ബുദ്ധിയുള്ള ഒരു ക്രിസ്ത്യാനി രക്ഷിച്ചു

1955 ല്‍ ചില സ്വയം പ്രഖ്യാപിത സര്‍വ്വജ്ഞന്മാര്‍ അക്ഷരശ്ലോകരംഗത്തേക്ക് ഇടിച്ചുകയറി വരികയും അക്ഷരശ്ലോകത്തിന്‍റെ നിലയും വിലയും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാര്‍ക്കിടല്‍, എലിമിനേഷന്‍. അച്ചുമൂളിയവരെ ജയിപ്പിക്കല്‍ മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” ഏര്‍പ്പെടുത്തുകയും ചെയ്തു. തല തിരിഞ്ഞ ഈ പരിഷ്കാരങ്ങള്‍ കാരണം യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ എലിമിനേറ്റു ചെയ്യപ്പെടാനും ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും മറ്റുമുള്ള ചില മൂന്നാം കിടക്കാര്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും  പ്രതിഭാശാലികളും ഒക്കെയായി വാഴ്ത്തപ്പെടാനും ഇടയായി. അക്ഷരശ്ലോകക്കാരില്‍ 99% പേരും ഹിന്ദുക്കള്‍ ആണെങ്കിലും അവരാരും വേണ്ട വിധത്തില്‍ പ്രതികരിച്ചില്ല. ചിലര്‍ മേല്‍പ്പറഞ്ഞ സര്‍വ്വജ്ഞന്മാരെ കഠിനമായി ശകാരിച്ചു. പക്ഷേ അപാര തൊലിക്കട്ടിയുള്ള സര്‍വ്വജ്ഞമാനികളെ അത് ഒട്ടും തന്നെ ബാധിച്ചില്ല. മറ്റു ചിലര്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയില്ല എന്നു ശപഥം ചെയ്തു. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നതല്ലാതെ അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഫലപ്രദവും ബുദ്ധിപൂര്‍വ്വവും പ്രശംസനീയവും ആയ ഒരു പ്രതികരണവും ആയി ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ മുന്നോട്ടു വന്നു. അത് ഒരു ക്രിസ്ത്യാനി ആയിരുന്നു. അദ്ദേഹത്തിന്‍റെ പേരു കെ.സി. അബ്രഹാം.

അദ്ദേഹം മദിരാശിയിലെ ഒരു വ്യവസായി ആയിരുന്നു. എണ്ണമറ്റ  ശ്ലോകങ്ങള്‍ ഒരു തെറ്റും ഇല്ലാതെ ഓര്‍മ്മയില്‍ നിന്നു ചൊല്ലാന്‍ കഴിവുള്ള അദ്ദേഹം അത്ഭുതകരമായ ഒരു അക്ഷരശ്ലോകപ്രതിഭ ആയിരുന്നു. പ്രരോദനം മുഴുവന്‍ അദ്ദേഹത്തിനു മനഃപാഠം ആയിരുന്നു എന്നു പറയപ്പെടുന്നു. സര്‍വ്വജ്ഞന്മാരുടെ പരിഷ്കാരത്തിന്‍റെ പൊള്ളത്തരം അദ്ദേഹം ശരിക്കു മനസ്സിലാക്കി. സര്‍വ്വജ്ഞന്മാര്‍ തങ്ങളുടെ വമ്പിച്ച പരിഷ്കാരവുമായി ഇരമ്പിക്കുതിച്ചു മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടം ആയിരുന്നിട്ടും അദ്ദേഹം ആ പരിഷ്കാരത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. സര്‍വ്വജ്ഞന്മാര്‍ തങ്ങളുടെ സകല എതിരാളികളെയും മലര്‍ത്തിയടിക്കാന്‍ പ്രയോഗിച്ച മൂല്യവാദം ആസ്വാദ്യതാവാദം മുതലായ ആയുധങ്ങളെ അദ്ദേഹം പുഷ്പം പോലെ തടുത്തു. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരൊറ്റ കുഞ്ഞു പോലും മുന്നോട്ടു വന്നില്ലെങ്കിലും അദ്ദേഹം തനിച്ചു തന്നെ അക്ഷരശ്ലോകപ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. സര്‍വ്വജ്ഞന്മാരുടെ പരിഷ്കാരങ്ങള്‍ ഒന്നും ബാധകമാക്കാതെ അദ്ദേഹം സ്വന്തം പണം ഉപയോഗിച്ചു ശരിയായ അക്ഷരശ്ലോകമത്സരങ്ങള്‍ നടത്താന്‍ തുടങ്ങി.

