മാര്‍ക്കിന്റെ പിന്നിലെ രഹസ്യം

അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തുന്ന പരിഷ്കാരം സര്‍വ്വസാധാരണം ആയിരിക്കുകയാണല്ലോ. മാര്‍ക്കു നേടിത്തരുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്നു ചോദിച്ചാല്‍ പരിഷ്കാരികള്‍ ഏകകണ്ഠമായി നല്‍കുന്ന ചില ഉത്തരങ്ങള്‍ ഉണ്ട്. സാഹിത്യമൂല്യം, ഉച്ചാരണശുദ്ധി,നിറുത്തേണ്ടിടത്തു നിറുത്തിയും പദം മുറിക്കേണ്ടിടത്തു മുറിച്ചും അര്‍ത്ഥബോധം ഉളവാകുന്ന വിധത്തില്‍ ഉള്ള ചൊല്ലല്‍…. ഇങ്ങനെ പോകുന്നു അവരുടെ ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ഒരു പാകപ്പിഴയും തോന്നുകയില്ല. എന്നു മാത്രമല്ല, “എന്തൊരു മഹത്തരവും ഉദാത്തവും ബുദ്ധിപൂര്‍വ്വവും വിലപ്പെട്ടതും ആയ പരിഷ്കാരം!” എന്നു ശ്രോതാക്കള്‍ ഒന്നടങ്കം പറഞ്ഞുപോവുകയും ചെയ്യും.

പക്ഷേ ഈ പറയുന്ന കാര്യങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള അകലം ഉണ്ട്. മാര്‍ക്കു കിട്ടുന്നത് ഈ പറഞ്ഞതിന് ഒന്നിനും അല്ല എന്നതാണു യാഥാര്‍ത്ഥ്യം. പിന്നെ എന്തിനാണു മാര്‍ക്കു കിട്ടുന്നത്? അതാണ് അറിയേണ്ടത്. മാര്‍ക്കു കിട്ടുന്നതു ജന്മസിദ്ധമായ ശബ്ദമേന്മയ്ക്കും കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും ഉള്ള സംഗീതഗന്ധിയായ ചൊല്ലലിനും ആണ്. മറ്റെല്ലാം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിത്തലാട്ടങ്ങള്‍ മാത്രം.

യേശുദാസും ജനാര്‍ദ്ദനനും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്താല്‍ യേശുദാസിനു മാത്രമേ മാര്‍ക്കു നേടാന്‍ കഴിയൂ. ജനാര്‍ദ്ദനന്‍ എത്ര വിലപിടിച്ച മുക്തകങ്ങള്‍ പഠിച്ചുകൊണ്ടു വന്നു ദീര്‍ഘകാലം തപസ്സുചെയ്തു കഴിവിന്‍റെ പരമാവധി ശ്രമിച്ചു ചൊല്ലിയാലും യേശുദാസിന്റെ ഏഴയലത്തു പോലും വരാന്‍ കഴിയുകയില്ല. സംശയമുള്ള മത്സരാര്‍ഥികള്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെടുക.

അജ്ഞന്മാരെ പുകഴ്ത്തരുത്

അജ്ഞന്മാരെ പുകഴ്ത്തിയാല്‍ അവരുടെ മനസ്സില്‍ “അമ്പട ഞാനേ!” എന്ന ഒരു ചിന്താഗതി ഉടലെടുക്കും. പിന്നെ അവര്‍ ചക്രവര്‍ത്തി ചമഞ്ഞു മറ്റെല്ലാവരെയും അടക്കി ഭരിക്കാന്‍ തുടങ്ങും. സമൂഹത്തില്‍ അജ്ഞന്‍മാരാണ് ഭൂരിപക്ഷം എന്നതിനാല്‍ അവര്‍ക്കു ഭൂരിപക്ഷ പിന്തുണയും കിട്ടും. ഈ അവസ്ഥ വളരെ അപകടകരവും വിനാശകരവും ആണ്.
1955 മുതല്‍ അക്ഷരശ്ലോകാസ്വാദകര്‍ അക്ഷരശ്ലോകസര്‍വ്വജ്ഞര്‍ എന്നൊക്കെ സ്വയം വിശ്വസിക്കുന്ന ചില ഉന്നതന്‍മാര്‍ സ്വരമാധുര്യം, പാട്ടു, പാണ്ഡിത്യം മുതലായ ഗുണങ്ങള്‍ ഉള്ളവരും എന്നാല്‍ യഥാര്‍ത്ഥ അക്ഷരശ്ലോകവൈദഗ്ദ്ധ്യം വളരെ കുറഞ്ഞവരും ആയ ചില ശ്ലോകക്കാരെ അക്ഷരശ്ലോകവിദഗ്ദ്ധന്‍മാര്‍, പ്രഗല്ഭന്‍മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ വിശേഷിപ്പിച്ചു വാനോളം പുകഴ്ത്താന്‍ തുടങ്ങി. അതോടെ തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍മാര്‍ എന്ന ഒരു മിഥ്യാബോധം അവരുടെ മനസ്സില്‍ ഉടലെടുത്തു. അക്ഷരശ്ലോകചക്രവര്‍ത്തിമാരായി ഭാവിച്ച് അവര്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനും തുടങ്ങി. അക്ഷരശ്ലോകത്തിന്റെ നിയമങ്ങളും കീഴ് വഴക്കങ്ങളും എല്ലാം അവര്‍ തകിടംമറിച്ചു. യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്‍മാരെയെല്ലാം അവര്‍ എലിമിനേറ്റു ചെയ്തു. കിട്ടിയ അക്ഷരങ്ങളില്‍ ശ്ലോകം തോന്നാതെ തുരുതുരെ അച്ചുമൂളുന്ന മധുരസ്വരക്കാരെയും പാട്ടുകാരെയും ഒക്കെ യാതൊരു ഉളുപ്പും കൂടാതെ വിജയിപ്പിക്കുന്ന കീഴ് വഴക്കവും അവര്‍ സൃഷ്ടിച്ചു. ഇതെല്ലാം “വമ്പിച്ച പുരോഗമനം” ആണെന്ന് അവര്‍ വീമ്പിളക്കുന്നു. ലോകത്തുള്ള എല്ലാ അജ്ഞന്‍മാരും അവരെ വീറോടെ പിന്തുണയ്ക്കാന്‍ കച്ച കെട്ടി നില്‍ക്കുകയും ചെയ്യുന്നു.
ഇതാണ് അജ്ഞന്മാരെ പുകഴ്ത്തിയാല്‍ ഉള്ള ഫലം.

