അസ്ഥാനത്തുള്ള അവജ്ഞ വഴി തെറ്റിക്കും.

ചിലരോടു ചിലര്‍ക്ക് അവജ്ഞ തോന്നുന്നതു സ്വാഭാവികമാണ്. പൊങ്ങച്ചക്കാരോടും പമ്പരവിഡ്ഢികളോടും ഒക്കെ അവജ്ഞ തോന്നാം. അതിനെയാണ് അര്‍ഹിക്കുന്ന അവജ്ഞ എന്നു പറയുന്നത്. പക്ഷെ അവജ്ഞ ഒട്ടും അര്‍ഹിക്കാത്തവരോടും ചിലപ്പോള്‍ ചിലര്‍ക്ക് അവജ്ഞ തോന്നും. അത്തരം അവജ്ഞ അനിയന്ത്രിതമായി മനസ്സില്‍ വളരാന്‍ അനുവദിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര കെങ്കേമന്മാരായാലും അവര്‍ക്കു വഴി തെറ്റും. അത്തരം ഒരു വഴിതെറ്റലാണ് 1955ല്‍ അക്ഷരശ്ലോകം പരിഷ്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍വ്വജ്ഞന്മാര്‍ക്കു സംഭവിച്ചത്. അതിന്‍റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് അസ്ഥാനത്തുള്ള അവജ്ഞയ്ക്ക് ഒരു ഉദാഹരണം പറയാം.

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അട്ടപ്പാടിയിലെ ഒരു ആദിവാസി വരുന്നു. അയാള്‍ക്ക് അക്ഷരാഭ്യാസമോ രാഷ്ട്രീയാവബോധമോ ഒന്നുമില്ല. അയാളെ കണ്ടിട്ടു വിദ്യാസമ്പന്നനായ ഒരു നേതാവു പറയുകയാണ് “നീയൊക്കെ വോട്ടു ചെയ്തിട്ട് എന്തു കാര്യം? ഇന്‍ഡ്യയുടെ തലസ്ഥാനം ഏതെന്നു പോലും അറിഞ്ഞുകൂടാത്ത നിന്‍റെയൊക്കെ അഭിപ്രായം അനുസരിച്ചാണോ ഇന്ത്യാമഹാരാജ്യത്തിന്‍റെ ഭാവി തീരുമാനിക്കേണ്ടത്? നിന്‍റെയൊക്കെ പേരു വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിക്കളയുകയാണു വേണ്ടത്.എങ്കില്‍ മാത്രമേ ജനാധിപത്യത്തിനു വിലയും  നിലയും ഉണ്ടാവുകയുള്ളൂ.”

ഇതാണ് അസ്ഥാനത്തുള്ള അവജ്ഞ. വോട്ടു ചെയ്യാന്‍ ഈ നേതാവിനുള്ള അത്ര തന്നെ അവകാശം ആ  നിരക്ഷരകുക്ഷിയായ ആദിവാസിക്കും ഉണ്ട്.ഈ അവജ്ഞയുമായി മുന്നോട്ടു പോയാല്‍ നേതാവിനു വഴി തെറ്റും. തീര്‍ച്ച.

ഇനി നമ്മുടെ   അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരിലേക്കു തിരിച്ചു വരാം.1955 വരെ സമത്വസുന്ദരമായ  ഒരു   സാഹിത്യവിനോദമായിരുന്നു അക്ഷരശ്ലോകം. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും അതില്‍  സ്ഥാനം ഉണ്ടായിരുന്നു. ആര്‍ക്കും ആരോടും അവജ്ഞ തോന്നിയിരുന്നില്ല. പക്ഷെ  1955 ആയപ്പോഴേക്കും പണ്ഡിതന്മാരുടെ മനസ്സില്‍  പാമരന്മാരോട് ഒരു അവജ്ഞ    ഉദ്ഭവിച്ചു. സഹിതമൂല്യം  കുറഞ്ഞ നാല്‍ക്കാലി   ശ്ലോകങ്ങള്‍  ചൊല്ലുന്ന   ഈ  ഏഴാംകൂലികള്‍  മഹത്തായ അക്ഷരശ്ലോകകലയില്‍ അധികപ്പറ്റാണെന്നും അവരെയെല്ലാം     നിഷ്കാസനം   ചെയത്‌ അക്ഷരശ്ലോകത്തിന്റെ മൂല്യം, നില, വില , ആസ്വാദ്യത   ഇതൊക്കെ വര്‍ദ്ധിപ്പിക്കേണ്ടത്  അത്യന്താപേക്ഷിതമാണെന്നും അവര്‍ തീരുമാനിച്ചു. സാഹിത്യമൂല്യവും ആസ്വാദ്യതയും   അളന്നുള്ള മാര്‍ക്കിടലും എലിമിനേഷനും   തുടങ്ങി.

സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവരും സ്വരമാധുര്യവും പാട്ടും ഉള്ളവരും  ആയ ഒരു  ന്യൂനപക്ഷത്തിന്‍റെ കുത്തകയായി  മാറി അക്ഷരശ്ലോകം. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ക്ക് അക്ഷരശ്ലോകം  ബാലികേറാമലയായി. അതോടെ  വമ്പിച്ച പുരോഗമനം ഉണ്ടാക്കി എന്നു സര്‍വ്വജ്ഞന്മാര്‍ വീമ്പിളക്കിക്കൊണ്ടു നടക്കാനും തുടങ്ങി.