നീതിപൂര്‍വ്വകമായി അക്ഷരശ്ലോകമത്സരം നടത്താനുള്ള പ്രശംസനീയമായ ഒരു പുതിയ വഴി അദ്ദേഹം വെട്ടിത്തുറക്കുകയായിരുന്നു. അതാണ് ഏകാക്ഷരമത്സരരീതി. സ്വീകാര്യമായ ഏതാനും അക്ഷരങ്ങളില്‍ നിന്നു നറുക്കെടുത്തു തീരുമാനിച്ച ഒരക്ഷരത്തില്‍ എല്ലാവരും ശ്ലോകം ചൊല്ലുക. അച്ചുമൂളുന്നവരെ അപ്പപ്പോള്‍ പുറത്താക്കുക. അച്ചുമൂളാതെ അവസാനം വരെ പിടിച്ചു നിന്ന ആളിനെ ജയിപ്പിക്കുക. മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമനം” പാടേ തള്ളിക്കളയുക. ഇതായിരുന്നു അദ്ദേഹം  ആവിഷ്കരിച്ച പുതിയ രീതി. അദ്ദേഹം മരിക്കുന്നതു വരെ അദ്ദേഹം ഈ രീതിയില്‍ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ കൊടുത്തു പോന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ ഒരു സര്‍വ്വജ്ഞനും ധൈര്യപ്പെട്ടില്ല.

പക്ഷെ അദ്ദേഹത്തിന്‍റെ മരണശേഷം ഏകാക്ഷരമത്സരങ്ങളെ തകര്‍ത്തുകളയാന്‍ തല്‍പ്പരകക്ഷികള്‍ ചില കുത്സിതശ്രമങ്ങള്‍ നടത്തി നോക്കി. ഏകാക്ഷരമത്സരങ്ങളില്‍ മാര്‍ക്കിടല്‍ അടിച്ചേല്‍പ്പിക്കാനുള്ള കുടിലതന്ത്രമാണ് അവര്‍ പയറ്റിയത്. പക്ഷേ മാര്‍ക്കിടല്‍ ഇല്ലാത്ത ഏകാക്ഷരമത്സരങ്ങളുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കിയ യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ ശക്തമായി ചെറുത്തുനിന്നതിനാല്‍ അതു ഫലപ്പെട്ടില്ല. കോഴിക്കോടു സമിതിയും തിരുവനന്തപുരം സമിതിയും അബ്രഹാമിന്‍റെ രീതിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

അബ്രഹാം എന്ന രക്ഷകന്‍ അവതരിക്കാതിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? ഈ സര്‍വ്വജ്ഞമാനികള്‍ യഥാര്‍ത്ഥ അക്ഷരശ്ലോകത്തെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കിക്കളയുമായിരുന്നില്ലേ?

കണ്ടവന്‍ അറിയില്ല; കേട്ടവനും അറിയില്ല; കൊണ്ടവന്‍ മാത്രമേ അറിയൂ.

സ്വയംപ്രഖ്യാപിത അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായ ചില ഉന്നതന്മാര്‍ സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുകയും കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍, സ്വാമി കേശവാനന്ദ, കെ. സി. അബ്രഹാം മുതലായ യഥാര്‍ത്ഥ വിദഗ്ദ്ധന്മാരെ എലിമിനേറ്റു ചെയ്യുകയും അവരുടെ ഏഴയലത്തു പോലും വരാന്‍ യോഗ്യത ഇല്ലാത്ത ചില ഗര്‍ഭശ്രീമാന്മാരെ ജയിപ്പിച്ചു വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ വാഴ്ത്തുകയും ചെയ്യുന്നതു വ്യക്തമായി കണ്ടാലും കാണുന്നവര്‍ അതിലെ അനീതിയെപ്പറ്റി ഒന്നും അറിയുകയില്ല. എത്ര വിശദീകരിച്ചു പറഞ്ഞുകൊടുത്താലും കേള്‍ക്കുന്നവരും അത് അറിയുകയില്ല. അനുഭവിച്ചവര്‍ മാത്രമേ അറിയൂ. കാക്ക കണ്ടറിയും; കൊക്കു കൊണ്ടേ അറിയൂ എന്നാണല്ലോ പ്രമാണം.

