വിഡ്ഢിത്തത്തില്‍ നിന്നു മുളച്ചുപൊങ്ങിയ വിനാശവൃക്ഷം

അക്ഷരശ്ലോകത്തില്‍ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമനം” എങ്ങനെയാണ് ഉണ്ടായത്? എല്ലാ അക്ഷരശ്ലോകപ്രേമികളും ശരിക്ക് അറിഞ്ഞിരിക്കേണ്ട രസകരമായ ഒരു കഥയാണ് അത്.

അക്ഷരശ്ലോകത്തെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ അറിയാതെ അക്ഷരശ്ലോകസര്‍വ്വജ്ഞരെന്നു ഭാവിച്ചു ചില ഉന്നതന്മാര്‍ ഈ രംഗത്തേക്കു പൊടുന്നനെ കടന്നു വന്നു. അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് അവര്‍ പ്രഖ്യാപിച്ചു. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കണം. അതിനു സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. ഇങ്ങനെ പോകുന്നു അവരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍. ഈ പ്രഖ്യാപനങ്ങള്‍ എല്ലാം ശുദ്ധവിഡ്ഢിത്തം ആയിരുന്നെങ്കിലും അവ എഴുന്നള്ളിച്ച ഉന്നതന്മാരെ എതിര്‍ക്കാന്‍ മത്സരാര്‍ത്ഥികള്‍ക്കു കഴിഞ്ഞില്ല. എതിര്‍ത്താല്‍ കഞ്ഞികുടി മുട്ടിപ്പോകും എന്നു മിക്കവരും ഭയപ്പെട്ടിരുന്നു. ഉന്നതന്മാര്‍ അത്ര വലിയ കൊലകൊമ്പന്മാര്‍ ആയിരുന്നു. എതിര്‍പ്പില്ലാത്തതിനാല്‍ അവര്‍ ഇവിടെ അപ്രതിഹതമായ തേര്‍വാഴ്ച നടത്തി. ശ്രോതാക്കളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത്‌ അളക്കാന്‍ വേണ്ടിയാണ് അവര്‍ മാര്‍ക്കിടല്‍ ഏര്‍പ്പെടുത്തിയത്. മാര്‍ക്കിട്ട് അവര്‍ മധുരസ്വരക്കാരെയും പാട്ടുകാരെയും എല്ലാം അക്ഷരശ്ലോകവിദഗ്ദ്ധന്മാരായി പ്രഖ്യാപിച്ചു. സാഹിത്യമൂല്യം അളക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ അളന്നതു സ്വരമാധുര്യവും പാട്ടും ആയിരുന്നു. അവയാണല്ലോ ആഹ്ലാദിപ്പിക്കല്‍കാരുടെ വജ്രായുധങ്ങള്‍. യേശുദാസ് ഹരിവരാസനം പാടുന്നതു പോലെയും പി. ലീല നാരായണീയം പാടുന്നതു പോലെയും ശ്ലോകങ്ങള്‍ ഭംഗിയായി ആലപിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുകയും അവരുടെ കയ്യടി നേടുകയും ചെയ്യുന്നവരായിരുന്നു ഉന്നതന്മാരുടെ ദൃഷ്ടിയില്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍. ഇങ്ങനെ സ്വരമാധുര്യവും പാട്ടും കൊണ്ടു കേമന്മാരായിത്തീര്‍ന്ന പലരും പിന്നീടു ഭരണാധികാരിപദത്തില്‍ എത്തി. അതോടെ അക്ഷരശ്ലോകത്തിന്‍റെ പതനം പരിപൂര്‍ണ്ണമായി.

ഇപ്പോള്‍ “സാഹിത്യമൂല്യം” “സാഹിത്യമൂല്യം” എന്നു കൊട്ടി ഘോഷിച്ചു കൊണ്ടു സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുന്ന “വമ്പിച്ച പുരോഗമനം” കൊടി കുത്തി വാഴുകയാണ്. അവരുടെ മത്സരങ്ങളില്‍ തുരുതുരെ അച്ചു മൂളിയവര്‍ ജയിക്കുന്നതു നിത്യസംഭവമാണ്. എന്നാലും ആരും ഒരക്ഷരം പോലും എതിര്‍ത്തു പറയുകയില്ല.