തുരുതുരെ അച്ചുമൂളുന്ന “അക്ഷരശ്ലോക”വിദഗ്ദ്ധന്മാര്‍

ഒരു അക്ഷരശ്ലോകക്കാരനു സഭയില്‍ അച്ചുമൂളേണ്ടി വന്നാല്‍ അതൊരു വലിയ ദൈന്യം ആയിട്ടാണു പണ്ടുള്ളവര്‍ കണ്ടിരുന്നത്‌. “വാനരന്മാര്‍ക്കു വാലിനു കിഞ്ചന ഹാനിവന്നാല്‍ അതില്‍പ്പരം മറ്റൊരു ദൈന്യമില്ല” എന്നു പറഞ്ഞതുപോലെയായിരുന്നു അച്ചു മൂളേണ്ടി വന്ന അക്ഷരശ്ലോകക്കാരന്റെ അവസ്ഥ. അച്ചുമൂളിയവന്‍ ലജ്ജിച്ചു തല താഴ്ത്തണം എന്നൊരു പരാമര്‍ശം പ്രസിദ്ധമായ ഒരു വെണ്മണിശ്ലോകത്തില്‍ ഉണ്ട്. അച്ചുമൂളിയവന് അസന്ദിഗ്ധമായ തോല്‍വി നൂറു ശതമാനം ഉറപ്പായിരുന്നു.

എന്നാല്‍ ഇക്കാലത്തു ചില അക്ഷരശ്ലോക സര്‍വ്വജ്ഞന്‍മാര്‍ ഉണ്ടാക്കിയ “വമ്പിച്ച പുരോഗമന”ത്തിന്റെ ഫലമായി അച്ചുമൂളല്‍ ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. സഭയില്‍ തുരുതുരെ അച്ചു മൂളി നാണം കെട്ടാലും നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലി എന്നു മൂന്നു സര്‍വ്വജ്ഞന്‍മാരുടെ സാക്ഷിപത്രം നേടിയാല്‍ ജയിക്കാമത്രേ. സഭയില്‍ രണ്ടു പ്രാവശ്യം അച്ചുമൂളിയ ചില “അക്ഷരശ്ലോകപ്രതിഭകള്‍” സ്വര്‍ണ്ണമെഡല്‍ നേടിയ ചരിത്രം പോലും ഉണ്ട്. അത്തരം ഒരു സംഭവം നേരില്‍ കണ്ട സ്വാമി കേശവാനന്ദ സരസ്വതി അതിനെക്കുറിച്ച് ഒരു ശ്ലോകം എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.

ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരുനാള്‍ വിട്ട നിസ്സാരനേകന്‍
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാര്‍ക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തില്‍ത്തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചൂ

ചില പുരോഗമനവാദികള്‍ സ്വീകരിച്ചിട്ടുള്ള നിയമം മൂന്നു പ്രാവശ്യം അച്ചു മൂളിയാല്‍ പുറത്താകുമെന്നും ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയാല്‍ അതു പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടു മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ സമ്മാനം (ഒന്നാം സമ്മാനം വരെ) കൊടുക്കാം എന്നും ആണ്.
മറ്റു ചില അതിപുരോഗമനവാദികളുടെ സിദ്ധാന്തം എത്ര പ്രാവശ്യം അച്ചു മൂളിയാലും ആരും പുറത്തു പോകേണ്ടതില്ല എന്നും അച്ചു മൂളലിനെ പരിപൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഏതു സമ്മാനവും ആര്‍ക്കും കൊടുക്കാമെന്നും മാര്‍ക്കല്ലാതെ മറ്റു യാതൊന്നും പരിഗണിക്കേണ്ടതില്ല എന്നും ആണ്. വല്ലാത്ത തൊലിക്കട്ടി എന്നല്ലാതെ എന്തു പറയാന്‍!