കാണുന്നവരും കേള്‍ക്കുന്നവരും അനീതി മനസ്സിലാക്കുകയില്ല എന്നു മാത്രമല്ല, ഉന്നതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്യും. എന്തൊരു പുരോഗമനം! എന്തൊരു മൂല്യബോധം! എന്തൊരു കലാബോധം! എന്തൊരു നിസ്വാര്‍ത്ഥസേവനം! എന്നൊക്കെയായിരിക്കും അവര്‍ പറയുക. യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികളെ സംബന്ധിച്ചിടത്തോളം ഇതു വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവും ആയ ഒരു ദുരവസ്ഥയാണ്.

സാഹിത്യമൂല്യവാദം വെറും ചപ്പടാച്ചി

അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി ഞെളിഞ്ഞു നടക്കുന്ന ഉന്നതന്മാര്‍ എല്ലാവരും എപ്പോഴും ഇങ്ങനെ ഉല്‍ഘോഷിക്കാറുണ്ട്:

“നിങ്ങള്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ എലിമിനേറ്റു ചെയ്തുകളയും”

അക്ഷരശ്ലോകക്കാരുടെ സമ്മേളനങ്ങളില്‍ ഏതെങ്കിലും ഒരു ഉന്നതനെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഘോരഘോരം പ്രസംഗിക്കാതെ അയാള്‍ തിരിച്ചു പോകുന്ന പ്രശ്നമേ ഇല്ല.

യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകക്കാര്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലേണ്ട ആവശ്യമുണ്ടോ? ഇല്ല എന്നതാണു വാസ്തവം. അക്ഷരം ഒക്കുന്നതും അനുഷ്ടുപ്പ് അല്ലാത്തതും വൃത്തഭംഗം, നിരര്‍ത്ഥകത്വം, വ്യാകരണത്തെറ്റു മുതലായ ദോഷങ്ങള്‍ ഇല്ലാത്തതും ആയ ശ്ലോകങ്ങള്‍ സ്വന്തം ഓര്‍മ്മയില്‍ നിന്നു ചൊല്ലാന്‍ മാത്രമേ നിയമം ആവശ്യപ്പെടുന്നുള്ളൂ. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ വേണമെന്നു നിയമത്തില്‍ ഒരിടത്തും പറയുന്നില്ല.

അക്ഷരം കിട്ടിയശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സ്വീകാര്യമാണെന്നു നിയമം പറയുന്നു. ഇവയില്‍ സാഹിത്യമൂല്യം കൂടുതല്‍ ഉണ്ടാകാന്‍ സാദ്ധ്യത ഇല്ലല്ലോ.

സ്വീകരിക്കപ്പെടുന്ന എല്ലാ ശ്ലോകങ്ങളും തുല്യമായി പരിഗണിക്കുക എന്നതാണ് അക്ഷരശ്ലോകത്തിന്‍റെ രീതി. സാഹിത്യമൂല്യത്തിന്‍റെ ഏറ്റക്കുറച്ചില്‍ പരിഗണനാര്‍ഹമേ അല്ല.

അറിവില്ലായ്മ, ചിന്താജഡത്വം, പൊങ്ങച്ചം മുതലായവയുടെ ഫലമാണു സാഹിത്യമൂല്യവാദം എന്ന ചപ്പടാച്ചി. സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നത്‌ അനാവശ്യവും ബുദ്ധിശൂന്യവുമായ ഒരു പൊങ്ങച്ചമാണ്. സാഹിത്യമൂല്യം അളക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ പിന്നെ സ്വരമാധുര്യം. പാട്ടു മുതലായവ അളക്കേണ്ട ആവശ്യമില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

തുഗ്ലക്കിയന്‍ സിദ്ധാന്തങ്ങള്‍ക്കു പിന്തുണ കിട്ടുന്നതിന്‍റെ രഹസ്യം

പ്രത്യക്ഷത്തില്‍ത്തന്നെ യുക്തിരഹിതവും ബുദ്ധിശൂന്യവും ആയ ചില സിദ്ധാന്തങ്ങള്‍ ചിലര്‍ എഴുന്നള്ളിക്കും. അതില്‍ അത്ഭുതമില്ല.  അത്ഭുതം അവയ്ക്കു കിട്ടുന്ന ശക്തവും വ്യാപകവും ആയ പിന്തുണയിലാണ്. അത്ഭുതകരമായ ഈ പ്രതിഭാസത്തിന്‍റെ കാരണങ്ങള്‍ ചിന്തനീയമാണ്.

