അക്ഷരശ്ലോകത്തിന്‍റെ പവിത്രത നശിപ്പിക്കുന്ന തന്നിഷ്ടക്കാര്‍

അക്ഷരശ്ലോകത്തില്‍ അച്ചുമൂളിയവര്‍ക്കു ജയിക്കാന്‍ യാതൊരവകാശവും ഇല്ല. ഫുട്ബാള്‍ മത്സരത്തില്‍ ഗോളടിക്കാത്തവര്‍ക്കും ചതുരംഗത്തില്‍ അടിയറവു പറഞ്ഞവര്‍ക്കും ജയിക്കാന്‍ അവകാശമില്ല എന്നു പറയുന്നതു പോലെയുള്ള പരിപാവനവും അടിസ്ഥാനപരവും ആയ ഒരു നിയമമാണ് ഇത്. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധം വരെ അച്ചുമൂളിയവരെ ജയിപ്പിച്ച ചരിത്രമേ ഇല്ല. പക്ഷേ അതിനു ശേഷം ചില ഉന്നതന്മാര്‍ തങ്ങളുടെ ശിങ്കിടികളും കണ്ണിലുണ്ണികളും അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കാന്‍ തക്കവണ്ണം നിയമങ്ങള്‍ തിരുത്തിയെഴുതി.

അക്ഷരശ്ലോകമത്സരത്തില്‍ വിജയികളെ കണ്ടെത്തേണ്ടതു മാര്‍ക്കിട്ടാണെന്നും മാര്‍ക്കു കൂടുതല്‍ ഉള്ളവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കാമെന്നും ആയിരുന്നു അവര്‍ സൃഷ്ടിച്ച പുതിയ നിയമം. ഇരുപതു റൗണ്ട് ഉള്ള മത്സരത്തില്‍ പതിനാറു റൌണ്ടു ചൊല്ലിയവരെ ജയിപ്പിച്ച ചരിത്രം പോലും ഉണ്ട്. അറിവു വളരെ കുറഞ്ഞവരും അതുകൊണ്ടുതന്നെ ജയിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലാത്തവരും വിദ്വത്സദസ്സില്‍  തുരുതുരെ അച്ചുമൂളി തങ്ങളുടെ വിജ്ഞാനപാപ്പരത്തം  കരതലാമലകം പോലെ വെളിപ്പെടുത്തി മിഴിച്ചിരിക്കുന്നവരും ആയ മൂന്നാംകിട മത്സരാര്‍ത്ഥികളെ ഇങ്ങനെ ഹീനമായ കുടിലതന്ത്രങ്ങളിലൂടെ ജയിപ്പിച്ചിട്ട് അവരെ വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ വാനോളം പുകഴ്ത്താന്‍ ഈ ഉന്നതന്മാര്‍ക്കു യാതൊരുളുപ്പും ഇല്ല.

അക്ഷരശ്ലോകത്തെ അശുദ്ധവും അപവിത്രവും ആക്കി മാറ്റിയാലും കുഴപ്പമില്ല, ഞങ്ങള്‍ക്കു ഞങ്ങളുടെ ഇഷ്ടക്കാരെ ജയിപ്പിച്ചേ തീരൂ എന്നതാണ് ഇക്കൂട്ടരുടെ മനോഭാവം.

