ആനയെ വളര്‍ത്തിയും പരിശീലിപ്പിച്ചും പരിചയം ഉള്ള ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ഇങ്ങനെ പറയുന്നു.
“ആന ബുദ്ധിയുള്ള ജീവിയാണെങ്കിലും സ്വന്തം അവകാശങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും തീരെ ബോധമില്ലാത്ത ജീവിയാണ്. ആനയ്ക്ക് ആനയുടെ ശക്തിയെക്കുറിച്ച് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടായിരുന്നെങ്കില്‍ ഒറ്റത്തട്ടു തന്നാല്‍ പോരേ? ഏതു മനുഷ്യനും ജീവനും കൊണ്ട് ഓടും. മറിച്ചു ജീവിതകാലം അത്രയും അടിമത്തം സഹിച്ചു കഴിയുകയാണ് ആ പാവം ജന്തു.”
ഇതുപോലെ തന്നെയാണ് അക്ഷരശ്ലോകക്കാരുടെ കാര്യവും. അവര്‍ അതിബുദ്ധി ഉള്ളവരാണെന്നു പറയപ്പെടുന്നു (“അക്ഷരശ്ലോകിയാവതിന് അനേകവത്സര തപസ്യ വേണം അതിബുദ്ധിയും” എന്നു കവിവാക്യം). പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? നിയമം, നീതി, യുക്തി മുതലായവ അവര്‍ക്കു നല്കുന്ന അവകാശങ്ങളെപ്പറ്റി അവര്‍ ഒട്ടും ബോധവാന്മാരല്ല. നിയമവിരുദ്ധമായി എലിമിനേറ്റു ചെയ്യുകയും അച്ചുമൂളിയവരെ ജയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന അല്പജ്ഞാനികളുടെ മുമ്പില്‍ അവര്‍ അടിമകളെപ്പോലെ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്ക്കുന്നു.
നമുക്ക് ആദ്യം അക്ഷരശ്ലോകക്കാരുടെ ശക്തിയെപ്പറ്റി ആലോചിക്കാം. വാക്കുകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചുള്ള ഒരു വിനോദമാണ് അക്ഷരശ്ലോകം. വാക്കുകള്‍ക്കു വാളിനെക്കാള്‍ ശക്തിയുണ്ടെന്നാണ് അഭിജ്ഞമതം. വാക്കുകള്‍ ഒരുവന്റെ വരുതിയില്‍ നില്ക്കുമെങ്കില് അവന് ആ വാക്കുകളുടെ ശക്തി കിട്ടും. വാക്കുകള്‍ വഴങ്ങുന്ന മനുഷ്യരുടെ കൂട്ടത്തില്‍ അഗ്രഗണ്യന്മാരാണ് അക്ഷരശ്ലോകക്കാര്‍. വാക്കുകള്‍ ശരിക്കു വഴങ്ങുന്നവര്‍ക്കു മാത്രമേ വൃത്തഭംഗാദിദോഷങ്ങള് ഇല്ലാതെയും അക്ഷരനിബന്ധന, ദൈര്ഘ്യനിബന്ധന, വൃത്തനിബന്ധന മുതലായവ പാലിച്ചും ശ്ലോകം ചൊല്ലാന്‍ പറ്റൂ. വാക്കുകള്‍ വഴങ്ങുന്നതുകൊണ്ടുള്ള ശക്തിയാണ് അക്ഷരശ്ലോകക്കാരുടെ ശക്തി. അല്ലാതെ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവില്‍ നിന്നു ലഭിക്കുന്ന ശക്തിയല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവു യേശുദാസിനും ചിത്രയ്ക്കും റിമി ടോമിക്കും ഒക്കെ ഉണ്ട്. അതില്‍ നിന്ന് അവര്‍ക്കു ഗണ്യമായ ശക്തി കിട്ടുന്നും ഉണ്ട്. പക്ഷേ ആ ശക്തിയും ഈ ശക്തിയും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള അന്തരം ഉണ്ട്. അതാണ് അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു നടക്കുന്നവര്‍ക്ക് അറിഞ്ഞുകൂടാത്ത കാര്യം.
കുതിര ഒരാളുടെ നിയന്ത്രണത്തില്‍ നില്ക്കുമെങ്കില് അയാള്‍ക്കു കുതിരയുടെ ശക്തി കിട്ടും. ആന നിയന്ത്രണത്തില്‍ നില്ക്കുമെങ്കില് ആനയുടെ ശക്തി കിട്ടും. വാക്കുകള്‍ നിയന്ത്രണത്തില്‍ നില്ക്കുമെങ്കില് വാക്കുകളുടെ ശക്തി കിട്ടും. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകക്കാരുടെ ശക്തിയുടെ ഉറവിടം അവരുടെ നിയന്ത്രണത്തില്‍ നില്ക്കുന്ന വാക്കുകളാണ്. അല്ലാതെ സ്വരമാധുര്യമോ പാട്ടോ ഒന്നുമല്ല.
