മാര്‍ക്കിടല്‍ വെറും പൊങ്ങച്ചം

ഭാഷാവൃത്തങ്ങളും അനുഷ്ടുപ്പും  പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടും അക്ഷരനിബന്ധന കര്‍ശനമായി പാലിച്ചുകൊണ്ടും ഉള്ള ഒരു സാഹിത്യവിനോദം ആണ് അക്ഷരശ്ലോകം. ഇത്തരം നിയമങ്ങള്‍ ഉള്ള ഒരു മത്സരത്തിലും മാര്‍ക്കിടലിനു യാതൊരു പ്രസക്തിയും ഇല്ല. ഇക്കാര്യം എത്ര പറഞ്ഞാലും പൊങ്ങച്ചക്കാരുടെ തലയില്‍ കയറുകയില്ല. അവര്‍ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമന”വുമായി മുന്നോട്ടു പോവുകയും അച്ചുമൂളിയവരെ ജയിപ്പിക്കുകയും അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടായി അധഃപതിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.

പാമരന്മാരുടെ ചോദ്യം

1955ല്‍ തൃശ്ശൂരിലെ പണ്ഡിതന്മാര്‍ “നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലുന്നവരാണ് അക്ഷരശ്ലോകമത്സരങ്ങളില്‍ ജയിക്കേണ്ടത്” എന്ന സിദ്ധാന്തവുമായി മുന്നോട്ടു വരികയും അതനുസരിച്ചു മാര്‍ക്കിടല്‍, എലിമിനേഷന്‍, അച്ചു മൂളിയവരെ ജയിപ്പിക്കല്‍ മുതലായ “പുരോഗമനപരമായ പരിഷ്കാരങ്ങള്‍” ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ പാമരന്മാര്‍ അവരോട് ഒരു ചോദ്യം ചോദിച്ചു. അത് ഇങ്ങനെ ആയിരുന്നു.

“അല്ലയോ മഹാപണ്ഡിതന്മാരേ! ഇങ്ങനെയാണ് അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തേണ്ടതെങ്കില്‍ ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്‍റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ടു തന്നെ അടുത്തയാള്‍ ചൊല്ലണം എന്ന നിയമത്തിന്‍റെ ആവശ്യം എന്താണ്? ആ നിയമം റദ്ദു ചെയ്താല്‍ നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കാന്‍ പതിന്മടങ്ങ്‌ എളുപ്പമാകുമല്ലോ. ഇത്രയും മഹത്തായ പരിഷ്കാരങ്ങള്‍ വരുത്തിയ നിങ്ങള്‍ എന്തുകൊണ്ട് അങ്ങനെ ഒരു പരിഷ്കാരം കൂടി വരുത്തുന്നില്ല?”

പണ്ഡിതന്മാര്‍ ഇന്നുവരെ ഈ ചോദ്യത്തിനു വ്യക്തമായ ഒരുത്തരം നല്‍കിയിട്ടില്ല. ചില പണ്ഡിതന്മാര്‍ എ.കെ. ആന്റണി നല്‍കുന്നതു പോലെ ങഞണനമ എന്ന മട്ടില്‍ ചില ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്ര മാത്രം.

ഇതും പുരോഗമനത്തിന്റെ ഭാഗം

സ്കൂള്‍ യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകത്തിനു മത്സരിക്കുന്നവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. ജയിച്ചു സമ്മാനം വാങ്ങുന്നവരോ? 90 ശതമാനവും പെണ്‍കുട്ടികള്‍.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇതു പുരോഗമനത്തിന്‍റെ ഭാഗമാണ്. പണ്ട് ഉന്നതന്മാരും സര്‍വ്വജ്ഞന്‍മാരും വരുത്തുന്ന ഈ പുരോഗമനം ഉണ്ടായിരുന്നില്ല. അന്ന് ആണ്‍കുട്ടികള്‍ക്കു വിജയസാദ്ധ്യത ഒട്ടും കുറവായിരുന്നില്ല. ഇപ്പോള്‍ അങ്ങനെ അല്ലല്ലോ. പുരോഗമനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമല്ലേ? അപ്പോള്‍ ഇങ്ങനെയൊക്കെ
സംഭവിച്ചേ മതിയാകൂ.