അക്ഷരശ്ലോകത്തെ സംരക്ഷിക്കുന്ന ഡോണ്‍ ക്വിക്സോട്ടുകള്‍

ആരാണു ഡോണ്‍ ക്വിക്സോട്ട്? അദ്ദേഹം ഒരു സജ്ജനസംരക്ഷകന്‍ ആയിരുന്നു. ഒരു പടച്ചട്ടയും കുന്തവും ധരിച്ച് ഒരു സുപ്രഭാതത്തില്‍ സജ്ജനസംരക്ഷകനായി സ്വയം പ്രഖ്യാപിച്ചു സമൂഹത്തിലേക്കു ചാടിയിറങ്ങുകയായിരുന്നു. ദുഷ്ടന്മാര്‍ എന്നും നീചന്മാര്‍ എന്നും അദ്ദേഹത്തിനു തോന്നുന്ന എല്ലാവരെയും വീറോടെ ആക്രമിച്ചു നശിപ്പിക്കുക എന്നതാണു പ്രവര്‍ത്തനശൈലി. ഒരു ദിവസം വഴിയില്‍ ഒരു കാറ്റാടിയന്ത്രം (wind mill) കണ്ടു. അത് ഒരു ഭീകരരാക്ഷസന്‍ ആണെന്നു ക്വിക്സോട്ടിനു തോന്നി. ഉടന്‍ അതിനെ അടിച്ചു തകര്‍ത്തു.  പിന്നീട് ഒരിക്കല്‍ ഒരു ആട്ടിന്‍ പറ്റം എതിരേ വരുന്നതു കണ്ടു. അത് ഒരു ശത്രുസൈന്യം ആണെന്നു അദ്ദേഹത്തിനു തോന്നി. ഉടന്‍ കുന്തം കൊണ്ട് ആടുകളെ കുത്തി മലര്‍ത്താന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണ് അദ്ദേഹം നാടിനെയും നാട്ടിലെ സജ്ജനങ്ങളെയും സംരക്ഷിച്ചിരുന്നത്. രക്ഷകനായി താന്‍ അവതരിക്കാതിരുന്നെങ്കില്‍ സജ്ജനങ്ങള്‍ക്കു യാതൊരു രക്ഷയും ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ അടിയുറച്ച വിശ്വാസം. സ്പാനിഷ്‌ സാഹിത്യകാരനായ സെര്‍വാന്‍റസ് (Miguel de Cervantes) എഴുതിയ Don Quixote എന്ന നോവലിലെ കഥാനായകന്‍ ആണു നമ്മുടെ ഈ സജ്ജനസംരക്ഷകന്‍.

അക്ഷരശ്ലോകരംഗത്തും ഇതുപോലെ കുറേ സജ്ജനസംരക്ഷകന്മാര്‍ 1955 ല്‍ പൊടുന്നനെ അവതരിക്കുകയുണ്ടായി. മഹത്തായ അക്ഷരശ്ലോകകലയുടെ ശത്രുക്കളായ മൂന്നു കൂട്ടം നീചന്മാരെ അവര്‍ കണ്ടെത്തി. ഈ ഘോരശത്രുക്കളെ നിഷ്കാസനം (എലിമിനേറ്റു) ചെയ്ത് അക്ഷരശ്ലോകരംഗത്തുള്ള നല്ലവരായ വിദഗ്ദ്ധന്മാരെയും പ്രഗല്ഭന്മാരെയും പ്രതിഭാശാലികളെയും സംരക്ഷിക്കുക എന്നതു തങ്ങളുടെ ജീവിതദൌത്യമായി അവര്‍ പ്രഖ്യാപിച്ചു. അവര്‍ കണ്ടെത്തിയ നീചന്മാരായ ശത്രുക്കള്‍ താഴെപ്പറയുന്നവരാണ്:-

1 സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ (നാല്‍ക്കാലിശ്ലോകങ്ങള്‍) ചൊല്ലുന്ന എഴാം കൂലികളായ നീചന്മാര്‍.

മൂല്യബോധമില്ലാത്ത ഇവര്‍ അക്ഷരശ്ലോകത്തിന്‍റെ വിലയും നിലയും ഗണ്യമായി കുറയ്ക്കുന്നു. അതിനാല്‍  ഇവരാണ് ഒന്നാം നമ്പര്‍ ശത്രുക്കള്‍. ഇവരെ തകര്‍ത്തു തരിപ്പണം ആക്കാതെ സജ്ജനങ്ങള്‍ക്കു രക്ഷയില്ല.

2 ശബ്ദമേന്മ കുറഞ്ഞ നീചന്മാര്‍.

ഇവര്‍ ശ്ലോകം ചൊല്ലിയാല്‍ കേള്‍ക്കുന്നവര്‍ക്ക് ഒട്ടും ആസ്വാദ്യമാവുകയില്ല. സുസ്വരം എന്ന സൌഭാഗ്യം ഇല്ലാത്തവര്‍ അക്ഷരശ്ലോകം ചൊല്ലിയിട്ട്‌ എന്തു കാര്യം? ഷഡ്ഗുണങ്ങളും തികഞ്ഞ ശബ്ദം ഉള്ള ഉത്തമകലാകാരന്മാര്‍ ഉള്ളപ്പോള്‍ ഈ ഏഴാംകൂലികള്‍ എന്തിന് അക്ഷരശ്ലോകം ചൊല്ലണം? കലയ്ക്കു ഭീഷണിയായ ഈ ഘോരശത്രുക്കളും തകര്‍ക്കപ്പെടേണ്ടവര്‍ തന്നെ.

3 സംഗീതഗന്ധിയായ ആലാപനശൈലി ഇല്ലാത്ത നീചന്മാര്‍.