നഴ്സിംഗ് കാളേജില്‍ പഠിക്കാന്‍ നല്ല വെളുപ്പു നിറമുള്ള പെണ്‍കുട്ടികളെ മാത്രം തെരഞ്ഞെടുത്താല്‍ വമ്പിച്ച പുരോഗമനമാകും എന്നു പ്രതാപശാലിയായ ഏതെങ്കിലും ഒരു ഭരണാധികാരിക്കു തോന്നി എന്നിരിക്കട്ടെ. അയാള്‍ അയാളുടെ അധികാരവും സ്വാധീനശക്തിയും ഉപയോഗിച്ച് ആ സിദ്ധാന്തം നടപ്പിലാക്കാന്‍ ശ്രമിക്കും. അയാളുടെ പ്രവൃത്തിക്കു പിന്തുണ കിട്ടാന്‍ പാടില്ലാത്തതാണ്. എന്തുകൊണ്ടെന്നാല്‍ അത് ഒരു തുഗ്ലക്കിയന്‍ സിദ്ധാന്തമാണ്‌. പക്ഷെ നമ്മെ അമ്പരപ്പിച്ചുകൊണ്ട്‌ ആ സിദ്ധാന്തത്തിനു ശക്തവും വ്യാപകവും ആയ പിന്തുണ കിട്ടും. ഇതിന്‍റെ കാരണമാണു നാം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടത്. ഓരോ തരം പിന്തുണയുടെയും സ്വഭാവം നമുക്കു പ്രത്യേകമായി പരിശോധിക്കാം.

  1. പ്രയോജനാപേക്ഷിതം

ഏതു മൂഢസിദ്ധാന്തവും ചിലര്‍ക്കു പ്രയോജനം  ഉണ്ടാക്കി കൊടുക്കും. ഉദാഹരണമായി മേല്‍പ്പറഞ്ഞ സിദ്ധാന്തം വെളുത്ത നിറമുള്ള പെണ്‍കുട്ടികള്‍ക്കു വളരെ പ്രയോജനകരം ആയിരിക്കും. കറുത്ത പെണ്‍കുട്ടികളെ ബഹുദൂരം പിന്തള്ളിക്കൊണ്ട് അവര്‍ക്കു നിഷ്പ്രയാസം ജോലി നേടാം. അതിനാല്‍ അവരും അവരുടെ അച്ഛനമ്മമാരും ബന്ധുമിത്രാദികളും എല്ലാം ഈ സിദ്ധാന്തത്തെ ശക്തമായി പിന്തുണയ്ക്കും. അവനവനു പ്രയോജനം ഉണ്ടെങ്കില്‍ ഏതു തുഗ്ലക്കിയന്‍ സിദ്ധാന്തവും ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം പോലെ വിലപ്പെട്ടതായി മാറും. എനിക്കു ഗുണം കിട്ടുമെങ്കില്‍ ഞാന്‍ ഏതു ചെകുത്താനെയും പിന്തുണയ്ക്കാം എന്നതാണ് ഇക്കൂട്ടരുടെ മനോഭാവം. ശരി, തെറ്റ്, സത്യം, നീതി, ധര്‍മ്മം ഇതൊന്നും അവര്‍ പരിഗണിക്കുകയില്ല.

കേരളത്തിന്‍റെ തലസ്ഥാനം മൂന്നാറിലേക്കു മാറ്റണമെന്ന് ഏതെങ്കിലും അഭിനവ തുഗ്ലക്ക് തീരുമാനിച്ചാല്‍ മൂന്നാറിലെ ഭൂമികയ്യേറ്റമാഫിയ അതിനു ശക്തമായ പിന്തുണയുമായി മുന്നോട്ടു വരും. ഇതാണു പ്രയോജനാപേക്ഷിത പിന്തുണ.

