A S 4 എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം?

ഈ ചോദ്യത്തിന് അക്ഷരശ്ലോകസർവ്വജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ഉന്നതന്മാർ നൽകുന്ന മറുപടി അതിവിചിത്രമാണ്. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണത്രേ അക്ഷരശ്ലോകത്തിൻ്റെ ലക്‌ഷ്യം! പാട്ടുകാർ ഓരോ പാട്ടും പാടുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണല്ലോ. അതുപോലെ അക്ഷരശ്ലോകക്കാർ ഓരോ ശ്ലോകവും ചൊല്ലുന്നതു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ ആണ്. അങ്ങനെ ആഹ്ളാദിപ്പിക്കണമെങ്കിൽ ഷഡ്ഗുണങ്ങൾ ഉള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും കൂടിയേ തീരൂ. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ചൊല്ലാനുള്ള കഴിവും വേണം. ഇതൊക്കെ ഉന്നതന്മാർക്കും അവരുടെ ശിങ്കിടികൾക്കും മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ അവർക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നാൽക്കാലി ശ്ലോകങ്ങൾ അനാകർഷകമായ ശബ്ദത്തിൽ രാഗവും ഈണവും ഒന്നും ഇല്ലാതെ ചൊല്ലുന്നവർക്ക്‌ അക്ഷരശ്ലോകം ചൊല്ലാൻ എന്തവകാശം? അത്തരം ഏഴാംകൂലികൾ ചൊല്ലാൻ വന്നാൽ അവരെ എലിമിനേറ്റു ചെയ്യണം. എന്നു മാത്രമല്ല ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന അനുഗൃഹീതകലാകാരന്മാർ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുകയും വേണം. ഇങ്ങനെ പോകുന്നു അവരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ.

യഥാർത്ഥത്തിൽ അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണോ? അല്ലെന്നു സാമാന്യബുദ്ധിയെങ്കിലും ഉള്ള ആർക്കും അല്പം ആലോചിച്ചാ ൽ മനസ്സിലാകും. ലക്‌ഷ്യം അതാണെങ്കിൽ എന്തിനാണ് അക്ഷരനിബന്ധന പാലിക്കുന്നത്? അക്ഷരനിബന്ധന ഇല്ലാതെ ചൊല്ലിയാലല്ലേ കൂടുതൽ നല്ല രചനകൾ തെരഞ്ഞെടുത്തു ചൊല്ലി ആഹ്ളാദിപ്പിക്കാൻ കഴിയുന്നത്? എന്തിനാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കുന്നത്? അവയിൽ സാഹിത്യമൂല്യമുള്ളതും ആസ്വാദ്യവും ആയ ഒരു രചനയും ഉണ്ടാവുകയില്ലേ?

ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണു ലക്ഷ്യം എന്ന വാദം ശുദ്ധ തട്ടിപ്പാണ്. ഈ തട്ടിപ്പു വാദത്തിന്റെ പിൻബലത്തിലാണ് അവരും അവരുടെ ശിങ്കിടികളും മേൽക്കോയ്മ അവകാശപ്പെടുന്നത്.

യഥാർത്ഥത്തിൽ എന്താണ് അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം? അച്ചു മൂളാതെ ചൊല്ലി ജയിക്കുക എന്നതാണ് അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അക്ഷരശ്ലോകത്തിൻ്റെ എല്ലാ നിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്.

