സര്‍വ്വജ്ഞന്മാര്‍ അറിയാന്‍

അല്ലയോ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരേ! അക്ഷരശ്ലോകത്തെപ്പറ്റി എല്ലാം അറിയാം എന്ന് അഹങ്കരിക്കുന്ന നിങ്ങള്‍ ഇനിയും കുറേ കാര്യങ്ങള്‍ അറിയാനുണ്ട്. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും. ഇതാണ് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വം. ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ട് അടുത്തയാള്‍ ശ്ലോകം ചൊല്ലണം. ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ പരാജയം സമ്മതിക്കണം. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും പാടില്ല. ഇങ്ങനെയാണു നിയമങ്ങള്‍. അക്ഷരശ്ലോകത്തിന്റെ ലക്‌ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ല. ആയിരുന്നുവെങ്കില്‍ ഈ നിയമങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.
ഭംഗിയായി ചൊല്ലിയാല്‍ ജയിക്കും എന്നും ഭംഗി ഇല്ലാതെ ചൊല്ലിയാല്‍ തോല്‍ക്കും എന്നൊരു നിയമം അക്ഷരശ്ലോകത്തില്‍ ഇല്ല. സ്വരമാധുര്യം ഉണ്ടെങ്കില്‍ ജയിക്കും, പാട്ടറിയമെങ്കില്‍ ജയിക്കും എന്നിങ്ങനെയും നിയമങ്ങള്‍ ഇല്ല.സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിയാല്‍ ജയിക്കും എന്നും നിയമം ഇല്ല. ചൊല്ലല്‍ പണ്ഡിതോചിതം ആകേണ്ട ആവശ്യവും ഇല്ല. ഇപ്പറഞ്ഞ മേന്മകള്‍ ഒന്നുപോലും ഇല്ലാത്ത സാധാരണക്കാര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. ജയിക്കുകയും ചെയ്യാം. അവരെ താഴ്ത്തിക്കെട്ടാനോ പുറന്തള്ളാനോ യാതൊരു നിയമവും ഇല്ല.
അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്ന ആരും അച്ചു മൂളിയവരെ ജയിപ്പിക്കുകയില്ല. അച്ചുമൂളാത്തവരെ എലിമിനേറ്റു ചെയ്യുകയും ഇല്ല.
ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത സര്‍വ്വജ്ഞന്മാര്‍ക്കും കഥയറിയാതെ ആട്ടം കാണുന്ന ആസ്വാദകവരേണ്യന്‍മാര്‍ക്കും അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കാന്‍ യാതൊരവകാശവും ഇല്ല.

ആര്‍ക്കാണ് അര്‍ഹത ഇല്ലാത്തത്?

അക്ഷരശ്ലോകം ചൊല്ലാന്‍ ആര്‍ക്കാണ്‌ അര്‍ഹത ഇല്ലാത്തത്? മലയാളഭാഷ ഒരു വിധം തെറ്റു കൂടാതെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ആര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. മത്സരത്തില്‍ ജയിക്കുകയും ചെയ്യാം. ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരത്തില്‍ അതിനു യാതൊരു തടസ്സവും ഉണ്ടാവുകയില്ല. സാഹിത്യമര്‍മ്മജ്ഞത, സംസ്കൃതപരിജ്ഞാനം, ശബ്ദമേന്മ, സംഗീതപാടവം മുതലായ വിശേഷയോഗ്യതകള്‍ യാതൊന്നും ആവശ്യമില്ല. “ഇണങ്ങി നില്‍ക്കും ശ്രുതിയില്ല രാഗമില്ലക്ഷരവ്യക്തിയുമേറെയില്ല” എന്നു വള്ളത്തോള്‍ പറഞ്ഞ മട്ടില്‍ ഉള്ള പാമരന്‍മാര്‍ക്കും ഈ വേദി അന്യമല്ല. അന്യമാകാന്‍ പാടുള്ളതുമല്ല. സാധാരണക്കാരില്‍ സാധാരണക്കാര്‍ ആയ അവരുടെ അര്‍ഹത അനിഷേദ്ധ്യമാണ്. അര്‍ഹത മാത്രമല്ല അവകാശവും കൂടി ആണത്. പുരോഗമനത്തിന്റെ പേരില്‍ അതു നിഷേധിക്കുന്ന ഉന്നതന്‍മാര്‍ അന്യായമാണു പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കാണ് അങ്ങനെ ചെയ്യാന്‍ അര്‍ഹത ഇല്ലാത്തത്.

