നാഴികയ്ക്കു നാൽപതു വട്ടം “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചുകൂവിക്കൊണ്ടു നടന്ന് അക്ഷരശ്ലോകസർവ്വജ്ഞൻ ചമയുന്ന ഉന്നതന്മാർക്ക് എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനു പ്രസക്തിയുണ്ടോ? തീർച്ചയായും ഉണ്ട്. അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്. അതിനാൽ പ്രസക്തി ഇല്ലാതെ വരികയില്ല. പ്രസക്തി എത്രത്തോളം എന്നതാണു കാതലായ പ്രശ്നം. അതു മനസ്സിലാക്കാൻ വേണ്ടി നമുക്കു മറ്റൊരു കാര്യത്തെപ്പറ്റി അല്പം ചിന്തിക്കാം. ജനാധിപത്യത്തിൽ വോട്ടറുടെ പ്രബുദ്ധതയ്ക്കുള്ള പ്രസക്തിയാണ് അത്. പ്രബുദ്ധതയുള്ളവർ മാത്രമേ വോട്ടു ചെയ്യാവൂ എന്നു നിയമമുണ്ട്. പക്ഷെ പ്രബുദ്ധത കൂടിയ വോട്ടർമാരും പ്രബുദ്ധത കുറഞ്ഞ വോട്ടർമാരും എന്നൊരു വിഭജനം ഇല്ല. പ്രബുദ്ധത അളന്നു മാർക്കിടുന്ന ഏർപ്പാടും ഇല്ല. 18 വയസ്സു തികഞ്ഞ എല്ലാ മനുഷ്യർക്കും വേണ്ടത്ര പ്രബുദ്ധതയുണ്ട് എന്നും അത് എല്ലാവർക്കും തുല്യമാണ് എന്നും ഉള്ള ഒരു സങ്കല്പത്തിലാണു തെരഞ്ഞെടുപ്പു നടത്തുന്നത്. വിദ്യാസമ്പന്നന്മാർക്കു കൂടുതൽ പ്രബുദ്ധതയും നിരക്ഷരകുക്ഷികൾക്കു കുറച്ചു പ്രബുദ്ധതയും എന്നൊന്നും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ പ്രബുദ്ധതയ്ക്കു പ്രസക്തിയുണ്ട്. പക്ഷെ ഒരു പരിധി വരെ മാത്രം.
അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനുള്ള പ്രസക്തിയും ഇതുപോലെ തന്നെയാണ്. പ്രസക്തിയുണ്ട്. പക്ഷേ ഒരു പരിധി വരെ മാത്രം. സാഹിത്യമൂല്യം അളന്നു മാർക്കിടാൻ തക്ക പ്രസക്തിയില്ല എന്നു ചുരുക്കം. അക്ഷരശ്ലോകക്കാരൻ്റെ ലക്ഷ്യം അച്ചുമൂളാതെ ശ്ലോകം ചൊല്ലുക എന്നതാണ്. സാഹിത്യമൂല്യം വിളമ്പി ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുക എന്നതല്ല. അച്ചുമൂളാതിരിക്കാൻ ചൊല്ലുന്ന ശ്ലോകത്തിനു സാഹിത്യപരമായ ഒരു മിനിമം നിലവാരം ഉണ്ടായിരുന്നാൽ മതി. വൃത്തവും അർത്ഥവും ഉണ്ടായിരിക്കണം. വ്യാകരണത്തെറ്റു, ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങൾ ഉണ്ടായിരിക്കരുത്. ഇത്രയും ഒത്താൽ മിനിമം നിലവാരമായി. മിനിമം നിലവാരമുള്ള എല്ലാ ശ്ലോകങ്ങൾക്കും വേണ്ടത്ര സാഹിത്യമൂല്യം ഉണ്ടെന്നും അതു തുല്യമാണെന്നും ആണു സങ്കൽപം. അതിനാൽ സാഹിത്യമൂല്യം അളന്നു മാർക്കിടേണ്ട ആവശ്യമേ ഇല്ല.
സാഹിത്യമൂല്യം അളന്നു മാർക്കിട്ടാൽ ഒരു വലിയ കുഴപ്പമുണ്ട്. സാഹിത്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത ഒരു മധുരസ്വരക്കാരനു കാളിദാസൻറെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലി സാഹിത്യമൂല്യത്തിനുള്ള മാർക്കു നിഷ്പ്രയാസം നേടിയെടുക്കാം. അതേ സമയം സാഹിത്യത്തെപ്പറ്റി നല്ല ബോധമുള്ള ഒരു അക്ഷരശ്ലോകക്കാരൻ സ്വന്തമായി ഒരു ശ്ലോകം ഉണ്ടാക്കി ചൊല്ലിയാൽ മാർക്കു കിട്ടാതെ എലിമിനേറ്റു ചെയ്യപ്പെടും. ഇതു തികഞ്ഞ അന്യായമാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യം അളന്നു മാർക്കിടുന്നതു ശുദ്ധ അസംബന്ധവും അനീതിയും ആണ്. സാഹിത്യമൂല്യം അളക്കേണ്ടതില്ലെങ്കിൽ പിന്നെ സ്വരമാധുര്യവും പാട്ടും അളക്കേണ്ടതുണ്ടോ?
ചുരുക്കിപ്പറഞ്ഞാൽ ഒന്നും അളന്നു മാർക്കിടേണ്ട ആവശ്യമില്ല. മൽസരാർത്ഥികൾ നിയമം തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും അച്ചുമൂളാതെ അവസാനം വരെ പിടിച്ചു നിൽക്കുന്ന ആളിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്താൽ മതി. അതാണു ശരിയായ അക്ഷരശ്ലോകമത്സരം.