ചതുരംഗം കളി പോലെയുള്ള ഒരു ധൈഷണികവിനോദമാണ് അക്ഷരശ്ലോകം. ചതുരംഗം ഒരു യുദ്ധവിനോദം ആണെങ്കിൽ അക്ഷരശ്ലോകം ഒരു സാഹിത്യവിനോദം ആണ്. ചതുരംഗം കളിക്കാർ യുദ്ധരംഗത്തു നിന്നു കടമെടുത്ത ആന, കുതിര, തേരു, കാലാൾ മുതലായ സേനാംഗങ്ങളെ കരുക്കളായി ഉപയോഗിക്കുമ്പോൾ അക്ഷരശ്ലോകക്കാർ സാഹിത്യരംഗത്തു നിന്നു കടമെടുത്ത അനുഷ്ടുപ് അല്ലാത്ത ശ്ലോകങ്ങളെ കരുക്കളായി ഉപയോഗിക്കുന്നു. ചതുരംഗത്തിലെ ആന ലക്ഷണമൊത്ത ഗജവീരൻ ആയിരിക്കേണ്ട ആവശ്യമില്ല. അതുപോലെ അക്ഷരശ്ലോകത്തിൽ ജയിക്കാൻ വേണ്ടി ചൊല്ലുന്ന ശ്ലോകം സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ഉത്തമമുക്തകം ആയിരിക്കേണ്ട ആവശ്യമില്ല. അച്ചു മൂളാതിരിക്കാൻ ഒരു ശ്ലോകം ചൊല്ലണം എന്നേ ഉള്ളൂ. അത് നാൽക്കാലി ആയാലും യാതൊരു കുഴപ്പവും ഇല്ല. അക്ഷരം കിട്ടിയ ശേഷം വേദിയിൽ വച്ചു സ്വയം ഉണ്ടാക്കി ചൊല്ലുന്ന നിമിഷശ്ലോകങ്ങൾക്കു പോലും പൂർണ്ണമായ സ്വീകാര്യതയുണ്ട്. അക്ഷരശ്ലോകത്തിൽ സംഗീതം സ്വരമാധുര്യം മുതലായവയ്ക്കു യാതൊരു സ്ഥാനവും ഇല്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഉന്നതന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് അക്ഷരശ്ലോക മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും. ഉന്നതന്മാർ “സാഹിത്യമൂല്യം”, ” ആസ്വാദ്യത ” എന്നൊക്കെ വിളിച്ചുകൂകുമ്പോൾ അവർ അത് കേട്ടു മയങ്ങിപ്പോകും. അതുകൊണ്ടു തന്നെ അവർ പരമാവധി വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാവുകയും ചെയ്യും.

A S 3 മാർക്കിടൽ – തനിത്തങ്കം പോലെ തിളങ്ങുന്ന കാക്കപ്പൊന്ന്

അക്ഷരശ്ലോകത്തിൽ പണ്ടൊന്നും മാർക്കിടൽ ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ പുതുതായി ഒരു മാർക്കിടൽ ഏർപ്പെടുത്തിയത് എന്ന് നമ്മുടെ സർവ്വജ്ഞന്മാരായ മേലാളന്മാരോടു ചോദിച്ചാൽ ഇങ്ങനെ ഒരു മറുപടി കിട്ടും. ” അക്ഷരശ്ലോകത്തിൽ നാൽക്കാലി ശ്ലോകങ്ങൾ ചൊല്ലി ജയിക്കാൻ അവസരമുണ്ട്. അതു തടയാൻ വേണ്ടിയാണു ഞങ്ങൾ മാർക്കിടുന്നത്. മാർക്കിടുമ്പോൾ സാഹിത്യമൂല്യമാണു പ്രധാനമായി അളക്കപ്പെടുന്നത്. കൂട്ടത്തിൽ അവതരണഭംഗിയും അളക്കപ്പെടും.” ഇതു കേൾക്കുമ്പോൾ ചോദ്യകർത്താക്കൾക്കു പരിപൂർണ്ണതൃപ്തിയാകും. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങൾ ചൊല്ലുന്നവർ ജയിക്കുമെന്ന് ഉറപ്പാക്കുന്നതു നല്ല കാര്യമല്ലേ? ഏതു നാൽക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാം എന്ന അവസ്ഥ മാറ്റേണ്ടതല്ലേ? ഭംഗിയായി അവതരിപ്പിക്കുന്നവരുടെ വിജയസാദ്ധ്യത കൂട്ടുന്നതിൽ എന്താണ് തെറ്റ്? ഇങ്ങനെയാണ് അവരുടെ ചിന്ത പോകുക. മാർക്കിടലിൻ്റെ തിക്തഫലങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരും ഇങ്ങനെയേ ചിന്തിക്കൂ. അവർ പരിഷ്കാരികളെ വാനോളം പുകഴ്ത്തുകയും പരിഷ്കാരത്തിനു നിരുപാധികമായ പിൻതുണ നൽകുകയും ചെയ്യും. മാർക്കിടൽ പ്രസ്ഥാനത്തെ ആരെങ്കിലും വിമർശിച്ചാൽ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ മേലാളന്മാരുടെ ഒപ്പം കൂടാനും ഇക്കൂട്ടർ ഒട്ടും മടിക്കുകയില്ല. കഥയറിയാതെ ആട്ടം കാണുന്ന ഇത്തരക്കാരുടെ പിന്തുണയാണു മാർക്കിടൽ എന്ന കോപ്രായത്തെ താങ്ങി നിറുത്തുന്നത്.