അക്ഷരശ്ലോകവും ശബ്ദമേന്മയും

അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ശബ്ദത്തിനു ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമത്രേ. എത്ര ഗുണങ്ങളാണു വേണ്ടതെന്നു ചോദിച്ചാല്‍ ആറു ഗുണങ്ങള്‍ എന്നു കൃത്യമായ മറുപടിയും കിട്ടും. ഇതൊക്കെ കണ്ടുപിടിച്ചതു തൃശ്ശൂരിലെ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍മാരാണ്. അവരുടെ വിദഗ്ദ്ധാഭിപ്രായം അനുസരിച്ചു ലോകം ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട് ആണ്. ശബ്ദത്തിന് ഉണ്ടായിരിക്കണം എന്ന് അവര്‍ പറയുന്ന ആറു ഗുണങ്ങള്‍ (ഷഡ്ഗുണങ്ങള്‍) ഒന്നു പോലും കുറയാതെ വേണ്ട അളവില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുവത്രേ. ആറു ഗുണങ്ങളും തികഞ്ഞ ആള്‍ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകും. അഞ്ചു ഗുണങ്ങളേ ഉള്ളൂ എങ്കില്‍ അയാള്‍ ഒരു പടി താഴെ ആകും. ശബ്ദഗുണങ്ങള്‍ ഒന്നും ഇല്ലാത്തവരും ഒന്നോ രണ്ടോ മാത്രം ഉള്ളവരും എലിമിനേറ്റു ചെയ്യപ്പെടേണ്ട എഴാംകൂലികളാണ്. പുരോഗമനം എപ്പടി?

രണ്ട് ആവശ്യങ്ങള്‍ (Two demands)

അല്ലയോ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍മാരേ! നിങ്ങള്‍ സാഹിത്യമൂല്യം, അവതരണഭംഗി,ആസ്വാദ്യത,കലാമൂല്യം മുതലായ ഭംഗിയും പകിട്ടും ഉള്ള വാക്കുകള്‍ കൊണ്ട് അലങ്കരിച്ച ചില ചപ്പടാച്ചി വാദങ്ങളെ മൂര്‍ച്ചയേറിയ ആയുധങ്ങളാക്കി ഉപയോഗിച്ചു വിദ്യാഭ്യാസവും ചിന്താശക്തിയും മറ്റും കുറഞ്ഞ സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികളെ ആക്രമിച്ചു കീഴടക്കി ഭരിച്ചുപോരുകയാണല്ലോ. നിങ്ങളുടെ പ്രവൃത്തികള്‍ അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരാണ്. അതുകൊണ്ടു തന്നെ കടുത്ത അന്യായവും ആണ്. അതിനാല്‍ മേല്‍പ്പറഞ്ഞ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ നിങ്ങളോടു രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുന്നു.
1. ശ്ലോകം അറിയാവുന്നവരെ എലിമിനേറ്റു ചെയ്യാതിരിക്കുക.
2. ശ്ലോകം അറിഞ്ഞുകൂടാത്തവരെ(അച്ചു മൂളിയവരെ) ജയിപ്പിക്കതിരിക്കുക.

നിങ്ങളുടെ പ്രവൃത്തികളിലെ തെറ്റും അന്യായവും ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികള്‍ക്കും മനസ്സിലായിട്ടില്ല. അതുകൊണ്ടു മാത്രമാണു നിങ്ങള്‍ക്ക് അവരെ ഇത്ര എളുപ്പത്തില്‍ അടക്കി ഭരിക്കാന്‍ കഴിയുന്നത്‌. പക്ഷേ ഈ സ്ഥിതി എക്കാലവും തുടരുമെന്നു പ്രതീക്ഷിക്കാവുന്നതല്ല. അക്ഷരശ്ലോകക്കാര്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്‍മാരാകുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് അവര്‍ ഒരുമിച്ചു നിന്ന് ഒന്ന് ഊതിയാല്‍ മതി നിങ്ങള്‍ പറന്നു പോകാന്‍. അതുവരെ കാത്തിരിക്കാതെ നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ എത്രയും വേഗം സ്വമേധയാ തിരുത്തിയാല്‍ അതു നിങ്ങള്‍ക്കും അക്ഷരശ്ലോകപ്രസ്ഥാനത്തിനും ഒരുപോലെ ഗുണകരമായിരിക്കും.

നിയമം എന്തു പറയുന്നു?