2. സ്തുതിപാഠകജന്യം

എല്ലാ ഉന്നതന്മാര്‍ക്കും കുറേ സ്തുതിപാഠകന്മാര്‍ ഉണ്ടായിരിക്കും. അവരും ഗുണദോഷങ്ങള്‍ ഒന്നും ചിന്തിക്കാതെ തങ്ങളുടെ അന്നദാതാക്കളായ പൊന്നുതമ്പുരാന്മാരുടെ സിദ്ധാന്തങ്ങളെ വീറോടെയും വാശിയോടെയും പിന്തുണയ്ക്കും.

3. പൊങ്ങച്ചപ്രേരിതം

ചില പൊങ്ങച്ചക്കാരുണ്ട്. അവര്‍ക്ക് എപ്പോഴും ഉന്നതന്മാരുടെ ഇടയില്‍ ഒരു സ്ഥാനം ലഭിക്കണം എന്ന അദമ്യമായ ആഗ്രഹം ഉണ്ടായിരിക്കും. അതിനാല്‍ അവര്‍ ഉന്നതന്മാരോട് എപ്പോഴും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. ഈ  മഹാനെ പിന്തുണച്ചില്ലെങ്കില്‍ എന്‍റെ സ്റ്റാറ്റസ്‌ താഴ്ന്നു പോകുമോ? ഞാന്‍ സമൂഹത്തില്‍ വിലയില്ലാത്തവനായിപ്പോകുമോ? ഒറ്റപ്പെട്ടു പോകുമോ? ഇങ്ങനെയൊക്കെ എപ്പോഴും ഭയപ്പെട്ടു കഴിയുന്ന അവര്‍ മറിച്ച് ഒരഭിപ്രായം പറയാന്‍ ഒരിക്കലും തയ്യാറാവുകയില്ല.

4. കഥയറിയാതെയുള്ളത്

കഥയറിയാതെ ആട്ടം കാണുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്കു സ്വയം ചിന്തിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയില്ല. അതിനാല്‍ അവരും ഉന്നതന്മാര്‍ പറയുന്നതിനെ വേദവാക്യമായി കരുതി നിരുപാധികമായ പിന്തുണ കൊടുക്കുന്നു.

“വമ്പിച്ച പുരോഗമനം”, “മഹത്തായ കണ്ടുപിടിത്തം”, “ബുദ്ധിപൂര്‍വ്വമായ പരിഷ്കാരം”, “നിസ്വാര്‍ത്ഥമായ സേവനം” എന്നൊക്കെ പറഞ്ഞ് ഇവരെല്ലാവരും കൂടി സിദ്ധാന്തക്കാരനെ വാനോളം പുകഴ്ത്തും. അപ്പോള്‍ അയാള്‍ വര്‍ദ്ധിതവീര്യനായി തന്‍റെ സിദ്ധാന്തവുമായി മുന്നോട്ടു പോകും.

ഇങ്ങനെ പല കോണുകളില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നതിനാല്‍ കാറ്റിന്‍റെ സഹായം ലഭിച്ച കാട്ടുതീ പോലെ സിദ്ധാന്തം വളര്‍ന്നു ശക്തി പ്രാപിക്കുന്നു. കാട്ടുതീ കാടിനെ ഭസ്മമാക്കുന്നതു പോലെ സിദ്ധാന്തം പ്രസ്ഥാനത്തെ നശിപ്പിച്ചു നാമാവശേഷം ആക്കുന്നു.

നേഴ്സിന്‍റെ ജോലിയും തൊലിയുടെ നിറവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ഒരു നേഴ്സിനു വേണ്ടത് അനുകമ്പ, മനുഷ്യത്വം, നല്ല പെരുമാറ്റം, അറിവ്, സേവനമനസ്ഥിതി മുതലായ ഗുണങ്ങളാണ്. കറുത്ത പെണ്‍കുട്ടികള്‍ക്കും ഇതൊക്കെ ഉണ്ടാകാം. വെളുത്ത തൊലിയില്ല എന്നു പറഞ്ഞ് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു കടുത്ത അന്യായമാണ്. അതുകൊണ്ടു സിദ്ധാന്തത്തെ എതിര്‍ക്കണം എന്ന് അവര്‍ തീരുമാനിച്ചാലോ? മേല്‍പ്പറഞ്ഞ പിന്തുണക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി കറുത്ത പെണ്‍കുട്ടികളെ പുച്ഛിച്ചും പരിഹസിച്ചും നിര്‍വീര്യരാക്കി തറപറ്റിച്ചു കളയും. അവര്‍ അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുന്ന സ്വാര്‍ത്ഥമോഹികളായി മുദ്ര കുത്തപ്പെടും.