അങ്ങനെ അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധ:പതിപ്പിച്ച് അവര്‍ ഇവിടെ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചു. കോഴിക്കോട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം വെടക്കാക്കി തനിക്കാക്കല്‍. അതായതു യഥാര്‍ത്ഥ വിദഗ്ദ്ധന്മാരെ എലിമിനേഷനിലൂടെയും മറ്റും പുറന്തള്ളിയിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുന്ന ശുദ്ധ തട്ടിപ്പ്.

മട്ടുപ്പാവില്‍ വീണ കാക്കക്കാഷ്ഠത്തില്‍ നിന്നു മുളച്ചു പൊന്തുന്ന പേരാല്‍ത്തൈ അനിയന്ത്രിതമായി വളരാന്‍ ഇടയായാല്‍ അതു വീടിനെത്തന്നെ ഞെരിച്ചമര്‍ത്തി തകര്‍ത്തു കളയും എന്നു കാളിദാസന്‍ പറഞ്ഞിട്ടുണ്ട്. ഇതുപോലെ ഒരു തകര്‍ച്ചയാണ്, അക്ഷരശ്ലോകത്തിനു സംഭവിച്ചത്. അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് ഏതോ ഒരു വിഡ്ഢ്യാമ്പറമ്പന്‍റെ തലയില്‍ ഉദിച്ച മൂഢമായ ആശയം യാതൊരു തടസ്സവും ഇല്ലാതെ വളര്‍ന്നു പൊങ്ങി അക്ഷരശ്ലോകത്തെ ഞെരിച്ചു തകര്‍ക്കുന്ന കാഴ്ചയാണു കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ നാം കണ്ടത്.

അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന മൂഢസിദ്ധാന്തത്തെ മുളയിലേ നുള്ളിക്കളയാതിരുന്നതു കൊണ്ടാണു “പ്ലക്ഷപ്രരോഹ ഇവ സൗധതലം ബിഭേദ” (മണിമാളികയെ പേരാലിന്‍ തൈ നശിപ്പിച്ചതു പോലെ) എന്ന അവസ്ഥ ആയത്.

നാണം കെട്ട തോല്‍വി

നാണം കെട്ട തോല്‍വിയോ? അങ്ങനെ പറയുന്നതു സംസ്കാരശൂന്യതയല്ലേ? ഏതു മത്സരം ആയാലും കുറേപ്പേര്‍ തോറ്റല്ലേ മതിയാകൂ? തോല്‍ക്കുന്നതില്‍ എന്താണു നാണക്കേട്‌? തോല്‍ക്കുന്നവര്‍ തോല്‍വി അംഗീകരിച്ചു വിജയികളെ അഭിനന്ദിച്ചു വിശാലമനസ്കത കാട്ടുകയല്ലേ വേണ്ടത്? ഇങ്ങനെയൊക്കെ നിങ്ങള്‍ ചോദിച്ചേക്കാം. തുടര്‍ന്നു വായിക്കുക. അപ്പോള്‍ കാര്യം ശരിക്കു മനസ്സിലാകും.

ഒരിടത്ത് ഒരു അക്ഷരശ്ലോക അവതരണമത്സരം നടന്നു. മൊത്തം 20 റൗണ്ട് ആണ്. ചില റൌണ്ടുകളില്‍ വൃത്തനിബന്ധനയും ഉണ്ട്. അതില്‍ പങ്കെടുത്ത ഒരു മഹാനു മന്ദാക്രാന്തയില്‍ ക ചൊല്ലേണ്ടി വന്നു. അദ്ദേഹത്തിനു ചൊല്ലാന്‍ കഴിഞ്ഞില്ല. അച്ചുമൂളിയവരെ പുറത്താക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. അതിനാല്‍ ആ മഹാന്‍ മത്സരത്തില്‍ തുടര്‍ന്നു. അവസാനം മാര്‍ക്കു കൂട്ടി നോക്കിയപ്പോള്‍ അദ്ദേഹത്തിന് ആയിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്ക്. അദ്ദേഹത്തിനു സമ്മാനം കൊടുക്കണമോ വേണ്ടയോ എന്ന കാര്യം ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങള്‍ ഉയര്‍ന്നു. അദ്ദേഹത്തിന് അനുകൂലമായി നാലു ഘടകങ്ങള്‍ ഉണ്ടായിരുന്നു.