ഇവരും അക്ഷരശ്ലോകകലയുടെ ആസ്വാദ്യത കുറയ്ക്കുന്ന ശത്രുക്കളാണ്. യേശുദാസ് പാടുന്നതു പോലെ മനോഹരമായി രാഗതാളമേളനങ്ങളോടെ ശ്ലോകങ്ങള്‍ അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കാന്‍ കഴിവുള്ള ഉത്തമകലാകാരന്മാര്‍ക്ക് അവസരവും പ്രോത്സാഹനവും ലഭിക്കണമെങ്കില്‍ കലയുടെ ബദ്ധശത്രുക്കളായ ഈ നീചന്മാരും പുറന്തള്ളപ്പെട്ടേ മതിയാകൂ.

മേല്‍പ്പറഞ്ഞ മൂന്നു കൂട്ടം നീചന്മാരായ ശത്രുക്കളെയും നിഷ്കാസനം ചെയ്ത്‌ അക്ഷരശ്ലോകകലയെ ശുദ്ധീകരിച്ചു വിലയും നിലയും ആസ്വാദ്യതയും ഒക്കെയുള്ള ഒരു ഉത്തമകല എന്ന നിലയിലേക്ക് അതിനെ ഉയര്‍ത്തുക എന്നതാണ് അവരുടെ പ്രഖ്യാപിതലക്ഷ്യം. അതിനുള്ള മാര്‍ഗ്ഗമോ? മൂല്യവും ആസ്വാദ്യതയും അളന്നുള്ള മാര്‍ക്കിടല്‍. മാര്‍ക്കു കൂടിയവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കും. മാര്‍ക്കു കുറഞ്ഞവര്‍ തൂത്തെറിയപ്പെടും.

ഇത്തരം സജ്ജനസംരക്ഷകന്മാര്‍ അവതരിച്ചത് അക്ഷരശ്ലോകപ്രസ്ഥാനത്തിന്‍റെ ഭാഗ്യാതിരേകം എന്നല്ലാതെ എന്തു പറയാന്‍!

ഔറംഗസേബിനോടു പരാതി പറഞ്ഞാല്‍ എന്തു ഫലം?

ഔറംഗസേബ് ചക്രവര്‍ത്തി ഒരു വിളംബരം പുറപ്പെടുവിച്ചു.

“നമ്മുടെ രാജ്യം ഒരു മുസ്ലീം രാജ്യമാണ്. ഇവിടെ ജീവിക്കാനുള്ള അവകാശം മുസ്ലീങ്ങള്‍ക്കു മാത്രമാണ്. മറ്റുള്ളവര്‍ക്കു വേണമെങ്കില്‍ മുസ്ലീങ്ങളുടെ ഔദാര്യം പറ്റിക്കൊണ്ട്‌ അവരുടെ ആജ്ഞാനുവര്‍ത്തികളായി ഇവിടെ ഒതുങ്ങി കഴിഞ്ഞുകൂടാം. പക്ഷേ അതിന് അവര്‍ ജസിയ എന്ന പേരില്‍ ഒരു നികുതി തരേണ്ടതുണ്ട്.”

ചക്രവര്‍ത്തിയുടെ തീരുമാനം നടപ്പിലായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  ഹിന്ദുസ്ഥാന്‍ എന്നു പേരുള്ള രാജ്യത്തു ഹിന്ദുക്കള്‍ക്കു ഹിന്ദുക്കളായി ജീവിക്കണമെങ്കില്‍ അവര്‍ മുസ്ലീങ്ങള്‍ക്കു കരം കൊടുക്കണമത്രേ. പക്ഷേ ഹിന്ദുക്കള്‍ ആരും ഇതിനെതിരെ ഒരു പരാതിയും പറഞ്ഞതായി അറിവില്ല. പറഞ്ഞിരുന്നെങ്കില്‍ വല്ല ഫലവും ഉണ്ടാകുമായിരുന്നോ? ഇല്ല എന്ന കാര്യം തീര്‍ച്ച. മുസ്ലീങ്ങള്‍ വളരെ ഉന്നതരും ഹിന്ദുക്കള്‍ വളരെ താഴ്ന്നവരും ആണെന്ന അടിയുറച്ച വിശ്വാസത്തിലാണു ചക്രവര്‍ത്തി ഇതെല്ലാം ചെയ്തത്. അതിനാല്‍ പരാതിക്കു ഫലം ഉണ്ടാകും എന്നു പ്രതീക്ഷിക്കാനേ വകയില്ല.

