പകാരപഞ്ചകം

അക്ഷരശ്ലോകസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയും സര്‍വ്വാധികാര്യക്കാരും ഒക്കെയായി അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കണമെങ്കില്‍ അതിന് അഞ്ചു ഗുണങ്ങള്‍ വേണം. അവയെ പകാരപഞ്ചകം എന്നു വിളിക്കാം. പണം, പ്രതാപം, പാട്ട്, പാണ്ഡിത്യം, പൊങ്ങച്ചം ഇവയാണവ.

പകാരപഞ്ചകം ഉണ്ടെങ്കില്‍ അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടെങ്കിലും നിങ്ങള്‍ക്ക് അക്ഷരശ്ലോകചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ കയറിയിരുന്നു നിര്‍ബ്ബാധം ഭരണം തുടങ്ങാം. അക്ഷരശ്ലോകക്കാര്‍ നിങ്ങളുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നുകൊള്ളും. നിങ്ങള്‍ക്ക് ഏതു നിയമവും ലംഘിക്കാം. ആരെയും ജയിപ്പിക്കാം. ആരെയും എലിമിനേറ്റു ചെയ്യാം. എതിര്‍ത്ത് ഒരക്ഷരം പോലും പറയാന്‍ ആരും ധൈര്യപ്പെടുകയില്ല. അതാണു പകാരപഞ്ചകത്തിന്‍റെ ശക്തി.

നെല്ലു കുത്തുന്നത് ഉമിക്കു വേണ്ടിയോ?

നെല്ലു കുത്തുന്നതിന്റെ ലക്‌ഷ്യം അരി ഉത്പാദിപ്പിക്കലാണ്. ഒപ്പം ഉമിയും തവിടും കൂടി കിട്ടുമെങ്കിലും അവ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്. അരിയെക്കാള്‍ പ്രാധാന്യം അവയ്ക്കില്ല. അതുപോലെ അക്ഷരശ്ലോകമത്സരത്തിന്റെ പ്രധാന ലക്‌ഷ്യം അച്ചു മൂളാതെ ചൊല്ലി ജയിക്കുമ്പോള്‍ മത്സരാര്‍ഥിക്കു ലഭിക്കുന്ന സന്തോഷമാണ്. ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്കും അല്പം സന്തോഷം ലഭിക്കും. പക്ഷേ അതല്ല അക്ഷരശ്ലോകത്തിന്റെ പ്രാഥമിക ലക്‌ഷ്യം. അച്ചുമൂളാതെ ചൊല്ലിയവരെ ജയിപ്പിക്കുന്നതിനു പകരം ശ്രോതാക്കളെ സന്തോഷിപ്പിച്ചവരെ ജയിപ്പിക്കുന്നത് അരിയെക്കാള്‍ പ്രാധാന്യം ഉമിക്കു നല്‍കുന്നതു പോലെ ഒരു ആലോചനാശൂന്യതയാണ്.

അക്ഷരശ്ലോകം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ഉണ്ടാകുന്നതിന്റെ പതിന്മടങ്ങു സന്തോഷം ഫുട്ബാള്‍ കളി കാണുമ്പൊള്‍ കാണികള്‍ക്ക് ഉണ്ടാകുന്നുണ്ട്. എന്നുവച്ച് ആരെങ്കിലും ആ സന്തോഷം മാര്‍ക്കിട്ട് അളന്ന് അതിന്റെ അടിസ്ഥാനത്തില്‍ മത്സരവിജയികളെ കണ്ടെത്താറുണ്ടോ?

മാര്‍ക്കിടല്‍ വിഡ്ഢിത്തം ആകുന്നത്‌ എപ്പോള്‍?