യഥാർത്ഥത്തിൽ ഈ മാർക്കിടൽ പുരോഗമനമേ അല്ല. തികഞ്ഞ അധഃപതനം തന്നെയാണ്. പ്രത്യക്ഷത്തിൽ തനിത്തങ്കം പോലെ തോന്നുമെങ്കിലും ശരിക്ക് ഇതു വെറും കാക്കപ്പൊന്നാണ്. ആട്ടിൻതോലിട്ട ചെന്നായയെപ്പോലെയും അമ്പാടിയിൽ ചെന്ന പൂതനയെപ്പോലെയും അമൃത് എന്ന ലേബൽ ഒട്ടിച്ച വിഷക്കുപ്പി പോലെയും അപകടകരവും വിനാശകാരിയും ആണ്. മിന്നുന്നതെല്ലാം പൊന്നല്ല. ഉരച്ചു നോക്കിയാലേ ശരിയായ മാറ്റ് അറിയാൻ പറ്റൂ. പുറമോടി കണ്ടു മയങ്ങുന്നവർ വഞ്ചിക്കപ്പെടും.

A S 2 ഹോ ! എന്തൊരു പുരോഗമനം !

മുൻപറഞ്ഞ മേലാളന്മാർ അക്ഷരശ്ലോകമത്സരരീതി സമൂലം പരിഷ്കരിച്ചു. അതു വരെ ഈ രംഗത്തു കേട്ടുകേൾവി പോലും ഇല്ലാതിരുന്ന മാർക്കിടൽ , എലിമിനേഷൻ എന്നിങ്ങനെ രണ്ടു പരിഷ്‌കാരങ്ങൾ അവർ ഏർപ്പെടുത്തി. സാഹിത്യമൂല്യവും അവതരണഭംഗിയും മറ്റും അളന്നു മാർക്കിടുമത്രേ. മാർക്കു കുറഞ്ഞവരെ ആദ്യത്തെ നാലഞ്ചു റൗണ്ടുകൾ കഴിയുമ്പോൾ തന്നെ എലിമിനേറ്റു ചെയ്യും. ബാക്കിയുള്ള ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കുള്ള ആളിനെ വിജയിയായി പ്രഖ്യാപിക്കും. അക്ഷരശ്ലോകരംഗത്തു വമ്പിച്ച പുരോഗമനം ഏർപ്പെടുത്തി എന്ന് അവർ അവകാശപ്പെട്ടു.