യഥാര്‍ത്ഥത്തില്‍ പാമരന്മാരും  സാധാരണക്കാരും ഈ  അവജ്ഞ അര്‍ഹിക്കുന്നുണ്ടോ? ഇല്ല. ഇതും അസ്ഥാനത്തുള്ള അവജ്ഞയാണ്.

സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം  എന്ന് അക്ഷരശ്ലോകത്തിന്‍റെ ഒരു നിയമവും  അനുശാസിക്കുന്നില്ല. അനുഷ്ടുപ്പ് അല്ലാത്ത  ശ്ലോകം വേണം, ശ്ലോകത്തിന് ഒരു ആശയം വേണം; വൃത്തഭംഗാദിദോഷങ്ങള്‍ ഉണ്ടായിരിക്കരുത് ഇങ്ങനെയൊക്കെയാണ് നിയമങ്ങള്‍.

ഇതൊന്നും ആലോചിക്കാതെ അവജ്ഞയുമായി  മുന്നോട്ടു പോയ സര്‍വ്വജ്ഞന്മാര്‍ക്കു വഴി തെറ്റുക തന്നെ ചെയ്തു.   അവരുടെ വമ്പിച്ച പുരോഗമനം അധഃപതനമായി മാറി. അവര്‍ അത് അറിയുന്നില്ലെന്നു മാത്രം.

ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

കഥാപ്രസംഗവും അക്ഷരശ്ലോകവും

 

ഒരിടത്ത് ഒരു കലാപ്രേമി ഉണ്ടായിരുന്നു. അയാള്‍ക്കു പെട്ടെന്ന് അദമ്യമായ ഒരു ആഗ്രഹം ഉണ്ടായി. ഒരു കഥാപ്രസംഗക്കാരന്‍ ആകണം. ഉടന്‍ തന്നെ പഠനം തുടങ്ങി. പാടു പെട്ടു ധാരാളം കഥകള്‍ പഠിച്ചു. പിന്നീടു വേദികളില്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ തുടങ്ങി. പക്ഷെ അയാള്‍ക്കു സ്വരമാധുര്യമോ സംഗീതഗന്ധിയായ ആലാപനശൈലിയോ ആകര്‍ഷകമായ ആകാരസൌഷ്ഠവമോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ശ്രോതാക്കള്‍ അയാളെ കയ്യൊഴിഞ്ഞു. അയാളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആരും വരാതായി. അങ്ങനെ അയാള്‍ക്കു തന്‍റെ പ്രിയപ്പെട്ട കലയോടു വിട പറയേണ്ടി വന്നു. അയാള്‍ വിചാരിച്ചതു നല്ല മൂല്യമുള്ള കഥകള്‍ തെരഞ്ഞെടുത്തു ശ്രോതാക്കള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ചാല്‍ ശ്രോതാക്കള്‍ സ്വീകരിച്ചുകൊള്ളും എന്നായിരുന്നു. പക്ഷെ അയാളുടെ പ്രതീക്ഷ അസ്ഥാനത്തായി.

ഇങ്ങനെ സംഭവിച്ചത്  ആരുടെ തെറ്റു കൊണ്ടാണ്‌?  ശ്രോതാക്കളുടെ  തെറ്റാണോ? അല്ല. കഥാപ്രസംഗകല ആവിഷ്കരിച്ചവരുടെ  തെറ്റാണോ? അതുമല്ല. നമ്മുടെ കലാപ്രേമിയുടെ തെറ്റു തന്നെ. സ്വരമാധുര്യവും സംഗീതവാസനയും ആകാരസൌഷ്ഠവവും ഒക്കെ ഒത്തിണങ്ങിയവര്‍ക്കു മാത്രമേ കഥാപ്രസംഗകലാകാരന്‍ ആകാന്‍ കഴിയൂ എന്ന നഗ്നസത്യം അയാള്‍ അറിയണമായിരുന്നു.

ഈ നഗ്നസത്യം അക്ഷരശ്ലോകക്കാര്‍ക്കും ബാധകമാണോ? ആണെന്നാണു ചിലരുടെ പ്രവര്‍ത്തനശൈലി കണ്ടാല്‍ തോന്നുക. പക്ഷേ യഥാര്‍ത്ഥ്യം അതില്‍ നിന്നു വളരെ വിദൂരമാണ്. കഥാപ്രസംഗക്കാര്‍ക്കു വേണ്ട യാതൊരു ഗുണവും അക്ഷരശ്ലോകക്കാര്‍ക്കു വേണ്ടതില്ല.  അക്ഷരശ്ലോകക്കാരെ  തള്ളിക്കളയാന്‍ ശ്രോതാക്കള്‍ക്ക് ആവുകയില്ല. അക്ഷരശ്ലോകക്കാരന്റെ നിലനില്‍പ്പു ശ്രോതാക്കളെ   ആശ്രയിച്ചല്ല. ശ്രോതാക്കള്‍ക്ക് അയാളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ യാതൊരവകാശവും ഇല്ല. അക്ഷരശ്ലോകക്കാരനു സ്വരമാധുര്യമോ പാട്ടോ ആകാരസൌഷ്ഠവമോ ഒന്നും ആവശ്യമില്ല.

അക്ഷരശ്ലോകം കലയേ അല്ല എന്നതാണു സത്യം. അതു ചതുരംഗം പോലെ ഒരു വിനോദമാണ്‌. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും.ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. അവിടെ ശ്രോതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എന്തു  പ്രസക്തി? അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്നു ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ആസ്വാദകവരേണ്യന്മാര്‍ ഇടുന്ന മാര്‍ക്കിന് എന്തു വില?