കു വയ്യ. അയാള്‍ക്കു വേണ്ടി ഞാന്‍ തല്ലു കൂടി അയാള്‍ ആഗ്രഹിക്കുന്ന ഫലം നേടിക്കൊടുക്കണം. കാര്യങ്ങള്‍ നേടാന്‍ എന്തെളുപ്പം!

ഞാന്‍ അയാള്‍ക്കു മന്നത്തു പത്മനാഭന്‍റെ മേല്‍പ്പറഞ്ഞ വാചകം മറുപടിയായി അയച്ചുകൊടുത്തു. അയാള്‍ തന്‍റെ ജനസേവനത്വര ഉപേക്ഷിച്ച് എല്ലാവരുടെയും നല്ലപിള്ളയായി സസുഖം കഴിഞ്ഞുകൂടി.

ഇതുപോലെയുള്ള നല്ലപിള്ളകള്‍ അക്ഷരശ്ലോകരംഗത്തും ധാരാളമുണ്ട്. ഉന്നതന്മാര്‍ കാണിക്കുന്ന കൊള്ളരുതായ്മകളെപ്പറ്റി അവര്‍ക്കു നല്ല ബോധമുണ്ട്. പക്ഷേ ആ പ്രതാപശാലികളുടെ അപ്രീതിക്കു പാത്രമാകുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും ചെയ്യാന്‍ അവര്‍ തയ്യാറല്ല.

അത്തരക്കാരെ അവരുടെ പാട്ടിനു വിടുന്നതാണു നല്ലത്. അവരില്‍ നിന്ന് ഒരു നല്ല കാര്യവും പ്രതീക്ഷിക്കേണ്ടതില്ല. മന്നം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും അവരോടു പറയേണ്ടതും ഇല്ല.

ശരിയും തെറ്റും

ഏതു മത്സരം ആയാലും അതിന്‍റെ സംഘാടകര്‍ക്കു ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിവുണ്ടായിരിക്കണം. അല്ലെങ്കില്‍ മത്സരം നിര്‍ഗ്ഗുണമായിപ്പോകും.

ഒരു ഹൈ ജംപ് മത്സരം ശരിയായി  സംഘടിപ്പിക്കുന്നത് എങ്ങനെയാണ്? അളവുകള്‍ രേഖപ്പെടുത്തിയിട്ടുള്ള രണ്ടു സ്റ്റാന്‍ഡുകള്‍ക്കിടയില്‍ തൊട്ടാല്‍ താഴെ വീഴുന്ന വിധത്തില്‍ ഒരു വടി ഉറപ്പിക്കണം. മത്സരാര്‍ത്ഥികള്‍ വടിക്കു മുകളിലൂടെ ചാടണം. വടി താഴെ വീണാല്‍ ചാട്ടം ഫൗള്‍ ആകും. ഫൗള്‍ അല്ലാത്ത ചാട്ടങ്ങള്‍ മാത്രം സ്വീകരിക്കണം. സ്വീകാര്യമായ ചാട്ടത്തിന്‍റെ ഉയരം പരിഗണിച്ചു വിജയികളെ നിര്‍ണ്ണയിക്കണം. ഇതാണ് ശരിയായ രീതി.

ഇതിനു പകരം ചാട്ടത്തിന്‍റെ ഭംഗിയും ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിട്ടു ഫലം പ്രഖ്യാപിച്ചാല്‍  അത് അമ്പേ തെറ്റാകും. അതുകൊണ്ടാണു പറയുന്നതു ശരിയും തെറ്റും വേര്‍തിരിച്ച് അറിയാവുന്നവര്‍ വേണം മത്സരം നടത്താന്‍ എന്ന്.

ഇതുപോലെ അക്ഷരശ്ലോകത്തിലും ശരിയും തെറ്റും ഉണ്ട്. അനുഷ്ടുപ്പല്ലാത്ത ശ്ലോകങ്ങള്‍ അക്ഷരനിബന്ധന പാലിച്ചും തെറ്റു കൂടാതെയും തപ്പിത്തടയാതെയും ചൊല്ലിയാല്‍ സ്വീകാര്യമാകും. ഓരോ റൗണ്ടിലും സ്വീകാര്യമായ രീതിയില്‍ ഒരു ശ്ലോകം ചൊല്ലണം. ചൊല്ലാതിരുന്നാല്‍ അച്ചുമൂളലാകും. അച്ചുമൂളിയവനെ പരാജിതന്‍ എന്നു വിധിക്കണം.

അതിനു പകരം ശ്ലോകത്തിന്‍റെ സാഹിത്യമൂല്യം, ചൊല്ലിയവന്‍റെ സ്വരമാധുര്യം മുതലായവ അളന്നു മാര്‍ക്കിട്ടു വിധി പ്രസ്താവിച്ചാല്‍ അതു തെറ്റാകും.

ഇവിടെയും ശരിയും തെറ്റും വേര്‍തിരിച്ച് അറിയാവുന്നവര്‍ വേണം മത്സരം നടത്താന്‍. അല്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. അത്തരം മത്സരങ്ങളെ നിര്‍ഗ്ഗുണം എന്നു തന്നെ പറയേണ്ടി വരും.

അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം അളക്കുന്നതു പോലും തെറ്റാണ്. അപ്പോള്‍ പിന്നെ സ്വരമാധുര്യം, സംഗീതം, ശൈലി മുതലായവ അളക്കുന്നതിനെപ്പറ്റി പറയേണ്ടതുണ്ടോ?

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കണ്ണിലുണ്ണികളെ ജയിപ്പിക്കരുത്

അക്ഷരശ്ലോകത്തിന്‍റെ നിയമം അനുസരിച്ച് അച്ചു മൂളിയവന്‍ പരാജിതനാണ്. പക്ഷേ ഇപ്പോള്‍ ചില അഭിനവ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ അച്ചുമൂളിയവരെയും ജയിപ്പിക്കാറുണ്ട്. അതിന് അവര്‍ എഴുന്നള്ളിക്കാറുള്ള ഒരു മുടന്തന്‍ ന്യായമുണ്ട്.

“ഒരക്ഷരത്തില്‍ ശ്ലോകം കിട്ടിയില്ലെങ്കിലും മറ്റെല്ലാ അക്ഷരങ്ങളിലും നല്ല സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു.”

ഇതു ധിക്കാരവും ധാര്‍ഷ്ട്യവും വിവരക്കേടും സ്വജനപക്ഷപാതവും ആണ്. ചെസ്സു കളിയില്‍ അടിയറവു പറഞ്ഞവന്‍ പരാജിതന്‍ ആകുന്നതു പോലെ ഇവിടെ അച്ചു മൂളിയവന്‍ പരാജിതന്‍ ആകും. അതു മാറ്റാന്‍ ഒരു ഉന്നതനും സര്‍വ്വജ്ഞനും അധികാരമില്ല. തലയ്ക്കകത്തു സാമാന്യം ഭേദപ്പെട്ട കളിമണ്ണെങ്കിലും ഉള്ള ആരും ഇത്തരം തരം താണ പ്രവൃത്തി ചെയ്യുകയില്ല.