  1. അദ്ദേഹം സംഘാടകര്‍ക്കു വേണ്ടപ്പെട്ട ആളാണ്.
  2. അദ്ദേഹം ദൂരെ നിന്നു വന്ന ആളാണ്.
  3. അദ്ദേഹം അറിയപ്പെടുന്ന ഒരു വിദഗ്ദ്ധനാണ്.
  4. അദ്ദേഹം ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി തന്‍റെ “അക്ഷരശ്ലോക”വൈദഗ്ദ്ധ്യം തെളിയിച്ചു

അങ്ങനെ അവസാനം അദ്ദേഹത്തിന് ഒന്നാം സമ്മാനം തന്നെ കൊടുത്തു. 20 റൗണ്ടിലും ശ്ലോകം ചൊല്ലിയവര്‍ പലരും ഉണ്ടായിരുന്നെങ്കിലും അവരില്‍ മിക്കവര്‍ക്കും ഒരു സമ്മാനവും കിട്ടിയില്ല. അധികാരികളുടെ ദൃഷ്ടിയില്‍ അവര്‍ പരാജിതര്‍ ആയിരുന്നു.

ഇത്തരം തോല്‍വിയാണു നാണം കെട്ട തോല്‍വി. അന്തസ്സും അഭിമാനവും ഉള്ള ഒരു അക്ഷരശ്ലോകക്കാരന് ഒരിക്കലും അച്ചു മൂളിയവന്‍റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരരുത്. വന്നാല്‍ അത് ഒരു നാണംകെട്ട തോല്‍വി ആയിരിക്കും. നാണംകെട്ട തോല്‍വി ഏറ്റു വങ്ങേണ്ടി വരാനുള്ള വിദൂരസാദ്ധ്യതയെങ്കിലും കണ്ടാല്‍ അന്തസ്സുള്ള ഒരു അക്ഷരശ്ലോകക്കാരന്‍ ഉടന്‍ തന്നെ മത്സരത്തില്‍ നിന്നു പിന്മാറണം.

ഒരു ചതുരംഗമത്സരത്തില്‍ അടിയറവു പറഞ്ഞവന്‍ ജയിച്ചു എന്നു വിധിച്ചിട്ട്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? “ഞങ്ങള്‍ ഓരോ നീക്കത്തിന്‍റെയും മൂല്യം അളന്നു മാര്‍ക്കിട്ടു. അപ്പോള്‍ അടിയറവു പറഞ്ഞവനു കൂടുതല്‍ മാര്‍ക്കു കിട്ടി” എന്നു പറഞ്ഞാല്‍ അന്തസ്സുള്ള ഒരു ചതുരംഗം കളിക്കാരന്‍ ആ നാണംകെട്ട തോല്‍വി അംഗീകരിച്ച് ഓച്ഛാനിച്ചു നില്‍ക്കുമോ?

ഒരു ചതുരംഗം കളിക്കാരന് അടിയറവു പറഞ്ഞവന്‍റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നത് എത്രത്തോളം നാണക്കേടാണോ അത്രത്തോളം നാണക്കേടാണ് ഒരു അക്ഷരശ്ലോകക്കാരന് അച്ചു മൂളിയവന്‍റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നത്. അത്തരം നാണംകെട്ട തോല്‍വി അടിച്ചേല്‍പ്പിക്കുന്നവരുടെ മുമ്പില്‍ അന്തസ്സും അഭിമാനവും ഉള്ള ഒരു അക്ഷരശ്ലോകക്കാരനും ഓച്ഛാനിച്ചു നില്‍ക്കരുത്.

സ്വന്തക്കാര്‍, ആശ്രിതന്മാര്‍, സേവകന്മാര്‍, സ്തുതിപാഠകന്മാര്‍ മുതലായവര്‍ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുക എന്നതു പല സംഘടനകളും സ്വീകരിച്ചിട്ടുള്ള ഒരു നയമാണ്. സാഹിത്യമൂല്യം, അവതരണഭംഗി, ശൈലി, ലാവണ്യം, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ കുറേ ചപ്പടാച്ചികള്‍ പറഞ്ഞാല്‍ ഈ ഹീനമായ ദുര്‍ന്നയത്തെ ന്യായീകരിക്കാം എന്ന് അവര്‍ കരുതുന്നു. ഈ ധിക്കാരത്തിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തന്‍റേടം അക്ഷരശ്ലോകപ്രേമികള്‍ കാണിക്കേണ്ടിയിരിക്കുന്നു.

അച്ചുമൂളിയവന്‍ ദേവേന്ദ്രനയാലും തോറ്റേ മതിയാകൂ. അത് അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വമാണ്. അതു ലംഘിക്കാന്‍ ഒരു ഉന്നതനും അവകാശമില്ല.