അവരുടെ പുരോഗമനപരമായ ഒരു അക്ഷരശ്ലോകമത്സരം. ധാരാളം വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നുണ്ട്. കൂട്ടത്തിൽ പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ട്. പെൺകുട്ടിക്കു നല്ല സ്വരമാധുര്യവും ആകർഷകമായ ആലാപനശൈലിയും ഒക്കെ ഉണ്ട്. പക്ഷെ വളരെ കുറച്ചു ശ്ലോകങ്ങളേ പഠിച്ചിട്ടുള്ളൂ. മത്സരം ഗംഭീരമായി മുന്നേറുന്നു. നമ്മുടെ പെൺകുട്ടിക്ക് ഒരു പ്രാവശ്യം കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. ജഡ്ജിമാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ആ കുട്ടിയെ പുറത്താക്കുമെന്നു കാണികളിലും മത്സരാർത്ഥികളിലും ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.കുറേ നേരം കഴിഞ്ഞു മറ്റൊരക്ഷരത്തിലും ആ കുട്ടിക്കു ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. അപ്പോഴും ജഡ്ജിമാർ ഒന്നും പറഞ്ഞില്ല. കാണികൾ വിചാരിച്ചതു തുടക്കക്കാരിയായ പെൺകുട്ടിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ജഡ്ജിമാർ അല്പം വിശാലമനസ്കത കാണിച്ചതായിരിക്കും എന്നാണ്. പക്ഷേ അവസാനം മത്സരഫലം വന്നപ്പോൾ അവർ ഞെട്ടിപ്പോയി. ഒന്നാം സമ്മാനം ആ പെൺകുട്ടിക്കാണ്!

ചിലർ ജഡ്ജിമാരോടു വിശദീകരണം ചോദിച്ചു. ഉടൻ വന്നു നല്ല മണി പോലെയുള്ള ഉത്തരം. “ഞങ്ങൾ ക്വാണ്ടിറ്റിയല്ല, ക്വാളിറ്റിയാണു നോക്കുന്നത്. അതാണ് ഞങ്ങൾ വരുത്തിയ പുരോഗമനം. ഞങ്ങൾ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം മുതലായ ഗുണങ്ങൾ അളന്നു മാർക്കിട്ടു. അപ്പോൾ ആ കുട്ടിക്കാണ് ഏറ്റവും കൂടുതൽ മാർക്കു കിട്ടിയത്. മറ്റുള്ളവർ ഇരുപതു റൗണ്ടു ചൊല്ലി നേടിയ മാർക്കിനെക്കാൾ കൂടുതൽ ആ കുട്ടി പതിനെട്ടു റൗണ്ടു ചൊല്ലി നേടി. അപ്പോൾ ആ കുട്ടിക്കല്ലേ ഒന്നാം സമ്മാനം കൊടുക്കേണ്ടത്?”

അച്ചു മൂളിയിട്ടും പുറത്താക്കാതിരുന്നതെന്ത്? എന്ന ചോ ദ്യത്തിനും ഉടൻ കിട്ടി ഗംഭീരമായ ഒരു ഉത്തരം. “നല്ല സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ഭംഗിയായി ചൊല്ലുന്നവർക്ക്‌ ഇടയ്ക്ക് ഒന്നോ രണ്ടോ റൗണ്ടിൽ ശ്ലോകം കിട്ടാതിരുന്നാലും അത് കാര്യമാക്കേണ്ടതില്ല എന്നാണു ഞങ്ങളുടെ പുരോഗമനപരമായ തീരുമാനം.”

ചോദ്യങ്ങൾ ചോദിച്ചവർ മൂക്കത്തു വിരൽ വച്ചു കൊണ്ടു പറഞ്ഞുപോയി. ” ഹോ! എന്തൊരു പുരോഗമനം!”

A S 1 ചാതുർവർണ്യം മയാ സൃഷ്ടം

ദൈവം ഈ ഭൂമിയും അതിലെ എല്ലാ ഐശ്വര്യങ്ങളും സൃഷ്‌ടിച്ച ശേഷം മനുഷ്യരെയും സൃഷ്ടിച്ചു. ഈ ഐശ്വര്യങ്ങളെല്ലാം അനുഭവിക്കാൻ തുല്യ അവകാശവും അവർക്കു കൊടുത്തു. എന്നാൽ പിന്നീടു ചില മനുഷ്യർ ചാതുർവർണ്യം മയാ സൃഷ്ടം എന്നൊരു ദൈവവാക്യം ഉണ്ടെന്നു പറയുകയും അതനുസരിച്ചു തങ്ങൾ മേലാളരും മറ്റുള്ളവർ കീഴാളരും ആണെന്നു പ്രഖ്യാപിക്കുകയും ഭൂമിയിലെ എല്ലാ ഐശ്വര്യങ്ങളും കയ്യടക്കുകയും ചെയ്തു. മറ്റുള്ളവരെ അധഃകൃതവർഗ്ഗക്കാരാക്കി അവർ ഒരു തീണ്ടൽപ്പാട് അകലെ നിർത്തി.