എല്ലാ മത്സരങ്ങളിലും മാര്‍ക്കിടേണ്ട ആവശ്യമില്ല. ചിലതില്‍ മാര്‍ക്കിട്ടാല്‍ അതു പമ്പരവിഡ്ഢിത്തം ആവുകയും ചെയ്യും. ഉദാഹരണമായി ഫുട്ബാള്‍, ക്രിക്കറ്റ്‌, ചെസ്സ്‌. ഫുട്ബാളില്‍ പുരോഗമനത്തിനു വേണ്ടി കളിക്കാരുടെ പ്രകടനത്തിന്‍റെ ആസ്വാദ്യത, മൂല്യം മുതലായവയൊക്കെ മാര്‍ക്കിട്ടളന്നു വിധി നിര്‍ണ്ണയിച്ചാല്‍ എന്തു സംഭവിക്കും? ഗോളടിക്കാത്തവര്‍ ജയിക്കും. ആ “പുരോഗമനം” അഭിലഷണീയം ആണോ? ബ്രസീലും ജര്‍മ്മനിയും തമ്മില്‍ മത്സരിച്ചാല്‍ ബ്രസീലിനായിരിക്കും മാര്‍ക്കു കൂടുതല്‍ ലഭിക്കുക. പക്ഷേ ഗോളടിച്ചതു ജര്‍മ്മനി ആയിരിക്കും. അപ്പോള്‍ മാര്‍ക്കിന്റെ പേരില്‍ ബ്രസീലിനെ ജയിപ്പിച്ചാല്‍ അതു കടുത്ത അനീതിയും ആനമണ്ടത്തരവും ആകും. ഏതു മഹാപണ്ഡിതന്റെ “മൂല്യവാദ”വും അതിനെ ന്യായീകരിക്കാന്‍ പര്യാപ്തമാവുകയില്ല.

ചതുരംഗം കളിയില്‍ ഓരോ നീക്കത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിട്ടു വിധി പ്രസ്താവിച്ചാല്‍ എന്തു സംഭവിക്കും? അടിയറവു പറഞ്ഞയാള്‍ ജയിക്കും. അതു പുരോഗമനം ആകുമോ? ഇല്ല. പമ്പരവിഡ്ഢിത്തമേ ആകുകയുള്ളൂ.

അക്ഷരശ്ലോകത്തില്‍ ഓരോ ശ്ലോകത്തിന്റെയും മൂല്യവും അത് അവതരിപ്പിച്ചതിലെ കലാമേന്മയും ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിടുകയും അച്ചുമൂളിയവരെ മാര്‍ക്കിന്റെ പേരില്‍ ജയിപ്പിക്കുകയും ചെയ്താല്‍ അതു പുരോഗമനം ആകുമോ? ആകുമെന്നു ചില പണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു. ഇതാണു പാണ്ഡിത്യം എങ്കില്‍ പണ്ഡിതന്‍ ആകുന്നതിനേക്കാള്‍ നല്ലതു പാമരന്‍ ആകുന്നതാണ്.

“ശ്ലോകം പാടുന്നവരുടെ കല” അക്ഷരശ്ലോകം

“എന്‍റെ മകള്‍ നന്നായി ശ്ലോകം പാടും.”, “സുനന്ദയുടെ കുട്ടി ശ്ലോകം പാടുന്നതു കേള്‍ക്കാന്‍ ഒട്ടും സുഖമില്ല.”, “ടീച്ചറുടെ മകള്‍ നല്ല രാഗത്തില്‍ പാടുമോ?”. സ്കൂള്‍ യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകമത്സരവേദിക്കരികില്‍ നിന്നാല്‍ കേള്‍ക്കാന്‍ കഴിയുന്ന വാചകങ്ങളാണ് ഇവയൊക്കെ. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി പാടി ശ്രോതാക്കളെ സന്തോഷിപ്പിക്കാനുള്ള ഒരു വേദിയാണ് അക്ഷരശ്ലോകം എന്ന  ധാരണ പൊതുജനങ്ങളുടെ മനസ്സില്‍ രൂഢമൂലം ആയിരിക്കുന്നു. ലളിതഗാനത്തിനു കിട്ടുന്നതു പോലെ ഇതിനും മാര്‍ക്കു കിട്ടും. ഒന്നോ രണ്ടോ അക്ഷരങ്ങളില്‍ ശ്ലോകം ചൊല്ലാതിരുന്നാലും കുഴപ്പമില്ല. ഭംഗിയായി പാടിയാല്‍ കൂടുതല്‍ മാര്‍ക്കു നേടി ജയിക്കാം.

ഇതാണ് അക്ഷരശ്ലോകം. ഈശ്വരോ രക്ഷതു!