Quips

1.മുന്നേറാന്‍ രണ്ടു വഴികള്‍.

൧. സാധാരണക്കാരുടെ കൈ പിടിച്ചു മുന്നേറുക.

൨.ഉന്നതന്മാരുടെ കാലു പിടിച്ചു മുന്നേറുക.

ഇതില്‍ രണ്ടാമത്തെ വഴിയാണ് ഇക്കാലത്തു പലരും ഇഷ്ടപ്പെടുന്നത്.

2. “പുരോഗമന” സിദ്ധാന്തങ്ങള്‍

൧. അക്ഷരശ്ലോകത്തിന്‍റെ ലക്‌ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്.

൨. ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ.

൩. നിങ്ങള്‍ ശ്ലോകം ചൊല്ലുന്ന ശൈലി യേശുദാസ് ഹരിവരാസനം പാടുന്ന ശൈലിയോട് എത്രത്തോളം അടുത്തിരിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകുന്നു.

൪. മൂല്യബോധമുള്ളവരും ഭംഗിയായി ചൊല്ലുന്നവരും അച്ചുമൂളിയാലും അവരെ ജയിപ്പിക്കാം.

3. പിന്നോട്ടു പോകാന്‍ തയ്യാറല്ല.

അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തി ധാരാളം സ്വര്‍ണ്ണമെഡലുകള്‍ വിതരണം ചെയ്തിരുന്ന ഒരു സംഘടനയിലെ പ്രധാനിയായിരുന്ന ഒരു ഉന്നതനോട് ഒരിക്കല്‍ ഒരു അക്ഷരശ്ലോകപ്രേമി മാര്‍ക്കിടല്‍ ഇല്ലാത്ത ഒരു മത്സരം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഉന്നതന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു.

“സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുന്ന വമ്പിച്ച  പരിഷ്കാരവുമായി ഇത്രത്തോളം മുന്നോട്ടു പോയിക്കഴിഞ്ഞ ഞങ്ങള്‍ ഇനി പിന്നോട്ടു പോകാന്‍ തയ്യാറല്ല”.

4. സംഗീതം എത്രത്തോളം?

അക്ഷരശ്ലോകം ആസ്വാദ്യമാക്കാന്‍ അതില്‍ അല്പം സംഗീതം ചേര്‍ക്കണം എന്ന കാര്യത്തില്‍ ഉന്നതന്മാര്‍ക്കെല്ലാം ഏകാഭിപ്രയമാണ്. സംഗീതം എത്രത്തോളം വേണം എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ. തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാന്‍ വിവിധ ഉന്നതന്മാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇവിടെ കൊടുക്കുന്നു.

൧ . സംഗീതത്തിന്‍റെ മേമ്പൊടി

൨ . സംഗീതസ്പര്‍ശം

൩ . സംഗീതാംശം

൪ .  സംഗീതഗന്ധം

൫ . സംഗീതാത്മകം

൬. സംഗീതസമ്പന്നം

൭ . സംഗീതമയം

5 . വമ്പിച്ച പുരോഗമനം എന്നാല്‍ എന്ത്?

അറിവുള്ളവരെ എലിമിനേറ്റു ചെയ്തിട്ടു സ്വരമാധുര്യം ഉള്ളവരെ ജയിപ്പിക്കുന്ന അഭൂതപൂര്‍വ്വമായ പരിഷ്കാരത്തെ വമ്പിച്ച പുരോഗമനം എന്ന് പറയുന്നു.

ഇതിന്‍റെ ഫലമായി അക്ഷരശ്ലോകത്തിന്‍റെ ആസ്വാദ്യത പതിന്മടങ്ങു വര്‍ദ്ധിക്കുകയും ധാരാളം  ശ്രോതാക്കളെ കിട്ടുകയും ചെയ്യും. സമൂഹത്തിലെ ഉന്നതന്മാരുടെ മുക്തകണ്ഠമായ പ്രശംസ കിട്ടും എന്നുള്ളത് എടുത്തു പറയേണ്ട മറ്റൊരു നേട്ടമാണ്.

6. പ്രതിഭ എന്നാല്‍ സ്വരമാധുര്യം.

ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും ഇടയ്ക്കിടെ നമുക്ക് അക്ഷരശ്ലോകപ്രതിഭകളെ ചൂണ്ടിക്കാണിച്ചു തരും. അപ്പോഴാണു പ്രതിഭ എന്താണെന്നു നാം മനസ്സിലാക്കുന്നത്. പ്രതിഭ എന്ന വാക്കു സ്വരമാധുര്യം എന്നതിന്‍റെ പര്യായപദമാണ്. സ്വരമാധുര്യം ഇല്ലാത്തവര്‍ക്ക് ഒരിക്കലും  ഉന്നതന്മാരുടെ ദൃഷ്ടിയില്‍ പ്രതിഭയാകാന്‍ കഴിയുകയില്ല.

7. അപരിഷ്‌കൃത അക്ഷരശ്ലോകവും പരിഷ്കൃത അക്ഷരശ്ലോകവും.

അപരിഷ്കൃത അക്ഷരശ്ലോകത്തില്‍ മത്സരാര്‍ത്ഥികള്‍ അദ്ധ്വാനിച്ചു നേടിയ അറിവാണു ജയാപജയങ്ങള്‍ നിശ്ചയിക്കുന്നത്. പരിഷ്കൃത അക്ഷരശ്ലോകത്തില്‍ ജഡ്ജിമാരുടെ പ്രീതിക്കു പാത്രമാകാനുള്ള കഴിവാണ് അക്കാര്യം തീരുമാനിക്കുന്നത്‌. പ്രീതിക്കു പാത്രമാകണമെങ്കില്‍ ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതവാസനയും കൂടിയേ തീരൂ.

8. സര്‍വ്വജ്ഞന്മാരുടെ ചോദ്യം

“അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായ ഞങ്ങള്‍ അച്ചുമൂളിയവരെ ജയിപ്പിച്ചാല്‍ എന്തുകൊണ്ടു നിങ്ങള്‍ക്ക് അത് അംഗീകരിച്ചുകൂടാ? ചുമ്മാതെ അല്ലല്ലോ ജയിപ്പിക്കുന്നത്. അവര്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു നിങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്കു നേടിയിട്ടല്ലേ?”

9. സിദ്ധാന്തം പഴയതും പുതിയതും

പഴയ സിദ്ധാന്തം

“നാല്‍ക്കാലിശ്ലോകം ചൊല്ലിയാലും അച്ചു മൂളരുത്.”

പുതിയ സിദ്ധാന്തം

“അച്ചുമൂളിയാലും കുഴപ്പമില്ല; സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലണം.”

10. അക്ഷരശ്ലോകക്കാരുടെ സുജനമര്യാദ

അറിവു കൊണ്ടു ജയിക്കുക; സ്വരമാധുര്യം കൊണ്ടും പാട്ടു കൊണ്ടും ജയിക്കാതിരിക്കുക.

ഇപ്പോള്‍ ആരും ഈ സുജനമര്യാദ പാലിക്കാറില്ല. ചോദിക്കാനും പറയാനും ആളില്ലല്ലോ. പിന്നെ എന്തിനു പാലിക്കണം?

11. പിടിച്ചടക്കുന്നവര്‍ നീതി നിഷേധിക്കും

ബ്രിട്ടീഷുകാര്‍ ഭാരതം പിടിച്ചടക്കി സ്വന്തമാക്കി. അവര്‍ നിരന്തരമായി നമുക്കു നീതി നിഷേധിച്ചു. അതുപോലെ ചില ഉന്നതന്മാര്‍ അക്ഷരശ്ലോകസാമ്രാജ്യം പിടിച്ചടക്കി സ്വന്തമാക്കിയിരിക്കുന്നു. അവര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാനും ജയിക്കാനും അവകാശമുള്ളൂ. മറ്റുള്ളവര്‍ പങ്കെടുത്താല്‍ അവര്‍ എലിമിനേറ്റു ചെയ്തു കളയും.

പിടിച്ചടക്കുന്നവരെ കെട്ടു കെട്ടിക്കാതെ നീതി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട.

12. മൂല്യനിര്‍ണ്ണയം എന്ന അനാവശ്യമായ പൊങ്ങച്ചം.

മൂല്യം അളക്കുമ്പോള്‍ അക്ഷരനിബന്ധന അനവശ്യമാകും. അനുഷ്ടുപ്പ് ഒഴിവാക്കലും അനാവശ്യമാകും. ഭാഷാവൃത്തനിരോധനവും അനാവശ്യമാകും. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകത്തിന്‍റെ  എല്ലാ നിയമങ്ങളും അനാവശ്യമാകും.

അക്ഷരശ്ലോകത്തില്‍ മൂല്യനിര്‍ണ്ണയത്തിന്‍റെ ആവശ്യമില്ല. മിനിമം മൂല്യം ഉറപ്പുവരുത്തണം. അത്രയേ വേണ്ടൂ. അതിനുള്ളതാണ് അതിലെ നിയമങ്ങള്‍ എല്ലാം.

13. ആരാണു പ്രതിഭാശാലി?

അല്പം ശബ്ദമേന്മ, അല്പം സംഗീതവാസന, അല്പം വൃത്തക്കസര്‍ത്ത് ഇവ മൂന്നും ഒത്തു ചേര്‍ന്നവനാണു പ്രതിഭാശാലി (ഉന്നതന്മാരുടെ ദൃഷ്ടിയില്‍). എത്ര ശ്ലോകം അറിയാം എന്നതു പ്രശ്നമേയല്ല. അറിയാവുന്ന ശ്ലോകങ്ങള്‍ സാഹിത്യമൂല്യം ഉള്ളവ ആയിരിക്കണം. അവ ഭംഗിയായി ചൊല്ലുകയും വേണം.

14. എന്തിനാണ്?

 1. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ശ്ലോകം ചൊല്ലുന്നവര്‍ അനുഷ്ടുപ്പ് ഒഴിവാക്കുന്നത് എന്തിനാണ്?
 2. അച്ചു മൂളിയവരെ ജയിപ്പിക്കുന്നവര്‍ അക്ഷരനിബന്ധന പാലിക്കുന്നത് എന്തിനാണ്?

15. ഇതാണു നിയമം

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാല്‍ തോല്‍ക്കും എന്നാണ് നിയമം അനുശാസിക്കുന്നത്. സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലിയാല്‍ തോല്‍ക്കും എന്നോ ഭംഗിയായിട്ടു ചൊല്ലിയില്ലെങ്കില്‍ തോല്‍ക്കും എന്നോ അനുശാസിക്കുന്ന ഒരു നിയമവും അക്ഷരശ്ലോകത്തില്‍ ഇല്ല.

16. “പ്രതിഭാശാലി”കളുടെ പ്രഖ്യാപനം

ഷഡ്ഗുണങ്ങളുള്ള ശബ്ദം, സംഗീതഗന്ധിയായ ആലാപനശൈലി, മൂല്യബോധം, കലാബോധം ഇതൊക്കെയുള്ള ഞങ്ങളാണ് അക്ഷരശ്ലോകരംഗത്തെ പ്രതിഭാശാലികള്‍.   ഞങ്ങള്‍ക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാന്‍ അവകാശമുള്ളൂ. എന്തുകൊണ്ടെന്നാല്‍ അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്. ഈ മേന്മകള്‍ ഒന്നുമില്ലാത്ത നിങ്ങള്‍ ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക് ഒട്ടും ആസ്വാദ്യം ആവുകയില്ല. അതുകൊണ്ടു നിങ്ങള്‍ മത്സരത്തില്‍ പങ്കെടുത്താല്‍ ഞങ്ങള്‍ നിങ്ങളെ എലിമിനേറ്റു ചെയ്യും. പ്രതിഭാശാലികളായ ഞങ്ങള്‍ അച്ചു മൂളിയാലും ഞങ്ങള്‍ തന്നെ ജയിക്കുകയും ചെയ്യും.

17. തെറ്റായ നിയമങ്ങള്‍

അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്നു പറയപ്പെടുന്ന കുറേ ഉന്നതന്മാര്‍ അടുത്ത കാലത്തു “മൂല്യം”, “ആസ്വാദ്യത”, “കല” എന്നൊക്കെ ഘോഷിച്ചുകൊണ്ടു ചില തെറ്റായ നിയമങ്ങള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ചു വരുന്നു. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ പോലും ലംഘിക്കുന്നവയും നൂറു ശതമാനം തെറ്റും ആയ ഈ നിയമങ്ങള്‍ താഴെ കൊടുക്കുന്നു:-

 1. സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലിയാല്‍ തോല്‍ക്കും.
 2. സ്വരമാധുര്യം ഇല്ലെങ്കില്‍ തോല്‍ക്കും.
 3. പാട്ട് അറിഞ്ഞുകൂടെങ്കില്‍ തോല്‍ക്കും.
 4. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചില്ലെങ്കില്‍ തോല്‍ക്കും.
 5. ഉന്നതന്മാരുടെ പ്രീതിക്കു പാത്രമായില്ലെങ്കില്‍ തോല്‍ക്കും.

18. കുത്തക അവസാനിപ്പിക്കുക.

കുട്ടികളുടെ അക്ഷരശ്ലോകമത്സരങ്ങള്‍ പെണ്‍കുട്ടികളുടെ കുത്തകയായിക്കഴിഞ്ഞു. മുതിര്‍ന്നവരുടെ മത്സരങ്ങളെ സ്വരമാധുര്യവും പാട്ടും ഉള്ള ഏതാനും ഭാഗ്യവന്മാരുടെ കുത്തകയാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നു.

അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌. അത് നമ്മുടെ പൂര്‍വ്വികന്മാര്‍ സൃഷ്ടിച്ചു നമുക്കെല്ലാവര്‍ക്കുമായി തന്ന പൈതൃകസ്വത്താണ്. അതു നമുക്കെല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതുമാണ്. അത് ഏതാനും ഗര്‍ഭശ്രീമാന്മാരുടെ കുത്തകയാകാന്‍ പാടില്ല.

19. ആരാണു വിദഗ്ദ്ധന്‍?

ആരാണ് അക്ഷരശ്ലോകവിദഗ്ദ്ധന്‍?  സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവനാണോ? അല്ല.

ശബ്ദമേന്മയുള്ളവനാണോ? അല്ല.

സംഗീതഗന്ധിയായി ചൊല്ലുന്നവനാണോ? അതുമല്ല.

പിന്നെ ആരാണ്? അതാണ് അക്ഷരശ്ലോകത്തിന്‍റെ ബാലപാഠം. കിട്ടുന്ന അക്ഷരങ്ങളില്‍ എല്ലാം മുട്ടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ളവനാണ്‌ അക്ഷരശ്ലോകവിദഗ്ദ്ധന്‍. അതായത് അച്ചുമൂളാതെ ശ്ലോകം ചൊല്ലുന്നവന്‍.

ഈ ബാലപാഠം പോലും പഠിക്കാതെ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ ചമഞ്ഞു ഞെളിഞ്ഞു നടക്കുകയും മധുരസ്വരക്കാരെയും പാട്ടുകാരെയും മറ്റും ജയിപ്പിക്കുകയും ചെയ്യുന്ന ഉന്നതന്മാരോടു നമുക്കു സഹതപിക്കാം.

20. പണത്തിനു മീതേ പരുന്തും പറക്കില്ല

ഒരാള്‍ക്കു പണം ഉണ്ടെങ്കില്‍ ഒരു പവന്‍റെ സ്വര്‍ണ്ണമെഡല്‍ സമ്മാനമുള്ള ഒരു അക്ഷരശ്ലോകമത്സരം സംഘടിപ്പിക്കാം. മാര്‍ക്കിട്ടു യഥാര്‍ത്ഥവിദഗ്ദ്ധന്മാരെ മുഴുവന്‍ എലിമിനേറ്റു ചെയ്തിട്ടു തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിക്കാം. ഇതൊക്കെ തടയാന്‍ ആര്‍ക്കു കഴിയും? ആരെങ്കിലും എതിരു പറഞ്ഞാല്‍ പറഞ്ഞവന്‍ മൂല്യബോധം ഇല്ലാത്തവനും സ്വാര്‍ത്ഥനും ആകും. അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലി, ലാവണ്യം മുതലായവ അളന്നു മാര്‍ക്കിട്ടു ജയിപ്പിച്ചവന്‍ വിദഗ്ദ്ധനും പ്രഗല്ഭനും പ്രതിഭാശാലിയും ആയി വാഴ്ത്തപ്പെടുകയും ചെയ്യും.

21. കലാകാര – ആസ്വാദക സംവാദം

കലാകാരന്‍ :- സ്വാഗതം ആസ്വാദകാ! ഞങ്ങള്‍ അക്ഷരശ്ലോകം ചൊല്ലുന്നതു നിങ്ങള്‍ക്കു വേണ്ടി മാത്രമാണ്.

ആസ്വാദകന്‍ :- ആട്ടെ. വളരെ സന്തോഷം. നിങ്ങള്‍ അടുത്ത കാലത്ത് ഈ രംഗത്തു വമ്പിച്ച ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി എന്നു കേട്ടല്ലോ. എന്തൊക്കെയാണ് അവ?

കലാകാരന്‍ :- എല്ലാം നിങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ആണ്. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ളവരെ മാത്രമേ ഞങ്ങള്‍ ശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെയൊക്കെ ഞങ്ങള്‍ എലിമിനേറ്റു ചെയ്യും.

ആസ്വാദകന്‍ :- ആട്ടെ. ആഹ്ലാദിപ്പിക്കുന്നവര്‍ക്ക്എന്തെല്ലാം യോഗ്യതകള്‍ വേണം?

കലാകാരന്‍ :- സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാന്‍ കഴിയണം.

ആസ്വാദകന്‍ :- അതു മാത്രം മതിയോ?

കലാകാരന്‍ :- പോര. ഷഡ്ഗുണങ്ങള്‍ ഉള്ള ശബ്ദം, സംഗീതഗന്ധിയായ ആലാപനശൈലി ഇതൊക്കെ കൂടിയേ തീരൂ.

ആസ്വാദകന്‍ :-  ഇതെല്ലം എങ്ങനെ അളക്കും?

കലാകാരന്‍ :- അതിനു ശങ്കുണ്ണിക്കുട്ടന്‍റെ മൂല്യനിര്‍ണ്ണയം എന്ന പേരില്‍ ഒരു മാര്‍ക്കിടല്‍ പ്രസ്ഥാനം ഞങ്ങള്‍ പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്. മൂല്യം നിര്‍ണ്ണയിച്ച് ഇടുന്ന മാര്ക്കിന്‍റെ അടിസ്ഥാനത്തില്‍ ആണു വിധി കല്‍പ്പിക്കുക.

ആസ്വാദകന്‍ :- അച്ചുമൂളിയവരെ പുറത്താക്കുമോ?

കലാകാരന്‍ :- ഇല്ല. ശ്ലോകം ചൊല്ലാതിരുന്ന റൗണ്ടില്‍ പൂജ്യം മാര്‍ക്കു കൊടുക്കും. അതില്‍ കൂടുതലായ ശിക്ഷയൊന്നും അവര്‍ക്കു വേണ്ട എന്നാണ് ഞങ്ങളുടെ സുചിന്തിതമായ തീരുമാനം.  ഭംഗിയായി ചൊല്ലാത്തവരെ മാത്രമേ പുറത്താക്കുകയുള്ളൂ.

ആസ്വാദകന്‍ :- അപ്പോള്‍ നല്ല ശ്ലോകങ്ങള്‍ നന്നായി ചൊല്ലുന്നവര്‍ക്ക് അച്ചുമൂളിയാലും ജയിക്കാം. അല്ലേ? ബലേ ഭേഷ്. നിയമങ്ങള്‍ അനുസരിക്കാന്‍ മാത്രമല്ല; ലംഘിക്കാന്‍ കൂടിയാണ്. വിപ്ലവകരമായ പരിഷ്കാരത്തിന് അഭിനന്ദനങ്ങള്‍.

കലാകാരന്‍ :- താങ്കളെപ്പോലെയുള്ള ആസ്വാദകന്മാരുടെ സന്തോഷത്തിനു വേണ്ടി ഞങ്ങള്‍ ഏതു നിയമവും ലംഘിക്കും.

ആസ്വാദകന്‍ :- ആട്ടെ. താങ്കള്‍ ഒരു വലിയ അവതരണവിദഗ്ദ്ധനും ശൈലീവല്ലഭനും ആണെന്നു കേട്ടിട്ടുണ്ട്. താങ്കള്‍ കാളിദാസന്‍റെ വാഗര്‍ത്ഥാവിവ എന്ന ശ്ലോകം ഒന്ന് അവതരിപ്പിച്ചേ. ഞാന്‍ ഒന്ന് ആസ്വദിക്കട്ടെ.

കലാകാരന്‍ :- അതു പറ്റുകയില്ല. അത് അനുഷ്ടുപ്പ് ആയതുകൊണ്ട് ഞങ്ങള്‍ക്കു നിഷിദ്ധമാണ്.

ആസ്വാദകന്‍ :- ങ്ഹേ!  ആസ്വാദകന്മാര്‍ക്കു വേണ്ടി ഏതറ്റം വരെയും പോകും എന്നു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ?

കലാകാരന്‍ :- അനുഷ്ടുപ്പ് ഒഴിവാക്കണമെന്നു പൂര്‍വ്വികന്മാര്‍ പറഞ്ഞിട്ടുണ്ട്.

ആസ്വാദകന്‍ :- പൂര്‍വ്വികന്മാരോട് ഇത്രയധികം ബഹുമാനമുള്ള നിങ്ങള്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നതോ?

കലാകാരന്‍ :- ബബ്ബബ്ബ…  ബബ്ബബ്ബ…..

ആസ്വാദകന്‍ :- എന്തെടോ ഉമ്മന്‍ചാണ്ടിയെപ്പോലെ ബബ്ബബ്ബ…  ബബ്ബബ്ബ… എന്നു പറയുന്നത്? ശരിക്ക് ഒരു ഉത്തരം പറയെടോ.

കലാകാരന്‍ :- അത് …   പിന്നെ … അച്ചുമൂളിയവരെ ജയിപ്പിക്കാമെന്നു ശങ്കുണ്ണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.

ആസ്വാദകന്‍ :- അങ്ങനെ പറയാന്‍ ശങ്കുണ്ണിക്കുട്ടന്‍റെ തറവാട്ടുസ്വത്താണോ അക്ഷരശ്ലോകം ?

ആസ്വാദകന്‍ :- ബബ്ബബ്ബ … ബബ്ബബ്ബ …

ഗുണപാഠം  

ആസ്വാദകരെ സന്തോഷിപ്പിക്കാനും അവരെ സ്വപക്ഷത്തു ചേര്‍ത്തു തദ്ദ്വാരാ നേട്ടങ്ങള്‍ കൊയ്യാനും കച്ച കെട്ടി ഇറങ്ങുന്ന കലാകാരന്മാര്‍ അവരോടു 100% ആത്മാര്‍ത്ഥത കാണിക്കണം.  അതില്‍ 1% എങ്കിലും കുറവു വന്നാല്‍ അവര്‍ കലാകാരന് എതിരേ തിരിയും. ആന പാപ്പാനെതിരെ തിരിയുന്നതു പോലെയുള്ള ഒരു ദുര്‍ഘടാവസ്ഥയായിരിക്കും അത്.

22.അക്ഷരശ്ലോകം അറിവിന്‍റെ പരീക്ഷ.

അക്ഷരശ്ലോകം അറിവിന്‍റെ മാത്രം പരീക്ഷയാണ്‌. അതു മറ്റൊന്നിന്‍റെയും പരീക്ഷയാകാന്‍ പാടില്ല. അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ അതു സ്വരമാധുര്യത്തിന്‍റെയും പാട്ടിന്‍റെയും മറ്റും പരീക്ഷയായി മാറും. അതു “വമ്പിച്ച പുരോഗമനം” ആയിരിക്കും എന്നു പറയുന്നത് ആനമണ്ടത്തരം ആണ്. അത് അധ:പതനം അല്ലാതെ മറ്റൊന്നും ആവുകയില്ല.

23. ഇതില്‍ എവിടെയാണു സ്വാര്‍ത്ഥത?

തങ്ങളുടെ തുഗ്ലക്കിയന്‍ സിദ്ധാന്തങ്ങളെയും മൂഢപരിഷ്കാരങ്ങളെയും ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ സ്വാര്‍ത്ഥന്മാര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നതു സര്‍വ്വജ്ഞമാനികളായ ഉന്നതന്മാരുടെ പതിവാണ്.

നൂറു ശ്ലോകം അറിയാവുന്ന മധുരസ്വരക്കാരനു വേണ്ടി തന്നെ എലിമിനേറ്റു ചെയ്യരുതെന്ന് ആയിരം ശ്ലോകം അറിയാവുന്ന ഒരാള്‍ പറഞ്ഞാല്‍ അതില്‍ എവിടെയാണു സ്വാര്‍ത്ഥത?

ഇരുപതു റൗണ്ടിലും ശ്ലോകം ചൊല്ലിയ തന്നെ അവഗണിച്ചുകൊണ്ടു പതിനെട്ടു റൗണ്ടില്‍ മാത്രം ശ്ലോകം ചൊല്ലിയ “പ്രതിഭാശാലി”യെ ജയിപ്പിക്കരുത് എന്ന് ഒരു മത്സരാര്‍ത്ഥി പറഞ്ഞാല്‍ അതില്‍ എവിടെയാണു സ്വാര്‍ത്ഥത?

24. ആഹ്ലാദിപ്പിക്കല്‍ ഒരു ചപലവ്യാമോഹം.

അക്ഷരശ്ലോകം ചൊല്ലിക്കേള്‍പ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ പുറപ്പെടുന്നവര്‍ പരിഹാസ്യരാകുകയേ ഉള്ളൂ. അക്ഷരശ്ലോകം ചൊല്ലാന്‍ അറിഞ്ഞുകൂടാത്തവര്‍ക്ക് അതു കേള്‍ക്കുന്നത് അങ്ങേയറ്റം ബോറായിരിക്കും. അക്ഷരശ്ലോകം ചതുരംഗം പോലെ ഒരു വിനോദമാണ്‌. അതില്‍ ഏര്‍പ്പെട്ടു രസിക്കാം എന്നല്ലാതെ പൊതുജനങ്ങളെ സന്തോഷിപ്പിക്കാം എന്നു പ്രതീക്ഷിന്നതു മൌഢ്യമാണ്.

25. ഇതു പുരോഗമനമല്ല; അധഃപതനമാണ്.

അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ട് ആക്കിയാല്‍ ധാരാളം ശ്രോതാക്കളെ കിട്ടും. പക്ഷേ അതു പുരോഗമനം ആവുകയില്ല. അധഃപതനമേ ആവുകയുള്ളൂ. എന്‍. ഡി. കൃഷ്ണനുണ്ണിയും കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടും ആലക്കാട്ടൂര്‍ നാരായണന്‍ നമ്പൂതിരിയും ഒക്കെ ചൊല്ലിയാല്‍ കിട്ടുന്നതിന്‍റെ നൂറിരട്ടി ശ്രോതാക്കളെ കിട്ടും യേശുദാസിനെയും റിമി ടോമിയെയും എം.ജി. ശ്രീകുമാറിനെയും ഒക്കെ കൊണ്ട് വന്ന് അക്ഷരശ്ലോകം ചൊല്ലിച്ചാല്‍. പക്ഷേ അത് എങ്ങനെ പുരോഗമനം ആകും?

26. മാര്‍ക്കിടല്‍ കൊണ്ടുള്ള പ്രയോജനം.

ഉന്നതന്മാര്‍ക്കു തങ്ങളുടെ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കാന്‍ എളുപ്പവഴി തുറന്നു കിട്ടുന്നു. “ഞങ്ങള്‍ സാഹിത്യമൂല്യം അളന്നാണു വിധി കല്‍പ്പിക്കുന്നത്” എന്നു പറഞ്ഞാല്‍ പിന്നെ ആരും ഒന്നും ചോദിക്കുകയില്ല. തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിച്ചാലും തോറ്റ മത്സരാര്‍ത്ഥികള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നുകൊള്ളും.

27. സര്‍വ്വജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങള്‍.

a) സ്വരമാധുര്യം ഇല്ലാത്തവര്‍ മരമണ്ടന്മാര്‍. അവരെ എലിമിനേറ്റു ചെയ്യണം.

b) ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ. ആണ്‍കുട്ടികള്‍ ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക് ഒട്ടും ആസ്വാദ്യം ആവുകയില്ല. അതിനാല്‍ അവര്‍ എപ്പോഴും രണ്ടാംകിടക്കാര്‍ ആയിരിക്കും.

c) ലോകത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ യേശുദാസ് ആണ്. അദ്ദേഹം ശ്ലോകങ്ങള്‍ ചൊല്ലിയാല്‍ ശ്രോതാക്കള്‍ ആനന്ദസാഗരത്തില്‍ ആറാടും. അതാണല്ലോ അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം.

28. എല്ലാം ശ്രോതാക്കള്‍ക്കു വേണ്ടി.

a) ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ അനുഷ്ടുപ്പ് ഒഴിവാക്കുന്നു.

b)  ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍  ഭാഷാവൃത്തങ്ങള്‍ക്കു ഭ്രഷ്ടു കല്‍പ്പിക്കുന്നു.

c)  ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ അക്ഷരനിബന്ധന കര്‍ശനമായി പാലിച്ചു ശ്ലോകങ്ങള്‍ ചൊല്ലുന്നു.

29. പണമുള്ള മഠയന്‍ ബുദ്ധിമാന്‍.

പണമുള്ള ഒരു മഠയന്‍ എത്ര വലിയ ആനമണ്ടത്തരം പറഞ്ഞാലും അതിനെ ശരി വച്ച് അവന്‍റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കാനും അവനെ മഹാബുദ്ധിമാന്‍ എന്നു വാഴ്ത്താനും സര്‍വ്വദാ സന്നദ്ധരാണ് ഇന്നത്തെ അക്ഷരശ്ലോകക്കാരില്‍ ബഹുഭൂരിപക്ഷവും. ഇതു തന്നെയാണു പ്രസ്ഥാനത്തിന്‍റെ ശാപവും.

30. ജനാര്‍ദ്ദനന്‍ വിചാരിച്ചാല്‍ യേശുദാസിനെ തോല്‍പ്പിക്കാന്‍ പറ്റുമോ?

സംഗീതമത്സരത്തില്‍ ആണെങ്കില്‍ പറ്റുകയില്ല. പക്ഷേ അക്ഷരശ്ലോകമത്സരത്തില്‍ ആണെങ്കില്‍ പറ്റും. പറ്റണം. പറ്റിയേ തീരൂ. അതാണ് അക്ഷരശ്ലോകത്തിന്‍റെ വൈശിഷ്ട്യം. യേശുദാസ് ചൊല്ലുന്നതിനെക്കാള്‍ ഒരു ശ്ലോകമെങ്കിലും ജനാര്‍ദ്ദനന്‍ കൂടുതല്‍ ചൊല്ലിയാല്‍ ജനാര്‍ദ്ദനന്‍ ജയിച്ചു തന്നെ തീരണം. അത്തരം സാഹചര്യത്തില്‍ “യേശുദാസ് ഭംഗിയായിട്ടു ചൊല്ലി; ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു; ശ്രോതാക്കളുടെ കയ്യടി നേടി.” എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു യേശുദാസിനെ ജയിപ്പിക്കുന്നതു ധിക്കാരവും ധാര്‍ഷ്ട്യവും വിവരക്കേടും ആണ്. അക്ഷരശ്ലോകം വേറേ; പാട്ടു വേറേ.

31. തമ്പ്രാന്മാരുടെ തട്ടിപ്പ്.

ശബ്ദമേന്മ അളന്നു മാര്‍ക്കിട്ടിട്ടു സാഹിത്യമൂല്യം അളന്നാണു മാര്‍ക്കിട്ടത് എന്നു പറഞ്ഞ് ഈ തമ്പ്രാന്മാര്‍ നമ്മളെ പറ്റിക്കുകയാണ്. ഹീനമായ ഈ തട്ടിപ്പു തിരിച്ചറിയുക.

32. അക്ഷരശ്ലോകത്തെ നശിപ്പിച്ചവര്‍ ആരെല്ലാം?

 1. കുറേ അധികാരഗര്‍വ്വിഷ്ഠന്മാര്‍. ഡല്‍ഹിയിലെ തുഗ്ലക്കിനോടും മൈസൂറിലെ ഹൈദരാലിയോടും ഒക്കെ ഉപമിക്കാവുന്നവരാണ് ഇക്കൂട്ടര്‍.
 2. കുറേ പൊങ്ങച്ചക്കാര്‍. സാഹിത്യമൂല്യം, അവതരണഭംഗി, കലാമേന്മ എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ടു നടന്നാല്‍ തങ്ങളെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ജനങ്ങള്‍ അംഗീകരിച്ചുകൊള്ളും എന്ന വ്യമോഹത്തിന് അടിമപ്പെട്ടവരാണ് ഇക്കൂട്ടര്‍.
 3. അക്ഷരശ്ലോകം അങ്ങാടിയാണോ പച്ചമരുന്നാണോ എന്ന്‍ അറിഞ്ഞുകൂടാത്ത കുറേ ധനാഢ്യന്മാര്‍.
 4. വിദ്യ കൊണ്ട് അറിയേണ്ടത് അറിയാതെ വിദ്വാനെന്നു നടിക്കുന്ന കുറേ പണ്ഡിതമ്മന്യന്മാര്‍.
 5. അക്ഷരശ്ലോകം ഒരുതരം പാട്ടാണെന്നു ധരിച്ചു വച്ചിരിക്കുന്ന കുറേ ആസ്വാദകവരേണ്യന്മാര്‍.

33. കലികാലവൈഭവം

കലികാലത്ത് അസാധാരണമായ പലതും നടക്കുമെന്നു വ്യാസന്‍ പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണന്മാര്‍ പണക്കൊതിയന്മാരാകും. സ്ത്രീകള്‍ വ്യഭിചാരിണികളാകും എന്നിങ്ങനെ കുറേ കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്തിയിട്ടുണ്ട്. അദ്ദേഹം പറയാത്ത ചില കാര്യങ്ങളും ഉണ്ട്. അവ താഴെപ്പറയുന്നു.

 1. അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവര്‍ ജയിക്കും.
 2. അറിവുള്ളവര്‍ അവഗണിക്കപ്പെടുകയും സ്വരമാധുര്യമുള്ളവര്‍ വാനോളം പുകഴ്ത്തപ്പെടുകയും ചെയ്യും.
 3.  പണവും പ്രതാപവും ഉള്ളവര്‍ പറയുന്നതെന്തും നിയമമാകും.

34. എലിയെ പേടിച്ച് ഇല്ലം ചുട്ടവര്‍.

ആസ്വാദകര്‍ അക്ഷരശ്ലോകത്തെപ്പറ്റി മോശം അഭിപ്രായം പറഞ്ഞാല്‍ നമ്മുടെ അന്തസ്സു കുറഞ്ഞുപോകില്ലേ? നാല്‍ക്കാലി ചൊല്ലുന്നവര്‍, ബോറായിട്ടു ചൊല്ലുന്നവര്‍ എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ അഭിമാനം എന്താകും? ഇങ്ങനെ ചിന്തിച്ച ചിലരാണു സാഹിത്യമൂല്യവും അവതരണഭംഗിയും ആസ്വാദ്യതയും ഒക്കെ അളന്നുള്ള  മാര്‍ക്കിടല്‍  ഏര്‍പ്പെടുത്തിയത്. ഫലമോ? അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധഃപതിച്ചു. ശരിയായ അക്ഷരശ്ലോകസൗധം വെന്തു വെണ്ണീറായി.

35. വമ്പിച്ച പുരോഗമനം ഉണ്ടാക്കേണ്ടത് എങ്ങനെ?

 1. ആദ്യമായി പാമരന്മാരെയും സാധാരണക്കാരെയും പുച്ഛിച്ചും പരിഹസിച്ചും നിര്‍വ്വീര്യരാക്കുക. നാല്‍ക്കാലി ശ്ലോകങ്ങള്‍ ചൊല്ലുന്ന ഏഴാംകൂലികള്‍ എന്നു പറഞ്ഞാല്‍ മതി; അവര്‍ തറ പറ്റിപ്പോകും. പിന്നെ അവര്‍ക്കു മിണ്ടാനേ കഴിയുകയില്ല.
 2. പിന്നീടു “ഞങ്ങള്‍ സാഹിത്യമൂല്യം അളക്കുന്നു” എന്നു പ്രചരിപ്പിക്കുക.
 3.  എന്നിട്ടു സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുക.
 4. മാര്‍ക്കു കുറഞ്ഞവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യുക.
 5. മാര്‍ക്കു കൂടിയവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കുക.

ഇത്രയും ചെയ്താല്‍ മതി; വമ്പിച്ച പുരോഗമനം ഉണ്ടാക്കിയതിന്‍റെ പേരില്‍ ലോകം മുഴുവന്‍ നിങ്ങളെ വാനോളം പുകഴ്ത്താന്‍ തുടങ്ങും.

36. എന്തിന്?

 1. സാഹിത്യമൂല്യം അളന്നുള്ള മൂല്യനിര്‍ണ്ണയം ഉള്ളപ്പോള്‍ അനുഷ്ടുപ്പ്  ഒഴിവാക്കല്‍ എന്തിന്?
 2. അച്ചുമൂളിയവരെ ജയിപ്പിക്കാമെങ്കില്‍ അക്ഷരനിബന്ധന എന്തിന്?
 3. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണു ലക്ഷ്യമെങ്കില്‍ ഭാഷാവൃത്തനിരോധനം എന്തിന്?

37. അടിസ്ഥാനതത്ത്വം അന്നും ഇന്നും.

അന്ന്

അച്ചു മൂളാത്തവര്‍ കേമന്മാര്‍.

ഇന്ന്‍

 1. ഭംഗിയായി ചൊല്ലുന്നവര്‍ കേമന്മാര്‍.
 2. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നവര്‍ കേമന്മാര്‍.
 3. സദസ്യരുടെ കയ്യടി നേടുന്നവര്‍ കേമന്മാര്‍.
 4. ഉന്നതന്മാരുടെ പ്രീതിക്കു പാത്രമാകുന്നവര്‍ കേമന്മാര്‍.
 5. സാഹിത്യനായകന്മാരുടെ പ്രശംസ നേടുന്നവര്‍ കേമന്മാര്‍.

38. പ്രതിഭാശാലികളെ എങ്ങനെ തിരിച്ചറിയും?

അതു വളരെ എളുപ്പമാണ്. എന്തുകൊണ്ടെന്നാല്‍ സ്വരമാധുര്യം ഉള്ളവരെല്ലാം വലിയ പ്രതിഭാശാലികള്‍ ആയിരിക്കും. അതിനാല്‍ സ്വരമാധുര്യം അളന്നു മാര്‍ക്കിട്ടാല്‍ മതി. ആലാപനത്തിലെ സംഗീതഗന്ധം കൂടി അളന്നാല്‍ ബഹുജോര്‍. സ്വരമാധുര്യവും സംഗീതഗന്ധിയായ ആലാപനശൈലിയും ഇല്ലാത്തവരെല്ലാം മരമണ്ടന്മാരായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

39. അഭിപ്രായം വേണ്ട.

അക്ഷരശ്ലോകം കേട്ട് ആസ്വദിക്കാന്‍ വരുന്നവര്‍ ചില അഭിപ്രായങ്ങള്‍ തട്ടി മൂളിക്കാറുണ്ട്. “ഇന്നാരുടെ ശബ്ദം ഷഡ്ഗുണങ്ങളും തികഞ്ഞതാണ്”. “ഇന്നാര്‍ക്കു സുസ്വരം എന്ന സൌഭാഗ്യം വേണ്ടത്രയുണ്ട്.”  “ഇന്നാരുടെ അവതരണശൈലി സംഗീതഗന്ധിയാണ്.”  “ഇന്നാര്‍ രാഗതാളമേളനത്തോടെ സംഗീതസമ്പന്നമായാണ് അവതരിപ്പിക്കുന്നത്‌.”  “ഇന്നാരുടെ ആലാപനം ചിന്തുപോലെ അതിരമ്യമാണ്.”  ഇന്നാര്‍ ചൊല്ലുന്നതു സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങളാണ്.” ഇങ്ങനെ പോകുന്നു “വിലയേറിയ” അഭിപ്രായങ്ങള്‍.

യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തില്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കു വല്ല പ്രസക്തിയും ഉണ്ടോ? ഇല്ല. ഇവയെല്ലാം തികച്ചും അപ്രസക്തമായ ശുദ്ധചവറുകള്‍ മാത്രമാണ്.

ഇവരുടെ അഭിപ്രായങ്ങള്‍ കേട്ട് ഇവരെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്നു തെറ്റിദ്ധരിച്ചു ചിലര്‍ ഇവരെ മത്സരം നിയന്ത്രിക്കുന്ന ജഡ്ജിമാര്‍ ആക്കാറുണ്ട്. അപ്പോഴാണ് അവര്‍ പരമാവധി നാശം വിതയ്ക്കുന്നത്. അവര്‍ മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുകയും സാധാരണക്കാരെ എലിമിനേറ്റു ചെയ്യുകയും ചെയ്യും. തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിക്കാനും ഈ സര്‍വ്വജ്ഞന്മാര്‍ക്കു യാതൊരു ഉളുപ്പും ഇല്ല.

മലബാര്‍ ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണസ്ഥലങ്ങളിലും ഒരു ബോര്‍ഡു വച്ചിരിക്കുന്നതു കാണാം.

“കരിങ്കണ്ണാ നോക്ക്; അഭിപ്രായം വേണ്ട.” 

അക്ഷരശ്ലോകസ്ഥലത്തും ഇതുപോലെ ഒരു ബോര്‍ഡു വയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

“ആസ്വാദകാ കേള്‍ക്ക്; അഭിപ്രായം വേണ്ട.” 

40. ധിക്കാരത്തിന്‍റെ സുവിശേഷം.

സ്വര്‍ണ്ണവും പണവും എല്ലാം ഞങ്ങളുടെ അധീനതയിലാണ്. അതുകൊണ്ടു ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ മത്സരം നടത്തി ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കും. ഞങ്ങള്‍ക്കിഷ്ടമില്ലാത്തവരെ എലിമിനേറ്റു ചെയ്യുകയും ചെയ്യും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ അച്ചു മൂളിയാലും ഞങ്ങള്‍ അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും.

41. അക്ഷരശ്ലോകം രക്ഷപ്പെടണമെങ്കില്‍…

 1. അച്ചു മൂളിയവരെ ജയിപ്പിച്ചുകൊണ്ടുള്ള “വിപ്ലവകരമായ മുന്നേറ്റം” അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
 2. അറിവുള്ളവരെ എലിമിനേറ്റു ചെയ്തിട്ടു സ്വരമാധുര്യം ഉള്ളവരെ ജയിപ്പിക്കുന്ന “വമ്പിച്ച പുരോഗമനം” ചവറ്റുകുട്ടയില്‍ എറിയുക.
 3. ശ്രോതാക്കളെ ഏറ്റവും അധികം ആഹ്ലാദിപ്പിക്കുന്ന “ശ്ലോകാലാപനകലാകാരന്‍” ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന “പരിഷ്കൃതസിദ്ധാന്തം” അറബിക്കടലിലേക്കു വലിച്ചെറിയുക.

42. മായം ചേര്‍ത്ത അക്ഷരശ്ലോകം.

അച്ചു മൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവു മാത്രമാണ് അക്ഷരശ്ലോകവൈദഗ്ദ്ധ്യമായി പരിഗണിക്കപ്പെടേണ്ടത്. അതിനു പുറമേ സ്വരമാധുര്യം, ആലാപനശൈലി, സാഹിത്യമൂല്യം മുതലായവ കൂടി പരിഗണിക്കാന്‍ തുടങ്ങിയാല്‍ അതു മായം ചേര്‍ത്ത അക്ഷരശ്ലോകം ആകും. അത്തരം മത്സരങ്ങളിലാണ് “ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ” എന്ന പരിഹാസ്യമായ ദുരവസ്ഥ ഉണ്ടാകുന്നത്.

43. പ്രതിഭാശാലികളുടെ അവകാശവാദങ്ങള്‍

ഇക്കാലത്ത് അക്ഷരശ്ലോകരംഗത്തു ധാരാളം “പ്രതിഭാശാലി”കളെ കാണാം. തുരുതുരെ അച്ചുമൂളിയാലും അവര്‍ തോല്‍ക്കുന്ന പ്രശ്നമില്ല. അച്ചുമൂളിയാലും ഉളുപ്പില്ലാതെ വിജയം അവകാശപ്പെടാന്‍ അവര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 1. ഞാന്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു; അതുകൊണ്ടു ഞാന്‍ ജയിച്ചു.
 2. ഞാന്‍ സദസ്യരുടെ കയ്യടി നേടി; അതുകൊണ്ടു ഞാന്‍ ജയിച്ചു.
 3. ഞാന്‍ ഉന്നതന്മാരുടെ പ്രശംസയ്ക്കു പാത്രമായി; അതുകൊണ്ടു ഞാന്‍ ജയിച്ചു.

ഇതൊക്കെത്തന്നെയല്ലേ പ്രതിഭയുടെ ലക്ഷണം?

44. ഇതാണോ വമ്പിച്ച പുരോഗമനം?

എഴുപതിലധികം വര്‍ഷം നിരന്തരം ശ്ലോകം പഠിച്ചും സ്വന്തമായി ആയിരക്കണക്കിനു ശ്ലോകങ്ങള്‍ എഴുതിയും പരിചയസമ്പത്തും വൈദഗ്ദ്ധ്യവും നേടിയ ചന്ദ്രമന ശ്രീധരന്‍ നമ്പൂതിരിക്കു വളരക്കുറച്ചു ശ്ലോകങ്ങള്‍ മാത്രം പഠിച്ചവളും സ്വന്തമായി ഒരു ശ്ലോകം പോലും എഴുതാന്‍ കഴിവില്ലാത്തവളും മയൂരസന്ദേശത്തിന്‍റെ വൃത്തം എന്താണെന്ന് അറിഞ്ഞുകൂടാത്തവളും ആയ ഒരു പതിനെട്ടുകാരിയുടെ മുമ്പില്‍ പരാജയം സമ്മതിക്കേണ്ടി വന്നു. എന്തുകൊണ്ട്? അറിവു കുറവായതുകൊണ്ടാണോ? അദ്ധ്വാനം കുറവായതുകൊണ്ടാണോ? അല്ല. സ്വരമാധുര്യം കുറവായതുകൊണ്ട്.

ഇതാണോ “വമ്പിച്ച പുരോഗമനം”?

45. എല്ലാം സ്വരമാധുര്യം കൊണ്ട്

 1. വൃദ്ധന്മാരെ യുവാക്കള്‍ തോല്‍പ്പിക്കുന്നു. എന്തുകൊണ്ട്? സ്വരമാധുര്യം കൊണ്ട്.
 2. ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ തോല്‍പ്പിക്കുന്നു. എന്തുകൊണ്ട്? സ്വരമാധുര്യം കൊണ്ട്.
 3. അറിവുള്ളവരെ അറിവില്ലാത്തവര്‍ തോല്‍പ്പിക്കുന്നു. എന്തുകൊണ്ട്? സ്വരമാധുര്യം കൊണ്ട്.

46. വിജയിയെ കണ്ടെത്തേണ്ടത്‌ എങ്ങനെ?

സാഹിത്യമൂല്യം, സ്വരമാധുര്യം,, പാട്ട് ഇതൊക്കെ അളന്നു മാര്‍ക്കിട്ടല്ല അക്ഷരശ്ലോകമത്സരത്തില്‍ വിജയിയെ കണ്ടെത്തേണ്ടത്‌. അച്ചുമൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവു നോക്കിയാണ്. അല്ലാത്തപക്ഷം അക്ഷരശ്ലോകമത്സരം ശ്ലോകപ്പാട്ടുമത്സരം ആയി അധ:പതിക്കും.

47. എല്ലാം നല്ലതു തന്നെ; പക്ഷേ……

സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നതു നല്ലതല്ലേ? ആസ്വാദ്യത അളന്നു മാര്‍ക്കിടുന്നതു നല്ലതല്ലേ? അക്ഷരശ്ലോകത്തെ ആസ്വാദ്യവും രംഗപ്രയോഗസാദ്ധ്യതയുള്ളതും ആയ ഒരു കല എന്ന നിലയിലേക്ക് ഉയര്‍ത്തുന്നതു നല്ലതല്ലേ?

ഇതൊക്കെയാണു സ്വയം പ്രഖ്യാപിതയജമാനന്മാര്‍ അടിയാന്മാരോടു ചോദിക്കുന്ന ചോദ്യം.

എല്ലാം നല്ലതു തന്നെ. പക്ഷേ ഇതിന്‍റെയൊക്കെ ഫലമായി ഏറ്റവും മനോഹരമായി പാടുന്നയാള്‍ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അടിയങ്ങള്‍ക്ക്‌ അത് അംഗീകരിച്ച് എറാന്‍ മൂളി നില്ക്കാന്‍ കഴിയുകയില്ല.

48. മാര്‍ക്കിടുമ്പോള്‍ എന്തു സംഭവിക്കുന്നു?

അറിവുള്ളവര്‍ അവഗണിക്കപ്പെടുന്നു. സ്വരമാധുര്യമുള്ളവര്‍ സ്വര്‍ണ്ണമെഡല്‍ നേടുന്നു.

49. ഉള്ളൂരും റിമി ടോമിയും

ഉന്നതന്മാരും സര്‍വ്വജ്ഞന്മാരും മാര്‍ക്കിട്ടു നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളില്‍ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരോടൊപ്പം റിമി ടോമിയും ചേര്‍ന്നാല്‍ എന്തു സംഭവിക്കും? സംശയിക്കാനൊന്നുമില്ല. റിമി ടോമി ജയിക്കും. ഉള്ളൂര്‍ സ്വന്തം രചനകളായ അന്നമുണ്ടു കുളമോ എന്നും മറ്റുമുള്ള ശ്ലോകങ്ങള്‍ അനാകര്‍ഷകമായി ചൊല്ലും. സാഹിത്യമൂല്യതിന്‍റെ പേരിലും അവതരണഭംഗിയുടെ പേരിലും അദ്ദേഹം ബഹുദൂരം പിന്നിലാകും. റിമി ടോമി  അമ്പത്തൊന്നക്ഷരാളിയും മറ്റും ആസ്വാദ്യമായി സംഗീതമധുരമായ ശൈലിയില്‍ ആലപിച്ചു മാര്‍ക്കു നേടി ജയിക്കും.

ഇതല്ലേ പുരോഗമനം?

50. നേട്ടം ആര്‍ക്ക്?

അറിവുള്ളവരെ എലിമിനേറ്റു ചെയ്തിട്ടു സ്വരമാധുര്യം ഉള്ളവരെ ജയിപ്പിക്കുന്ന “വമ്പിച്ച പുരോഗമനം” ഉന്നതന്മാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതു കൊണ്ടുള്ള നേട്ടം ആര്‍ക്കാണ്‌?

ഉന്നതന്മാരുടെ ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും.

51. എന്താണു പോരായ്മ?

അക്ഷരശ്ലോകമത്സരാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം എന്താണു പോരായ്മ? ഈ ചോദ്യത്തിനു രണ്ടുത്തരങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

 1. മാര്‍ക്കു കിട്ടാതിരിക്കല്‍.

അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ഉന്നതന്മാരാണ് ഇങ്ങനെ പറയുന്നത്. ഈ ഉത്തരം പൊട്ടന്‍ തെറ്റാണ്. മാര്‍ക്കു നേടിത്തരുന്നതു സ്വരമാധുര്യവും പാട്ടും ആണ്. അതിനാല്‍ ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം മാര്‍ക്കിനു പുല്ലു വിലയേ ഉള്ളൂ. സാഹിത്യമൂല്യമാണു മാര്‍ക്കു നേടിത്തരുന്നത്‌ എന്നു വന്നാലും ഇതില്‍ മാറ്റം വരുന്നതല്ല. എന്തുകൊണ്ടെന്നാല്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്ന് അക്ഷരശ്ലോകത്തിന്‍റെ ഒരു നിയമവും അനുശാസിക്കുന്നില്ല.

         2. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിയാതിരിക്കല്‍.

ഇതാണു ശരിയായ ഉത്തരം. ഇതു മാത്രമാണു പോരായ്മ.

52. ആരാണു യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്‍?

അദ്ധ്വാനിച്ചു നേടിയ അറിവു കൊണ്ട് ഒരു ചാന്‍സും വിടാതെ (അച്ചു മൂളാതെ) ചൊല്ലി ജയിക്കുന്നവനാണു    യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്‍.

ജന്മസിദ്ധമായ സ്വരമാധുര്യം കൊണ്ടും പാട്ടു കൊണ്ടും ഉന്നതന്മാരുടെ പ്രീതിക്കു പാത്രമായി ജയിക്കുന്നവര്‍ അക്ഷരശ്ലോകവിദഗ്ദ്ധന്മാരല്ല. ശ്ലോകപ്പാട്ടുവിദഗ്ദ്ധന്മാര്‍ മാത്രമാണ്.

53. വമ്പിച്ച പുരോഗമനം എന്നാല്‍ എന്ത്?

സാഹിത്യമൂല്യം അളക്കുന്നു എന്ന വ്യാജേന സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിട്ടു ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കുന്ന നവീനരീതിയെ വമ്പിച്ച പുരോഗമനം എന്നു പറയുന്നു.

54. വെളുക്കാന്‍ തേച്ചു; പാണ്ടു പിടിച്ചു.

ധാരാളം ആസ്വാദകരെ കിട്ടിയാല്‍ കൊള്ളാം എന്നു ചിലര്‍ക്കു മോഹം തോന്നി. അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ടു വേണമെന്നും അല്ലാത്തവരെ എലിമിനേറ്റു ചെയ്യുമെന്നും ഒക്കെ അവര്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങി. ഫലമോ? അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധ:പതിച്ചു.

55. ശിങ്കിടികളെ ജയിപ്പിക്കാന്‍ കുറുക്കുവഴി

നിങ്ങള്‍ ഒരു സംഘാടകന്‍ ആണോ? നിങ്ങള്‍ക്കു തുരുതുരെ അച്ചു മൂളുന്ന ശിങ്കിടികള്‍ ഉണ്ടോ? നിങ്ങള്‍ക്ക് അവരെ ജയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ അതിനുള്ള വഴി പുരോഗമനക്കാര്‍ തെളിച്ചു തന്നിട്ടുണ്ട്.

ശിങ്കിടിക്കു സ്വരമാധുര്യവും പാട്ടും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സദസ്യര്‍ ചോദ്യം ചെയ്യും. സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുക. മാര്‍ക്കു കൂടുതല്‍ നേടിയതിന്‍റെ പേരില്‍ ശിങ്കിടിയെ വിജയിയായി പ്രഖ്യാപിക്കുക. ശിങ്കിടി എത്ര പ്രാവശ്യം അച്ചുമൂളിയാലും അതൊന്നും പരിഗണിക്കേണ്ടതില്ല.

ഇനി മത്സരാര്‍ത്ഥികള്‍ ആരെങ്കിലും വിധിയെ ചോദ്യം ചെയ്താലോ? വിഷമിക്കണ്ട. സാഹിത്യമൂല്യം അളന്നാണു മാര്‍ക്കിട്ടത് എന്നു തട്ടി മൂളിക്കുക. സാഹിത്യമൂല്യം എന്ന വജ്രായുധം പ്രയോഗിച്ചാല്‍ വിമര്‍ശിക്കുന്ന മത്സരാര്‍ത്ഥികളുടെ സപ്തനാഡികളും തളര്‍ന്നുപോകും. പിന്നെ അവര്‍ക്ക് ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുകയില്ല. അവര്‍ പത്തി താഴ്ത്തി പതുക്കെ സ്ഥലം വിട്ടുകൊള്ളും.

57. അടിമകളുടെ ദുരവസ്ഥ.

അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കിയവര്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളാണു മാര്‍ക്കിടലും എലിമിനേഷനും. അക്ഷരശ്ലോകം സ്വതന്ത്രം ആയിരുന്നപ്പോള്‍ ഇത്തരം കൊള്ളരുതായ്മകള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം നഷ്ടപ്പെട്ട അടിമകള്‍ക്കു യജമാനന്മാര്‍ അടിച്ചേല്‍പ്പിക്കുന്ന ധിക്കാരപരവും ധാര്‍ഷ്ട്യപൂര്‍ണ്ണവും ആയ കോപ്രായങ്ങള്‍ അംഗീകരിക്കാതെ നിവൃത്തിയില്ല.

അതിനാല്‍ അടിമകള്‍ ആകാതിരിക്കാന്‍ സദാ ജാഗ്രത പാലിക്കുക.  ആയിപ്പോയാല്‍ എത്രയും വേഗം സ്വാതന്ത്ര്യം നേടുക.

58. ഉന്നതന്മാര്‍ വരുത്തിയ പരിഷ്കാരം.

അക്ഷരശ്ലോകരംഗത്ത്‌ ഉന്നതന്മാര്‍ വരുത്തിയ പരിഷ്കാരം ഒറ്റ വാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം.

അച്ചുമൂളാത്തവര്‍ കേമന്മാര്‍ എന്നതു മാറ്റി സ്വരമാധുര്യം ഉള്ളവര്‍ കേമന്മാര്‍ എന്നാക്കി.

അവര്‍ നടത്തുന്ന “അക്ഷരശ്ലോക”മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയാലും ജയിക്കാം. സ്വരമാധുര്യം ഉണ്ടായിരുന്നാല്‍ മതി. സംഗീതഗന്ധിയായ ആലാപനശൈലി കൂടി ഉണ്ടെങ്കില്‍ ബഹുവിശേഷം. അവനാണു പ്രതിഭാശാലി.