ഈ സാഹചര്യത്തില്‍ കറുത്ത കുട്ടികള്‍ക്ക് അവശേഷിക്കുന്ന ഒരേ ഒരു കച്ചിത്തുരുമ്പു രോഗികളുടെ പിന്തുണ തേടുക എന്നതാണ്. പക്ഷേ ബഹുഭൂരിപക്ഷം രോഗികളും തുഗ്ലക്കിയന്‍ സിദ്ധാന്തത്തിന് അനുകൂലമായി വോട്ടു ചെയ്യും. അതിനാല്‍ അവിടെയും അവര്‍ ദയനീയമായി പരാജയപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യും.

ഒരു കാടു മുഴുവന്‍ നശിപ്പിക്കാന്‍ ഒരു തീപ്പൊരി മതി എന്ന് പറഞ്ഞതു പോലെയാണ് ഈ തുഗ്ലക്കിയന്‍ സിദ്ധാന്തങ്ങളുടെ കഥ. ഏതു പ്രസ്ഥാനത്തെയും നശിപ്പിച്ചു നാമാവശേഷം ആക്കാന്‍ ഏതെങ്കിലും ഒരു ഉന്നതന്‍റെ തലയില്‍ ഉദിക്കുന്ന ഒരു തുഗ്ലക്കിയന്‍ സിദ്ധാന്തം മതിയാകും.

ഒരു സാധാരണക്കാരന്‍റെ തലയില്‍ ഒരു തുഗ്ലക്കിയന്‍ സിദ്ധാന്തം ഉദിച്ചാല്‍ അതു താനേ കെട്ടടങ്ങിക്കൊള്ളും. പക്ഷേ പ്രതാപശാലികള്‍, സര്‍വ്വജ്ഞന്മാര്‍, ധനാഢ്യന്മാര്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍, കെണികെട്ടിയ രാമന്മാര്‍, വീരപാണ്ഡ്യകട്ടബ്ബൊമ്മന്മാര്‍ മുതലായ വിശേഷണങ്ങള്‍ ഉള്ള ഉന്നതന്മാരുടെ തലയിലാണ് അത് ഉദിക്കുന്നതെങ്കില്‍ കഥ മറിച്ചാകും. പിന്തുണയുടെ കാറ്റ് അതിനെ ആളിക്കത്തിക്കുകയും പടര്‍ന്നുപിടിപ്പിക്കുകയും ചെയ്യും. അധികാരിയുടെ കോഴിമുട്ട കുടിയാന്‍റെ അമ്മി ഉടയ്ക്കും എന്നു പറഞ്ഞതുപോലെ അത് എല്ലാ എതിര്‍പ്പുകളെയും തകര്‍ത്തു മുന്നേറും. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നു പറഞ്ഞതുപോലെ ആകും പിന്നത്തെ അവസ്ഥ.

അക്ഷരശ്ലോകരംഗത്തും ഇത്തരം ഒരു തുഗ്ലക്കിയന്‍ സിദ്ധാന്തത്തിന്‍റെ തീപ്പൊരി വീഴുകയും മുന്‍പറഞ്ഞ പിന്തുണകള്‍ ആകുന്ന കാറ്റിന്‍റെ സഹായത്തോടെ അത് ഉജ്ജ്വലമായി പടര്‍ന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ആ സിദ്ധാന്തത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്.

“അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാനുള്ള കഴിവു, ശബ്ദമേന്മ, സംഗീതഗന്ധിയായ അവതരണശൈലി ഉദാത്താനുദാത്തങ്ങളെപ്പറ്റിയുള്ള അറിവ് ഇവയൊക്കെ ഉള്ളവര്‍ ചൊല്ലിയാലേ ശ്രോതാക്കള്‍ക്ക് ആസ്വാദ്യം ആവുകയുള്ളൂ. ഇത്തരം മേന്മകള്‍ ഇല്ലാത്തവരെ എലിമിനേറ്റു ചെയ്യണം. എങ്കില്‍ മാത്രമേ അക്ഷരശ്ലോകത്തിന്‍റെ വിലയും നിലയും വര്‍ദ്ധിക്കുകയുള്ളൂ. ഈ മേന്മകള്‍ ഉള്ളവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കണം”.