ഇതുപോലെ ഒരു കയ്യടക്കൽ അക്ഷരശ്ലോകരംഗത്തും ഉണ്ടായി. നമ്മുടെ പൂർവ്വികന്മാർ അക്ഷരശ്ലോകം ഉണ്ടാക്കിയതു സമത്വസുന്ദരമായ ഒരു സാഹിത്യവിനോദം എന്ന നിലയിൽ ആയിരുന്നു. ശ്ലോകങ്ങൾ തെറ്റു കൂടാതെ ചൊല്ലാൻ കഴിവുള്ള എല്ലാവർക്കും അക്ഷരശ്ലോകം ചൊല്ലാം, മത്സരിക്കാം, ജയിക്കാം. അതിനൊന്നും യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത കാലത്ത് ഏതാനും ഉന്നതന്മാർ ഈ രംഗത്തു ചാടി വീണു “ഞങ്ങൾ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആണ്. അതുകൊണ്ടു ഞങ്ങൾക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നിങ്ങൾ ഞങ്ങളോടൊപ്പം മത്സരിക്കാൻ വന്നാൽ ഞങ്ങൾ നിങ്ങളെ എലിമിനേറ്റു ചെയ്യും” എന്നു പ്രഖ്യാപിച്ചു. വേറെയും ചില കാര്യങ്ങൾ അവർ പറഞ്ഞു. “ഞങ്ങൾ സാഹിത്യമൂലമുള്ള ശ്ലോകങ്ങൾതെരഞ്ഞെടുത്തു ചൊല്ലുന്നവരാണ്. കൂടാതെ ഞങ്ങൾ ഷഡ് ഗുണങ്ങളുള്ള ശബ്‌ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ളവരാണ്. ഇതൊക്കെ ഉണ്ടെങ്കിലേ ആസ്വാദ്യമായ രീതിയിൽ ശ്ലോകങ്ങൾ ചൊല്ലിക്കേൾപിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ പറ്റൂ. അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്.”

ഇതെല്ലാം കേട്ട സാധാരണക്കാർ അന്ധാളിച്ചുപോയി. അക്ഷരശ്ലോകരംഗത്തെ അധഃകൃതരായി മാറ്റപ്പെട്ട അവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.

a s = അപ്രിയ സത്യം

അപ്രിയസത്യങ്ങൾ

അപ്രിയസത്യങ്ങൾ എന്ന പേരിൽ ഒരു ലേഖനപരമ്പര ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഏകാക്ഷരശ്ലോകം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ൨൦൨൧ ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ് ഇത്. ഇപ്പോൾ 50 ലേഖനങ്ങൾ കടന്നിരിക്കുന്നു.

അക്ഷരശ്ലോകരംഗത്തു നടമാടുന്ന ചില കൊള്ളരുതായ്മകൾ തുറന്നു കാട്ടുകയാണു ലക്ഷ്യം. അപ്രിയസത്യങ്ങൾ പറയാതിക്കുന്നതല്ലേ നല്ലത്? ന സത്യം അപ്രിയം ബ്രൂയാത് എന്ന് ആപ്തവാക്യം ഉണ്ടല്ലോ എന്നു ചിലർ ചോദിച്ചേക്കാം. ശരിയാണ്. അങ്ങനെ ഒരു ആപ്തവാക്യം ഉണ്ട്. പക്ഷേ അതിൻ്റെ പേരിൽ നമ്മൾ മിണ്ടാതിരുന്നാൽ ചിലർ നമ്മുടെ അവകാശങ്ങളെല്ലാം കവർന്നെടുത്തു നമ്മെ കറിവേപ്പില പോലെ വലിച്ചെറിയും. അതുകൊണ്ടു ചില സത്യങ്ങൾ അപ്രിയമായാലും പറഞ്ഞേ മതിയാകൂ.