അക്ഷരശ്ലോകത്തിന്റെ നിയമം വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു പ്രാചീന ശ്ലോകം ഉണ്ട്: അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം;അച്ചു കൂടാതെ ചൊല്ലീടില്‍ അക്കൈയ്ക്കു വള നല്‍കുവന്‍. കിട്ടിയ അക്ഷരങ്ങളില്‍ ഒന്നിലും മുട്ടിപ്പോകാതെ (അച്ചു മൂളാതെ) അവസാനം വരെ ചൊല്ലുന്ന ആളിന്റെ കയ്യില്‍ വള ഇട്ടു കൊടുക്കണം എന്നാണ് അര്‍ത്ഥം. അച്ചുമൂളാത്തവര്‍ ജയിക്കണം എന്നു ചുരുക്കം. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണം എന്നോ ഭംഗിയായി ചൊല്ലുന്നവര്‍ ജയിക്കണം എന്നോ നിയമം അനുശാസിക്കുന്നില്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ എന്നും കുറഞ്ഞ ശ്ലോകങ്ങള്‍ എന്നും ഒരു വിഭജനവും അക്ഷരശ്ലോകത്തില്‍ ഇല്ല. അനുഷ്ടുപ്പ് ശ്ലോകങ്ങളും അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങളും എന്നു മാത്രമേ വിഭജനം ഉള്ളൂ. സാഹിത്യമൂല്യം എത്ര കൂടുതല്‍ ഉണ്ടായിരുന്നാലും അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ വര്‍ജ്ജ്യമാകും. അതുപോലെ തന്നെ സാഹിത്യമൂല്യം എത്ര കുറഞ്ഞാലും അനുഷ്ടുപ്പ് അല്ലാത്തവ സ്വീകാര്യവും ആകും. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സര്‍വ്വാത്മനാ സ്വീകാര്യമാണ്. അവയില്‍ എത്ര സാഹിത്യമൂല്യം ഉണ്ടെന്നു ചികഞ്ഞു നോക്കേണ്ട യാതൊരാവശ്യവും ഇല്ല.

സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണമെന്നും അല്ലാത്തവര്‍ തോല്‍ക്കണമെന്നും ഒരു നിയമം അക്ഷരശ്ലോകത്തില്‍ ഇല്ലേ ഇല്ല. ഭംഗിയായിട്ടു ചൊല്ലുന്നവര്‍ ജയിക്കണമെന്നും ഭംഗി ഇല്ലാതെ ചൊല്ലുന്നവര്‍ തോല്‍ക്കണമെന്നും വിധിക്കുന്ന നിയമവും ഇല്ല തന്നെ. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നുള്ള മാര്‍ക്കിടലിന് അക്ഷരശ്ലോകത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ വരുന്നവരുടെ ബുദ്ധിശക്തിയും വിദ്യാഭ്യാസയോഗ്യതയും മറ്റും അളന്നു മാര്‍ക്കിടുന്നതു പോലെ ശുദ്ധ അസംബന്ധവും വിവരക്കേടും ആണ് അത്.

ശ്ലോകം ചൊല്ലുന്നവര്‍ക്കു തികച്ചും വ്യത്യസ്തമായ രണ്ടു കഴിവുകള്‍ ഉണ്ടായിരിക്കും.അച്ചുമൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവാണ് ഒന്നാമത്തേത്. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായിട്ടു ചൊല്ലി ശ്രോതാക്കളെ പുളകം കൊള്ളിക്കാനുള്ള കഴിവാണു രണ്ടാമത്തേത്‌. ഇവയില്‍ ആദ്യത്തെ കഴിവിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഉള്ള ഒരു സാഹിത്യവിനോദമാണ്‌ അക്ഷരശ്ലോകം. അതില്‍ മാര്‍ക്കിടല്‍ എലിമിനേഷന്‍ മുതലയാവയ്ക്കു സ്ഥാനമില്ല.

രണ്ടാമത്തെ കഴിവിന്റെ അടിസ്ഥാനത്തില്‍ ഒരു മത്സരം വേണമെങ്കില്‍ അതും നടത്താവുന്നതാണ്. അതില്‍ മാര്‍ക്കിടലും എലിമിനേഷനും എന്നല്ല എസ്.എം.എസ്. വോട്ടിംഗ് കൂടി വേണമെങ്കിലും ആകാം. പക്ഷേ അതില്‍ അക്ഷരനിബന്ധനയോ അനുഷ്ടുപ്പ് ഒഴിവാക്കലോ ഒട്ടും ആവശ്യമില്ല. അത്തരം മത്സരത്തിന് ഒരു പുതിയ പേരു കൊടുത്താല്‍ അത്യുത്തമം ആയിരിക്കും. ശ്ലോകാവതരണമത്സരം എന്ന പേരു വളരെ ഉചിതമാണ്. ശ്ലോകാവതരണവിദഗ്ദ്ധന്‍മാരും കലാസ്വാദകന്മാരും ഒക്കെ അക്ഷരശ്ലോകവേദികളിലേക്കു വലിഞ്ഞുകയറി വന്നു മാര്‍ക്കിടലും എലിമിനേഷനും നടത്തുകയും അച്ചു മൂളിയവരെ ജയിപ്പിക്കുകയും ചെയ്യുന്നതു ധിക്കാരവും വിവരക്കേടും മാത്രമല്ല അക്ഷരശ്ലോകക്കാരുടെ അവകാശങ്ങള്‍ക്കു മേലുള്ള നഗ്നമായ കടന്നാക്രമണം കൂടിയാണ്.