വോട്ടര്‍മാര്‍ക്കു വിവേകം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ ഭാവി അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത്രയും പ്രധാനമായ ഈ ഗുണം ആരെങ്കിലും അളന്നു തിട്ടപ്പെടുത്താറുണ്ടോ? ഇല്ല. എന്തുകൊണ്ട്? അതിന്റെ ആവശ്യമില്ല. ജനാധിപത്യം ഒരു തുല്യതാസങ്കല്പ്പത്തില് അധിഷ്ഠിതമാണ്. പതിനെട്ടു വയസ്സു തികഞ്ഞവരും കലശലായ ഭ്രാന്തോ കടുത്ത ക്രിമിനല്‍ കുറ്റവാസനയോ ഇല്ലാത്തവരും ആയ എല്ലാ മനുഷ്യര്‍ക്കും വേണ്ടത്ര വിവേകം ഉണ്ടായിരിക്കും എന്നും അതു തുല്യമാണെന്നും ആണ് ആ സങ്കല്പം. അതുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ വോട്ടിനും മലയപ്പുലയന്റെ വോട്ടിനും ഒരേ മൂല്യം കല്പ്പിച്ചു വോട്ടെണ്ണുന്നത്. വോട്ടര്‍മാരുടെ വിവേകം അളന്നു തിട്ടപ്പെടുത്തി മാര്‍ക്കിട്ടു കൂട്ടിനോക്കി വേണം തെരഞ്ഞെടുപ്പില്‍ വിജയികളെ കണ്ടെത്താന്‍ എന്നു ടി. എന്‍. ശേഷന് പോലും പറഞ്ഞിട്ടില്ല. ജനാധിപത്യം എന്താണെന്ന് അറിയാവുന്ന ആരും അങ്ങനെ പറയുകയും ഇല്ല.
ഇതുപോലെ ഒരു തുല്യതാസങ്കല്പം അക്ഷരശ്ലോകത്തിലും ഉണ്ട്. അനുഷ്ടുപ്പ് അല്ലാത്തതും വ്യക്തമായ ഒരു ആശയം വഹിക്കുന്നതും വൃത്തഭംഗം, വ്യാകരണത്തെറ്റു മുതലായ ദോഷങ്ങള്‍ ഇല്ലാത്തതും ആയ എല്ലാ ശ്ലോകങ്ങള്‍ക്കും വേണ്ടത്ര സാഹിത്യമൂല്യം ഉണ്ടെന്നും അതു തുല്യം ആയിരിക്കും എന്നും ആണ് ആ സങ്കല്പം. തെറ്റു വരുത്താതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ മത്സരാര്‍ത്ഥികള്‍ക്കും തുല്യ മൂല്യം ഉണ്ടെന്നുള്ള മറ്റൊരു സങ്കല്‍പ്പവും ഉണ്ട്. അതിനാല്‍ സാഹിത്യമൂല്യം സ്വരമാധുര്യം പാട്ടു മുതലായ യാതൊന്നും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അച്ചുമൂളാതെ ശ്ലോകം ചൊല്ലിയവരെ മറ്റൊന്നും നോക്കാതെ ജയിപ്പിക്കാം. ജയിപ്പിക്കണം. അതു മാത്രമാണു ശരിയായ രീതി.