മാര്‍ക്കിടുന്നവര്‍ എപ്പോഴും ശബ്ദമേന്മയും സംഗീതവാസനയും ഉള്ളവര്‍ക്കു കൂടുതല്‍ മാര്‍ക്കു കൊടുക്കും. അവര്‍ മനഃപൂര്‍വ്വം അങ്ങനെ ചെയ്യുന്നതല്ലായിരിക്കാം. എങ്കിലും എപ്പോഴും അത് അങ്ങനെയേ സംഭവിക്കൂ. വളരെ കുറച്ചു ശ്ലോകങ്ങള്‍ മാത്രം അറിയാവുന്ന ചില ഗര്ഭശ്രീമാന്മാര്ക്കായിരിക്കും ഏറ്റവും കൂടുതല്‍ മാര്‍ക്കു ലഭിക്കുക. അവര്‍ നിഷ്പ്രയാസം വിജയശ്രീലാളിതരാകുകയും വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍ എന്നൊക്കെ വാഴ്ത്തപ്പെടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജയം അര്‍ഹിക്കുന്നവര്‍ മാര്‍ക്കു കിട്ടാതെ പരാജയപ്പെടുകയോ എലിമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യുന്നതു മാര്‍ക്കിടലിന്റെ ഈറ്റില്ലമായ തൃശ്ശൂരില്‍ ഒരു സ്ഥിരം കാഴ്ചയാണ്. പല പ്രാവശ്യം തുരുതുരെ അച്ചുമൂളിയ നാലാംകിടക്കാര് മാര്‍ക്കിന്റെ പേരില്‍ മറ്റെല്ലാവരെയും പിന്തള്ളി വിജയപീഠത്തില്‍ ഏറുന്ന അത്ഭുതക്കാഴ്ച പോലും ചില സ്ഥലങ്ങളില്‍ കാണാം. ഇതൊക്കെ എത്ര കണ്ടാലും ഉന്നതന്മാരായ സര്വ്വജ്ഞന്മാരുടെ കണ്ണു തുറക്കുകയില്ല. അവര്‍ തങ്ങളുടെ തെറ്റിനെ വീറോടെ ന്യായീകരിച്ചു മുന്നോട്ടു പോകുക തന്നെ ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ ആയിരിക്കും നീതി താല്പര്യപ്പെടുക.
നീതിയെ ഉണര്‍ത്തണമെങ്കില്‍ മത്സരാര്‍ഥികള്‍ സംഘടിച്ചു തങ്ങള്‍ക്കു മാര്‍ക്കിടല്‍ ഇല്ലാത്ത മത്സരങ്ങള്‍ കിട്ടുന്നു എന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.