മാര്‍ക്കിടല്‍ ഉള്ള അക്ഷരശ്ലോകമത്സരങ്ങളില്‍ പങ്കെടുത്തു സ്ഥിരമായി ജയിക്കുകയും
വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍, ഗോള്‍ഡ് മെഡലിസ്റ്റുകള്‍ എന്നൊക്കെ
മുക്തകണ്ഠം പ്രശംസിക്കപ്പെടുകയും ചെയ്യുന്ന ചില കേമന്മാരുണ്ട്. അവരോട് എന്താണു
നിങ്ങളുടെ വിജയരഹസ്യം എന്നു ചോദിച്ചാല്‍ അവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന
ഒരു മറുപടിയുണ്ട്. “ഞങ്ങള്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നു.
നിങ്ങളെപ്പോലെ നാല്ക്കാലി ശ്ലോകങ്ങള്‍ ചൊല്ലുന്നില്ല”. ശരിക്കും സാഹിത്യമൂല്യമാണോ
അവര്‍ക്ക് ഈ മാര്‍ക്കെല്ലാം നേടിക്കൊടുക്കുന്നത്? ഒരിക്കലുമല്ല. മാര്‍ക്കു നേടിത്തരുന്നതില്‍
സാഹിത്യമൂല്യം വളരെ നിസ്സാരമായ ഒരു പങ്കു മാത്രമേ വഹിക്കുന്നുള്ളൂ. മാര്‍ക്കിന്റെ
സിംഹഭാഗവും നേടിത്തരുന്നത് ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതവാസനയും ആണ്.
ഈ സത്യം ബോദ്ധ്യമാകണമെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന നാരായണീയം
അക്ഷരശ്ലോകമത്സരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മതി. സാഹിത്യമൂല്യത്തിന്റെ
കാര്യത്തില്‍ ഒരേ നിലവാരമുള്ള ശ്ലോകങ്ങളാണ് അതില്‍ ചൊല്ലപ്പെടുക. എന്നിട്ടും ചില
ഭാഗ്യവാന്മാര് (ഭാഗ്യവതികള്‍) മാത്രം ജയിക്കുന്ന സ്ഥിരം കാഴ്ച്ചയാണ് അവിടെ കാണാന്‍
കഴിയുക. നാരായണീയം മുഴുവന്‍ മനഃപാഠം ആക്കിയാലും ശബ്ദമേന്മയും സംഗീതവും
ഇല്ലാത്ത ഒരാള്‍ക്ക് ഒരിക്കലും ജയിക്കാന്‍ കഴിയുകയില്ല. കഷ്ടിച്ച് അറുപതോ എഴുപതോ
ശ്ലോകങ്ങള്‍ പഠിച്ചുകൊണ്ടു വരുന്ന ഒരു മധുരസ്വരക്കാരിയുടെ മുമ്പില്‍ അയാള്‍ക്ക്
അടിയറവു പറയേണ്ടി വരും എന്ന കാര്യം തീര്‍ച്ച.
സാഹിത്യമൂല്യമാണു മാര്‍ക്കു നേടിത്തരുന്നത് എന്ന ചപ്പടാച്ചി വാദത്തിന്റെ പൊള്ളത്തരം
തിരിച്ചറിയുക.