സ്വര്‍ണ്ണം കൊണ്ടു താജ്മഹല്‍ നിര്‍മ്മിക്കാന്‍ തത്രപ്പെടുന്നവരോടു രണ്ടു വാക്ക്

ഷാജഹാന്‍ ചക്രവര്‍ത്തി കല്ലു കൊണ്ടാണല്ലോ ടാജ്മഹല്‍ നിര്‍മ്മിച്ചത്. തൃശ്ശൂരിലെ ചക്രവര്‍ത്തിമാര്‍ക്കു സ്വര്‍ണ്ണം കൊണ്ടു ടാജ്മഹല്‍ പണിയാനുള്ള കഴിവുണ്ടായേക്കാം. എങ്കിലും അവര്‍ ഇപ്പോഴത്തെ ടാജ്മഹല്‍ ഇടിച്ചുപൊളിച്ചു കളഞ്ഞിട്ട് അവിടെത്തന്നെ സ്വര്‍ണ്ണടാജ്മഹല്‍ പണിയണമെന്നു ശാഠ്യം പിടിക്കരുത്. ആഗ്രയില്‍ത്തന്നെ അല്പം അകലെ കുറച്ചു സ്ഥലം വാങ്ങി പതിന്മടങ്ങു മൂല്യവും മനോഹാരിതയും ഉള്ള മറ്റൊരു ടാജ്മഹല്‍ സ്വര്‍ണ്ണം കൊണ്ടോ പ്ലാറ്റിനം കൊണ്ടോ വൈഡൂര്യം കൊണ്ടോ പണിയാം. അതിന് ആരും എതിരു പറയുകയില്ല.

കല്ലു ടാജ്മഹലിനെ വെറുതേ വിടുക. മൂല്യബോധം കുറഞ്ഞ സാധാരണക്കാര്‍ക്കു കണ്ടു സന്തോഷിക്കാന്‍ വേണ്ടി അത് അവിടെത്തന്നെ നില്‍ക്കട്ടെ. അവരോട് അല്പം കൂടി കരുണ കാട്ടാന്‍ പറ്റുമെങ്കില്‍ നിങ്ങളുടെ മൂല്യവര്‍ദ്ധിതസൗധത്തെ ടാജ്മഹല്‍ എന്ന പേരില്‍ത്തന്നെ വിളിക്കണം എന്ന ശാഠ്യം ഉപേക്ഷിച്ചിട്ടു മറ്റേതെങ്കിലും പുതിയ പേരില്‍ വിളിക്കാനുള്ള സന്മനസ്സുകൂടി കാണിച്ചാല്‍ നിങ്ങള്‍ക്കു കോടി പുണ്യം കിട്ടും.