ഒരിക്കല്‍ രണ്ടു കുട്ടികള്‍ മെഡിക്കല്‍ പ്രവേശനപരീക്ഷ എഴുതി.ഒന്നാമന് ഒരു പാവപ്പെട്ടവന്റെയും രണ്ടാമന് ഒരു പണക്കാരന്റെയും മകന് ആയിരുന്നു. ഒന്നാമനു 90% മാര്‍ക്കും രണ്ടാമനു 30% മാര്‍ക്കും കിട്ടി. ഒന്നാമന് ഒരു മെഡിക്കല്‍കോളേജിലും അഡ്മിഷന് കിട്ടിയില്ല. അവസാനം അവന് ഒരു ലോവര്‍ ഡിവിഷന് ക്ലാര്‍ക്കിന്റെ ജോലി കൊണ്ട് തൃപ്തിപ്പെട്ടു. രണ്ടാമന് ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി ഡോക്ടറും സ്പെഷ്യലിസ്റ്റും ഒക്കെ ആയി.
ഇവിടെ നീതി നടന്നോ? ഇല്ല. നീതി തകിടം മറി ക്കപ്പെടുകയാണ് ഉണ്ടായത്. അതിനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ട്. പണമുണ്ടെങ്കില്‍ നീതിയെ തകിടം മറിക്കാം.
ഇത്തരം തകിടം മറിക്കല്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു മാത്രമല്ല ഉള്ളത്. അങ്ങേയറ്റം നീതിപൂര്‍വ്വകമായി നടക്കേണ്ട അക്ഷരശ്ലോകമത്സരരംഗത്തും ഉണ്ട്.
നല്ല അറിവും കവിത്വവും ഉള്ള ഒരു സാഹിത്യകാരന്. അയാള്‍ക്കു പതിനായിരത്തോളം ശ്ലോകങ്ങള്‍ മനഃപാഠമാണ്. ഒരു തെറ്റുപോലും ഇല്ലാതെയും ഒട്ടും തപ്പിത്തടയാതെയും ചൊല്ലുകയും ചെയ്യും. സ്വന്തമായി ആയിരക്കണക്കിനു ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്. നാരായണീയം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിട്ടും ഉണ്ട്. നേരേ ചൊവ്വേ നടത്തപ്പെട്ട പല മത്സരങ്ങളിലും അദ്ദേഹത്തിനു നിരവധി ഒന്നാംസമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ പണവും പ്രതാപവും ഉള്ളവര്‍ കൊട്ടി ഘോഷിച്ചു നടത്തിയതും സ്വര്‍ണ്ണമെഡല്‍ സമ്മാനമുള്ളതും ആയ ഒരു മത്സരത്തില്‍ പങ്കെടുത്തു. പക്ഷെ അദ്ദേഹം അഗണ്യകോടിയില്‍ തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ എഴയലത്തു പോലും വരാന്‍ യോഗ്യതയില്ലാത്ത ഒരു പയ്യനായിരുന്നു സ്വര്‍ണ്ണമെഡല്‍. പയ്യന് അദ്ദേഹത്തെക്കാള്‍ ശബ്ദമേന്മയുണ്ടായിരുന്നു. പയ്യന് അദ്ദേഹത്തെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആണെന്നു വിധിക്കാന്‍ ധനാഢ്യന്മാര്ക്ക് അതില്‍ കൂടുതലൊന്നും വേണ്ടത്രേ. ആസ്വാദ്യത, കലാമൂല്യം, ശൈലി മുതലായ വാക്കുകള്‍ മലയാളത്തില്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് തങ്ങളുടെ പ്രവൃത്തി നിഷ്പ്രയാസം ന്യായീകരിക്കാം. നീതിയെ തകിടം മറിക്കാന്‍ എന്തെളുപ്പം!