അക്ഷരശ്ലോകം ചൊല്ലാന്‍ യഥാര്‍ത്ഥത്തില്‍ ഈ മേന്മകള്‍ യാതൊന്നും ആവശ്യമില്ല. സ്വന്തം ഓര്‍മ്മയില്‍ നിന്ന് അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നിബന്ധനകള്‍ പാലിച്ചു തെറ്റു കൂടാതെ ചൊല്ലാനുള്ള കഴിവുണ്ടായാല്‍ മാത്രം മതി. സമത്വസുന്ദരമായ ഈ ജനകീയവിനോദത്തില്‍ മുന്‍പറഞ്ഞ മേന്മകളുടെ അടിസ്ഥാനത്തില്‍ ഉള്ള ഉച്ചനീചത്വങ്ങള്‍ക്കു യാതൊരു പ്രസക്തിയും ഇല്ല. അവ തികച്ചും നിയമവിരുദ്ധവും അന്യായവും ആണ്.

യാഥാര്‍ത്ഥ്യം ഇങ്ങനെയാണെങ്കിലും പിന്തുണയുടെ ശക്തി ഈ തെറ്റായ സിദ്ധാന്തത്തെ താങ്ങി നിറുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശ്രോതാക്കളുടെ ഇടയില്‍ ഒരു സര്‍വ്വേ നടത്തി നോക്കിയാല്‍ ബഹുഭൂരിപക്ഷം പേരും ഈ സിദ്ധാന്തത്തിന് അനുകൂലമായി വോട്ടു ചെയ്യും. എതിര്‍ക്കുന്നവര്‍ സ്വാര്‍ത്ഥന്മാരായി മുദ്രകുത്തപ്പെടും. സിദ്ധാന്തം ഉണ്ടാക്കിയ ഉന്നതന്മാരുടെ സ്തുതിപാഠകന്മാര്‍ അവരെ പുച്ഛിച്ചും പരിഹസിച്ചും തറപറ്റിച്ചു കളയും.

ഉന്നതന്മാരുടെ പിന്തുണക്കാര്‍, ശിങ്കിടികള്‍, കണ്ണിലുണ്ണികള്‍, ആശ്രിതന്മാര്‍, സ്തുതിപാഠകന്മാര്‍, ഇഷ്ടക്കാര്‍, ചാര്‍ച്ചക്കാര്‍ മുതലായവര്‍ ഉള്‍ക്കൊള്ളുന്ന ഒരു വന്‍പിച്ച പട തന്നെ സിദ്ധാന്തത്തെ പ്രതിരോധിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നു. സാധാരണക്കാര്‍ നിസ്സഹായരായി അന്തം വിട്ടു നില്‍ക്കുന്നു.

ശക്തവും വ്യാപകവും ആയ പിന്തുണ കിട്ടുന്നു എന്നതു കൊണ്ടു മാത്രം ഒരു സിദ്ധാന്തം ശരിയാണെന്നു വരുന്നില്ല. ഏതു സിദ്ധാന്തവും കൂലങ്കഷമായി ചിന്തിച്ചും അപഗ്രഥിച്ചും നോക്കിയിട്ടേ സ്വീകരിക്കാവൂ.

അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന സിദ്ധാന്തത്തിനു സ്വരമാധുര്യവും പാട്ടും ഉള്ളവരുടെ ശക്തമായ പിന്തുണ ലഭിക്കും. ഇതും പ്രയോജനാപേക്ഷിതമായ പിന്തുണയാണ്. അത് കണ്ട് അക്ഷരശ്ലോകക്കാരുടെ കണ്ണു മഞ്ഞളിച്ചു പോകരുത്.

ഇത്തരം സിദ്ധാന്തങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണം. ഒരു സിദ്ധാന്തം തുഗ്ലക്കിയന്‍ ആണെന്നു ബോദ്ധ്യപ്പെട്ടാല്‍ പിന്നെ ഒട്ടും അലംഭാവം പാടില്ല. ന്യൂനപക്ഷം ആയിപ്പോയി എന്നു വച്ചു നിരാശരായി പിന്തിരിയാതെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ വേണം.