പുരോഗമനവാദികളായ അക്ഷരശ്ലോകസര്വ്വജ്ഞന്മാര് ഏകകണ്ഠമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണു സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്നുള്ളത്. അല്ലാത്തപക്ഷം അവര്‍ എലിമിനേറ്റു ചെയ്തുകളയുമത്രേ. അതോടൊപ്പമുള്ള മറ്റൊരു നിര്‍ദ്ദേശം അനുഷ്ടുപ്പ് ഒഴിവാക്കണം എന്നുള്ളതാണ്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഒരു ശ്ലോകത്തിലും യാതൊരു സാഹിത്യമൂല്യവും ഉണ്ടായിരിക്കുകയില്ല എന്ന് ഏതെങ്കിലും സര്വ്വജ്ഞന് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടില്ലെങ്കില്‍ സാഹിത്യമൂല്യമുള്ളവ തെരഞ്ഞെടുക്കലും അനുഷ്ടുപ്പ് ഒഴിവാക്കലും പരസ്പരവിരുദ്ധമാണ്. അതിനാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചിട്ടു മറ്റേതു മാത്രം നിലനിര്‍ത്തുന്നതാണു ബുദ്ധി.
Monthly Archives: October 2014
നിങ്ങളെന്തിന് അക്ഷരം നോക്കണം?
അച്ചു മൂളിയാലും പരാജയം സമ്മതിക്കാതിരിക്കുകയും നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചതിന്റെ പേരില്‍ വിജയിച്ചു എന്നു ശഠിക്കുകയും ചെയ്യുന്ന അഭിനവ “അക്ഷരശ്ലോക”വിദഗ്ദ്ധന്മാരേ! പ്രഗല്ഭന്മാരേ! പ്രതിഭാശാലികളേ! നിങ്ങളുടെ ഏക ലക്ഷ്യം ശ്രോതാക്കളെ
ആഹ്ലാദിപ്പിക്കല്‍ ആണെന്നു മനസ്സിലായി. വളരെ മഹത്തരവും ഉദാത്തവും ആയ ലക്ഷ്യം. അഭിവന്ദ്യനായ യേശുദാസിന്റെ ലക്ഷ്യവും അതു തന്നെ ആണല്ലോ. അതില്‍ പോരായ്മ ഒന്നും ഇല്ല. അക്കാര്യത്തില്‍ നിങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യാം. പക്ഷേ നിങ്ങള്‍ എന്തിനാണു ശ്ലോകം ചൊല്ലുമ്പോള്‍ (നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ “അവതരിപ്പിക്കുമ്പോള്‍”) അക്ഷരം നോക്കുന്നത്? അതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം? ശ്രോതാക്കള്‍ക്കു വേണ്ടി ഏറ്റവും നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കുക എന്ന നിങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടാന്‍ ഏറ്റവും വലിയ വിലങ്ങുതടി അല്ലേ ഈ അക്ഷരനിബന്ധന? അക്ഷരനിബന്ധന ഉപേക്ഷിച്ചാല്‍ നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പതിന്മടങ്ങു വര്‍ദ്ധിക്കും എന്ന നഗ്നസത്യം നിങ്ങള്‍ അറിയുന്നില്ലേ? പിന്നെ എന്തിന് ഇനിയും നിങ്ങള്‍ അക്ഷരം നോക്കല്‍ എന്ന ഈ വ്യര്‍ത്ഥവ്യായാമം തുടരുന്നു? ശ്രോതാക്കളോട് ഉണ്ടെന്നു പറയപ്പെടുന്ന ആത്മാര്‍ത്ഥത യഥാര്‍ത്ഥമാണെങ്കില്‍ വഴിപാട്, ഊഴിയം, പാഴ്വേല എന്നൊക്കെ പറയാവുന്നതും നിങ്ങളുടെ പ്രഖ്യാപിതലക്ഷ്യത്തിനു കടകവിരുദ്ധവും ആയ ഈ അക്ഷരനിബന്ധന ഉപേക്ഷിക്കേണ്ടതല്ലേ?
ഒരേ അക്ഷരം തുടര്‍ച്ചയായി മൂന്നു പ്രാവശ്യം നല്കാന് പാടില്ല എന്ന ഒരു പുതിയ നിയമവും നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇത്രയൊക്കെ പാടു പെട്ടു അക്ഷരനിബന്ധന നില നിര്‍ത്തുന്നത് ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? ആലോചനാശൂന്യമായ പരിഷ്കാരങ്ങളുടെ ഫലമായി തികച്ചും നിഷ്പ്രയോജനവും നിരര്‍ത്ഥകവും ആയിക്കഴിഞ്ഞ ഈ അക്ഷരനിബന്ധന കാലഹരണപ്പെട്ടു പോയിരിക്കുന്നു. നിങ്ങള്‍ കാട്ടുന്ന കോപ്രായം അക്ഷരശ്ലോകമാണെന്നു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അല്ലെങ്കില്‍ മറ്റെന്തിനു വേണ്ടിയാണ് അക്ഷരനിബന്ധന തുടരേണ്ടത്?
രണ്ടു കുറ്റങ്ങള്‍
ശ്ലോകം അറിയാവുന്നവരെ പുറത്താക്കുന്നതും ശ്ലോകം അറിഞ്ഞു കൂടാത്തവരെ പുറത്താക്കാതിരിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. ഈ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളില്‍ പങ്കെടുത്താല്‍ യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്ക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല.