കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത മഹാന്മാര്‍

1955 മുതല്‍ അക്ഷരശ്ലോകസാമ്രാജ്യം ഉന്നതന്മാരായ ചില മഹാന്മാര്‍ പിടിച്ചടക്കി ഭരിച്ചു വരികയാണല്ലോ. അവരെ ആരും ക്ഷണിച്ചു കൊണ്ടു വന്നതല്ല. തെരഞ്ഞെടുത്തു ഭരണമേല്പിച്ചതും അല്ല. അവര്‍ സ്വമേധയാ കയറി വന്നു ഭരണം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ഭാരതത്തിന്‍റെ ഭരണം ഏറ്റെടുത്തതു പോലെ. എന്തായാലും അവര്‍ മഹാന്മാരാണല്ലോ. അതുകൊണ്ടു നമുക്കു സമാധാനിക്കാം എന്നു വിചാരിച്ചാലോ? അവിടെയാണു കുഴപ്പം. എന്തെന്നാല്‍ ഈ മഹാന്മാര്‍ക്ക് അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാ. പറഞ്ഞുമനസിലാക്കാംഎന്നു വച്ചാലോ? അങ്ങേയറ്റം ലളിതമായ അടിസ്ഥാനതത്ത്വങ്ങള്‍ കാര്യകാരണസഹിതം വിശദീകരിച്ചു പറഞ്ഞാലും ഇവര്‍ക്ക് ഒന്നും മനസ്സിലാവുകയില്ല.

അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വം അത്യന്തം ലളിതമാണ്. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും. ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. ഇതില്‍ സങ്കീര്‍ണ്ണമായി ഒന്നുമില്ല. എങ്കിലും ഇതു പറഞ്ഞാല്‍ മുന്‍പറഞ്ഞ മഹാന്മാര്‍ എതിര്‍വാദവുമായി മുന്നോട്ടു വരും. അക്ഷരശ്ലോകം സാഹിത്യവിനോദമല്ലേ? അതുകൊണ്ടു സാഹിത്യമൂല്യം അളന്നു മാര്‍ക്കിടണ്ടേ? അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ലേ? അതുകൊണ്ട് ആസ്വാദ്യത അളന്നു മാര്‍ക്കിടണ്ടേ? ഇങ്ങനെ പോകും അവരുടെ എതിര്‍വാദങ്ങള്‍. അവരുടെ അഭിപ്രായത്തില്‍ എല്ലാ റൗണ്ടിലും മുട്ടാതെ ശ്ലോകം ചൊല്ലുന്നതിനു യാതൊരു പ്രാധാന്യവും ഇല്ല. ചൊല്ലിയ ശ്ലോകങ്ങളുടെ സാഹിത്യമൂല്യവും അവതരണഭംഗിയും കലാമേന്മയും ഒക്കെ അളന്നു മാര്‍ക്കിട്ടപ്പോള്‍ എത്ര മാര്‍ക്കു കിട്ടി എന്നതു മാത്രമാണു പ്രധാനമായ കാര്യം. അവരുടെ മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയവര്‍ക്കും ജയിക്കാം. അതാണത്രേ പുരോഗമനവും നവോത്ഥാനവും.

യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിടല്‍ ആവശ്യമാണോ? അല്ല. പക്ഷേ അല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞവനെ മണ്ടന്‍, സ്വാര്‍ത്ഥന്‍, പിന്തിരിപ്പന്‍, മൂല്യബോധമില്ലാത്തവന്‍, കലാബോധമില്ലത്തവന്‍ എന്നൊക്കെ പറഞ്ഞു പുച്ഛിച്ചും പരിഹസിച്ചും തറപറ്റിക്കാന്‍ ആയിരിക്കും ഈ മഹാന്മാര്‍ ശ്രമിക്കുക. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ എത്ര വിശദീകരിച്ചാലും തലയില്‍ കയറാത്ത അവരില്‍ നിന്നു മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

മാര്‍ക്കിടല്‍ ഇല്ലാത്ത ഫുട്ബാള്‍, ക്രിക്കറ്റ്, ടെന്നീസ്, ചതുരംഗം, ചീട്ടുകളി, പകിടകളി, കാരംസ് മുതലായ ഡസന്‍ കണക്കിനു വിനോദങ്ങള്‍ ലോകത്തുണ്ട്. അവയിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ആര്‍ക്കും നേരിടേണ്ടി വരാത്ത ഒരു ദുരവസ്ഥയാണ് അക്ഷരശ്ലോകക്കാര്‍ക്കു നേരിടേണ്ടി വരുന്നത്.

ഫുട്ബാള്‍ മത്സരത്തില്‍ മാര്‍ക്കിടലിനെ അനാവശ്യമാക്കുന്ന ഘടകം എന്താണ്? ഗോളടിച്ചാല്‍ജയിക്കും; ഗോളടിച്ചില്ലെങ്കില്‍ തോല്‍ക്കും എന്ന നിയമമാണ് അത്.

ഇതുപോലെ ഒരു നിയമമല്ലേ അക്ഷരശ്ലോകത്തിലും ഉള്ളത്? “അച്ചുമൂളാതെ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; അച്ചുമൂളിയാല്‍ തോല്‍ക്കും” എന്ന നിയമം സുവ്യക്തവും സുവിദിതവും അല്ലേ? ഇതുള്ളപ്പോള്‍ എന്തിനാണ് ഒരു മാര്‍ക്കിടല്‍?

പക്ഷേ ഇത്തരം കാര്യങ്ങള്‍ എത്ര വിശദീകരിച്ചു പറഞ്ഞാലും മഹാന്മാര്‍ക്കു മനസ്സിലാവുകയില്ല. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ജയിക്കുമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ മാര്‍ക്കിടല്‍ കൂടിയേ തീരൂ എന്ന് അവര്‍ ഘോരഘോരം വാദിക്കും.

അങ്ങനെയാണെങ്കില്‍ അക്ഷരനിബന്ധന വേണ്ടെന്നു വച്ചുകൂടേ എന്നു ചോദിച്ചാല്‍ അതിനും അവര്‍ തയ്യാറല്ല. അവര്‍ക്കു വേണ്ടത് ഒന്നു മാത്രമാണ്. അക്ഷരശ്ലോകം എന്ന പേരു നിലനിര്‍ത്തിക്കൊണ്ട് അവരുടെ തന്നിഷ്ടപ്രകാരമുള്ള മത്സരങ്ങള്‍ നടത്തണം. എന്നിട്ട് അക്ഷരശ്ലോകത്തിന്‍റെ പേരില്‍ കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കൈവശപ്പെടുത്തി തങ്ങള്‍ക്കും തങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ക്കുമായി വീതിച്ചെടുക്കണം. അതിനാല്‍ കാര്യങ്ങള്‍ മനസ്സിലായാലും മനസ്സിലായില്ല എന്നു ഭാവിക്കുകയായിരിക്കും അവര്‍ ചെയ്യുക. കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു തരം മാര്‍ജ്ജാരശൈലി. ഇത്തരം മഹാന്മാരാണു ഭരണത്തില്‍ എന്നതാണു പ്രസ്ഥാനത്തിന്‍റെ ദൗര്‍ഭാഗ്യം. എത്ര വലിയ മഹാന്മാര്‍ ആയാലും കാര്യം പറഞ്ഞാല്‍ മനസ്സിലാകുകയില്ലെങ്കില്‍ അവരുടെ മഹത്ത്വം കൊണ്ട് എന്തു പ്രയോജനം?

ആനയ്ക്ക് ഇല്ലാത്ത ആഡംബരം കൊതുകിന് ആവശ്യമുണ്ടോ?

ലോകത്തില്‍ ഏറ്റവും അധികം ആസ്വാദകരുള്ള വിനോദം ഫുട്ബാള്‍ ആണ്. പക്ഷേ ഫുട്ബാള്‍ കളിക്കാര്‍ ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ പ്രത്യേകിച്ചു യാതൊന്നും ചെയ്യാറില്ല. ഗോളടിച്ചു ജയിക്കാന്‍ മാത്രമേ അവര്‍ ശ്രമിക്കുകയുള്ളൂ. കളിക്കാര്‍ കാണികളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിട്ടു വിജയികളെ നിര്‍ണ്ണയിക്കുന്ന ഏര്‍പ്പാട് അവര്‍ക്കില്ല.

ഇനി നമുക്കു ലോകത്തില്‍ ഏറ്റവും കുറച്ച് ആസ്വാദകരുള്ള വിനോദത്തിന്‍റെ കാര്യം പരിശോധിക്കാം. ആ വിനോദം അക്ഷരശ്ലോകം ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത കാലത്തു ചില അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരുടെ ആസ്വാദകപ്രേമം പെട്ടെന്നു ക്രമാതീതമായി വര്‍ദ്ധിച്ചു. അവര്‍ ഓരോ മത്സരാര്‍ത്ഥിയും ആസ്വാദകരെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിടുകയും മാര്‍ക്കു നോക്കി വിജയിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരു പുതിയ പരിഷ്കാരവും ഏര്‍പ്പെടുത്തി. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു മാര്‍ക്കു നേടുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കാം എന്ന്‍ ഒരു പുതിയ നിയമവും പാസ്സാക്കി. ആഹ്ലാദിപ്പിക്കാത്തവരെ എലിമിനേറ്റു ചെയ്യാനും ഏര്‍പ്പാടുണ്ടാക്കി.

ഫുട്ബാള്‍ മത്സരം ആനയാണെങ്കില്‍ അക്ഷരശ്ലോകമത്സരം കൊതുകാണ്. ആനയ്ക്ക് ഇല്ലാത്ത ആഡംബരം കൊതുകിന് ആവശ്യമുണ്ടോ?

അച്ചുമൂളിയവരെ ജയിപ്പിക്കാന്‍ പാടുണ്ടോ?

പാടുണ്ടെങ്കിലും ഇല്ലെങ്കിലും ചില ഉന്നതന്മാര്‍ക്ക് അച്ചുമൂളിയവരെ ജയിപ്പിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാല്‍ പ്രതിഭാശാലികള്‍ എന്ന് അവര്‍ വിശേഷിപ്പിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന അവരുടെ ശിങ്കിടികളും കണ്ണിലുണ്ണികളും തുരുതുരെ അച്ചുമൂളുന്നവരാണ്. അവര്‍ പരാജയപ്പെടുന്നത് ഈ ഉന്നതന്മാര്‍ക്കു സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അക്ഷരശ്ലോകമത്സരം എന്നുപറഞ്ഞുകൊണ്ടു മത്സരം നടത്തിയിട്ട് അച്ചുമൂളിയവരെ ജയിപ്പിക്കുന്നതു പ്രകടമായ ഒരു കൊള്ളരുതായ്മയാണെന്ന് അവര്‍ക്കു നല്ല ബോധമുണ്ട്. എങ്കിലും “പ്രതിഭാശാലി”കളെ ജയിപ്പിക്കാന്‍ അതു കൂടിയേ തീരൂ എന്നു വന്നതു കൊണ്ട് ആ ദുഷ്പ്രവൃത്തിക്ക് ഒരു ന്യായീകരണം കണ്ടുപിടിക്കാന്‍ അവര്‍ തലപുകഞ്ഞ് ആലോചിച്ചു. പക്ഷേ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഭാഗ്യവശാല്‍ അവര്‍ക്കു മഹാപണ്ഡിതനായ ഒരു ന്യായീകരണവിദഗ്ദ്ധന്‍റെ സേവനം കിട്ടി. ഏതു ഹീനമായ കൊള്ളരുതായ്മ കാണിച്ചിട്ട് അദ്ദേഹത്തെ അഭയം പ്രപിച്ചാലും അദ്ദേഹം അപ്രതിരോദ്ധ്യമായ ഒരു ന്യായീകരണം തയ്യാറാക്കി കൊടുക്കും. അമ്മയെ തല്ലിയിട്ടു ചെന്നാലും ഉടന്‍ ന്യായീകരണം റെഡി.

അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയവരെ ജയിപ്പിക്കുന്നതിനു ന്യായീകരണം വേണം എന്നു പറഞ്ഞു സമീപിച്ച ഉന്നതന്മാരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. യാതൊരു മടിയും കൂടാതെ ഉടന്‍ ഒരു കിടിലന്‍ ന്യായീകരണം തയ്യാറാക്കി കൊടുത്തു. അത് ഇങ്ങനെയായിരുന്നു.

“അക്ഷരശ്ലോകം ഒരു പൂമാലയാണ്. അക്ഷരനിബന്ധനയാകുന്ന നൂലില്‍ ശ്ലോകങ്ങളാകുന്ന പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാല. പൂക്കളാണു മാലയുടെ കാതലായ അംശം. അവയുടെ നിറവും ഭംഗിയും സൗരഭ്യവും ആണു മാലയുടെ മേന്മ നിശ്ചയിക്കുന്നത്. നൂല് ഇക്കാര്യത്തില്‍ കാര്യമായ സംഭാവനയൊന്നും നല്‍കുന്നില്ല. അത് ആസ്വാദകരുടെ ഇന്ദ്രിയങ്ങള്‍ക്കു ഗോചരം ആകുന്നുപോലും ഇല്ല. അതുകൊണ്ട് അതിനെ അവഗണിക്കാം.

മാലയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ പൂക്കളുടെ ഗുണനിലവാരം മാത്രം കണക്കിലെടുത്താല്‍ മതി. അക്ഷരശ്ലോകത്തിന്‍റെ മേന്മ അളക്കാന്‍ ശ്ലോകങ്ങളുടെ സെലക്ഷന്‍ പ്രസന്‍റേഷന്‍ മുതലായവ മാത്രം പരിഗണിച്ചാല്‍ മതി. അക്ഷരനിബന്ധന എത്രത്തോളം പാലിച്ചു എന്നതു പരിഗണിക്കേണ്ടതില്ല. അതിനാല്‍ അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെ ജയിപ്പിക്കാം”

ഉന്നതന്മാര്‍ക്കു പരമാനന്ദമായി. “കിട്ടിപ്പോയീ, ഞങ്ങള്‍ക്കു കിട്ടിപ്പോയീ. അച്ചുമൂളിയവരെ ജയിപ്പിക്കാന്‍ ഞങ്ങള്‍ക്കു മഹാപണ്ഡിതനായ ഇന്നാരുടെ അനുവാദവും സമ്മതവും കിട്ടിപ്പോയീ” എന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ ആനന്ദനൃത്തം ചവിട്ടി.

അന്നു മുതല്‍ അവര്‍ തുരുതുരെ അച്ചുമൂളുന്ന ശിങ്കിടികളേയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ ജയിപ്പിക്കുന്നതു സ്ഥിരം പരിപാടിയാക്കി. ഇപ്പോള്‍ അച്ചുമൂളിയവരെ ജയിപ്പിച്ചില്ലെങ്കില്‍ ആ മത്സരം ഫാഷനബിള്‍ അല്ല എന്നു വരെ ആയിട്ടുണ്ട്. “അച്ചുമൂളിയവരെ ജയിപ്പിക്കുന്ന വിധത്തില്‍ ഞങ്ങള്‍ അക്ഷരശ്ലോകത്തിന്‍റെ നിയമം പരിഷ്കരിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിഷ്കൃതനിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഞങ്ങളുടെ മത്സരങ്ങളില്‍ പങ്കെടുത്താല്‍ മതി” എന്നു പറയാനുള്ള ധാര്‍ഷ്ട്യവും അവര്‍ കാണിക്കാറുണ്ട്.

ഇനി നമുക്കു പണ്ഡിതന്‍റെ വാദത്തിലെ യുക്തി (യുക്തിരാഹിത്യം) പരിശോധിക്കാം. പണ്ഡിതന്‍റെ ന്യായീകരണം ബഹുകേമം തന്നെ. ന്യായീകരണം കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനു മുമ്പില്‍ നമസ്കരിച്ചേ മതിയാവൂ. എങ്കിലും ഒരു കാര്യം ആരും വിസ്മരിക്കാന്‍ പാടില്ല. മാലയുടെ നിലനില്‍പ്പു തന്നെ നൂലിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. നൂലു പൊട്ടിയ മാലയ്ക്കു മാല എന്ന നിലയില്‍ ഒരു വിലയും ഇല്ല.

എത്ര നല്ല ശ്ലോകങ്ങള്‍ സെലക്ട്‌ ചെയ്ത് എത്ര നന്നായി പ്രസന്‍റ് ചെയ്യുന്ന പ്രതിഭാശാലി ആയാലും കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്‍ പരാജിതനാണ്. അതാണ് അക്ഷരശ്ലോകം.