വാക്കുകള്‍ നിയന്ത്രണത്തില്‍ ഉള്ളവര്‍ക്ക് അധൃഷ്യമായ ശക്തി ഉണ്ടാകും. അക്ഷരശ്ലോകസാമ്രാജ്യത്തില് നിന്നു തന്നെ രണ്ട് ഉദാഹരണങ്ങള്‍ കാണിക്കാം.
- കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
വാക്കുകള്‍ അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്കു നില്ക്കുമായിരുന്നു. അതുകൊണ്ട് അദ്ദേഹം സാഹിത്യരംഗത്തെ അതിശക്തനായി മാറി.
2. വെണ്മണി മഹന്‍ നമ്പൂതിരി
വാക്കുകള്‍ ശരിക്കും അദ്ദേഹത്തിന്റെ വരുതിയില്‍ നിന്നിരുന്നു. അദ്ദേഹത്തോട് എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഇനി വാക്കുകളുടെ ശക്തിയാല്‍ സമ്പന്നനായിരുന്ന ഒരു പാശ്ചാത്യനെക്കൂടി പരിചയപ്പെടുത്താം. അദ്ദേഹമാണു ഫ്രഞ്ച് തത്വചിന്തകനായ ജീന്‍ പോള്‍ സാര്‍ത്രെ (Jean-Paul Sartre). വാക്കുകളുടെ ശക്തിയാല്‍ അദ്ദേഹം അനുഗൃഹീതനായിരുന്നു. അദ്ദേഹത്തിന്റെ അത്മകഥയുടെ പേരു പോലും വാക്കുകള്‍ (Words) എന്നായിരുന്നു. അദ്ദേഹത്തിനു ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ഏതാനും വാക്കുകള്‍ കൊണ്ട് എതിരാളിയുടെ തൊലി ഉരിക്കാന്‍ കഴിയുമായിരുന്നത്രേ (Sartre could flay his adversary through a few carefully selected words).
ഇവര്‍ പ്രവര്‍ത്തിക്കുന്നതു വാക്കുകള്‍ ഉപയോഗിച്ചാണ്. യേശുദാസ് പാടുന്നതും വാക്കുകള്‍ ഉപയോഗിച്ചാണ്. പക്ഷേ ഇവരുടെ കഴിവും യേശുദാസിന്റെ കഴിവും ഒരു പോലെയല്ല. അവ തമ്മില്‍ താരതമ്യം ചെയ്യാനേ പാടില്ല.
ഇനി അവകാശങ്ങളെപ്പറ്റി ചിന്തിക്കാം. അക്ഷരശ്ലോകം ആരുടെയും തറവാട്ടുസ്വത്തല്ല. ശ്ലോകപ്രേമികളായ എല്ലാവര്ക്കും പൈതൃകമയി കിട്ടിയതും സമത്വസുന്ദരവും ജനകീയവും ആയ ഒരു സാഹിത്യവിനോദമാണ് അത്. കിട്ടിയ അക്ഷരത്തില്‍ ഒന്നിലും മുട്ടാതെ (അച്ചുമൂളാതെ) ശ്ലോകം ചൊല്ലിയ ആളിന്റെ അനിഷേദ്ധ്യമായ അവകാശമാണ് അതിലെ വിജയം. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, ശൈലി മുതലായ ചപ്പടാച്ചി വാദങ്ങളിലൂടെ അത് നിഷേധിക്കുന്നതു നിയമവിരുദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല തികഞ്ഞ വിവരക്കേടും ആണ്.
അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു തരം പാട്ടുകച്ചേരിയാണ് അക്ഷരശ്ലോകം എന്നു ധരിച്ചു വച്ചിരിക്കുന്നവരും ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന സിദ്ധാന്തം സ്കൂളുകളില്‍ പ്രചരിക്കാന്‍ കാരണഭൂതര്‍ ആയവരും അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിക്കാതെ അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി ഭാവിച്ചു ഞെളിഞ്ഞു നടക്കുന്നവരും ആയ അല്പജ്ഞാനികള്ക്കു മുമ്പില്‍ പാപ്പാന്റെ ചൊല്‍പ്പടിക്കു നില്ക്കുന്ന ആനയെപ്പോലെ നില്‍ക്കേണ്ടവരല്ല അക്ഷരശ്ലോകക്കാര്‍.