പണവും പ്രതാപവും ശക്തിയും ഒക്കെ ഉള്ള ഒരു ഉന്നതന്‍ ഒരു  തെറ്റായ തീരുമാനം എടുത്താല്‍ അതിനെതിരെ ആരും പ്രതികരിക്കാറില്ല. പ്രതികരിച്ചാല്‍ ഫലമില്ല എന്ന തിരിച്ചറിവാകാം ഇതിനു കാരണം.

ഔറംഗസേബിന്‍റെ ചിന്താഗതിയുള്ള ചില ഉന്നതന്മാരാണ് അക്ഷരശ്ലോകരംഗത്തെ സാധാരണക്കാരെ അധ:കൃത്രരാക്കി മാറ്റിയത്. അവരുടെ വിശ്വാസപ്രമാണം അനുസരിച്ച് അക്ഷരശ്ലോകം ചൊല്ലാന്‍ ഉള്ള അവകാശം ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഒക്കെയുള്ള ഒരു ന്യൂനപക്ഷത്തിനു മാത്രമാണ്.  അല്ലാത്തവരെ അവര്‍ അധ:കൃതവര്‍ഗ്ഗക്കാരായി മുദ്രകുത്തി എലിമിനേറ്റു ചെയ്യും.

ഈ ഉന്നതന്മാരോടും അധികമാരും പരാതി പറയാറില്ല. പറഞ്ഞാല്‍ പരിഗണിക്കുകയില്ല എന്നു മാത്രമല്ല, പറയുന്നവനെ പുച്ഛിച്ചും പരിഹസിച്ചും തറ പറ്റിച്ചുകളയുകയും ചെയ്യും.

ചക്രവര്‍ത്തി വിജയിക്കട്ടെ എന്നു വിളിച്ചു പറയാനല്ലാതെ അധ:കൃതവര്‍ഗ്ഗക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ ജൂതന്മാരെ അധ:കൃതരാക്കിയപ്പോള്‍ അവര്‍ എന്താണു ചെയ്തത്? ചിലര്‍ മരണം വരിച്ചു. ചിലര്‍ അന്യരാജ്യങ്ങളിലേക്കു രക്ഷപ്പെട്ടു. ശക്തന്മാര്‍ അനീതി കാണിച്ചാല്‍ അശക്തന്മാര്‍ അവരുടെ മുമ്പില്‍ നിസ്സഹായര്‍ ആയിപ്പോകും.

അത്തരം ഒരു നിസ്സഹായാവസ്ഥയാണു സാധാരണക്കാരായ അക്ഷരശ്ലോകക്കാര്‍ക്ക് ഇന്നുള്ളത്. പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെ ഉള്ള ചില ഉന്നതന്മാര്‍ ചിലരെ അധ:കൃതവര്‍ഗ്ഗക്കാരാക്കി എലിമിനേറ്റു ചെയ്യുകയും അവരുടെ പത്തിലൊന്നു പോലും അറിവില്ലാത്തവരും തുരുതുരെ അച്ചു മൂളുന്നവരും ആയ മൂന്നാം കിടക്കാരെ ജയിപ്പിച്ചു വിദഗ്ദ്ധന്‍, പ്രഗല്ഭന്‍, പ്രതിഭാശാലി എന്നൊക്കെ വാഴ്ത്തുകയും ചെയ്യുമ്പോള്‍ എലിമിനേറ്റു ചെയ്യപ്പെടുന്നവര്‍ക്കു മിണ്ടാതെ സഹിക്കാനേ കഴിയുന്നുള്ളൂ.

പലരും അക്ഷരശ്ലോകം ചൊല്ലല്‍ നിര്‍ത്തി ഗുഡ് ബൈ പറഞ്ഞു പോയി. ചിലര്‍ ഉന്നതന്മാര്‍ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങള്‍ സ്വീകരിച്ചു സംതുപ്തരായി കഴിഞ്ഞുകൂടുന്നു. അവരോട് ഒരു ഉന്നതന്‍ പറഞ്ഞത് ഇങ്ങനെയാണ്. “നിങ്ങള്‍ വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരരുത്. ചെറിയ ചെറിയ ഗാര്‍ഹികസദസ്സുകളില്‍ പങ്കെടുത്തു തൃപ്തിപ്പെട്ടുകൊള്ളണം”. ഉന്നതന്‍റെ ആജ്ഞ ശിരസാ വഹിച്ച് ഒതുങ്ങി കഴിഞ്ഞുകൂടുന്നവരാണു മിക്കവരും.

ഔറംഗസേബ് ചക്രവര്‍ത്തി സിന്ദാബാദ്‌. അക്ഷരശ്ലോകചക്രവര്‍ത്തിമാര്‍  സിന്ദാബാദ്‌.